കായിക ലോകത്തിന്റെ ചരിത്രത്തിലേക്ക് സുപ്രധാനമായ ഒരുപിടി ഏടുകള്‍ സമ്മാനിച്ചാണ് 2023 പിന്‍വാങ്ങുന്നത്. ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ കണ്ണീര്‍മടക്കം, ലോക അത്‌ലറ്റിക്‌സിന്റെ ഉത്തരത്തില്‍ നീരജ് ചോപ്ര വലിച്ചിട്ട കസേര, മെഡലുകളുടെ സെഞ്ചുറി കണ്ട ഹാങ്ചൗ ഏഷ്യന്‍ ഗെയിംസ്, ചെസ്സിലെ പുതിയ ഇന്ത്യന്‍ തലയെടുപ്പ് ആര്‍. പ്രഗ്നാനന്ദ, സച്ചിന്റെ റെക്കോഡുകള്‍ക്കുമേല്‍ ബാറ്റുകൊണ്ട് കവിത രചിച്ച കോലി, മെസിയുടെ കൂടുമാറ്റം... ഗോദയിലെ തീരാത്ത ഗുസ്തി സമരവും വിവാദവും. അങ്ങനെ നിരവധിയായ കായികമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ വര്‍ഷം. 

To advertise here,

കലണ്ടര്‍ ഇനിയെത്ര പുതിയതു വന്നാലും ക്രിക്കറ്റ് ലോകകപ്പ് നഷ്ടം നമുക്ക് മറക്കാനാവില്ല. ഇന്ത്യ അത്രമേല്‍ വേദന അനുഭവിച്ച ഒരു കായിക ഇനം 2023-ല്‍ വേറെയില്ല. ഇന്ത്യ ആതിഥ്യം വഹിച്ച, ഇന്ത്യയ്ക്ക് പരമമായ സാധ്യത കല്പിക്കപ്പെട്ട ലോകകപ്പായിരുന്നു. ആ വിധത്തിലായിരുന്നു കളിയും. ഒരു കളിയും തോല്‍ക്കാതെ മുന്നേറി. ഒടുക്കം പക്ഷേ, കപ്പ് നിശ്ചയിക്കുന്ന കളിയിലെ കാലിടര്‍ച്ച. വിശ്വകിരീടത്തിനുമേല്‍ ഓസ്‌ട്രേലിയ ആറാമതും കൈവെച്ച നിമിഷം മറക്കില്ല.

വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ്സിന്റെ നെറുകയില്‍ പുതിയൊരു തിലകച്ചാര്‍ത്തായി പ്രഗ്നാനന്ദ വന്നതാണ് ഇന്ത്യ കണ്ട മറ്റൊരു അഭിമാന മുഹൂര്‍ത്തം. ഐ.പി.എല്ലിൽ മുംബൈക്കൊപ്പം അഞ്ചു കിരീടം പങ്കിട്ട ധോനിയുടെ ചെന്നൈ സൂപ്പർ കിങ്സ്. ഏഷ്യന്‍ ഗെയിംസിലെ മിന്നുന്ന പ്രകടനം തുടങ്ങിയവയെല്ലാം ഇന്ത്യയ്ക്ക് പോയ കൊല്ലത്തെ മുതല്‍ക്കൂട്ടാണ്. 

ദേശീയ ജഴ്‌സിയില്‍ ക്രിക്കറ്റ് കളിക്കാന്‍ അവസരം ലഭിച്ച വയനാട്ടുകാരി മിന്നുമണിയായിരുന്നു ഇക്കൊല്ലത്തെ കായിക കേരളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍. ഏഷ്യന്‍ ഗെയിംസിലും മിന്നുമണിയുടെ പ്രതിനിധാനമുണ്ടായി. ഇന്ത്യക്കുവേണ്ടി വിക്കറ്റുകളെടുത്ത് മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനും മിന്നുമണിക്കായി. ദേശീയ കുപ്പായത്തില്‍ ആദ്യമായി ഒരു സെഞ്ചുറി കണ്ട സഞ്ജു സാംസന്റെ ബാറ്റിങ്ങും കേരളത്തിന്റെ അടയാളപ്പെടുത്തലായി. 2023-ലെ സുപ്രധാന കായിക സംഭവങ്ങളെ പരിചയപ്പെടാം. 

placeholder
ലോകകപ്പ് കിരീടവുമായി ഓസീസ് ടീം | Photo: PTI

ലോകകപ്പില്‍ ആറാമതും ഓസ്‌ട്രേലിയ, ഇന്ത്യന്‍ കണ്ണീര്‍

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യന്‍ ടീം കാലിടറിയതായിരുന്നു പോയവര്‍ഷത്തെ കായികരംഗത്തെ ഏറ്റവും ദുരന്തം നിറഞ്ഞ ഓര്‍മ. അതും ഇന്ത്യ ആതിഥേയരായ ലോകകപ്പില്‍. ഐ.സി.സി. ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ ആറാമതും കിരീടം ചൂടിയ വര്‍ഷം. ഒരു കളിയും തോല്‍ക്കാതെ പത്തരമാറ്റ് ജയത്തോടെ മുന്നേറിയിട്ടും ഫൈനലില്‍ ഇന്ത്യ വീണുപോയി. 2003 ഫൈനലിന്റെ തനിയാവര്‍ത്തനം 2023-ലും. 

ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ തോല്‍വി. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 239 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇന്ത്യയില്‍നിന്ന് തട്ടിയെടുത്തത് ട്രാവിസ് ഹെഡായിരുന്നു. 

തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യ ഇത്രയും മികച്ച ഫോമില്‍ കളിച്ച മറ്റൊരു ലോകകപ്പ് ഇല്ല. കപ്പ് ഉയര്‍ത്താനായില്ലെങ്കിലും ഇന്ത്യന്‍ ടീമിനെ ചേര്‍ത്തുവെക്കാം. അത്രയും സുന്ദരമായ കളി കാഴ്ചവെച്ചതിന്. ഓസീസ് അടക്കം ലോകകകപ്പ് കളിക്കാനെത്തിയ എല്ലാ ടീമിനേയും തോല്‍പിച്ച ഏക ടീമെന്ന നിലയില്‍ രോഹിത്തും സംഘവും മടങ്ങിയത് തലയുയര്‍ത്തി തന്നെ. 

കളിക്കുമുന്‍പ് കമിന്‍സ് പറഞ്ഞത് അവര്‍ അക്ഷരംപ്രതി നടപ്പാക്കുകയായിരുന്നു. ഒരു ലക്ഷത്തോളം വരുന്ന കാണികളുടെ ആരവവും ചെറുത്താണ് അവര്‍ കപ്പുമായി മടങ്ങിയത്. ട്രാവിസ് ഹെഡ് എന്ന പോരാളി ആരെയും പേടിക്കാതെ ബാറ്റുവീശിയപ്പോള്‍ ആര്‍ത്തലച്ച സ്റ്റേഡിയം മൂകമായി. മൂന്നാം കിരീടത്തില്‍ ഇന്ത്യ മുത്തമിടുന്നത് കാണാനെത്തിയ ആരാധകര്‍ കണ്ണീരണിഞ്ഞ് സ്റ്റേഡിയം വിട്ടു. 

ഓസീസ് തിരിച്ചുമടങ്ങിയത് ആറാം ലോകകിരീടവുമായി. ഇന്ത്യ സ്വന്തം മണ്ണില്‍ കിരീടമുയര്‍ത്തുന്നത് കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖരുണ്ടായിരുന്നു. പക്ഷേ നിരാശയോടെ മടങ്ങാനായിരുന്നു ഏവരുടെയും വിധി. വിരാട് കോലിയായിരുന്നു ടൂര്‍ണമെന്റിലെ താരം. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമിയും മികച്ച പ്രകടനം പുറത്തെടുത്തു-24 വിക്കറ്റ്. ലോകകപ്പിലെ വിക്കറ്റുവേട്ടക്കാരില്‍ മുന്‍പന്‍. ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളറായും ഷമി മാറി (55 വിക്കറ്റ്). രാജ്യത്തെ പത്ത് വേദികളിലായിരുന്നു ലോകകപ്പ് മത്സരം.

placeholder
ഗുസ്തി താരങ്ങൾ സമരത്തിനിടെ | Photo: PTI

ഗുസ്തി താരങ്ങളുടെ സമരം

റെസ്ലിങ് ഫെഡറേഷന്റെ മുന്‍ പ്രസിഡന്റും ബി.ജെ.പി. നേതാവും ലോക്​സഭാംഗവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരം 2023-ല്‍ ഇന്ത്യന്‍ കായികരംഗത്തെ തന്നെ പിടിച്ചുകുലുക്കുന്നതായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരമുള്‍പ്പെടെ ഏഴുപേര്‍ ബ്രിജ്ഭൂഷണെതിരേ പോലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. ഇതോടെ ബ്രിജ് ഭൂഷണെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹത്തെ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ജനുവരിയില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുണിയ എന്നിവര്‍ സമരത്തിനിറങ്ങുന്നത്. ഇക്കാര്യത്തില്‍ അന്വേഷണത്തിന് മേരി കോമിന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതിയും രൂപീകരിച്ചു. തുടര്‍ന്ന് ബ്രിജ്ഭൂഷണെതിരേ നടപടിയുണ്ടാകുമെന്ന കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ ഉറപ്പിന്‍മേല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചു.

എന്നാല്‍, മൂന്നുമാസമായിട്ടും നടപടിയുണ്ടാകാതെവന്നതോടെ ഏപ്രിലില്‍ ജന്തര്‍ മന്തറില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. ഒട്ടേറെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും കര്‍ഷകത്തൊഴിലാളി സംഘടനകളും ഹരിയാണ ഗ്രാമങ്ങളില്‍നിന്നുള്ള ഖാപ് പഞ്ചായത്ത് അംഗങ്ങളും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ജന്തര്‍ മന്തറിലെത്തി. ഇതിനിടെ താരങ്ങളെ കാണാന്‍ സമരപ്പന്തലിലെത്തിയ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷയ്‌ക്കെതിരേ കടുത്ത പ്രതിഷേധമുണ്ടായി. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസവും ഗുസ്തി താരങ്ങളുടെ പ്രതിഷേധമുണ്ടായി. മാര്‍ച്ച് നടത്തിയ താരങ്ങളെ പോലീസ് തടഞ്ഞു. പിന്നാലെ സംഘര്‍ഷത്തെ തുടര്‍ന്ന് താരങ്ങളെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. തുടര്‍ന്ന് തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയിലൊഴുത്തി പ്രതിഷേധിക്കാന്‍ താരങ്ങള്‍ ഒരുങ്ങിയെങ്കിലും അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ തീരുമാനം പിന്‍വലിച്ചു.

ഇതിനിടെ ഓഗസ്റ്റില്‍ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യു.എഫ്.ഐ) അംഗത്വം യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് (യു.ഡബ്ല്യു.ഡബ്ല്യു) അസോസിയേഷന്‍ സസ്പെന്‍സ് ചെയ്തു. യഥാസമയം ഫെഡറേഷനില്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. 2023-ന്റെ തുടക്കത്തില്‍ ഫെഡറേഷനില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍ അന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണന്‍ ശരണ്‍ സിങ്ങിനെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണവും ഗുസ്തി താരങ്ങളുടെ പ്രതിഷേധവും തുടര്‍ന്നുള്ള സമരങ്ങളും കാരണം തിരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു. പിന്നാലെ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ നടപടികള്‍ തുടങ്ങി. ബ്രിജ്ഭൂഷന്റെ പേര് ഫെഡറേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. അദ്ദേഹത്തിന്റെ ഇളയ മകന്‍ കരണ്‍ പ്രതാപിന്റെ പേരും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഗുസ്തി ഫെഡറേഷന്റെ പുതിയ ഭാരവാഹികളായി ബ്രിജ്ഭൂഷന്റെ കുടുംബത്തില്‍നിന്ന് ആരും ഉണ്ടാകരുതെന്ന് സമരത്തിന് നേതൃത്വം നല്‍കിയിരുന്ന ബജ്​രംഗ് പുണിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിജ്ഭൂഷന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് റെസ്ലിങ് ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തിനുശേഷം ഷൂസ് ഊരിവെച്ച് കണ്ണീരോടെയാണ് സാക്ഷി ഇറങ്ങിപ്പോയത്. ഇതില്‍ പ്രതിഷേധിച്ച് ബജ്‌രംഗ് പുണിയ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം രാജ്യതലസ്ഥാനത്ത് കർത്തവ്യപഥിൽ ഉപേക്ഷിച്ചു. വനിതാ ഗുസ്തിതാരങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍ പുരസ്‌കാരവുമായി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞാണ് പുണിയ, പത്മശ്രീ പതക്കം ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനുസമീപത്തെ നടപ്പാതയില്‍ ഉപേക്ഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുരസ്‌കാരം കൈമാറാനെത്തിയ പുണിയയെ പോലീസുദ്യോഗസ്ഥര്‍ തടഞ്ഞതോടെയാണ് അദ്ദേഹം അത് വഴിയിലുപേക്ഷിച്ച് പ്രതിഷേധിച്ചത്. പതക്കം ഉപേക്ഷിക്കാനുള്ള കാരണം വിശദീകരിച്ച് പ്രധാനമന്ത്രിക്ക് പുണിയ തുറന്ന കത്തും അയച്ചു. ജനുവരിയില്‍ പ്രതിഷേധമാരംഭിച്ചപ്പോള്‍ ബ്രിജ് ഭൂഷന്റെ പേരില്‍ 19 വനിതാ ഗുസ്തിതാരങ്ങളുടെ പരാതിയാണുണ്ടായിരുന്നതെന്നും എന്നാല്‍, ബ്രിജ്ഭൂഷന്റെ ഇടപെടലിനെത്തുടര്‍ന്ന് 12 താരങ്ങള്‍ പരാതി പിന്‍വലിച്ചെന്നും കത്തില്‍ പുണിയ ചൂണ്ടിക്കാട്ടി. എന്നാല്‍ തൊട്ടുപിന്നാലെ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തു. ദേശീയമത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തത്. ഫെഡറേഷന്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായായിരുന്നു തീരുമാനങ്ങളെന്നും കായിക മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. പിന്നാലെ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ താത്കാലിക കമ്മിറ്റി രൂപീകരിച്ചു.

placeholder

ഏഷ്യന്‍ ഗെയിംസിലെ സെഞ്ചുറി

77 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡലുകളുടെ സെഞ്ചുറി കാണുന്നത്. ഹൗങ്ചൗവില്‍ ഇന്ത്യയുടെ സ്വപ്‌നസാഫല്യമാണ് പൂര്‍ത്തിയായത്. 'അബ് കി ബാര്‍ 100 പാര്‍'  എന്നായിരുന്നു 2023 ഏഷ്യന്‍ ഗെയിംസിന് മുന്‍പ് ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യം. ആ മാന്ത്രികസംഖ്യ മറികടക്കാനായതില്‍ നമുക്ക് പ്രത്യേകമായി അഭിമാനിക്കാന്‍ വകതരുന്നുണ്ട് 2023. 

107 ആണ് ഹാങ്ചൗവിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും ഉള്‍പ്പെടുന്നതാണിത്. ഇതോടെ മെഡല്‍ പട്ടികയില്‍ ചൈനയ്ക്കും ജപ്പാനും കൊറിയയ്ക്കും പിന്നാലെ നാലാമതെത്താനും ഇന്ത്യയ്ക്കായി. അഞ്ചുവര്‍ഷംമുന്‍പ് ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെയുണ്ടായിരുന്ന ഇന്ത്യയുടെ റെക്കോഡ്. 

അമ്പെയ്ത്തില്‍ ഒന്‍പത്, അത്‌ലറ്റിക്‌സില്‍ 29, ഷൂട്ടിങ്ങില്‍ 22, ഗുസ്തിയില്‍ അഞ്ച്, ബോക്‌സിങ്ങില്‍ അഞ്ച്, തുഴച്ചിലില്‍ അഞ്ച് എന്നീ ഇനങ്ങളിലാണ് കൂടുതല്‍ മെഡലുകള്‍. അത്‌ലറ്റിക്‌സും ഷൂട്ടിങ്ങുമാണ് ഇന്ത്യക്ക് കൂടുതല്‍ മെഡല്‍ സമ്മാനിച്ചത്. ഇത് ഇന്ത്യക്ക് ലഭിച്ച ആകെ മെഡലുകളുടെ പകുതിക്കടുത്ത് വരും. ഷൂട്ടിങ്ങില്‍ ഏഴും അത്‌ലറ്റിക്‌സില്‍ ആറും സ്വര്‍ണമാണ് നേടിയത്. 

Read more: ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ അവസാനിച്ചു, 107 മെഡലുകള്‍ നേടി തലയുയര്‍ത്തി മടക്കം

മെഡല്‍ നേട്ടപ്പട്ടികയില്‍ നാലാമതെത്തിയതും ഇന്ത്യയെ സംബന്ധിച്ച വലിയ നേട്ടം തന്നെയാണ്. 1951-ല്‍ രണ്ടാം സ്ഥാനവും 1962-ല്‍ മൂന്നാംസ്ഥാനവും നേടിയതാണ് ഇതിനു മുന്‍പത്തെ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ വലിയ നേട്ടം. 

നീതിനിഷേധത്തിനെതിരേ പോരാടി നേടിയ മെഡല്‍ കൂടി ഉള്‍ച്ചേര്‍ന്നതായിരുന്നു ഇന്ത്യയുടെ 107. ജ്യോതി യരാജിയായിരുന്നു ചൈനയില്‍ അവകാശപ്പോരാട്ടം നടത്തി വെള്ളി നേടിയത്. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മൂന്നാമതായാണ് യരാജി ഫിനിഷ് ചെയ്തിരുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ തെറ്റായ തുടക്കം ആരോപിച്ച് അയോഗ്യയാക്കി. 

എന്നാല്‍ തുടക്കം പിഴച്ചത് യരാജിക്കൊപ്പം ഓടിയ ചൈനയുടെ യുവാനിക്കായിരുന്നു. ഇത് തെളിയിക്കാന്‍ വേണ്ടി റിവ്യൂ നടത്താന്‍ യരാജി ഗ്രൗണ്ടില്‍ തന്നെ ഉറച്ചുനിന്നു. തുടര്‍ന്ന് റിവ്യൂ നടത്തിയതോടെ തെറ്റ് സംഭവിച്ചത് യുവാനിക്കാണെന്ന് മനസ്സിലാക്കുകയും അവരെ അയോഗ്യയാക്കുകയും ചെയ്തു. ഇതോടെ യര്‍രാജിയുടെ വെങ്കലം വെള്ളിയായി. 

നീരജ് ചോപ്രയുടെ പോരാട്ടവും മറക്കാനാവില്ല. കനത്ത വെല്ലുവിളിയുയര്‍ത്തിയ പാകിസ്താന്റെ അര്‍ഷദ് നദീമിനെ പിറകിലാക്കിയായിരുന്ന നീരജിന്റെ സ്വര്‍ണനേട്ടം. 88.88 മീറ്റര്‍ ദൂരമാണ് നീരജ് ജാവലിനില്‍ കണ്ടെത്തിയത്. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. ബാഡ്മിന്റണില്‍ ഇന്ത്യ സ്വര്‍ണമടക്കം ചരിത്രനേട്ടം സ്വന്തമാക്കി. അമ്പെയ്ത്തില്‍ ദക്ഷിണ കൊറിയയെ മറികടന്ന് ഒന്നാമതെത്തി. ഇതും ചരിത്രം. 

placeholder
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലുമായി നീരജ് ചോപ്ര | Photo: AFP

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ് നീരജ് ചോപ്ര

ഇന്ത്യയുടെ ജാവലിന്‍ സൂപ്പര്‍സ്റ്റാര്‍ നീരജ് ചോപ്രയ്ക്ക് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു 2023. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം, ഡയമണ്ട് ലീഗില്‍ രണ്ടാംസ്ഥാനം, ലോക റാങ്കിങ്ങില്‍ ഒന്നാമത് തുടങ്ങി ഈ വര്‍ഷത്തെ നേട്ടങ്ങള്‍ നിരവധി. 

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് നീരജ് നേടിയത്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജിന്റെ സ്വര്‍ണനേട്ടം. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണമെഡല്‍ കരസ്ഥമാക്കുന്ന അത്യപൂര്‍വ നേട്ടവും നീരജിനെത്തേടിയെത്തി. 

ചൈനയിലെ ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും പുരുഷ ജാവലിന്‍ ത്രോ മത്സരത്തില്‍ സ്വര്‍ണം നേടി. 88.88 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ഒന്നാമതെത്തിയത്. 2018 ഏഷ്യന്‍ ഗെയിംസിലും നീരജ് തന്നെയായിരുന്നു ചാമ്പ്യന്‍. ജാവലിന്‍ ത്രോയില്‍ നീരജ്, ലോക ഒന്നാംനമ്പര്‍ താരമായതും ഇതേ വര്‍ഷം. ചരിത്രത്തിലാദ്യമായാണ് ഒരിന്ത്യന്‍ താരം ജാവലിന്‍ത്രോ ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനെ മറികടന്നാണ് നീരജ് ഒന്നാമതെത്തിയത്. 

ലോകത്തിലെ ഏറ്റവും വലിയ കായിക പുരസ്‌കാരങ്ങളിലൊന്നായ വേള്‍ഡ് അത്‌ലറ്റ് ഓഫ് ദി ഇയറിന്റെ അന്തിമപ്പട്ടികയില്‍ ഇടംനേടാനും ഇത്തവണ നീരജിനായി. ഫൈനല്‍ റൗണ്ടില്‍ നീരജിനെക്കൂടാതെ നാല് താരങ്ങളാണ് ഉണ്ടായിരുന്നത്. ഡിസംബര്‍ 11-ന് പ്രഖ്യാപിച്ച പുരസ്‌കാരപ്പട്ടികയില്‍ പക്ഷേ, നീരജ് ഉള്‍പ്പെട്ടില്ല. എങ്കിലും അന്തിമ അഞ്ചു പേരുടെ ലിസ്റ്റില്‍ നീരജ് ഉള്‍പ്പെട്ടുവെന്നതില്‍ രാജ്യത്തിനാകെ അഭിമാനിക്കാം.

placeholder
ആർ. പ്രഗ്നാനന്ദ | Photo: PTI

ചെസ് ലോകകപ്പ് നേടി കാൾസൻ, തലയെടുപ്പോടെ പ്രഗ്നാനന്ദ

ചെസ് ലോകകപ്പ് കിരീടം ലോക ഒന്നാം നമ്പർ താരവും മുൻ ലോകചാമ്പ്യനുമായ നോർവെയുടെ മാഗ്നസ് കാൾസന്. അസർബെയ്ജാനിലെ ബാക്കുവിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ വമ്പൻതാരങ്ങളെ അട്ടിമറിച്ചെത്തിയ ഇന്ത്യൻതാരം ആർ. പ്രഗ്നാനന്ദയെ ടൈ ബ്രേക്കറിൽ മറികടന്നാണ് (1.5 - 0.5) കാൾസന്റെ കന്നി ലോകകപ്പ് കിരീടനേട്ടം. ടൈ ബ്രേക്കറിൽ അടിതെറ്റിയെങ്കിലും ഫൈനലിലെ രണ്ട് ക്ലാസിക്കൽ ഗെയിമുകളും സമനിലയിലാക്കിയ പ്രഗ്നാനന്ദ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീട്ടിയിരുന്നു. ഒടുവിൽ ടൈബ്രേക്കറിലെ ആദ്യ ഗെയിം സ്വന്തമാക്കിയ കാൾസൻ, രണ്ടാം ഗെയിം സമനിലയിലാക്കിയാണ് കിരീടം സ്വന്തമാക്കിയത്. അസർബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയായിരുന്നു കാൾസന്റെ ഫൈനൽ പ്രവേശം.

വിശ്വനാഥൻ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട് (2000, 2002). 2005-ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ. സെമിയിൽ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്കൻ താരം ഫാബിയാനോ കരുവാനോയെ ടൈബ്രേക്കറിൽ തോൽപ്പിച്ചായിരുന്നു ഇന്ത്യൻ താരത്തിന്റെ ഫൈനൽ പ്രവേശനം. ഇതിനൊപ്പം ലോകചെസ് ചാമ്പ്യൻഷിപ്പിൽ ഡിങ് ലിറന്റെ എതിരാളിയെ നിശ്ചയിക്കുന്ന കാൻഡിഡേറ്റ് ചെസ് ടൂർണമെന്റിൽ കളിക്കാനും പ്രഗ്നാനന്ദ യോഗ്യതനേടി. കാൻഡിഡേറ്റ് ചെസിന് യോഗ്യതനേടുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമാണ്. ബോബി ഫിഷർ, മാഗ്‌നസ് കാൾസൻ എന്നിവരാണ് മുൻഗാമികൾ.

ട്രിപ്പിൾ നേട്ടവുമായി മാഞ്ചെസ്റ്റർ സിറ്റി

ക്ലബ്ബ് ഫുട്‌ബോളിൽ മാഞ്ചെസ്റ്റർ സിറ്റി നിറഞ്ഞാടിയ വർഷമായിരുന്നു 2023. ഒരു കൂട്ടം മിന്നും താരങ്ങൾ പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ ക്ലബ്ബിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതി. ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ സിറ്റി ട്രബിൾ നേട്ടവും സ്വന്തമാക്കി. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രബിൾ നേട്ടമാണ് മാഞ്ചെസ്റ്റർ സിറ്റി 2022-23 സീസണിൽ സ്വന്തമാക്കിയത്. എഫ്എ കപ്പിനും ഇംഗ്ലീഷ് പ്രീമിയർ ലീഗിനും പിന്നാലെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലും മുത്തമിട്ടതോടെയാണ് സിറ്റി ട്രിപ്പിൾ പൂർത്തിയാക്കിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നും ഫോമിൽ കളിച്ച പെപ്പും സംഘവും മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കേയാണ് ചാമ്പ്യൻമാരായത്. ലീഗിലെ സിറ്റിയുടെ ഹാട്രിക് മുത്തം. ഇതോടെ കഴിഞ്ഞ ആറു സീസണുകളിൽ അഞ്ച് തവണയും മാഞ്ചെസ്റ്റർ സിറ്റി ജേതാക്കളായി. പിന്നാലെ എഫ്എ കപ്പിലും സിറ്റി മുത്തമിട്ടു. ഫൈനലിൽ ചിരവൈരികളായ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ കീഴടക്കിയാണ് സിറ്റി കിരീടമുയർത്തിയത്. സിറ്റിയുടെ ഏഴാം എഫ്.എ.കപ്പ് കിരീടമാണിത്. സിറ്റിയ്ക്ക് വേണ്ടി നായകൻ ഇൽകൈ ഗുണ്ടോഗൻ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ യുണൈറ്റഡിനായി നായകൻ ബ്രൂണോ ഫെർണാണ്ടസ് ആശ്വാസ ഗോൾ നേടി. ഇന്റർ മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി മാഞ്ചെസ്റ്റർ സിറ്റി കന്നി ചാമ്പ്യൻസ് ലീഗ് കിരീടവും നേടി.

ട്രബിൾ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലീഷ് ക്ലബ്ബാണ് സിറ്റി. 1998/99 സീസണിൽ മാഞ്ചെസ്റ്റർ യുണൈറ്റഡാണ് ഇതിന് മുമ്പ് ട്രബിൾ നേട്ടം സ്വന്തമാക്കിയ ഇംഗ്ലീഷ് ക്ലബ്ബ്.

ഐ.പി.എല്‍. കിരീടം; മുംബൈക്കൊപ്പം ചെന്നൈ

ഐപിഎല്ലില്‍ ചെന്നൈയുടെ വര്‍ഷമായിരുന്നു 2023. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ ധോനിയും സംഘവും കിരീടത്തില്‍ മുത്തമിട്ടു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയായിരുന്നു വിജയം. അഞ്ചാം തവണയാണ് ചെന്നൈ ഐ.പി.എല്‍. കിരീടം സ്വന്തമാക്കുന്നത്. ഗുജറാത്തിന്റെ 171 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്. 

അവസാന രണ്ട് പന്തുകളില്‍ പത്ത് റണ്‍സ് വേണ്ടിടത്ത്, സിക്‌സും ഫോറുമടിച്ച് രവീന്ദ്ര ജഡേജയാണ് ചെന്നൈയെ കിരീടത്തിലെത്തിച്ചത്. ഇതോടെ ഏറ്റവുമധികം ഐ.പി.എല്‍. കിരീടം നേടുന്ന ടീം എന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പം ധോനിയും സംഘവുമെത്തി. ദേവന്‍ കോണ്‍വെയായിരുന്നു ഫൈനലിലെ താരം. ടൂര്‍ണമെന്റിലെ താരമായി ശുഭ്മാന്‍ ഗില്ലിനെയും തിരഞ്ഞെടുത്തു. 890 റണ്‍സായിരുന്നു സീസണിലെ ഗില്ലിന്റെ സമ്പാദ്യം. 

placeholder
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവുമായി ഓസീസ് ടീം |  Photo: ANI

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഓസ്‌ട്രേലിയക്ക്; ഐ.സി.സി. കിരീടങ്ങളെല്ലാം നേടിയ ഒരേയൊരു രാജ്യം

ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കു മുന്‍പില്‍ കാലിടറും മുന്നെത്തന്നെ മറ്റൊരു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയോട് തോല്‍വി പിണഞ്ഞിരുന്നു. ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു അത്. ഇന്ത്യയെ 209 റണ്‍സിന് തോല്‍പ്പിച്ച് ഓസീസ് കിരീടത്തില്‍ മുത്തമിട്ടു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 234 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 

ഓവലില്‍ ഇന്ത്യയെ കീഴടക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഓസ്ട്രേലിയ മുത്തമിട്ടു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഓസീസിന്റെ ആദ്യ കിരീടം. ഇതോടെ ഓസ്ട്രേലിയ പുതുചരിത്രമെഴുതി. ഇതുവരെ മറ്റൊരു ടീമിനും സാധിക്കാത്ത അപൂര്‍വ റെക്കോഡാണ് ഓസീസ് സ്വന്തമാക്കിയത്. എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടമാണ് ഈ വിജയത്തോടെ ഓസ്ട്രേലിയ കരസ്ഥമാക്കിയത്. ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ് എന്നിവയാണ് നേരത്തേ ഓസ്ട്രേലിയ വിജയിച്ച ഐസിസി ടൂര്‍ണമെന്റുകള്‍. 

placeholder
ഇന്ത്യൻ ഫുട്ബോൾ ടീം | Photo: ANI

സ്വപ്നക്കുതിപ്പിൽ ഇന്ത്യൻ ഫുട്ബോൾ, ലോകകപ്പ് യോഗ്യത നേടുമോ?

ഇന്ത്യൻ ഫുട്ബോൾ ടീം അവിശ്വസനീയ പ്രകടനങ്ങൾ കാഴ്ചവെച്ച വർഷമാണ് കടന്നുപോയത്. ഫിഫയുടെ റാങ്കിങ്ങിൽ ആദ്യ നൂറിൽ ഉൾപ്പെട്ട ടീം സാഫ് കപ്പിലും ഇന്റർ കോണ്ടിനെന്റൽ കപ്പിലും മുത്തമിട്ടു. മാത്രമല്ല ലോകകപ്പ് യോഗ്യത നറുക്കെടുപ്പിൽ പോട്ട് 2-ൽ കടന്നുകൂടിയ ഇന്ത്യ ലോകകപ്പ് യോഗ്യതയ്ക്കായുള്ള രണ്ടാം റൗണ്ട് പോരാട്ടത്തിലാണ്.

രണ്ടാം റൗണ്ടിൽ ഇന്ത്യ ഗ്രൂപ്പ് എ യിലാണ് ഉൾപ്പെട്ടത്. കരുത്തരായ ഖത്തർ, കുവൈത്ത് ടീമുകൾക്കൊപ്പം താരതമ്യേന ദുർബലരായ അഫ്ഗാനിസ്താനുമുണ്ട്. നിലവിലെ സാഫ് കപ്പ്, ഇന്റർ കോണ്ടിനെന്റൽ വിജയികളായ ഇന്ത്യയ്ക്ക് കടുത്ത പോരാട്ടം കാഴ്ചവെച്ചാൽ മാത്രമേ ലോകകപ്പ് യോഗ്യയ്ക്കടുത്തെത്താനാകൂ. രണ്ടാം റൗണ്ടിൽ ഒമ്പത് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളെത്തുന്നവർക്കാണ് മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാനാവുക. അങ്ങനെ മൂന്നാം റൗണ്ടിലേക്കെത്തുന്ന 18-ടീമുകൾ മൂന്നാം റൗണ്ടിൽ ഏറ്റുമുട്ടും.

കരുത്തരായ ഖത്തർ, കുവൈത്ത് ടീമുകളുയർത്തുന്ന വെല്ലുവിളി മറികടന്നാൽ മാത്രമേ ഇന്ത്യയ്ക്ക് മൂന്നാം റൗണ്ടിൽ പ്രവേശിക്കാനാവൂ. നിലവിൽ  രണ്ട് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഖത്തറിനോട് തോറ്റെങ്കിലും കുവൈത്തിനെ തോൽപ്പിക്കാനായത് ഇന്ത്യയ്ക്ക് നേട്ടമാണ്. ഓരോ ടീമുമായും രണ്ട് വീതം മത്സരങ്ങളുള്ളതിനാൽ ശേഷിക്കുന്ന കളികൾ അതിനിർണായകമാണ്.

മൂന്നാം റൗണ്ടിൽ ആറ് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളാണുണ്ടാവുക. ഓരോ ഗ്രൂപ്പുകളിൽ നിന്ന് മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകൾ ലോകകപ്പിന് യോഗ്യത നേടും. ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാർക്ക് നാലാം റൗണ്ടുമുണ്ട്. ഇങ്ങനെ നാലാം റൗണ്ടിലേക്ക് കടക്കുന്ന ആറ് ടീമുകൾ വീണ്ടും ഗ്രൂപ്പ് മത്സരങ്ങൾ കളിക്കും. മൂന്ന് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പിലായിട്ടാകും ഏറ്റുമുട്ടുക. ഈ രണ്ട് ഗ്രൂപ്പിലേയും ഗ്രൂപ്പ് ചാമ്പ്യന്മാർ ലോകകപ്പിന് യോഗ്യത നേടും. ഗ്രൂപ്പ് റണ്ണേഴ്‌സ് അപ്പായി വരുന്നവർ അഞ്ചാം റൗണ്ടിലേക്ക് മുന്നേറും. ഈ റൗണ്ടിലെ പ്ലേ-ഓഫ് മത്സരങ്ങളുടെ മത്സരഫലം ആശ്രയിച്ചായിരിക്കും ടീമുകളുടെ യോഗ്യത.

placeholder
വിരാട് കോലി | Photo: Getty Images

ക്രീസിലും പുറത്തും പൊന്നണിഞ്ഞ കോലി

വിരാട് കോലി ക്രീസിലും പുറത്തും പൊന്നുവിളയിച്ച വര്‍ഷമാണ് 2023. ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചുറികള്‍ തികയ്ക്കുന്ന ആദ്യതാരമെന്ന റെക്കോഡാണ് അതിലേറ്റവും വലുത്. ലോകകപ്പ് സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു ഈ നേട്ടം. 49 സെഞ്ചുറികള്‍ നേടിയ സച്ചിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍, സച്ചിന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു ഈ റെക്കോഡ് മറികടന്നത്. 

സച്ചിന്റെ മറ്റൊരു റെക്കോഡ് കൂടി വിരാട് ഇക്കൊല്ലം മറികടന്നു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതൽ  റണ്‍സെടുക്കുന്ന താരമെന്ന ബഹുമതി കൂടി വിരാടിനെത്തേടിയെത്തി. കഴിഞ്ഞ ലോകകപ്പില്‍ 765 റണ്‍സാണ് കോലി നേടിയത്. 2003 ലോകകപ്പില്‍ 673 റണ്‍സെടുത്ത സച്ചിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്. 

ആറ് സെഞ്ചുറികളാണ് താരം ഈ വര്‍ഷം മാത്രം സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരെയാണ് രണ്ടെണ്ണം. അതില്‍ത്തന്നെ ഒന്ന് തിരുവനന്തപുരത്തുവെച്ച്-110 പന്തില്‍നിന്ന് 166 റണ്‍സ്. ഏഷ്യാ കപ്പില്‍ ഒന്നും ലോകകപ്പില്‍ മൂന്നും സെഞ്ചുറികള്‍ നേടി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും കോലി സ്വന്തമാക്കിയത് ഇക്കൊല്ലംതന്നെ. 267 ഇന്നിങ്സുകളില്‍നിന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 321 ഇന്നിങ്സുകളില്‍നിന്ന് 13,000 റണ്‍സ് നേടിയ സച്ചിന്റെ റെക്കോഡ് തന്നെയാണ് വിരാട് ഇത്തവണയും പഴങ്കഥയാക്കിയത്. ഇന്ത്യയ്ക്കുവേണ്ടി 500 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന നാലാമത്തെ താരമെന്ന നേട്ടത്തിനും വിരാട് അര്‍ഹനായി. 

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ താരമായ വിരാട് കോലി, ഐ.പി.എലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായി. 7000 റണ്‍സാണ് താരം സ്വന്തം പേരില്‍ ചേര്‍ത്തത്. 237 ഐ.പി.എല്‍. മത്സരങ്ങളില്‍നിന്ന് 7263 റണ്‍സാണ് സമ്പാദ്യം. ഈ സീസണില്‍ രണ്ട് സെഞ്ചുറി നേടിയതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കിയിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ കോലി ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 14 മത്സരങ്ങളില്‍ നിന്ന് ആറ് അര്‍ധസെഞ്ചുറികളുടെയും തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളുടെയും സഹായത്തോടെ 639 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. 53.25 ആണ് താരത്തിന്റെ ശരാശരി. 139.82 ആണ് പ്രഹരശേഷി. 

ഇന്‍സ്റ്റഗ്രാമില്‍ 250 മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ കോലി കളത്തിനു പുറത്തും ചരിത്രനേട്ടം സ്വന്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ 250 ഫോളോവേഴ്‌സുള്ള ഏക ഏഷ്യന്‍ താരമാണ് കോലി. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം കായികതാരം കൂടിയാണ് കോലി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരാണ് മുന്നിലുള്ളത്. 

കോലി ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്‌പോണ്‍സേര്‍ഡ് പോസ്റ്റിന് വാങ്ങുന്ന തുക എത്രയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോപ്പര്‍ എച്ച്ക്യു എന്ന സ്ഥാപനം. 2023-ലെ കണക്കുകള്‍ പ്രകാരം ഒരു സ്‌പോണ്‍സേര്‍ഡ് പോസ്റ്റിന് കോലിയ്ക്ക് ലഭിക്കുന്നത് 11.45 കോടി രൂപയാണ്.

placeholder
മിന്നുമണി | Photo: mathrubhumi

മലയാളത്തിന്റെ 'മിന്നുമണി'

മലയാളത്തില്‍നിന്നുള്ള ഇത്തവണത്തെ കായികതാരം വയനാട്ടുകാരി മിന്നുമണിയായിരുന്നു. ട്വന്റി20 ദേശീയ ടീമിലേക്ക് ഇടംകിട്ടുന്ന ആദ്യ മലയാളി വനിതയായി മിന്നുമണി മാറി. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലാണ് ആദ്യഇലവനില്‍ ഉള്‍പ്പെട്ടത്. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമായ മിന്നു, ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. 

അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തിക്കൊണ്ടും മിന്നുമണി ശ്രദ്ധ നേടി. മത്സരത്തിലെ അഞ്ചാം ഓവര്‍ എറിഞ്ഞ മിന്നു, നാലാം പന്തില്‍ ബംഗ്ലാദേശ് താരം ഷമീമ സുല്‍ത്താനയെ ജെമീമ റോഡ്രിഗസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ ടീമിലും മിന്നുമണി ഉള്‍പ്പെട്ടു. 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് എ ടീമിന്റെ ക്യാപ്റ്റനായും മിന്നുമണിയെ തിരഞ്ഞെടുത്തു. മിന്നുവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇംഗ്ലണ്ട് എ ടീമിനെ മൂന്ന് റണ്‍സിന് ഇന്ത്യന്‍ എ ടീം തോല്‍പ്പിച്ചതും ചരിത്രം. മാനന്തവാടി ചോയിമൂലയിലെ മണി - വസന്ത ദമ്പതികളുടെ മകളാണ് മിന്നുമണി. 

എട്ടാം ഏഷ്യാ കപ്പ് കിരീടം

ശ്രീലങ്കയെ തകര്‍ത്ത് എട്ടാം ഏഷ്യാകപ്പ് കിരീടം നേടിയതായിരുന്നു ക്രിക്കറ്റിലെ ഇത്തവണത്തെ ഇന്ത്യയുടെ നേട്ടങ്ങളിലൊന്ന്. ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും (23) ശുഭ്മാന്‍ ഗില്ലും (27) ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.

ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമായിരുന്നു ഇത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ ഇതിന് മുമ്പ്‌
ടൂര്‍ണമെന്റില്‍ വിജയിച്ചത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ ഇന്ത്യ 15.2 ഓവറില്‍ വെറും 50 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. ഏഴ് ഓവറില്‍ 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കന്‍ ബാറ്റിങ്ങിന്റെ വേരറുത്തത്.

ഏകദിനത്തില്‍ ലങ്കയ്ക്കെതിരേ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് സിറാജിന്റേത്. 1990-ല്‍ ഷാര്‍ജയില്‍ 26 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുന്‍ പാകിസ്താന്‍ താരം വഖാര്‍ യൂനിസിന്റെ റെക്കോഡാണ് സിറാജ് മറികടന്നത്. ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്റെ നാലാമത്തെ മികച്ച ബൗളിങ് പ്രകടനവും ഇതോടെ സിറാജിന്റെ പേരിലായി. ഒരു ഏകദിന ഫൈനലിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കൂടിയാണിത്.

ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ സ്വര്‍ണം

ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞാണ് ഇന്ത്യന്‍ വനിതകള്‍ അഭിമാനമുയര്‍ത്തിയത്. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ 19 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ ഇന്നിങ്സ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു.

വനിതാ പ്രീമിയര്‍ ലീഗ്; ആദ്യ കിരീടം മുംബൈക്ക്

പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. മാര്‍ച്ച് 26-ന് നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള സംഘം തോല്‍പ്പിച്ചത്. അഞ്ച് ഫ്രാഞ്ചൈസികളാണ് ലീഗില്‍ പങ്കെടുത്തിരുന്നത്. 

ഡല്‍ഹിയുടെ മെഗ് ലാനിങ് (345) കൂടുതല്‍ റണ്‍സ് നേടിയ താരമായി. മുംബൈയുടെ ഹെയ്‌ലി മാത്യൂസാണ് ടൂര്‍ണമെന്റിലെ താരം. കൂടുതല്‍ വിക്കറ്റും (16) ഹെയ്‌ലി സ്വന്തമാക്കി. 

ജോക്കോ പുതുചരിത്രമെഴുതി, യുവരാജാവായി അൽക്കരാസ്

ടെന്നീസ് കോർട്ടിൽ നൊവാക് ജോക്കോവിച്ച് എന്ന സെർബിയക്കാരൻ ചരിത്രം കുറിച്ച വർഷം. സിംഗിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടുന്ന പുരുഷതാരമായി ജോക്കോ മാറിയത് ഈ വർഷമാണ്. ഓസ്ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ, യുഎസ് ഓപ്പൺ എന്നിവ നേടിയ ജോക്കോവിച്ച് കരിയറിലെ 24-ാം ഗ്രാൻഡ്സ്ലാമും സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണിൽ കലാശപ്പോരിലെത്തിയെങ്കിലും യുവതാരം അൽക്കരാസിനോട് പരാജയപ്പെട്ടു.

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ കിരീടനേട്ടം. നേരിട്ടുള്ള സെറ്റുകൾക്കാണ് ജോക്കോവിച്ചിന്റെ വിജയം. കന്നിഗ്രാൻഡ്സ്ലാം വിജയപ്രതീക്ഷയുമായെത്തിയ സിറ്റ്‌സിപാസ് നിരാശയോടെ മടങ്ങി. സ്‌കോർ: 3-6, 6-7(4-7), 6-7(5-7)

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബെലാറസ് താരം ആര്യന സബലെങ്കയാണ് നേടിയത്.  ഫൈനലിൽ കസാഖ്‌സ്താൻ താരം എലെന റിബാക്കിനയെ തകർത്താണ് സബലെങ്ക തന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടത്തിൽ മുത്തമിട്ടത്. സ്‌കോർ: 4-6, 6-3, 6-4. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൻറെ പശ്ചാത്തലത്തിൽ റഷ്യൻ, ബെലാറസ് താരങ്ങൾക്ക് ടൂർണമെന്റിൽ തങ്ങളുടെ രാജ്യത്തിന്റെ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. പകരം അവരുടെ പേരിനൊപ്പം വെള്ള പതാകയാണ് ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ സ്വന്തം രാജ്യത്തിന്റെ പതാകയ്ക്ക് കീഴിലല്ലാതെ മത്സരിച്ച് ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ താരം കൂടിയാണ് സബലെങ്ക.

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നോർവേ താരം കാസ്പർ റൂഡിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ജേതാവായത്. നേരിട്ടു സെറ്റുകൾക്കാണ് ജോക്കോവിച്ചിന്റെ വിജയം. ആദ്യ ഗ്രാൻഡ്സ്ലാം കിരീടം മോഹിച്ച് കലാശപ്പോരിനിറങ്ങിയ കാസ്പർ റൂഡ് നിരാശയോടെ മടങ്ങി. സ്‌കോർ: 7-6, 6-3, 7-5

2023 ഫ്രഞ്ച് ഓപ്പണിലെ വനിതാ സിംഗിൾസ് കിരീടത്തിൽ ഇഗ സ്വിയാടെക് മുത്തമിട്ടു. ഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം കരോളിന മുക്കോവോയെ പരാജയപ്പെടുത്തിയാണ് ഇഗ കിരീടം സ്വന്തമാക്കിയത്.  സ്‌കോർ: 6-2, 5-7, 6-4

ഓസ്‌ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും മുത്തമിട്ട ജോക്കോയ്ക്ക് വിംബിൾഡൺ ഫൈനലിൽ അടിതെറ്റി. സ്പാനിഷ് യുവതാരം കാർലോസ് അൽക്കരാസ് ജോക്കോയെ കീഴടക്കി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അൽക്കരാസിന്റെ ജയം. സ്‌കോർ; 1-6, 7-6(8-6), 6-1, 3-6, 6-4

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ മാർകെറ്റ വാൻദ്രോഷോവ സ്വന്തമാക്കി. ഫൈനലിൽ ടുണീഷ്യയുടെ ഒൻസ് ജാബിയൂറിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് (6-4, 6-4) വാൻദ്രോഷോവ കന്നി വിംബിൾഡൺ നേട്ടം സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം കൂടിയാണിത്. ഓപ്പൺ കാലഘട്ടത്തിൽ വിംബിൾഡൺ വനിതാ വിഭാഗത്തിൽ സീഡില്ലാതെ കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഇതോടെ വാൻദ്രോഷോവ സ്വന്തമാക്കി.

യുഎസ് ഓപ്പൺ സിംഗിൾസ് ഫൈനലിൽ റഷ്യയുടെ ദാനിൽ മെദ്വെദേവിനെ തോൽപിച്ചാണ് ജോക്കോ തന്റെ ഇരുപത്തി നാലാം ഗ്രാൻഡ്‌സ്ലാം കിരീടം സ്വന്തമാക്കിയത്. നാലാംതവണയാണ് ജോക്കോവിച്ച് യുഎസ് ഓപ്പൺചാംപ്യനാകുന്നത്. 6-3,7-6, 6-3 എന്ന സ്‌കോറിനാണു ജോക്കോവിച്ച് മെവ്‌വെദേവിനെയാണ് കീഴടക്കിയത്.

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കൻ കൗമാരതാരം കൊക്കോ ഗാഫ് സ്വന്തമാക്കി. സ്വന്തം നാടായ യു.എസ്സിലെ ആർതർ ആഷ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആര്യാന സബലെങ്കയെ വീഴ്ത്തിയാണ് ഗാഫ് ചരിത്രം കുറിച്ചത്. ടെന്നീസ് ഇതിഹാസം സെറീന വില്യംസിനുശേഷം യു.എസ്. ഓപ്പൺ വനിതാ വിഭാഗം സിംഗിൾസ് കിരീടം സ്വന്തമാക്കുന്ന കൗമാരതാരം എന്ന റെക്കോഡ് താരം സ്വന്തമാക്കി. ചരിത്രത്തിൽ ഇതുവരെ മൂന്ന് അമേരിക്കൻ കൗമാരതാരങ്ങൾ യു.എസ്. ഓപ്പൺ കിരീടം നേടിയിട്ടുണ്ട്. സെറീനയ്ക്കും ഗാഫിനും പുറമേ ട്രാസി ഓസ്റ്റിനും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഗാഫിന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം കൂടിയാണിത്.

പുരസ്കാരങ്ങൾ

ബാലൺദ്യോർ പുരസ്‌കാരം
മികച്ച പുരുഷ ഫുട്‌ബോൾ താരത്തിനുള്ള ബാലൺദ്യോർ പുരസ്‌കാരം അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി നേടിയപ്പോൾ വനിതകളിൽ അയ്താന ബൊൻമാറ്റി പുരസ്‌കാരം സ്വന്തമാക്കി. ലയണൽ മെസ്സിയുടെ എട്ടാം ബാലൺദ്യോർ പുരസ്‌കാരനേട്ടമാണിത്. 2022 ഖത്തർ ലോകകപ്പിലെ മിന്നും പ്രകടനമാണ് അർജന്റീന നായകനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം

രാജ്യത്തെ പരമോന്നത കായികബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരത്തിന് ബാഡ്മിന്റണ്‍ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും അര്‍ഹരായി. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണവും ലോകറാങ്കിങ്ങില്‍ ഒന്നാംസ്ഥാനവും നേടിയാണ് ഇന്ത്യന്‍ സഖ്യം രാജ്യത്തിന്റെ ഏറ്റവും വലിയ പുരസ്‌കാരത്തിന് അര്‍ഹരായത്.

അര്‍ജുന അവാര്‍ഡ്

ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ നേടിയ മലയാളി ലോങ് ജമ്പ് താരം എം. ശ്രീശങ്കറിന് 2023-ലെ അര്‍ജുന പുരസ്‌കാരം ലഭിച്ചു. ശ്രീശങ്കറും ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയും ഉള്‍പ്പെടെ 26 പേര്‍ക്കാണ് അര്‍ജുന പുരസ്‌കാരം. ദേശീയ യുവജനകാര്യ, കായിക മന്ത്രാലയം ഡിസംബര്‍ 20-ാം തീയതിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

അര്‍ജുന അവാര്‍ഡ് നേടിയവര്‍: ഓജസ് പ്രവീണ്‍, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), എം. ശ്രീശങ്കര്‍ (അത്‌ലറ്റിക്‌സ്), പാറുല്‍ ചൗധരി, മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്സിങ്), ആര്‍. വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗര്‍വാല (അശ്വാഭ്യാസം), ദിവ്യകൃതി സിങ് (അശ്വാഭ്യാസം), ദീക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ബഹദൂര്‍ പഥക് (ഹോക്കി), പുക്രംബം സുശീല ചാനു (ഹോക്കി), പവന്‍ കുമാര്‍ (കബഡി), റിതു നേഗി (കബഡി), നസ്രീന്‍ (ഖോ-ഖോ), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്, ഇഷ സിങ് (ഷൂട്ടിങ്), ഹരീന്ദര്‍ പാല്‍ സിങ് (സ്‌ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്), സുനില്‍ കുമാര്‍ (ഗുസ്തി), അന്തിം പംഗല്‍ (ഗുസ്തി), നോറെം റോഷിബിന ദേവി (വൂഷു), ശീതള്‍ ദേവി (പാരാ അമ്പെയ്ത്ത്), ഇല്ലൂരി അജയ് കുമാര്‍ റെഡ്ഡി (അന്ധ ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനോയിങ്).

ദ്രോണാചാര്യ അവാര്‍ഡ്

മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡ് (റെഗുലര്‍ വിഭാഗം) ലളിത് കുമാര്‍ (ഗുസ്തി), ആര്‍.ബി രമേഷ് (ചെസ്), മഹാവീര്‍ പ്രസാദ് സൈനി(പാരാ അത്ലറ്റിക്സ്), ശിവേന്ദ്ര സിങ്, (ഹോക്കി), ഗണേഷ് പ്രഭാകര്‍ (മല്ലകാമ്പ്) എന്നിവര്‍ നേടി.

മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡ് (ലൈഫ് ടൈം വിഭാഗം) ജസ്‌കിരത് സിങ് ഗ്രെവാള്‍ (ഗോള്‍ഫ്), ഇ. ഭാസ്‌കരന്‍ (കബഡി), ജയന്ത കുമാര്‍ പുഷിലാല്‍ (ടേബിള്‍ ടെന്നീസ്) എന്നിവര്‍ക്ക് ലഭിച്ചു.

മേജര്‍ ധ്യാന്‍ചന്ദ് ലൈഫ് ടൈം അവാര്‍ഡ് കവിത സെല്‍വരാജ് (കബഡി), മഞ്ജുഷ കന്‍വാര്‍ (ബാഡ്മിന്റണ്‍), വിനീത് കുമാര്‍ ശര്‍മ (ഹോക്കി) എന്നിവര്‍ക്ക് ലഭിച്ചു.