ഹൂസ്റ്റൺ: ഇഞ്ചുറിടൈമിൽ ഗോൾ നേടിയാണ് ബ്രസീൽ ലോകകപ്പിലെ പ്രീ-ക്വാർട്ടർ ബെർത്തുറപ്പിച്ചത്. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നാണ് ഗബ്രിയേൽ മാർട്ടിനെല്ലി വല കുലുക്കിയത്. എന്നാൽ മത്സരത്തിൽ ബ്രസീലിന്റെ യഥാർഥ ഹീറോ കാസമിറോയാണ്. ജപ്പാനെതിരേ സമനിലപിടിച്ച ഗോളുൾപ്പെടെ മത്സരത്തിൽ ഉജ്ജ്വല പ്രകടനമാണ് ഈ ഡിഫൻസീവ് മിഡ്ഫീൽഡർ പുറത്തെടുത്തത്.

To advertise here,

ജപ്പാനെതിരേ ഒരു ക്ലാസ് പ്രകടനമായിരുന്നു കാസമിറോ കാഴ്ചവെച്ചത്. മധ്യഭാഗത്തുവെച്ച് ജപ്പാൻ മുന്നേറ്റങ്ങളെ തടയുക മാത്രമായിരുന്നില്ല. ജപ്പാൻ ബോക്‌സിൽ വെല്ലുവിളി ഉയർത്താനും താരത്തിനായി. മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല. ഒരു ഗോളിന് പുറമേ പോസ്റ്റിലേക്ക് രണ്ട് ഷോട്ടുകളും. മാത്രമല്ല, 91 ടച്ചുകളും 76 പാസ്സുകളും ആ ബൂട്ടിൽ നിന്ന് പിറന്നു. 90% ആണ് പാസുകളിലെ കൃത്യത.

പ്രതിരോധത്തിലാണെങ്കിൽ ഒരു യഥാർഥ ഡിഫൻസീവ് മിഡ്ഫീൽഡർ എങ്ങനെയാണെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ജപ്പാന്റെ മുന്നേറ്റങ്ങളെ ഒരുപരിധിവരെ തടഞ്ഞുനിർത്തുന്നതിൽ നിർണായകമായിരുന്നു കാസമിറോയുടെ ഇടപെടലുകൾ. നാല് ക്ലിയറൻസുകളും രണ്ട് ഷോട്ടുകൾ തടഞ്ഞുനിർത്തുകയും ചെയ്തു. കൃത്യമായി ലോങ് ബോളുകൾ നൽകുന്നതിലും മികവുപുലർത്തി.

മാത്രമല്ല, ആദ്യ ഗോൾ തടയാൻ പരമാവധി കാസമിറോ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. 29-ാം മിനിറ്റിൽ കയ്ഷു സാനോയാണ് ഏഷ്യൻ കരുത്തർക്കായി വലകുലുക്കിയത്. ഡാനിലോയുടെ പാസ് കൃത്യമായി ഇന്റർസെപ്റ്റ് ചെയ്ത് മുന്നേറിയ സാനോ കസമിറോയെ ഡ്രിബിൾ ചെയ്ത് മുന്നേറി. സാനോയെ മൈതാനമധ്യത്ത് നിന്ന് പിന്തുടർന്നെങ്കിലും ഓടിപിടിക്കാനായില്ല. പിന്നാലെ ബോക്‌സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.

അതിന് പക്ഷേ രണ്ടാം പകുതിയിൽ കാസമിറോ പകരംവീട്ടി. ഒരു ഉഗ്രൻ ഹെഡർ ഗോളിലൂടെ. ജപ്പാൻ ഗോളി സുസുക്കി കിടിലൻ സേവുകൾ നടത്തിയെങ്കിലും 55-ാം മിനിറ്റിൽ കാസമിറോയെ തടയാനായില്ല. ഗബ്രിയേലിന്റെ ക്രോസിൽ തലവെച്ച് കാസമിറോ സമനില ഗോൾ നേടുകയായിരുന്നു. അവിടെ നിന്നാണ് ബ്രസീൽ കളിയിലേക്ക് തിരിച്ചുവരുന്നത്.