ഇതിനുപുറമേ ഗാനത്തിലെ ആദ്യവരികൾ എന്താണെന്നുള്ള അന്വേഷണവും പാട്ടുകേട്ടവർ ആരംഭിച്ചിട്ടുണ്ട്.

രജനീകാന്ത് നായകനാകുന്ന ജയിലർ 2 എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. പാട്ടിലെ വരികൾ മനസിലാകുന്നില്ല എന്നാണ് പ്രധാന പരാതി. അരുൺരാജ കാമരാജ രചനയും അനിരുദ്ധ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്ന ഗാനം ഇതിനോടകംതന്നെ ട്രോളുകളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. അരുൺരാജയുടെ വരികളും അനിരുദ്ധിന്റെ ആലാപനവും ശരിയായില്ലെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
അല്ല ബൊലേലോ എന്നാണ് നെൽസൺ സംവിധാനംചെയ്ത ചിത്രത്തിലെ ആദ്യഗാനത്തിന് നൽകിയിരിക്കുന്ന പേര്. മലയാളവും തമിഴും ഇടകലർന്ന വരികളാണ് പാട്ടിലുള്ളത്. ഓണം പ്രമാണിച്ച് ഇറക്കിയിരിക്കുന്നു എന്നാണ് ഗാനത്തിന്റേതായി പുറത്തുവന്ന പ്രൊമോ വീഡിയോകൾ സൂചിപ്പിച്ചത്. ഷംനാ കാസിമിന്റെ നൃത്തച്ചുവടുകളുടെ ഭാഗങ്ങളും വൈറലായി. എന്നാൽ പ്രൊമോ ഇറങ്ങിയപ്പോൾത്തന്നെ ഇതേത് ഭാഷയാണ് എന്ന രീതിയിൽ വിമർശനമുയർന്നു. പാട്ട് മുഴുവൻ രൂപത്തിലിറങ്ങിയതോടെ ട്രോളും വിമർശനങ്ങളും കൂടുതൽ ശക്തിപ്പെട്ടു.
ഗാനരചയിതാവായ അരുൺരാജ കാമരാജയ്ക്കാണ് ഏറ്റവും കൂടുതൽ പരിഹാസമേൽക്കേണ്ടിവന്നത്. പാട്ട് കൊള്ളാമെങ്കിലും അരുൺരാജ ഇനിമുതൽ പാട്ടെഴുതരുത് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ശരിയായ രീതിയിൽ മലയാളം എഴുതൂ എന്നാണ് മറ്റൊരു പ്രതികരണം. മലയാളം എന്ന പേരിൽ എന്തെങ്കിലും എഴുതിവെച്ചാൽ നല്ല അടികിട്ടും എന്നായിരുന്നു ഒരുപടികൂടി കടന്നുള്ള പ്രതികരണം. മലയാളം വരികൾ എഴുതാനും പാടാനും നല്ല മലയാളികളെ ആരെയെങ്കിലും ഏൽപിച്ചാൽ പോരേ എന്നും നേരത്തേ പ്രൊമോ വന്നപ്പോൾ പ്രതികരണമുണ്ടായിരുന്നു.
ഇതിനുപുറമേ ഗാനത്തിലെ ആദ്യവരികൾ എന്താണെന്നുള്ള അന്വേഷണവും പാട്ടുകേട്ടവർ ആരംഭിച്ചിട്ടുണ്ട്. കമ്പള മോനേ, പക്കമ്പള മോനേ, റോക്കമ്പള മോനേ എന്നെല്ലാമാണ് വരികളുടെ ആദ്യകേൾവിയിൽ മനസിലാകുക. പക്ഷേ ഇതെന്തുവാക്കാണെന്നാണ് ആസ്വാദകർ അന്വേഷിക്കുന്നത്. ഓണക്കാലമായതുകൊണ്ട് പൂവുകൊണ്ടുള്ള കമ്പളമാണോ ഉദ്ദേശിച്ചതെന്നാണ് ചിലർ ചോദിക്കുന്നത്. കേൾക്കുമ്പോൾ എന്തോ മോശം വാക്കാണെന്ന് തോന്നുന്നുവെന്നും പ്രതികരണങ്ങളുയർന്നിട്ടുണ്ട്. ലിറിക്കൽ വീഡിയോ ആയാണ് എത്തിയതെങ്കിലും ട്രോളുകൾക്ക് കാരണമായ വരികളുടെ ഭാഗത്ത് അതെന്താണെന്ന് പറഞ്ഞിട്ടുമില്ല. ഇതേക്കുറിച്ച് അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രജനീകാന്ത്, ഷംനാ കാസിം, രാജേഷ് മാധവൻ എന്നിവരാണ് ഗാനരംഗത്തുള്ളത്. 023-ൽ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച 'ജയിലർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. ജാനി മാസ്റ്റർ നൃത്തസംവിധാനവും വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
ചിത്രത്തിന്റെ താരനിര മലയാളികളാൽ സമ്പന്നമാണ്. സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, അന്ന രാജൻ, കോട്ടയം നസീർ, സുനിൽ സുഖദ, സുജിത് ശങ്കർ, മിർണ, എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദ്യഭാഗത്തിലുണ്ടായിരുന്ന വിനായകൻ രണ്ടാം ഭാഗത്തിലുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മോഹൻലാൽ 'ജയിലർ 2'-ലും അതിഥി വേഷത്തിലെത്തും. ഇതിന് പുറമേയാണ് തമിഴ് പ്രേക്ഷകർ പൂർണ എന്ന് വിളിക്കുന്ന ഷംനാ കാസിം ഗാനരംഗത്തിൽ ചടുലചുവടുകളുമായി എത്തുന്നത്.
സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും ചിത്രസംയോജനം ആർ. നിർമലുമാണ് നിർവഹിക്കുന്നത്. നെൽസണും രജനീകാന്തും ആദ്യമായി ഒന്നിച്ച 'ജയിലർ' 2023 ഓഗസ്റ്റ് 10-നായിരുന്നു റിലീസ് ചെയ്തത്. ശിവരാജ്കുമാർ, മോഹൻലാൽ എന്നിവരുടെ അതിഥി വേഷങ്ങൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറിയിരുന്നു. ഒക്ടോബർ 15-ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Content Highlights: The first single 'Alla Bolelo' from Rajinikanth's upcoming movie Jailer 2 has faced intense social media backlash and trolling due to its confusing, mispronounced Malayalam lyrics and unclear phrasing.
Published: 22 Aug 2026, 11:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented