ഇംഗ്ലണ്ട്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡെർബിയിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി യുണൈറ്റഡിനെ കീഴടക്കിയത്. മത്സരത്തിൽ പത്തുപേരായി ചുരുങ്ങിയിട്ടും യുണൈറ്റഡിനെ കീഴടക്കാൻ സാധിച്ചത് സിറ്റിയുടെ വിജയത്തിന് തിളക്കം നൽകുന്നു. എന്നാൽ മത്സരത്തിലെ സ്‌ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ വിജയഗോൾ വൻ വിവാദത്തിന് തിരികൊളുത്തി. ഹാളണ്ട് ഗോൾ നേടുന്നതിന് മുൻപ് ഓഫ്‌സൈഡ് പൊസിഷനിലായിരുന്ന എൻസോ ഫെർണാണ്ടസിന്റെ ഇടപെടൽ പരിഗണിക്കാതിരുന്നതാണ് ചർച്ചയായത്. ഗോളനുവദിച്ചത് വാർ പരിശോധനയിൽ സംഭവിച്ച പിഴവാണെന്ന് പ്രൊഫഷണൽ ഗെയിം റഫറീസ് ബോഡി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

To advertise here,

യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന നാട്ടങ്കത്തിൽ 23-ാം മിനിറ്റിലാണ് സിറ്റി പത്തുപേരായി ചുരുങ്ങുന്നത്. മാഞ്ചെസ്റ്റർ യുണൈറ്റഡ് മധ്യനിരതാരം ബ്രൂണോ ഫെർണാണ്ടസിനെ ചവിട്ടിയതിനെ തുടർന്ന് ഫിൽ ഫോഡൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പിന്നീട് പത്തുപേരുമായാണ് യുണൈറ്റഡിനെതിരേ പൊരുതിയത്. ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയിൽ ലീഡെടുക്കാനുള്ള ശ്രമത്തിലായിരുന്നു യുണൈറ്റഡ്. എന്നാൽ സിറ്റി പ്രതിരോധം മറികടക്കാനായില്ല.

കിട്ടിയ അവസരങ്ങളിൽ സിറ്റിയും മുന്നേറ്റങ്ങൾ നടത്തി. ഒടുക്കം 60-ാം മിനിറ്റിൽ ഹാളണ്ടിലൂടെ സിറ്റി ലീഡെടുത്തു. ഇടതുവിങ്ങിൽ നിന്ന് ജോസ്‌കോ ഗ്വാർഡിയോളിന്റെ ക്രോസ്സിൽ നിന്നാണ് ഗോൾ പിറന്നത്. ക്രോസ്സിൽ നിന്ന് പന്ത് അനായാസം നോർവെ സ്‌ട്രൈക്കർ ലക്ഷ്യത്തിലെത്തിച്ചു. ആദ്യം ഓഫ്‌സൈഡായി കണക്കാക്കി ഗോൾ പിൻവലിച്ചെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു.

ഗോൾ നേടുന്നതിന് മുൻപ് എൻസോ ഫെർണാണ്ടസിന്റെ ഇടപെടലാണ് വിവാദത്തിന് വഴിവെച്ചത്. ഗ്വാർഡിയോളിന്റെ ക്രോസ്സിൽ എൻസോ ഹെഡറിന് ശ്രമം നടത്തിയിരുന്നു. എന്നാൽ താരത്തിന് ഹെഡർ ചെയ്യാൻ സാധിച്ചില്ല. അതിന് പിന്നാലെയാണ് പന്ത് കിട്ടിയ ഹാളണ്ട് വലകുലുക്കുന്നത്. എൻസോ ഹെഡർ ശ്രമം നടത്തുന്ന വേളയിൽ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു. പക്ഷേ വാർ അത് പരിഗണിച്ചില്ല. അതോടെ ഹാളണ്ടിന്റെ പൊസിഷൻ മാത്രം പരിഗണിച്ച് ഗോൾ അനുവദിച്ചു.

എന്നാൽ ഗോൾ അനുവദിച്ചത് വാറിന് സംഭവിച്ച പിഴവാണെന്ന് റഫറിമാരുടെ സമിതിയായ പ്രൊഫഷണൽ ഗെയിം റഫറീസ് തന്നെ അറിയിച്ചു. എൻസോ ഗോളിന് മുൻപായി നടത്തിയ ഇടപെടൽ തിരിച്ചറിഞ്ഞില്ലെന്നും അത് പിഴവാണെന്നും അവർ വ്യക്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്നും പ്രസ്താവനയിൽ പ്രൊഫഷണൽ ഗെയിം റഫറീസ് കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ മത്സരശേഷം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇത് അനീതിയാണെന്ന് യുണൈറ്റഡ് ഡിഫെൻഡർ ലിസാൻഡ്രോ മാർട്ടിനസ് പ്രതികരിച്ചു.