അവനി ലെഖാറ ടോക്കിയോ, പാരിസ് പാരാലിമ്പിക്‌സിൽ സ്വർണം നേടിയപ്പോൾ പരിശീലകയുടെ റോളിൽ സുമ ഷിരൂർ ഉണ്ടായിരുന്നു. മറ്റൊരു ശിഷ്യ പാർഥ് മാനെ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ വെള്ളി നേടി, ലോക ജൂനിയർ ചാമ്പ്യനുമായി. ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഷൂട്ടർമാർ സ്വർണ മെഡൽ നേട്ടത്തിൽ അത്‌ലിറ്റുകളെ പിൻതള്ളിയപ്പോഴും പരിശീലകരിൽ ഒരാൾ സുമയായിരുന്നു. പാരിസ് ഒളിമ്പിക്‌സിലും കോച്ചായി സുമ എത്തി.

To advertise here,

ഒളിമ്പ്യൻ ഷൂട്ടർ ആയ സുമ ഏഷ്യൻ ചാംപ്യനായിരുന്നു. ഏഷ്യൻ ഗെയിംസിലും ഒളിംപിക്‌സിലും താൻ കൈവിട്ട മെഡൽ ശിഷ്യരിലൂടെ നേടാൻ ഉറച്ചിരിക്കുകയാണ് സുമ ഷിരൂർ. പൂർണ പിന്തുണയുമായി ഭർത്താവ് സിദ്ധാർഥും ഒപ്പമുണ്ട്.

രണ്ടു പതിറ്റാണ്ടു മുമ്പ് സുമ തുടക്കമിട്ട ലക്ഷ്യ ഷൂട്ടിങ് ക്ലബ്ബ് കഴിഞ്ഞ ദിവസം ഹൈ പെർഫോമൻസ് സെന്റർ അയി. ആക്‌സിസ് ബാങ്കുമായി ചേർന്നാണ് പുതിയ സംരംഭം. ഉദ്ഘാടനം ചെയ്തത് ഒളിംപിക് ഷൂട്ടിങ് മെഡൽ ജേതാവ് ഗഗൻ നരങ്ങും. അഞ്ജലി ഭാഗവത്, അന്നു രാജ് സിങ്, വിരെൻ റസ്‌ക്വിന, രാഹി സർണോബാത് എന്നീ ഒളിംപ്യൻ ഷൂട്ടർമാരും സന്നിഹിതരായിരുന്നു.

നവി മുംബൈയിൽ ബെലെ പൂരിൽ ആറു നിലകളിലാണ് ലോക നിലവാരമുള്ള പരിശീലന കേന്ദ്രം. ലോകോത്തര നിലവാരത്തിൽ സർവ സൗകര്യങ്ങളും ഒരു മേൽക്കൂരയ് താഴെ എന്നതാണ് 'ലക്ഷ്യ'യുടെ പ്രത്യേകത. സ്‌ട്രെങത് ആൻഡ് കണ്ടീഷനിങ്, ബയോ മെക്കാനിസം, ഫിസിയോതെറപ്പി, സ്‌പോർട്‌സ് സൈക്കോളജി, ന്യൂട്രീഷൻ എന്നിങ്ങനെ വിദഗ്ദ്ധരുടെ സംഘം. 10 മീറ്റർ ഷൂട്ടിങ് റേഞ്ച് രണ്ടെണ്ണം. പാരാ അത്‌ലിറ്റുകൾക്ക് പ്രത്യേക സൗകര്യം. താമസിച്ചും വന്നു പോയും പരിശീലിക്കാം. സുമ സൗകര്യങ്ങൾ വിശദീകരിച്ചു.

2006-ൽ ലക്ഷ്യ ഷൂട്ടിങ് ക്ലബ് തുടങ്ങിയപ്പോൾ യുവ താരങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോൾ ഏഷ്യൻ ഗെയിംസിലും ഒളിംപിക്‌സിലുമൊക്കെ മെഡൽ ആണ് ലക്ഷ്യം. അക്‌സിസ് ബാങ്കും ആഗ്രഹിക്കുന്നത് മെഡൽ തന്നെ. പരിശീലനത്തിനൊപ്പം താരങ്ങളെ പിന്തുണയ്ക്കാനും പദ്ധതികളുണ്ട്.

തന്റെ നേട്ടങ്ങൾ ഓർത്തെടുത്ത് ശിഷ്ടജീവിതം നയിക്കുന്ന താരങ്ങൾ ഏറെയുള്ള നാട്ടിൽ, വരും തലമുറയ്ക്കായി തന്റെ അനുഭവ സമ്പത്ത് പകർന്നു നൽകി അവരിലൂടെ രാജ്യത്തിന് കൂടുതൽ നേട്ടം സാധ്യമാക്കാൻ യത്‌നിക്കുന്നവർ വിരളമാണ്.ഈ ചെറിയ ശതമാനത്തിൽ ഒരാളാണ് ഒളിംപ്യൻ സുമ ഷിരൂർ. സുമ ലക്ഷ്യം കാണട്ടെ.