അക്രമിക്ക് തീവ്ര വലതുപക്ഷ ആശയങ്ങളുടെ സ്വാധീനമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

ക്രാക്കോവ്: പോളണ്ടിലുണ്ടായ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. തെക്കൻ ക്രാക്കോവ് നഗരത്തിലെ പ്രധാന ചത്വരത്തിലാണ് വെടിവെപ്പ് നടന്നത്. 24-കാരനായ അക്രമിയെ പോലീസ് വെടിവെച്ച് കീഴടക്കി അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണെന്ന് അധികൃതർ അറിയിച്ചു. പ്രാദേശികസമയം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. അക്രമിക്ക് തീവ്ര വലതുപക്ഷ ആശയങ്ങളുടെ സ്വാധീനമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ടവരിൽ ഒരാൾ ബ്രിട്ടീഷ് പൗരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് വിദേശികൾ ഓസ്ട്രിയ, ജർമനി, പോർച്ചുഗൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസും ആഭ്യന്തര സുരക്ഷാ ഏജൻസിയിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. അക്രമിയുടെ കുടുംബവീട്ടിലും സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്.
ക്രാക്കോവിൽ നിന്ന് 200 കിലോമീറ്ററോളം വടക്ക് മാറി ഓസ്‌ട്രോവിയക് സ്വിയന്റോക്രിസ്‌കിയിലെ അക്രമിയുടെ വീട്ടിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മരിച്ചവർ അക്രമിയുടെ അടുത്ത കുടുംബാംഗങ്ങളാണെന്നാണ് സൂചനയെന്ന് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌ക് പറഞ്ഞു. സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ഡ്രോൺ ഉപയോഗിച്ചാണ് വീട്ടിനുള്ളിൽ പരിശോധന നടത്തിയത്. വീട്ടിൽ വലിയ അളവിൽ ആയുധങ്ങൾ ഉണ്ടായിരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കെട്ടിടത്തിൽ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുർന്ന് ഭീകരവിരുദ്ധ സേനാംഗങ്ങൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് പരിശോധന നടത്തി. വെടിവെപ്പിന് പിന്നിൽ തീവ്ര വലതുപക്ഷ ആശയങ്ങളുടെ സ്വാധീനമുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി മാർസിൻ കീർവിൻസ്‌കി പറഞ്ഞു. ഇക്കാര്യവും അന്വേഷണവിധേയമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമിയെ വേഗത്തിൽ പിടികൂടിയ പോലീസിന്റെ നടപടിയെ ആഭ്യന്തരമന്ത്രി പ്രശംസിച്ചു. വിവരം ലഭിച്ച് മൂന്ന് മിനിറ്റിനുള്ളിൽ പോലീസിന് അക്രമിയെ വെടിവെച്ച് വീഴ്ത്താൻ കഴിഞ്ഞു. ഇതുവഴി വലിയ കൂട്ടക്കൊല ഒഴിവാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി നവംബർ എട്ട്, ഒൻപത് തീയതികളിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് കരോൾ നവ്റോക്കിയുടെ വക്താവ് അറിയിച്ചു.
പോളണ്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ക്രാക്കോവ്. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം ആക്രമണങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും പോളണ്ട് താരതമ്യേന സുരക്ഷിതമായ രാജ്യമായാണ് അറിയപ്പെട്ടിരുന്നത്. അതിനാൽ തന്നെ നഗരഹൃദയത്തിലുണ്ടായ ആക്രമണം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. നേരത്തേ ഒക്ടോബറിൽ സ്‌കൂളുകളിൽ നടന്ന നിരവധി കത്തിക്കുത്തും രാജ്യത്ത് ഭീതി വിതച്ചിരുന്നു. ഓൺലൈനിലെ അക്രമാസക്തവും തീവ്രവാദപരവുമായ ഉള്ളടക്കങ്ങളാണ് ഈ സംഭവങ്ങൾക്ക് പ്രേരണയായതെന്നാണ് അധികൃതർ പറഞ്ഞത്.
24-കാരനായ പോളിഷ് പൗരനാണ് അക്രമിയെന്ന് പോലീസ് അറിയിച്ചു. ഇയാൾ നിലവിൽ കസ്റ്റഡിയിലാണെന്നും പോലീസ് എക്‌സിലൂടെ അറിയിച്ചു. അതേസമയം വെടിവെപ്പിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നത് സംബന്ധിച്ച് പോലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. കാറിൽ നിന്ന് അക്രമി ആളുകൾക്ക് നേരെ പ്രകോപനമില്ലാതെ വെടിയുതിർക്കുന്നു എന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ക്രാക്കോവ് വെടിവെപ്പിന്റേതെന്ന പേരിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
Content Highlights: A 24-year-old gunman killed six people in a right-wing extremist shooting in Krakow, Poland, before being shot and arrested by police, who subsequently discovered three more bodies at his family residence.
Published: 08 Nov 2026, 10:58 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented