ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയ്ക്കെതിരേ പരാതിയുമായി ഐസ് ഹോക്കി അസോസിയേഷനിലെ ഒരുവിഭാഗം രംഗത്ത്. ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉഷയെ, ഐസ് ഹോക്കി അസോസിയേഷൻ കൗൺസിലിലേക്ക് നാമനിർദേശം ചെയ്തിരുന്നു. എന്നാൽ, ഉഷയ്ക്ക് ഐസ് ഹോക്കിയുമായി ബന്ധമില്ലെന്നും അതുകൊണ്ട് നോമിനേഷൻ തള്ളണമെന്നുമാണ് ഐസ് ഹോക്കി അസോസിയേഷൻ (ഐ.എച്ച്.എ.ഐ.) വൈസ് പ്രസിഡന്റെന്ന് അവകാശപ്പെടുന്ന അജിത് കാക്കർ ഇലക്ടറൽ ഓഫീസർ സഞ്ജയ് കുമാർ ശ്രീവാസ്തവയ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്.
ഐ.ഒ.എ. ഭരണഘടനയനുസരിച്ച് കായികസംഘടനകൾ നാമനിർദേശം ചെയ്യുന്ന അംഗങ്ങൾ അതത് സംഘടനകളിൽ അംഗമായിരിക്കണമെന്ന വ്യവസ്ഥയുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ചയാണ് നാമനിർദേശങ്ങളുടെ സൂക്ഷ്മപരിശോധന. അതോടൊപ്പം പരാതിയും പരിഗണിച്ചേക്കും. പി.ടി. ഉഷയ്ക്കെതിരേ നാല് പരാതികൾ നൽകിയിട്ടുണ്ടെന്നാണ് വിവരം. പരാതി നൽകിയവരുമായി സംസാരിക്കുകയും ശേഷം വരണാധികാരി വിഷയത്തിൽ തീർപ്പുണ്ടാക്കുകയും ചെയ്യും. പി.ടി ഉഷയെ സംബന്ധിച്ച് നിർണായകമാണിത്.
ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നാടകീയ നീക്കത്തിലൂടെയാണ് പി.ടി ഉഷ ജനറൽ കൗൺസിൽ അസംബ്ലിയിൽ തിരിച്ചെത്തിയത്. ഐസ് ഹോക്കി ഫെഡറേഷൻ വനിതാ പ്രതിനിധിയായാണ് ഉഷ സ്ഥാനംപിടിച്ചത്. ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള നാല് വനിതാതാര പ്രതിനിധികൾക്കുള്ള തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ ഉഷ അഞ്ചാംസ്ഥാനത്തായിരുന്നു. പിന്നാലെ തന്നെ തോൽപ്പിക്കാൻ വഴിവിട്ട നീക്കങ്ങളുണ്ടായതായി ഉഷ ആരോപിച്ചിരുന്നു. പ്രത്യേക പാനലുണ്ടാക്കിയാണ് ഉഷയെ എതിർചേരി തിരഞ്ഞെടുപ്പിൽ നേരിട്ടിരുന്നത്. ഇതിനെതിരേ ഉഷ പരാതിയും നൽകിയിരുന്നു.
തിരഞ്ഞെടുപ്പിൽ തോൽവിനേരിട്ടതോടെ ഐ.ഒ.എ. കൗൺസിലിൽ തിരിച്ചെത്താനുള്ള ഉഷയുടെ സാധ്യത അടഞ്ഞതായാണ് വിലയിരുത്തപ്പെട്ടത്. തിരിച്ചെത്താൻ ഉഷയെ ഏതെങ്കിലും സ്പോർട്സ് ഫെഡറേഷനുകൾ നോമിനേറ്റ് ചെയ്യണമായിരുന്നു. മുൻ അത്‌ലറ്റ് എന്നനിലയിൽ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന് ഉഷയെ നാമനിർദേശം ചെയ്യാമായിരുന്നു. എന്നാൽ, എ.എഫ്.ഐ. തങ്ങളുടെ വനിതാ പ്രതിനിധിയായി ബംഗാളി താരം ജ്യോതിർമയി സിക്തറിനെയാണ് ഉൾപ്പെടുത്തിയത്. ഇതോടെ ഉഷയുടെ സാധ്യത അടഞ്ഞെന്നുറപ്പിക്കവേയാണ് ഐസ് ഹോക്കി ഫെഡറേഷൻ വനിതാ പ്രതിനിധിയായി ഉഷ സ്ഥാനംപിടിച്ചത്.
2030-ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിലെത്തിക്കുന്നതിൽ ഐ.ഒ.എ. പ്രസിഡന്റ് എന്നനിലയിൽ ഉഷ വലിയ പങ്കാണ് വഹിച്ചത്. ലോകമറിയുന്ന അത്‌ലറ്റ് എന്നനിലയിൽ കായികവൃത്തങ്ങളിൽ ഉഷയ്ക്ക് വലിയ സ്വീകാര്യതയുണ്ട്. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയുടെ ശ്രമങ്ങൾ വിജയിക്കാനും ഉഷയുടെ സാന്നിധ്യം തുണയാവുമെന്ന് ഭരണവൃത്തങ്ങൾക്ക് ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത ഇടപെടലുകളിൽ ഉഷ ഐ.ഒ.എ.യിൽ തിരിച്ചെത്തിയത്.
Content Highlights: PT Usha nominated to IOA council by the Ice Hockey Association after losing the general council election, complaint
Published: 14 Nov 2026, 09:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented