ചെന്നൈ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആസ്റ്റൺ വില്ലയുടെ തട്ടകത്തിലെത്തി ഇന്ത്യൻ കൗമാരതാരം അദീഷ് വിനോദ്. 16-കാരനായ ഗോൾകീപ്പർ ആസ്റ്റൺ വില്ലയുടെ ഫൗണ്ടേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് ക്ലബ്ബിലെത്തിയത്. ചെന്നൈ സ്വദേശിയായ താരത്തിന് ഭാവിയിൽ വില്ലയ്ക്കായി കളിക്കാനുള്ള അവസരം ലഭിച്ചേക്കും.

To advertise here,

ഫൗണ്ടേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരങ്ങൾക്ക് എലൈറ്റ് അക്കാദമി വഴി ക്ലബ്ബിന്റെ പ്രധാന ടീമിലെത്താനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. ക്ലബ്ബിന്റെ പരിശീലന പരിപാടികളുമായി ചേർന്ന് പ്രവർത്തിക്കാനും ആ സാഹചര്യവുമായി പൊരുത്തപ്പെടാനും സാധിക്കും. മാത്രമല്ല, ഓരോ താരങ്ങളെയും പ്രത്യേകം വിലയിരുത്തും. മികവ് തെളിയിക്കുന്നവർക്ക് വില്ലയുടെ എലൈറ്റ് അക്കാദമിയിലേക്ക് പ്രവേശനം ലഭിക്കും.

അദീഷ് വിനോദിനെ സംബന്ധിച്ച് മികച്ച അവസരം കൂടിയാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. 16-ാം വയസ്സിലാണ് ആസ്റ്റൺ വില്ലയുടെ യൂത്ത് പ്രോഗ്രാമിന്റെ ഭാഗമാകുന്നത്. കൗമാരതാരം മികവ് പുലർത്തുകയാണെങ്കിൽ പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് വഴിതുറന്നേക്കാം. 16 വയസ്സുള്ള ചെന്നൈ സ്വദേശി കരിയറിന്റെ തുടക്കത്തിലാണ്. ആസ്റ്റൺ വില്ലയുടെ ഈ ഫൗണ്ടേഷൻ പ്രോഗ്രാമിലൂടെ മുന്നേറാൻ സാധിച്ചാൽ അത് വലിയ വഴിത്തിരിവാകും.

യൂറോപ്യൻ അക്കാദമികളിൽ പരിശീലനങ്ങൾക്കായി ഇന്ത്യയിൽ നിന്ന് ഒട്ടേറെ യുവതാരങ്ങളാണ് അവസരത്തിനായി കാത്തുനിൽക്കുന്നത്. അതിനിടെയാണ് വിനോദ് വില്ലയുടെ തട്ടകത്തിലെത്തുന്നത്. ക്ലബ്ബിന്റെ ഈ ഫൗണ്ടേഷൻ പ്രോഗ്രാം കൗമാരതാരത്തിന്റെ കരിയറിൽ വലിയ സ്വാധീനം ചെലുത്തും. പ്രത്യേകിച്ച് ഗോൾകീപ്പിങ് പരിശീലനം.