
ന്യൂജെഴ്സിയിലെ മെറ്റ്ലൈഫ് മൈതാനത്ത് വഴങ്ങേണ്ടിവന്നത് ഒരു ഗോൾ മാത്രം, പക്ഷേ അവസാന വിസിലിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലെ തുരുതുരാ 'ട്രോൾ ഗോളുകളിൽ' കുലുങ്ങി അർജന്റീനാ പോസ്റ്റ്. ലാലേട്ടനെ കൂട്ടുപിടിച്ച് 'സ്റ്റിൽ ഐ ലവ് യൂ' പോസ്റ്റിട്ട് മെസി ആരാധകർ 'ഡിഫൻസിന്' ശ്രമിച്ചെങ്കിലും മറുവശത്തെ തമാശകളുടെ മുന്നേറ്റത്തിൽ അവർ ഒരു ദിനം മുഴുവൻ ഡിജിറ്റൽ ലോകത്ത് 'എയറിൽ' തുടർന്നു.
പുലർച്ചെവരെ ഉണർന്നിരുന്ന് കളി കണ്ട ആരാധകർക്ക് രാവിലെ ഫോൺ തുറന്നപ്പോൾ ആദ്യം കാണേണ്ടിവന്നത് മലയാളികളുടെ നർമബോധം തീർത്ത ട്രോളുകളുടെ പെരുമഴയായിരുന്നു. ഫൈനൽ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് സർക്കാർ അവധി പ്രഖ്യാപിച്ച സംഭവവും നർമത്തിന്റെ യൂണിഫോമിട്ടുവന്നു പറഞ്ഞു-'അവധി വേണ്ട. ഞങ്ങൾക്ക് പഠിക്കണം!'. സ്പാനിഷ് താരം ലാമിൻ യമാലിനെ കുഞ്ഞായിരിക്കുമ്പോൾ മെസി ഒരു ഫോട്ടോഷൂട്ടിനായി കുളിപ്പിച്ച സംഭവം ഫൈനൽ കഴിഞ്ഞപ്പോൾ നിർമ്മിത ബുദ്ധി മാറ്റിമറിച്ചു-ട്രോളിൽ മെസിയെ യാമാൽ തിരികെ 'കുളിപ്പിച്ചിരുത്തി!'. പുറത്തായ ബ്രസീൽ, പോർച്ചുഗൽ ആരാധകർ ഒരുമിച്ചപ്പോൾ അർജന്റീന പക്ഷം കടുത്ത ആക്രമണമാണ് നേരിട്ടത്. 'സ്പെയിൻ ആ ഗോൾ കുറച്ചു നേരത്തേ അടിച്ചിരുന്നെങ്കിൽ, ഞങ്ങൾ ഉണർന്നേനെ..'-ഒരു ഗോൾ പിന്നിൽ നന്നിട്ട് പിന്നെ ഗോളടിക്കുന്ന 'ഗെയിം പ്ലാൻ' ഇങ്ങനെ പരിഹാസമായി. 'ജയം ആഘോഷിക്കാൻ വാങ്ങിവെച്ച പടക്കങ്ങൾ എതിർ ഗ്രൂപ്പിന് കുറഞ്ഞവിലയ്ക്ക് മറിച്ചുവിറ്റാലോ' എന്നുവരെ ട്രോളൻമാർ ചിന്തിച്ചുപോയി.
ഗോളി മാർട്ടീനസിനു മാത്രം പന്ത് തൊടാൻ കൊടുത്ത സ്പാനിഷ് താരങ്ങൾ, കളിയുടെ ഇടയ്ക്കുവെച്ച് ചായ കുടിക്കാൻ പോയ സ്പാനിഷ് ഗോളി, പന്ത് കൊടുക്കാത്തതിൽ ഫിഫയോട് പരാതി പറയാൻ പോകുന്ന മെസി, കപ്പ് കിട്ടിയില്ലേലും വേണ്ടില്ല പന്ത് കിട്ടിയാൽ മതിയായിവരുന്നു എന്ന വിലാപം ഇങ്ങനെ നീണ്ടു മൈതാന നർമ്മങ്ങൾ. പഴയകാല മലയാള സിനിമാ രംഗങ്ങളും പുതുജഴ്സിയണിഞ്ഞ് 'ന്യൂജഴ്സി' വരെയെത്തി. പതിറ്റണ്ടുകൾക്കു മുൻപിറങ്ങിയ സിനിമയിൽനിന്ന് മുകേഷ് വീണ്ടും ഇറങ്ങിവന്ന് -''അർജന്റീന തോറ്റ ഷോക്കിൽ സമനില തെറ്റിയതാണ്. ആ തോൽവി ടി.വിയുടെ കംപ്ലയിന്റ് ആണെന്ന് പറഞ്ഞ് അന്നു മുതൽ ടി.വി നന്നാക്കിക്കൊണ്ടിരിക്കുവാ' എന്നു വീണ്ടും പറഞ്ഞു.
കടുത്ത അർജന്റീനാ ആരാധകരായിരുന്ന പലരും രാത്രി ഇരുട്ടിവെളുത്തപ്പോൾ മറുകണ്ടം ചാടിയ കാഴ്ചയും കേരളം കണ്ടു. ഓന്ത് പോലെ നീലയിൽ നിന്ന് ചുവപ്പിലേക്ക് ഒരു കൂട്ടർ നിറംമാറി. വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അർജന്റീനയ്ക്കായി 'പോൾ' ചെയ്തവർ വെളുപ്പിനുതന്നെ സ്പെയിനിന്റെ ബട്ടൻ ഞെക്കുകയും ചെയ്തു. വാതുവെയ്പ്പിൽ തോറ്റ് തലമുടിയും പാതി മീശയും പോയവരുമുണ്ട്. 'പുതുതായി വാങ്ങിയ നീല ജഴ്സി അലക്കി പുറത്തിടാൻ പോലും പറ്റാതായി'-ഒരു ആരാധകന്റെ വിലാപം.
Content Highlights: Viral social media backlash against Argentina after the 2026 final., Creative use of AI-generated memes involving Lamine Yamal and Lionel Messi., Humorous commentary on fan reactions and the 'switching sides' phenomenon., Integration of classic Malayalam cinema references into modern football banter.
Published: 21 Jul 2026, 05:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented