ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് മലയാളി ഷൂട്ടിങ് താരം വിദർശ കെ. വിനോദ്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലുമാണ് വിദർശ വെള്ളി നേടിയത്. ഷൂട്ടിങ്ങിൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന കേരളത്തിലെ ആദ്യ വനിതാ താരമെന്ന നേട്ടവും ഇതോടെ സ്വന്തമായി.
രാജ്യത്തിന്റെ അഭിമാനതാരമായതിന് പിന്നാലെ കടം വാങ്ങി മത്സരത്തിനിറങ്ങിയ കാലം ഓർത്തെടുക്കുകയാണ് വിദർശ.
രാജ്യത്തിനും കേരളത്തിലെ ജനങ്ങൾക്കും വേണ്ടിയാണ് ഈ മെഡൽ നേടിയതെന്നും ഇത്രയും വലിയൊരു സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വളരെ സന്തോഷവും ആവേശവുമുണ്ടെന്നും വിദർശ പറഞ്ഞു. മെഡൽ നേട്ടത്തിന് പിന്നിൽ വർഷങ്ങളായുള്ള പരിശീലനം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഭർത്താവ് മനു എസ്. രവിയുടെ നിർണായക പങ്ക്, ഷൂട്ടിങ് തന്നെ ഉപേക്ഷിക്കണമെന്ന് തോന്നിയ നിമിഷങ്ങൾ തുടങ്ങി ഏഷ്യൻ ഗെയിംസ് വിജയത്തിന്റെ സന്തോഷവും ആ ദീർഘയാത്രയിലെ വെല്ലുവിളികളും 2028 ഒളിമ്പിക്സിലേക്കുള്ള സ്വപ്നങ്ങളും വിദർശ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടിയ ആ അഭിമാനനിമിഷം എങ്ങനെ ഓർത്തെടുക്കുന്നു?
രാജ്യത്തിന് വേണ്ടി ഒരു മെഡൽ എങ്കിലും നേടണമെന്ന വലിയ ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. രണ്ട് മെഡലുകൾ നേടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. 10 മീറ്ററും 50 മീറ്ററും രണ്ട് ഇനങ്ങളിലും മെഡൽ കിട്ടിയതും വലിയ സന്തോഷമാണ്. ആദ്യ മെഡൽ കിട്ടിയപ്പോൾ അത് ഏത് മെഡലാണെന്ന് പോലും ഞാൻ ചിന്തിച്ചിരുന്നില്ല. ഒരു മെഡൽ കിട്ടി എന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. എന്നാൽ രണ്ടാമത്തെ മെഡലിന് ശേഷം പോഡിയത്തിൽ നിൽക്കുമ്പോൾ, ഇന്ത്യൻ പതാകയിലേക്ക് നോക്കിയപ്പോൾ ചെറിയൊരു വിഷമം തോന്നി. ഇന്ത്യ രണ്ടാമതായിരുന്നു. ഒന്നാമത് വരേണ്ടതായിരുന്നു എന്നൊരു തോന്നൽ അന്നുണ്ടായി.
50 മീറ്റർ താരമായിരുന്ന നിങ്ങൾ 10 മീറ്റർ എയർ റൈഫിളിലേക്കെത്തിയത് എങ്ങനെയാണ്? ടെക്നിക്കിൽ എന്തൊക്കെയാണ് മാറ്റങ്ങൾ?
എന്റെ പ്രധാന ഇനം 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ആയിരുന്നു. നീലിംഗ്, പ്രോൺ, സ്റ്റാൻഡിങ് എന്നിങ്ങനെ മൂന്ന് പൊസിഷനുകളാണ് അതിലുള്ളത്. അതിൽ സ്റ്റാൻഡിങ് ആയിരുന്നു എന്റെ ഏറ്റവും ദുർബലമായ പൊസിഷൻ. അത് മെച്ചപ്പെടുത്താനാണ് കോച്ച് മനോജ് സാർ 10 മീറ്ററും കൂടി പരിശീലിക്കാൻ പറഞ്ഞത്. 10 മീറ്ററിൽ 60 ഷോട്ടും സ്റ്റാൻഡിങ് പൊസിഷനിലാണ്. അങ്ങനെയാണ് 10 മീറ്റർ തുടങ്ങുന്നത്. പിന്നീട് രണ്ട് ഇനങ്ങളിലും എന്റെ നൂറ് ശതമാനം കൊടുത്താണ് പരിശീലിച്ചത്.
50 മീറ്ററിന്റെയും 10 മീറ്ററിന്റെയും ടെക്നിക്കുകൾ തമ്മിൽ വ്യത്യാസമുണ്ട്. ട്രിഗർ സെറ്റിങ്ങിൽ വരെ മാറ്റമുണ്ട്. 50 മീറ്ററിൽ അമ്യൂണിഷനാണ് ഉപയോഗിക്കുന്നത്. 10 മീറ്ററിൽ പെല്ലറ്റ്സാണ്. അതുകൊണ്ട് ചെറിയ ചെറിയ ടെക്നിക്കൽ മാറ്റങ്ങൾ പോലും മത്സരത്തിൽ വലിയ സ്വാധീനം ചെലുത്തും. അതോടൊപ്പം ഒരു മോശം ഷോട്ടിനോടോ പരാജയത്തോടോ ഉടൻ വൈകാരികമായി പ്രതികരിക്കാതെ പ്രായോഗികമായി അതിനെ കൈകാര്യം ചെയ്യാനും ഞാൻ പഠിച്ചു.
എത്ര പ്രയാസകരമായിരുന്നു ഷൂട്ടിങ് എന്ന സ്വപ്നത്തിലേയ്ക്കുള്ള യാത്ര?
ചെറുപ്പം മുതൽ ഞാൻ ഗെയിംസ് ഒക്കെ കാണുന്ന ആളായിരുന്നു. അമ്മയ്ക്കും സ്പോർട്സ് ഒരുപാട് ഇഷ്ടമാണ്. ടിവിയിൽ വിവിധ മത്സരങ്ങൾ കാണുമ്പോൾ എനിക്ക് ഏറ്റവും കൂടുതൽ കൗതുകം തോന്നിയത് ഷൂട്ടിങ്ങിനോടായിരുന്നു. റൈഫിൾ എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉപകരണമല്ലല്ലോ. അത് എങ്ങനെ ചെയ്യുന്നു എന്നൊരു ക്യൂരിയോസിറ്റി എനിക്ക് ഉണ്ടായിരുന്നു.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ രണ്ടാം വർഷം ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തൊണ്ടയാട് റൈഫിൾ ക്ലബ്ബിൽ ഷൂട്ടിങ് സെലക്ഷൻ നടക്കുന്നതായി അറിയുന്നത്. അത് കേട്ടതും ഒന്നും ചിന്തിക്കാതെ പോയി. വീട്ടിൽ നിന്ന് അവിടേക്ക് ഒരു മണിക്കൂറിലധികം യാത്രയുണ്ടായിരുന്നു. സാധാരണ വൈകി എഴുന്നേൽക്കുന്ന ആളായിരുന്നെങ്കിലും അന്ന് അമ്മ വിളിക്കാതെ തന്നെ നേരത്തെ എഴുന്നേറ്റു. അത്രത്തോളം എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു.
ആദ്യ ദിവസം അഞ്ച് ഷോട്ടാണ് ലഭിച്ചത്. പിന്നീട് വീണ്ടും ഒരു അവസരം ലഭിച്ചു. രണ്ടാം ശ്രമത്തിൽ ഷോട്ടുകൾ വളരെ അടുത്തായി ഗ്രൂപ്പ് ചെയ്തു. അപ്പോൾ പരിശീലകൻ തന്നെ ഞാൻ അവിടത്തെ മികച്ച ഷൂട്ടറാണെന്ന് പറഞ്ഞു. ഒരു പുതിയ മേഖലയിലേക്ക് വന്ന ഉടൻ തന്നെ പോസിറ്റീവ് റെസ്പോൺസ് കിട്ടിയത് വലിയ ആത്മവിശ്വാസമായി. വീട്ടിലേക്ക് മടങ്ങുമ്പോൾ അമ്മയോട് “എനിക്ക് സെലക്ഷൻ കിട്ടി, ഞാൻ ബെസ്റ്റ് ഷൂട്ടറാണ്” എന്ന് പറയാനുള്ള ആവേശമായിരുന്നു.
ദേശീയതലത്തിലേക്കുള്ള യാത്രയിൽ എൻസിസിയുടെ പങ്ക് എത്രത്തോളമുണ്ട്?
തീർച്ചയായും എൻസിസി ആണ് എന്നെ ദേശീയതലത്തിലേക്ക് എത്തിച്ചത്. നാഷണൽസ് വരെ എത്തുക തന്നെ വലിയൊരു കടമ്പയാണ്. ആ ഘട്ടംവരെ എനിക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വന്നില്ല. വളരെ കുറച്ച് പണം മാത്രമാണ് സ്വന്തം കൈയിൽ നിന്ന് ചെലവാക്കേണ്ടി വന്നത്. ബാക്കി പിന്തുണ എൻസിസിയിൽ നിന്നാണ് ലഭിച്ചത്.
ഷൂട്ടിങ് വളരെ ചെലവേറിയ കായിക ഇനമാണ്. സാമ്പത്തിക വെല്ലുവിളികളെ എങ്ങനെയാണ് മറികടന്നത്?
ഇത്രയും ചെലവേറിയ ഒരു മേഖലയാണ് ഞാൻ തിരഞ്ഞെടുത്തത് എന്ന് തുടക്കത്തിൽ എനിക്ക് അറിയില്ലായിരുന്നു. റൈഫിൾ വാങ്ങണം, അമ്യൂണിഷൻ വാങ്ങണം, ആക്സസറീസ് വേണം. ഇതെല്ലാം വീട്ടിൽ പറയാൻ പോലും ആദ്യം പേടിയായിരുന്നു. പക്ഷേ എത്ര ബുദ്ധിമുട്ട് വന്നാലും ഷൂട്ടിങ് നിർത്താൻ ഞാൻ തയ്യാറായിരുന്നില്ല. വീണ്ടും വീണ്ടും മുന്നോട്ട് പോകണമെന്നായിരുന്നു ആഗ്രഹം. പിന്നീട് വീട്ടുകാർക്കും മനസ്സിലായി, ഞാൻ ഷൂട്ടിങ് എളുപ്പത്തിൽ നിർത്തുന്ന ആളല്ലെന്ന്.
പല മത്സരങ്ങളിലും മറ്റുള്ളവരുടെ റൈഫിൾ കടം വാങ്ങിയാണ് ഞാൻ മത്സരിച്ചത്. ഒരു സംസ്ഥാന ചാമ്പ്യൻഷിപ്പിന് തലേദിവസമാണ് സുഹൃത്തിൽ നിന്ന് ഒരു റൈഫിൾ വാങ്ങിയത്. ആ റൈഫിളുമായി മത്സരിച്ച് ഗോൾഡ് മെഡൽ നേടി. അതേ മത്സരത്തിൽ അഗ്രിഗേറ്റ് ചാമ്പ്യനുമായി.
ആ വിജയത്തിന് എനിക്ക് വലിയ പ്രാധാന്യമുണ്ട്. ഏഷ്യൻ ഗെയിംസ് മെഡൽ നേടിയാലും ആ നിമിഷം ഞാൻ മറക്കില്ല. സ്വന്തം ഉപകരണങ്ങളില്ലാതെയും പരിമിതമായ സൗകര്യങ്ങളോടെയും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് അന്നാണ് മനസ്സിലായത്.
ഭർത്താവ് മനു എസ്. രവിയുടെ പിന്തുണ കരിയറിൽ എത്ര പ്രധാനമായിരുന്നു?
ഏട്ടൻ എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഇരിക്കില്ലെന്ന് ഉറപ്പിച്ച് പറയാം. ശരിയായ ഗൈഡൻസ് എനിക്ക് ലഭിച്ചത് ഏട്ടനിൽ നിന്നാണ്. എനിക്ക് ഒരു പേഴ്സണൽ റൈഫിളിന്റെ പ്രാധാന്യം മനസ്സിലാക്കി തന്നതും ഏട്ടനാണ്. “ഇവിടെവരെ എത്തി, ഇനി മുന്നോട്ട് പോകണമെങ്കിൽ സ്വന്തമായി റൈഫിൾ വേണം, ഇനിയും വൈകിക്കരുത്” എന്ന് പറഞ്ഞത് ഏട്ടനാണ്.
വീട്ടിൽ പോയി ഞാൻ ഉറച്ചുപറഞ്ഞു, എനിക്ക് റൈഫിൾ വേണം. റൈഫിൾ ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. വിവാഹത്തിനായി മാറ്റിവയ്ക്കുന്ന പണം പോലും പിന്നീട് ഞാൻ കണ്ടെത്തിക്കോളാം. ആദ്യം റൈഫിൾ വാങ്ങണം എന്നാണ് പറഞ്ഞത്. അവസാനം വീട്ടുകാരും സമ്മതിച്ചു. തോക്ക് വാങ്ങി തന്നില്ലെങ്കിൽ കല്യാണം കഴിക്കില്ല എന്നുവരെ ഞാൻ പറഞ്ഞു.
2021 മുതൽ ഏഷ്യൻ ഗെയിംസിന് മുമ്പുവരെയും ഏട്ടന്റെ റൈഫിൾ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. പല ആക്സസറീസും ഏട്ടൻ തന്നു. ഒരു ഘട്ടത്തിൽ എന്നെ പിന്തുണയ്ക്കാനായി ഏട്ടൻ സ്വന്തം ഷൂട്ടിങ് തന്നെ പൂർണമായി നിർത്തി. ഏട്ടൻ ഇല്ലായിരുന്നെങ്കിൽ ഈ നിലയിലെത്താൻ എനിക്ക് കഴിയില്ലായിരുന്നു.
ഒരു വലിയ മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് എങ്ങനെയാണ്?
മത്സരം എവിടെയാണ് നടക്കുന്നത്, എപ്പോഴാണ് നടക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് പരിശീലനം പ്ലാൻ ചെയ്യുന്നത്.
ജപ്പാനിൽ മത്സരമുണ്ടെങ്കിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സമയ വ്യത്യാസം നോക്കും. അവിടത്തെ മത്സരസമയവുമായി ശരീരം പൊരുത്തപ്പെടാൻ ക്യാമ്പിൽ തന്നെ പുലർച്ചെ മൂന്ന് മണിക്കും നാലരയ്ക്കുമൊക്കെ എഴുന്നേറ്റ് പരിശീലിച്ചിട്ടുണ്ട്. എന്റെ രണ്ട് ഇനങ്ങൾക്കും പ്രത്യേകം പ്ലാൻ ഉണ്ട്. ഓരോ ദിവസവും എന്ത് പ്രാക്ടീസ് ചെയ്യണം, ജിം, ഫിസിയോ, യോഗ എന്നിവയ്ക്കെല്ലാം കൃത്യമായ ഷെഡ്യൂൾ ഉണ്ടാകും. ഫിസിയോ, ജിം ട്രെയിനർ, ന്യൂട്രിഷനിസ്റ്റ് എന്നിവരടങ്ങുന്ന ടീമിനൊപ്പം ചേർന്നാണ് ഈ പ്ലാൻ തയ്യാറാക്കുന്നത്.
ഇനി അടുത്ത ലക്ഷ്യം എന്താണ്? ഒളിമ്പിക്സിലേക്കുള്ള വഴി എങ്ങനെയാണ് കാണുന്നത്?
2028 ഒളിമ്പിക്സിലേക്കുള്ള ആദ്യ വലിയ കടമ്പയായാണ് അടുത്ത ലോക ചാമ്പ്യൻഷിപ്പിനെ ഞാൻ കാണുന്നത്. ദോഹയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പ് ഒളിമ്പിക് ക്വാട്ട ഇവന്റാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏഷ്യൻ ഗെയിംസിനേക്കാൾ പോലും കൂടുതൽ പ്രാധാന്യമുള്ള മത്സരമാണ് ലോക ചാമ്പ്യൻഷിപ്പ്. എല്ലാ രാജ്യങ്ങളിലെയും മികച്ച താരങ്ങൾ അവിടെ മത്സരിക്കും. എന്റെ ബെസ്റ്റ് പ്രകടനം പുറത്തെടുക്കുക, ശരാശരി സ്കോർ മെച്ചപ്പെടുത്തുക, റാങ്കിങ് നിലനിർത്തുക, വരുന്ന ലോക ചാമ്പ്യൻഷിപ്പുകളിലും ലോകകപ്പുകളിലും സ്ഥിരതയോടെ കളിക്കുക, അതാണ് ഇപ്പോൾ പ്രധാന ഫോക്കസ്.
ഒരുപാട് ജോലി ഓഫറുകൾ വന്നല്ലോ, കേരളത്തിൽ തന്നെ ജോലി ചെയ്യാനാണോ ആഗ്രഹം?
ഏഷ്യൻ ഗെയിംസ് സെലക്ഷന് ശേഷം നിരവധി ജോബ് ഓഫറുകൾ വന്നിട്ടുണ്ട്. അതിന്റെ നടപടികൾ നടക്കുകയാണ്. പക്ഷേ എനിക്ക് കേരളത്തിൽ തന്നെ തുടരാനാണ് ആഗ്രഹം. കേരളത്തെ പ്രതിനിധീകരിച്ച് മുന്നോട്ട് പോകണം. ഏഷ്യൻ ഗെയിംസ് കഴിഞ്ഞാൽ കേരളത്തിൽ നിന്ന് ജോലി ലഭിക്കും എന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നു. ജോലി നൽകാമെന്ന് അറിയിച്ചിട്ടുമുണ്ട്. ബാക്കി നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
നിങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി ആരാണ്? ഷൂട്ടിങ് നിർത്തണമെന്ന് തോന്നിയ ഘട്ടമുണ്ടായിരുന്നോ?
ഐഡൽ ആയി ഒരാളെ മാത്രം ഞാൻ കാണാറില്ല. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. ഓരോരുത്തരിലും വ്യത്യസ്തമായ നല്ല ഗുണങ്ങളുണ്ട്. ആ ഗുണങ്ങൾ ശ്രദ്ധിക്കുകയും എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് ഞാൻ ചെയ്യുന്നത്. ഒരാളെ മാത്രം ഫോളോ ചെയ്യാറില്ല.
അതേസമയം ഷൂട്ടിങ് നിർത്തണമെന്ന് തീരുമാനിച്ച ഒരു ഘട്ടവും ഉണ്ടായിരുന്നു. ഒരു മത്സരത്തിന് മുമ്പ് ഞാൻ തന്നെ തീരുമാനിച്ചു, ഇതിലും നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഷൂട്ടിങ് നിർത്തും എന്ന്. അഞ്ചാറ് വർഷമായി ശ്രമിക്കുകയാണ്, പക്ഷേ പ്രതീക്ഷിച്ച റിസൾട്ട് വരുന്നില്ല. ജോലി എന്തായി, ഇനി എന്താണ് പ്ലാൻ എന്നൊക്കെ പലരും ചോദിക്കും. സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. എല്ലാം കൂടി ഇനി വയ്യ എന്നൊരു ഘട്ടത്തിലെത്തി.
അപ്പോൾ എന്റെ ഹസ്ബൻഡ് പറഞ്ഞത്, “ഇവിടെ ഫെയിൽ ആയാലും നമ്മൾ വീണ്ടും തുടരും, ഒരിക്കലും നിർത്തരുത്” എന്നാണ്. പക്ഷേ അന്ന് എനിക്ക് തന്നെ അത്ര ആത്മവിശ്വാസമുണ്ടായിരുന്നില്ല. അവിടെ നിന്നാണ് കാര്യങ്ങൾ മാറിയത്. ആ മത്സരത്തിന് ശേഷമാണ് എന്റെ പ്രകടനം മെച്ചപ്പെടാൻ തുടങ്ങിയത്.
പിന്നീട് സായിയുടെ എൻസിഒഇ സ്കീമിൽ സെലക്ഷൻ ലഭിച്ചു. അതോടെ സാമ്പത്തിക ഭാരത്തിന്റെ ഒരു ഭാഗം കുറഞ്ഞു. 2025 ദേശീയ ഗെയിംസിന് ശേഷം Olympic Gold Quest-ന്റെ സ്പോൺസർഷിപ്പും ലഭിച്ചു. ഫിസിയോ, ജിം ട്രെയിനർ ഉൾപ്പെടുന്ന ഒരു ടീം തന്നെ എനിക്കൊപ്പം പ്രവർത്തിക്കുന്നു. എന്റെ പരിശീലനത്തിലും പ്ലാനിങ്ങിലും അവർ ഒരുപോലെ ഇൻവോൾവ് ചെയ്യുന്നു. ആ പിന്തുണയും എന്റെ യാത്രയിൽ വലിയ മാറ്റമാണ് കൊണ്ടുവന്നത്.
ഷൂട്ടിങ്ങിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുവതാരങ്ങളോട് എന്താണ് പറയാനുള്ളത്?
ഷൂട്ടിങ് പ്രൊഫഷണൽ ആയി എടുക്കാൻ ആഗ്രഹിക്കുന്നവർ അത് തുടങ്ങണം, തുടർന്ന് കൊണ്ടുപോകണം. ബുദ്ധിമുട്ടുകൾ തീർച്ചയായും ഉണ്ടാകും. പക്ഷേ എല്ലാ ജില്ലകളിലും അസോസിയേഷനുകൾ ഉണ്ട്. അവിടെ മെമ്പർഷിപ്പ് എടുത്ത് അടിസ്ഥാന പരിശീലനം തുടങ്ങാം. ജൂനിയർ ഷൂട്ടർമാർക്കായി കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളും ഉണ്ട്. ടാലന്റ് ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ പിന്തുണ നൽകുന്ന സംവിധാനങ്ങളുമുണ്ട്. അതുകൊണ്ട് താത്പര്യമുള്ളവർ ശ്രമം നിർത്തരുത്.
Content Highlights: vidarsha k vinod interview asian games 2026 medalists kerala
Published: 30 Sept 2026, 04:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented