പോർച്ചുഗലിന്റെ ചുവന്ന കുപ്പായത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലം അവസാനിച്ചു. 2003-ൽ പതിനെട്ടുകാരനായി ദേശീയ ടീമിലേക്ക് കടന്നുവന്ന താരം, 23 വർഷങ്ങൾക്കിപ്പുറം രാജ്യാന്തര ഫുട്‌ബോളിനോട് വിടപറയുമ്പോൾ അത് അയാളുടെ കരിയറിന്റെ അവസാനം മാത്രമല്ല; പോർച്ചുഗീസ് ഫുട്‌ബോളിന്റെ ഒരു യുഗാന്ത്യം കൂടിയാണ്.

To advertise here,

2026 നവംബർ അഞ്ചിന് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് റൊണാൾഡോ ദേശീയ ടീമിൽനിന്നുള്ള വിരമിക്കൽ തീരുമാനം അറിയിച്ചത്. നവംബർ 14-ന് ഡെന്മാർക്കിനെതിരെയും 17-ന് വെയ്ൽസിനെതിരെയും നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുശേഷമായിരിക്കും വിടവാങ്ങൽ. പോർച്ചുഗൽ പരിശീലകൻ ഹോർഹെ ജീസസുമായുണ്ടായ അഭിപ്രായവ്യത്യാസവും ദേശീയ ടീം ക്യാമ്പിൽനിന്നുള്ള ഇറങ്ങിപ്പോക്കും 30 ദിവസത്തെ സസ്‌പെൻഷനും സൃഷ്ടിച്ച വിവാദങ്ങൾക്കിടയിലാണ് പ്രഖ്യാപനം.

രാജ്യത്തിനായി 234 മത്സരങ്ങൾ. 146 ഗോളുകൾ. ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പ്. രണ്ട് നേഷൻസ് ലീഗ് കിരീടങ്ങൾ. ലോകഫുട്‌ബോളിലെ അപൂർവ റെക്കോഡുകൾ. ഈ നേട്ടങ്ങൾക്കപ്പുറം, പോർച്ചുഗൽ ദേശീയ ടീമിന്റെ ആഗോള സ്വീകാര്യതയെ മാറ്റിമറിച്ച താരമെന്ന നിലയിലാണ് റൊണാൾഡോ ചരിത്രത്തിൽ ഇടംനേടുന്നത്.

മെദീരയിൽനിന്ന് പോർച്ചുഗലിന്റെ ഹൃദയത്തിലേക്ക്

പോർച്ചുഗലിലെ മെദീര ദ്വീപിൽ 1985 ഫെബ്രുവരി അഞ്ചിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഡോസ് സാന്റോസ് അവെയ്റോ ജനിച്ചത്. ബാല്യകാലത്ത് ഫുട്‌ബോളായിരുന്നു ഏറ്റവും വലിയ സ്വപ്നം. സ്‌പോർട്ടിങ് ലിസ്ബണിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരം വളരെ വേഗം യൂറോപ്യൻ ഫുട്‌ബോളിന്റെ ശ്രദ്ധാകേന്ദ്രമായി.

2003 ഓഗസ്റ്റ് 20ന് കസാഖ്സ്ഥാനെതിരായ സൗഹൃദമത്സരത്തിലൂടെയായിരുന്നു പോർച്ചുഗൽ സീനിയർ ടീമിലെ അരങ്ങേറ്റം. അന്ന് വെറും 18 വയസ്. പോർച്ചുഗീസ് ഫുട്‌ബോളിൽ ലൂയിസ് ഫിഗോ, റൂയി കോസ്റ്റ, ഡെക്കോ തുടങ്ങിയ പ്രതിഭകളുടെ കാലഘട്ടമായിരുന്നു അത്.

ആദ്യകാലത്ത് വേഗതയും ഡ്രിബ്ലിങ് മികവും വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളുമായിരുന്നു റൊണാൾഡോയുടെ കരുത്ത്. പിന്നീട് ഗോൾവേട്ടക്കാരനായും നായകനായും മാറിയ അദ്ദേഹം ദേശീയ ടീമിന്റെ കളിശൈലിയിലും വ്യക്തിത്വത്തിലും വലിയ സ്വാധീനം ചെലുത്തി.

ദേശീയ ടീമിൽ എത്തിയതിന് പിന്നാലെ സ്വന്തം നാട്ടിൽ നടന്ന യൂറോ 2004 റൊണാൾഡോയുടെ കരിയറിലെ ആദ്യ വലിയ പരീക്ഷണമായി. ഗ്രീസിനെതിരായ ഫൈനലിൽ പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. സ്വന്തം കാണികൾക്കുമുന്നിൽ കിരീടം നഷ്ടപ്പെട്ടപ്പോൾ കണ്ണീരടക്കാനാകാതെ നിന്ന 19-കാരന്റെ ചിത്രം ലോകഫുട്‌ബോളിലെ ശ്രദ്ധേയമായ ദൃശ്യങ്ങളിലൊന്നായി.

2006 ജർമനി ലോകകപ്പിൽ പോർച്ചുഗൽ ജേഴ്‌സിയിൽ ആ കൗമാരക്കാരനിറങ്ങി. ആ ലോകകപ്പിൽ പോർച്ചുഗൽ സെമിഫൈനലിലെത്തി. ഫ്രാൻസിനോട് പരാജയപ്പെട്ടെങ്കിലും നാലാം സ്ഥാനത്തോടെ ടൂർണമെന്റ് അവസാനിപ്പിച്ചു. റൊണാൾഡോയുടെ ആദ്യ ലോകകപ്പ്.

ആ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ വെയ്ൻ റൂണിക്ക് ചുവപ്പുകാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് റൊണാൾഡോയുടെ ഇടപെടൽ വലിയ വിവാദമായിരുന്നു. അന്ന് മാഞ്ചെസ്റ്റർ യുണൈറ്റഡിൽ സഹതാരങ്ങളായിരുന്ന ഇരുവരും ലോകകപ്പിൽ എതിരാളികളായിരുന്നു. റഫറിയോട് റൊണാൾഡോ നടത്തിയ പ്രതിഷേധവും തുടർന്ന് ക്യാമറയിൽ പതിഞ്ഞ കണ്ണിറുക്കലും ഇംഗ്ലീഷ് മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു.

റൊണാൾഡോയുടെ ദേശീയ ടീം കരിയറിലെ ഏറ്റവും നിർണായകമായ നിമിഷം 2016 ജൂലൈ പത്തിനാണ് പിറന്നത്. ഫ്രാൻസിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ആതിഥേയരായിരുന്നു പോർച്ചുഗലിന്റെ എതിരാളികൾ. എന്നാൽ, മത്സരത്തിന്റെ ആദ്യപകുതിയിൽതന്നെ പരിക്കേറ്റ റൊണാൾഡോയ്ക്ക് കളം വിടേണ്ടിവന്നു. കണ്ണീരോടെ പുറത്തേക്ക് നടന്ന നായകൻ പിന്നീട് ടച്ച്ലൈനിൽ സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. അധികസമയത്ത് എഡറിന്റെ ഗോളിലൂടെ പോർച്ചുഗൽ ചരിത്രത്തിലാദ്യമായി യൂറോപ്യൻ ചാമ്പ്യന്മാരായി.

ഫൈനലിൽ ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും ടൂർണമെന്റിലുടനീളം റൊണാൾഡോയുടെ നേതൃത്വവും നിർണായക സംഭാവനകളും പോർച്ചുഗലിന്റെ വിജയത്തിൽ പ്രധാനമായിരുന്നു. ഒരു വ്യക്തിഗത സൂപ്പർതാരം എന്ന നിലയിൽനിന്ന് രാജ്യത്തിന് കിരീടം സമ്മാനിച്ച നായകൻ എന്ന നിലയിലേക്ക് റൊണാൾഡോയുടെ പ്രതിച്ഛായ ഉയർന്നത് ഈ വിജയത്തോടെയാണ്.

2018 റഷ്യ ലോകകപ്പിൽ സ്‌പെയിനിനെതിരായ ഗ്രൂപ്പ് മത്സരം റൊണാൾഡോയുടെ ഏറ്റവും മികച്ച രാജ്യാന്തര പ്രകടനങ്ങളിലൊന്നായിരുന്നു. 3-3 സമനിലയിൽ അവസാനിച്ച മത്സരത്തിൽ പോർച്ചുഗലിന്റെ മൂന്ന് ഗോളുകളും റൊണാൾഡോ നേടി. മത്സരത്തിന്റെ അവസാനഘട്ടത്തിലെ ഫ്രീകിക്ക് ഗോൾ ലോകകപ്പ് ചരിത്രത്തിലെ ശ്രദ്ധേയമായ മുഹൂർത്തമായി. പക്ഷേ, പോർച്ചുഗലിന്റെ യാത്ര പ്രീക്വാർട്ടറിൽ അവസാനിച്ചു. യുറഗ്വായോട് 2-1ന് തോറ്റു പുറത്തായതോടെ ലോകകിരീടമെന്ന സ്വപ്നം വീണ്ടും അകന്നു.

തൊട്ടടുത്ത വർഷം പോർച്ചുഗലിനൊപ്പം യുവേഫ നേഷൻസ് ലീഗ് കിരീടം നേടാൻ റൊണാൾഡോയ്ക്കായി. സെമിഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരെ റൊണാൾഡോ നേടിയ ഹാട്രിക്കായിരുന്നു ഫൈനലിലേക്കുള്ള മുന്നേറ്റത്തിലെ പ്രധാന ഘടകം. ഫൈനലിൽ നെതർലൻഡ്‌സിനെ പരാജയപ്പെടുത്തി പോർച്ചുഗൽ ചാമ്പ്യന്മാരായി.

ആറ് വർഷത്തിനുശേഷം 2025-ൽ വീണ്ടും പോർച്ചുഗൽ നേഷൻസ് ലീഗ് കിരീടം നേടി. സ്‌പെയിനിനെതിരായ ഫൈനലിൽ 2-2 എന്ന സമനിലയിലെത്താൻ റൊണാൾഡോയുടെ ഗോളും സഹായിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ പോർച്ചുഗൽ വിജയിച്ചു.

റൊണാൾഡോയും പോർച്ചുഗൽ ദേശീയ ടീമും തമ്മിലുള്ള ബന്ധത്തിൽ ആദ്യത്തെ വലിയ വിള്ളൽ പ്രകടമായത് 2022 ഖത്തർ ലോകകപ്പിലായിരുന്നു. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടപ്പോൾ റൊണാൾഡോ പ്രകടിപ്പിച്ച അതൃപ്തി പരിശീലകൻ ഫെർണാണ്ടോ സാന്റോസിനെ പ്രകോപിപ്പിച്ചു. തുടർന്ന് സ്വിറ്റ്‌സർലൻഡിനെതിരായ പ്രീക്വാർട്ടറിൽ റൊണാൾഡോയെ ആദ്യ ഇലവനിൽനിന്ന് ഒഴിവാക്കി.

പകരമെത്തിയ യുവതാരം ഗോൺസാലോ റാമോസ് ഹാട്രിക് നേടി. പോർച്ചുഗൽ 6-1ന് വിജയിക്കുകയും ചെയ്തു. ഇതോടെ, ദേശീയ ടീമിലെ റൊണാൾഡോയുടെ സ്ഥാനം സംബന്ധിച്ച ചർച്ച ശക്തമായി. അദ്ദേഹമില്ലാതെയും പോർച്ചുഗലിന് മികച്ച ആക്രമണഫുട്‌ബോൾ കളിക്കാനാകുമെന്ന വാദം ഉയർന്നു. മൊറോക്കോയ്‌ക്കെതിരായ ക്വാർട്ടർ ഫൈനലിലും റൊണാൾഡോ ബെഞ്ചിലായിരുന്നു. രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. പോർച്ചുഗൽ പുറത്തായപ്പോൾ കണ്ണീരോടെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ റൊണാൾഡോയുടെ ദൃശ്യം ലോകമെമ്പാടും ചർച്ചയായി.

2024 യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും റൊണാൾഡോ പോർച്ചുഗലിന്റെ പ്രധാന താരമായിരുന്നു. എന്നാൽ, ടൂർണമെന്റിൽ ഒരു ഗോൾ പോലും നേടാനായില്ല. സ്ലൊവേനിയക്കെതിരായ പ്രീക്വാർട്ടറിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതും അതിനുശേഷം താരം വികാരാധീനനായതും ശ്രദ്ധേയമായി. പിന്നീട് ഷൂട്ടൗട്ടിൽ ഗോൾ നേടിയെങ്കിലും ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനലിൽ തോറ്റ് പോർച്ചുഗൽ പുറത്തായി.

അതോടെ പ്രായമേറിയ റൊണാൾഡോയെ കേന്ദ്രീകരിച്ചുള്ള ആക്രമണശൈലി ടീമിന്റെ സാധ്യതകൾ പരിമിതപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യം കൂടുതൽ ശക്തമായി. അതേസമയം, ഗോളടിക്കുന്നതിനു പുറമെ അനുഭവസമ്പത്തും നേതൃത്വവും ടീമിന് നൽകുന്ന സംഭാവനകൾ അവഗണിക്കാനാകില്ലെന്നായിരുന്നു റൊണാൾഡോയെ പിന്തുണച്ചവരുടെ വാദം. 2024 സെപ്റ്റംബറിൽ റൊണാൾഡോയും തനിക്ക് ടീമിന് സംഭാവന നൽകാനാകാത്ത സാഹചര്യം വന്നാൽ സ്വയം പിന്മാറുമെന്ന് വ്യക്തമാക്കിയിരുന്നു.

2026 ലോകകപ്പിന് മുമ്പുതന്നെ ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് റൊണാൾഡോ അറിയിച്ചിരുന്നു. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടന്ന ടൂർണമെന്റിൽ ആറാം തവണയാണ് റൊണാൾഡോ ലോകകപ്പിൽ കളിച്ചത്. ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി.

എന്നാൽ, പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായി. ലോകകപ്പുകളിലാകെ 27 മത്സരങ്ങളിൽനിന്ന് 11 ഗോളുകളുമായാണ് റൊണാൾഡോയുടെ ലോകകപ്പ് യാത്ര അവസാനിച്ചത്. ഒരു ലോകകപ്പ് കിരീടമില്ലാതെ രാജ്യാന്തര കരിയർ അവസാനിപ്പിക്കേണ്ടിവരുന്നു എന്നത് റൊണാൾഡോയുടെ നേട്ടങ്ങൾക്കിടയിലെ വലിയ അപൂർണതയായി അവശേഷിക്കുന്നു.

2026 സെപ്റ്റംബറിൽ പോർച്ചുഗൽ ദേശീയ ടീമിന്റെ പരിശീലകനായി ഹോർഹെ ജീസസ് എത്തിയപ്പോൾ റൊണാൾഡോയുമായുള്ള ബന്ധം ടീമിന് ഗുണകരമാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. സൗദി ക്ലബ്ബായ അൽ നസ്‌റിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ച പരിചയവുമുണ്ടായിരുന്നു. ദിവസങ്ങൾക്കുള്ളിൽ സ്ഥിതി മാറി.

സെപ്റ്റംബർ 27-ന് നോർവേക്കെതിരായ നേഷൻസ് ലീഗ് മത്സരത്തിൽ അദ്ദേഹം റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തി. രണ്ടാം പകുതിയിൽ ദീർഘനേരം വാംഅപ്പ് ചെയ്തിട്ടും കളത്തിലിറക്കിയില്ല. തുടർന്ന് ഡെന്മാർക്കിനെതിരായ മത്സരത്തിലും ആദ്യ ഇലവനിൽ സ്ഥാനമുണ്ടാകില്ലെന്ന് വ്യക്തമായി. റൊണാൾഡോയും പരിശീലകനും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഇതോടെ പരസ്യമായി. സെപ്റ്റംബർ 30-ന് താരം ദേശീയ ടീം ക്യാമ്പ് വിട്ടു.

തുടർന്ന് പുറത്തുവിട്ട വിശദമായ പ്രസ്താവനയിൽ, തനിക്ക് കളിക്കാൻ അവസരം നൽകുമെന്ന ഉറപ്പ് പരിശീലകൻ ലംഘിച്ചുവെന്ന് റൊണാൾഡോ ആരോപിച്ചു. സ്വകാര്യമായി നടത്തിയ ചർച്ചകളിലെ ധാരണകൾ മാധ്യമങ്ങൾക്ക് മുന്നിൽ പാലിച്ചില്ലെന്നും ആരോപണമുയർത്തി. അത്തരമൊരു ഉറപ്പ് നൽകിയിരുന്നെന്ന വാദം ഹോർഹെ ജീസസ് നിഷേധിച്ചു. ആരെ കളിപ്പിക്കണമെന്നത് പരിശീലകന്റെ തീരുമാനമാണെന്ന നിലപാടിലായിരുന്നു അദ്ദേഹം.

റൊണാൾഡോ പിന്നീട് സഹതാരങ്ങളോടും ആരാധകരോടും ക്ഷമാപണം നടത്തി. ക്യാമ്പ് വിട്ട നടപടി തെറ്റായിരുന്നെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും വ്യക്തമാക്കി. അതേസമയം, പരിശീലകനുമായുള്ള വിശ്വാസബന്ധം തകർന്നുവെന്ന ആരോപണത്തിൽ അദ്ദേഹം ഉറച്ചുനിന്നു.

ഇതോടെ ഒക്ടോബർ 19-ന് പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ റൊണാൾഡോയ്ക്ക് 30 ദിവസത്തെ സസ്‌പെൻഷനും 255 യൂറോ പിഴയും പ്രഖ്യാപിച്ചു. ദേശീയ ടീം ക്യാമ്പ് അനുമതിയില്ലാതെ വിട്ടതായിരുന്നു നടപടിക്ക് കാരണം. ഫെഡറേഷന്റെ ചട്ടപ്രകാരം ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ കാലയളവിലെ സസ്‌പെൻഷനാണ് നൽകിയത്. റൊണാൾഡോയുടെ ഖേദപ്രകടനവും ഫുട്‌ബോളിന് നൽകിയ സംഭാവനകളും ശിക്ഷ നിർണയിക്കുമ്പോൾ പരിഗണിച്ചിരുന്നു.

സസ്‌പെൻഷൻ കാലാവധി സെപ്റ്റംബർ അവസാനത്തെ സംഭവവുമായി ബന്ധപ്പെട്ട് മുൻകാല പ്രാബല്യത്തോടെ കണക്കാക്കിയതിനാൽ നവംബറിലെ മത്സരങ്ങൾക്ക് മുമ്പ് ശിക്ഷ അവസാനിക്കുന്ന സാഹചര്യമുണ്ടായി.

ഇതിനിടെ, റൊണാൾഡോയില്ലാതെ കളിച്ച നാല് നേഷൻസ് ലീഗ് മത്സരങ്ങളിലും പോർച്ചുഗൽ വിജയിച്ചു. ഗോൺസാലോ റാമോസ് ഉൾപ്പെടെയുള്ള യുവതാരങ്ങൾ അവസരം പ്രയോജനപ്പെടുത്തി. റൊണാൾഡോയുടെ സാന്നിധ്യം അനിവാര്യമാണോ എന്ന പഴയ ചോദ്യം വീണ്ടും ഉയർന്നു. എന്നാൽ 2026 ഒക്ടോബർ ആറിന് പുറത്തിറക്കിയ പ്രസ്താവനയിൽ രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കുന്നില്ലെന്നായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്. ശിക്ഷ കഴിഞ്ഞാൽ വീണ്ടും പോർച്ചുഗലിനുവേണ്ടി കളിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിനുള്ളിൽ തീരുമാനം മാറി.

നവംബർ അഞ്ചിന് പുറത്തുവിട്ട വീഡിയോയിലൂടെ ദേശീയ ടീമിലെ തന്റെ യാത്ര അവസാനിപ്പിക്കുകയാണെന്ന് റൊണാൾഡോ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പോർച്ചുഗലിന്റെ ഏഴാം നമ്പർ ജേഴ്‌സി തിരിച്ചേൽപ്പിക്കാനുള്ള സമയമായെന്നായിരുന്നു സന്ദേശത്തിന്റെ സാരം. വിജയങ്ങളിലും പരാജയങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചതിലുള്ള അഭിമാനവും അദ്ദേഹം പങ്കുവെച്ചു.

Photo: AFPafp

റൊണാൾഡോയ്ക്ക് മുമ്പും പോർച്ചുഗലിന് മികച്ച ഫുട്‌ബോൾ പാരമ്പര്യമുണ്ടായിരുന്നു. യൂസേബിയോയുടെ നേതൃത്വത്തിൽ 1966 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ പോർച്ചുഗൽ, ലൂയിസ് ഫിഗോയുടെ കാലത്തും ലോകശ്രദ്ധ നേടിയിരുന്നു. എന്നാൽ, രാജ്യാന്തര തലത്തിൽ പ്രധാന കിരീടങ്ങൾ സ്വന്തമാക്കുന്ന പോർച്ചുഗലിനെയാണ് റൊണാൾഡോയുടെ കാലത്ത് കണ്ടത്.

2004-ലെ യൂറോ ഫൈനൽ പരാജയത്തിൽനിന്ന് 2016-ലെ യൂറോപ്യൻ കിരീടത്തിലേക്കും 2019, 2025 നേഷൻസ് ലീഗ് വിജയങ്ങളിലേക്കുമുള്ള യാത്ര പോർച്ചുഗീസ് ഫുട്‌ബോളിന്റെ ചരിത്രപരമായ വളർച്ചയാണ്. ലോകകപ്പ് നേടാനായില്ലെങ്കിലും മൂന്ന് പ്രധാന കിരീടങ്ങളുമായാണ് റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിനോട് വിടപറയാൻ ഒരുങ്ങുന്നത്. രാജ്യാന്തര ഫുട്‌ബോളിൽ ഒരു പുരുഷതാരത്തിന്റെ ഏറ്റവും കൂടുതൽ മത്സരങ്ങൾ, ഏറ്റവും കൂടുതൽ ഗോളുകൾ തുടങ്ങിയ റെക്കോഡുകളെല്ലാം റൊണാൾഡോയുടെ പേരിലാണ്.

ദേശീയ ടീമിന്റെ ഏഴാം നമ്പർ ജേഴ്‌സി ഇനി മറ്റൊരാൾക്ക് ലഭിച്ചേക്കാം. പുതിയ നായകനും പുതിയ ഗോൾവേട്ടക്കാരനും ഉയർന്നുവരാം. എന്നാൽ, പോർച്ചുഗൽ ഫുട്‌ബോളിന്റെ ചരിത്രത്തിൽ 2003 മുതൽ 2026 വരെയുള്ള കാലഘട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരുമായി എക്കാലവും ചേർന്നുനിൽക്കും.