ഇന്ത്യൻ ഫുട്ബോൾ ടീമിന് ഇനി തിരക്കുപിടിച്ച നാളുകളാണ്. ലോക ഫുട്ബോളിലെത്തന്നെ വമ്പന്മാരുമായിട്ടാണ് കളിക്കാനുള്ളത്. നാലുവട്ടം ചാമ്പ്യന്മാരായ ബ്രസീൽ, രണ്ടുവട്ടം ലോകചാമ്പ്യന്മാരായ യുറഗ്വായ്, ഒപ്പം പാനമയും. എന്നാൽ, വമ്പൻടീമുകൾക്കെതിരേ ഇന്ത്യ എങ്ങനെയാകും കളിക്കുകയെന്ന ആകാംക്ഷയും ആശങ്കയും ഫുട്ബോൾപ്രേമികൾക്കുണ്ട്. കാരണം ഇന്ത്യൻ ടീമിലെ സ്ട്രൈക്കർമാരുടെ സമീപകാലത്തെ ദയനീയ പ്രകടനംതന്നെ.

To advertise here,

നിലവിലെ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ മുന്നേറ്റനിരയിൽ ഇർഫാൻ യാദ്വാദ്, മൻവീർ സിങ്, റയാൻ വില്യംസ്, വിക്രം പ്രതാപ് സിങ്, എഡ്മുണ്ടോ ലാൽറിൻഡിക, റഹീം അലി എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ സമീപകാലത്തെ പ്രകടനം പ്രതീക്ഷനൽകുന്നതല്ല.

ലക്ഷ്യമില്ലാത്ത മുന്നേറ്റം

നിലവിലെ പരിശീലകൻ ഖാലിദ് ജമീൽ ടീമിന്റെ ചുമതലയേറ്റിട്ട് 12 മത്സരങ്ങളാണ് ടീം കളിച്ചത്. ഇതിൽ മൂന്നുവീതം ജയവും സമനിലയും. ആറ് തോൽവി. 12 ഗോൾ അടിച്ചപ്പോൾ 19 എണ്ണം തിരിച്ചുവാങ്ങി. ക്ലബ് ഫുട്ബോളിൽ ചെറിയ താരങ്ങളെക്കൊണ്ട് വലിയ റിസൾട്ടുണ്ടാക്കുന്ന ജമീൽ അതേനയമാണ് ദേശീയടീമിലും പയറ്റാൻ ശ്രമിക്കുന്നത്. ജൂനിയർ തലത്തിലെ മികച്ച താരങ്ങൾക്ക് അവസരം നൽകുന്നുണ്ട്. എന്നാൽ, സ്ട്രൈക്കർമാർ ജമീലിന്റെ കീഴിലും അവസരത്തിനൊത്തുയർന്നിട്ടില്ല. എട്ട് താരങ്ങളെയാണ് ഇതുവരെ സെൻട്രൽ ഫോർവേഡ് പൊസിഷനിൽ ജമീൽ പരീക്ഷിച്ചത്. 4-2-3-1 ഫോർമേഷനിലാണ് പരിശീലകൻ ടീമിനെ കൂടുതലും കളിപ്പിച്ചത്. 5-4-1, 4-1-4-1 ഫോർമേഷനിലും ടീം ഇറങ്ങി. ഒരുമത്സരത്തിൽ മാത്രം 4-4-2 പരീക്ഷിച്ചു. ഏക സ്ട്രൈക്കറെവെച്ചുള്ള ഗെയിംപ്ലാനിൽ അവരിൽനിന്ന് ഗോൾ വരാത്തതാണ് ടീം മാനേജ്മെന്റിനെ അലട്ടുന്നത്. ടീം നേടിയ 12 ഗോളുകളിൽ മൂന്നെണ്ണം മാത്രമാണ് സ്ട്രൈക്കർമാരിൽനിന്നുണ്ടായത്.

ഇർഫാൻ യദ്വാദ്, സുനിൽ ഛേത്രി, മൻവീർ സിങ്, റഹീം അലി, റയാൻ വില്യംസ്, എഡ്മുണ്ടോ ലാൽറിൻഡിക, വിക്രം പ്രതാപ് സിങ്, എം.എസ്. ജിതിൻ എന്നിവരാണ് സ്ട്രൈക്കർ റോളിൽ പരീക്ഷിക്കപ്പെട്ടത്. ഇവരിൽ വിക്രം, വില്യംസ്, റഹീം അലി എന്നിവർ മാത്രമാണ് ജമീലിന്റെ കീഴിൽ സ്‌കോർചെയ്തത്. യദ്വാദ് നാലും ഛേത്രി, റഹീം അലി, മൻവീർ സിങ് എന്നിവർ മൂന്നുവീതവും കളിയിൽ സെൻട്രൽ സ്ട്രൈക്കർ റോളിലെത്തി. ലാൽറിൻഡിക രണ്ടുകളിയിൽ ഈ പൊസിഷനിൽ കളിച്ചു. ബാക്കി താരങ്ങൾക്ക് ഒരോ മത്സരത്തിലാണ് അവസരമുണ്ടായത്. വിരമിക്കൽ പ്രഖ്യാപിച്ച ഛേത്രി നിലവിൽ ടീമിന്റെ ഭാഗമല്ല. പാനമയ്‌ക്കെതിരേ ഈ മാസം 26-നും ബ്രസീലിനെതിരേ ഒക്ടോബർ മൂന്നിനും യുറഗ്വായിക്കെതിരേ ആറിനുമാണ് മത്സരം.