നഗോയ: അമ്പെയ്ത്തിൽ ഉന്നം തെറ്റാതെ ഇന്ത്യ. കോമ്പൗണ്ട് ഇനത്തിൽ മൂന്ന് സ്വർണം നേടി ഇന്ത്യ തിളങ്ങി. പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയതോടെയാണ് ഹാട്രിക് തികച്ചത്. ഫൈനലിൽ ചൈനയെ തോൽപ്പിച്ചു.

To advertise here,

238-237 എന്ന സ്‌കോറിനാണ് പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യ ചൈനയെ പരാജയപ്പെടുത്തിയത്. കുശാൽ, സാഹിൽ ജാധവ്, ഗണേഷ് മണി എന്നിവരടങ്ങിയ സംഘമാണ് പൊന്നണിഞ്ഞത്. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പത്താം സ്വർണമാണിത്.

നേരത്തേ ഇന്ത്യൻ മിക്‌സ്ഡ് കമ്പൗണ്ട് ടീമും വനിതാ കോമ്പൗണ്ട് ടീമും സ്വർണം നേടിയിരുന്നു. ചികിത തനിപർത്തി-സഹിൽ യാദവ് എന്നിവരടങ്ങിയ ഇന്ത്യൻ മിക്‌സ്ഡ് കമ്പൗണ്ട് ടീം ദക്ഷിണ കൊറിയയുടെ പാർക്ക് ജങ് യൂൺ-ചോയ് യോങ് ഹി സഖ്യത്തെയാണ് നാടകീയ പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. മത്സരം 157-157 എന്ന നിലയിൽ സമനിലയിലായതോടെയാണ് വിജയികളെ തീരുമാനിക്കാൻ ഷൂട്ട് ഓഫ് വേണ്ടിവന്നത്.

വനിതാ കോമ്പൗണ്ട് ഫൈനലിൽ ചികിത തനിപർത്തി, ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ് എന്നിവരടങ്ങിയ ഇന്ത്യൻ സംഘം ചൈനയെ 238-234 എന്ന സ്‌കോറിന് കീഴടക്കിയാണ് സ്വർണം നിലനിർത്തിയത്.