റൊസാരിയോ: ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതായി അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സി പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. സാമൂഹികമാധ്യമങ്ങളിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചാണ് ഇനി ദേശീയ ജേഴ്‌സി അണിയില്ലെന്ന് മെസ്സി അറിയിച്ചത്. ഇപ്പോഴിതാ വിരമിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മെസ്സി. എന്നാൽ വീഡിയോ വൻ ചർച്ചകൾക്ക് വഴിവെച്ചു. എക്കാലത്തെയും മികച്ചവൻ ആരാണെന്ന തർക്കം അവസാനിച്ചതായി വീഡിയോയിൽ പറയുന്നതാണ് ചർച്ചയായത്.
അന്താരാഷ്ട്ര കരിയറിലെ കണക്കുകളും പ്രധാനനേട്ടങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് മെസ്സി പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ ഒരു ബ്രാൻഡിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഈ പോസ്റ്റ് മെസ്സി പങ്കുവെച്ചത്. ദേശീയ ടീമിനായുള്ള അരങ്ങേറ്റം മുതൽ ഇതുവരെ നേടിയ ആകെ ഗോളുകൾ, അസിസ്റ്റുകൾ, ലോകകപ്പ് കിരീടനേട്ടം, ലോകകപ്പിലെ മറ്റ് പ്രകടനങ്ങൾ എന്നിവയെല്ലാം വീഡിയോയിലുണ്ട്. വീഡിയോയുടെ അവസാനം ഗോട്ട് ഡിബേറ്റ് സെറ്റിൽഡ് എന്നും എഴുതികാണിക്കുന്നുണ്ട്. ഇത് ഫുട്‌ബോൾ ലോകത്ത് വൻ ചർച്ചയായി മാറി.
ഗോട്ട്(എക്കാലത്തെയും മികച്ചവൻ) ആരാണെന്ന തർക്കം അവസാനിച്ചെന്നാണ് വീഡിയോയിൽ പറയുന്നത്. പതിറ്റാണ്ടുകളായി ഫുട്‌ബോൾ ആരാധകർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന തർക്കമാണ് എക്കാലത്തെയും മികച്ച ഫുട്‌ബോൾ താരം ആരാണെന്നുള്ളത്. മെസ്സിയുടെയും ക്രിസ്റ്റിയാനോ റൊണാൾഡോയുടെയും പേര് ഉയർത്തിക്കാട്ടിയാണ് ആരാധകർ ചേരിതിരിഞ്ഞ് വാദിച്ചത്. മെസ്സി ലോകകപ്പ് നേടിയതിനാൽ ഗോട്ട് ആരെന്നുള്ള തർക്കത്തിന് പ്രസക്തിയില്ലെന്ന് പലരും വാദിക്കുന്നു. പോർച്ചുഗൽ ചരിത്രത്തിൽ ആകെ നേടിയ മൂന്ന് കിരീടങ്ങൾക്ക് പിന്നിലും റൊണാൾഡോയാണെന്നും ഗോൾ നേട്ടത്തിലും റൊണാൾഡോ മുന്നിലാണെന്നും അതിനാൽ ഗോട്ട് പോർച്ചുഗീസ് നായകനാണെന്നും മറ്റ് ചിലർ വാദിക്കുന്നു. ആ തർക്കം നടന്നുവരുന്നതിനിടെയാണ് മെസ്സിയുടെ പോസ്റ്റ് വരുന്നത്.
അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടത്തോടെയാണ് മെസ്സി ദേശീയ ടീമിൽ നിന്ന് പടിയിറങ്ങുന്നത്. 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകളാണ് മെസ്സി നേടിയത്. മാത്രമല്ല, മാറഡോണയ്ക്ക് ശേഷം അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനുമാണ് മെസ്സി. രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും മെസ്സിക്ക് കീഴിൽ അർജന്റീന നേടി.
Content Highlights: GOAT Debate Settled, Lionel Messi Breaks Internet With Instagram Post
Published: 03 Sept 2026, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented