ന്യൂഡൽഹി: ട്രാക്കിലും ജീവിതത്തിലും തോൽവികളിൽനിന്ന് പൊരുതിക്കയറിയ ചരിത്രമാണ് ഇന്ത്യൻ അത്‌ലറ്റിക്‌സിലെ ഇതിഹാസ താരമായ പി.ടി. ഉഷയ്ക്കുള്ളത്. ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷൻ ജനറൽ കൗൺസിലിലേക്ക് തിരിച്ചെത്തിയതോടെ ഉഷയുടെ പോരാട്ടവീര്യം ഒരിക്കൽക്കൂടി വ്യക്തമായി.

To advertise here,

ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള നാല് വനിതാതാര പ്രതിനിധികൾക്കുള്ള തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ ഉഷയുടെ പരാജയം അപ്രതീക്ഷിതമായിരുന്നു. ആറു പേർ മത്സരിച്ച വോട്ടെടുപ്പിൽ ഉഷ അഞ്ചാംസ്ഥാനത്തായി. തന്നെ തോൽപ്പിക്കാൻ വഴിവിട്ട നീക്കങ്ങളുണ്ടായതായി ഉഷ ആരോപിച്ചിരുന്നു. പ്രത്യേക പാനലുണ്ടാക്കിയാണ് ഉഷയെ എതിർചേരി തിരഞ്ഞെടുപ്പിൽ നേരിട്ടിരുന്നത്. ഇതിനെതിരേ ഉഷ പരാതിയും നൽകിയിരുന്നു.

തിരഞ്ഞെടുപ്പിൽ തോൽവിനേരിട്ടതോടെ ഐ.ഒ.എ. കൗൺസിലിൽ തിരിച്ചെത്താനുള്ള ഉഷയുടെ സാധ്യത അടഞ്ഞതായാണ് വിലയിരുത്തപ്പെട്ടത്. തിരിച്ചെത്താൻ ഉഷയെ ഏതെങ്കിലും സ്പോർട്സ് ഫെ‍ഡറേഷനുകൾ നോമിനേറ്റ് ചെയ്യണമായിരുന്നു. മുൻ അത്‌ലറ്റ് എന്നനിലയിൽ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന് ഉഷയെ നാമനിർദേശം ചെയ്യാമായിരുന്നു. എന്നാൽ, എ.എഫ്.ഐ. തങ്ങളുടെ വനിതാ പ്രതിനിധിയായി ബംഗാളി താരം ജ്യോതിർമയി സിക്തറിനെയാണ് ഉൾപ്പെടുത്തിയത്. ഇതോടെ ഉഷയുടെ സാധ്യത അടഞ്ഞെന്നുറപ്പിക്കവേയാണ് ഐസ് ഹോക്കി ഫെഡറേഷൻ വനിതാ പ്രതിനിധിയായി ഉഷ സ്ഥാനംപിടിച്ചത്.

2030-ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിലെത്തിക്കുന്നതിൽ ഐ.ഒ.എ. പ്രസിഡന്റ് എന്നനിലയിൽ ഉഷ വലിയ പങ്കാണ് വഹിച്ചത്. ലോകമറിയുന്ന അത്‌ലറ്റ് എന്നനിലയിൽ കായികവൃത്തങ്ങളിൽ ഉഷയ്ക്ക് വലിയ സ്വീകാര്യതയുണ്ട്. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയുടെ ശ്രമങ്ങൾ വിജയിക്കാനും ഉഷയുടെ സാന്നിധ്യം തുണയാവുമെന്ന് ഭരണവൃത്തങ്ങൾക്ക് ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത ഇടപെടലുകളിൽ ഉഷ ഐ.ഒ.എ.യിൽ തിരിച്ചെത്തിയത്. ഒളിമ്പിക്‌സ് ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ 35 ശതമാനം പൂർത്തിയായെന്നും വ്യക്തമാക്കിയിരുന്നു.