രണ്ടു ദശാബ്ദത്തിലേറെ പോർച്ചുഗലിനെ ഏതാണ്ടൊറ്റയ്ക്ക് അന്താരാഷ്ട്ര ഫുട്ബോൾ ഭൂപടത്തിൽ നിലനിർത്തിയ അതികായനായ ഗോൾവേട്ടക്കാരൻ ഒടുവിൽ ആ ചുവപ്പും പച്ചയും കുപ്പായം അഴിച്ചുവെച്ചിരിക്കുന്നു. സെപ്തംബർ 27-ന് ഓസ്ലോയിൽ നോർവേയ്ക്കെതിരായ മത്സരത്തിൽ ബെഞ്ചിലിരുത്തപ്പെടുകയും, പിന്നീട് പരിശീലകൻ ഹോർഹെ ജീസസുമായുണ്ടായ അസ്വാരസ്യങ്ങൾക്കൊടുവിൽ ക്യാമ്പ് വിടുകയും ചെയ്ത ആ നാടകീയ നിമിഷങ്ങൾക്കൊടുവിലാണ് ക്രിസ്റ്റ്യായാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി പടിയിറങ്ങിയത്.

To advertise here,

234 മത്സരങ്ങളിൽനിന്ന് 146 ഗോളുകൾ നേടി അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായി മാറിയ നായകനോട് കോച്ച് ജീസസ് കാട്ടിയ അനാദരവാണ് ഈ വിടപറച്ചിലിന് വേഗം കൂട്ടിയത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച തികച്ചും വികാരനിർഭരമായ ഒരു വീഡിയോയിലൂടെയാണ് റൊണാൾഡോ തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചത്. നാൽപ്പത്തൊന്നുകാരനായ താരം എന്നാണ് വിരമിക്കുന്നതെന്ന പതിവുചോദ്യം മാത്രമല്ല, സ്വന്തം ടീമിലെ കളിക്കാരിൽ നിന്നുണ്ടാവുന്ന അനാദരവും ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളായ ഈ പോരാളിയെ അസ്വസ്ഥമാക്കിയിട്ടുണ്ടാവണം. ഈയിടെ യുവതാരം ഗൊൺസാലോ റാമോസ് ടീമിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ കളിക്കാൻ താൻ യോഗ്യനാണെന്ന് അഭിപ്രായപ്പെട്ടതിന്റെ പിന്നിൽ റൊണാൾഡോ തന്റെ വഴി തടയുന്നു എന്ന ആക്ഷേപമായി അദ്ദേഹത്തിന്റെ ആരാധകർ കരുതുന്നു. തല കൊണ്ടുമാത്രം 161 ഗോളടിച്ച മഹാരഥനെ ഇന്നലത്തെ പിള്ളാർക്കുപോലും ബഹുമാനമില്ലാതായെന്ന്് അദ്ദേഹത്തിന് തോന്നിയെങ്കിൽ കുറ്റം പറയാനാവില്ല!

വിസ്മയകരമായ യാത്രയ്ക്ക് അന്ത്യം

വിടവാങ്ങൽ വീഡിയോയിൽ ശാന്തനും എന്നാൽ വികാരഭരിതനുമായാണ് ക്രിസ്റ്റ്യാനോ കാണപ്പെട്ടത്. അദ്ദേഹത്തിന്റെ വാക്കുകളിൽ പോർച്ചുഗലിനോടുള്ള അടങ്ങാത്ത സ്നേഹം വ്യക്തമായിരുന്നു. തന്റെ റെക്കോഡുകളെയും ട്രോഫികളെക്കാളും മനസ്സിൽ നിലനിൽക്കുക ലക്ഷക്കണക്കായ പോർച്ചുഗീസുകാർ തന്നോടു കാട്ടിയ സ്നേഹമാവുമെന്ന് അദ്ദേഹം പറയുന്നു.

'23 വർഷം മുൻപ് മെദീരയിൽ നിന്നെത്തിയ ചെറിയ പയ്യനായിരിക്കെ ഈ ജേഴ്സി അണിഞ്ഞപ്പോൾ, പോർച്ചുഗലിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കണമെന്ന സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഞാൻ ഇറങ്ങിപ്പോകുന്നത് ആ സ്വപ്നങ്ങളെല്ലാം നേടിയ സംതൃപ്തിയോടെയാണ്. എന്റെ അവസാനതുള്ളി ചോരയും ഞാൻ രാജ്യത്തിന് നൽകിയിട്ടുണ്ട്.'

പരിശീലകനുമായുണ്ടായ അസ്വാരസ്യങ്ങളെ നേരിട്ട് പരാമർശിച്ചില്ലെങ്കിലും ഒരു സൂചന നൽകാൻ അദ്ദേഹം മറന്നില്ല: 'വ്യക്തികളെക്കാൾ വലുതാണ് എല്ലായ്പ്പോഴും പോർച്ചുഗൽ എന്ന രാജ്യം. കോച്ചുമാരും കളിക്കാരും വന്നുപോകും, എന്നാൽ പോർച്ചുഗൽ എന്നും നിലനിൽക്കും. എന്റെ അധ്യായം ഇവിടെ അവസാനിക്കുന്നു, എന്നാൽ ഈ ടീമിനുള്ള എന്റെ പിന്തുണ എക്കാലവുമുണ്ടാകും.'

മാഞ്ചെസ്റ്റർ യുണൈറ്റഡിൽ ഒപ്പം കളിച്ചിരുന്ന വെയ്ൻ റൂണി ബിബിസിയിൽ റൊണാൾഡോ പോർച്ചുഗീസ് ഫുട്ബോളിന് നൽകിയ സംഭാവനകളെ ഓർമിപ്പിച്ചു: 'പോർച്ചുഗൽ ഫുട്ബോൾ ചരിത്രത്തെ 'റൊണാൾഡോയ്ക്ക് മുൻപും റൊണാൾഡോയ്ക്ക് ശേഷവും' എന്ന് രണ്ടായി തിരിക്കാം. അദ്ദേഹത്തിന് കൂടുതൽ മനോഹരമായ ഒരു യാത്രയയപ്പ് ലഭിക്കേണ്ടതായിരുന്നു.'

പോർച്ചുഗൽ പ്രസിഡന്റും ഫെഡറേഷനും താരത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തി. എന്നാൽ ആരാധകർക്കിടയിൽ കോച്ച് ഷിസൂസിനെതിരെ കടുത്ത അമർഷം പുകയുന്നുണ്ട്. ആഗോള ഫുട്ബോൾ നിരീക്ഷകരും മാധ്യമങ്ങളും ഷിസൂസിന്റെ പെരുമാറ്റത്തെയും ഫെഡറേഷന്റെ നിലപാടിനെയും ഒരുപോലെ വിമർശിച്ചു.

തളരാത്ത പോരാളിയുടെ നാഴികക്കല്ലുകൾ

2003 ആഗസ്ത് 20ന് കസഖ്സ്താനെതിരെ 18-ാം വയസ്സിൽ ഇതിഹാസതാരം റൂയി കോസ്റ്റയുടെ പകരക്കാരനായി ഇറങ്ങിയ മദീരക്കാരൻ, പിന്നീട് ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. താൻ വരുന്നതിന് മുൻപ് അന്താരാഷ്ട്ര കിരീടങ്ങളൊന്നും ഇല്ലാതിരുന്ന പോർച്ചുഗലിന് 2016-ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പും രണ്ട് നേഷൻസ് ലീഗ് കിരീടങ്ങളും അദ്ദേഹം നേടിക്കൊടുത്തു. 41 വയസ്സുള്ള ആളല്ലേ, ചെറുപ്പക്കാർക്കൊപ്പം ഓടാൻ പറ്റുമോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. കഴിഞ്ഞ വർഷം പോർച്ചുഗൽ നേഷൻസ് ലീഗ് കപ്പെടുക്കുമ്പോൾ നാൽപ്പതു വയസ്സായിരുന്നു റൊണാൾഡോക്ക്. ഒൻപതു കളികളിൽ എട്ടു ഗോൾ. അതിൽ ഓരോന്ന് സെമിഫൈനലിലും ഫൈനലിലും! ക്ലച്ച് (നിർണായക) മത്സരങ്ങളിൽ ഇത്രയധികം ഗോളുകൾ നേടിയ മറ്റൊരു കളിക്കാരനുണ്ടാകാനിടയില്ല.

ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, സൗദി അറേബ്യ എന്നിവിടങ്ങളിലെല്ലാം ലീഗ് കിരീടങ്ങൾ നേടുകയും അഞ്ച് ചാമ്പ്യൻസ് ലീഗു ട്രോഫികൾ സ്വന്തമാക്കുകയും അഞ്ചു തവണ ബാലൻഡോർ കിരീടം നേടുകയും ചെയ്ത റൊണാൾഡോ 41-ാം വയസ്സിലും കളിക്കളത്തിൽ കാട്ടുന്ന അഭിനിവേശം സമാനതകളില്ലാത്തതാണ്. മുപ്പതു വയസ് തികയും മുമ്പ് 463 ഗോളുകൾ നേടിയിരുന്ന അദ്ദേഹം പിന്നീട് 522 ഗോളുകൾ കൂടി വലയിലാക്കി. സൗദി ലീഗിലെ അവസാന മത്സരത്തിൽ ഹാട്രിക്ക് നേടിയ റോണോയ്ക്ക് ആയിരം കരിയർ ഗോളുകൾ എന്ന അത്യപൂർവ്വ നാഴികക്കല്ലിലേക്ക് ഇനി ഏതാനും ഗോളുകളുടെ ദൂരം മാത്രമാണുള്ളത് (നിലവിൽ 985 ഗോളുകൾ). ആ ലക്ഷ്യം പിന്നിടാൻ അൽ നസറിനൊപ്പം അദ്ദേഹം തുടർന്നും കളിക്കളത്തിലുണ്ടാകും.

മദീരയിലെ ദാരിദ്ര്യത്തിൽ നിന്ന്, ലിസ്ബണിലെ അക്കാദമിയിൽ രാത്രിയിൽ മക്ഡൊണാൾഡ്സിലെ ബാക്കിവന്ന ബർഗർ തിന്ന് വിശപ്പടക്കിയ ആ കുട്ടിയുടെ കഠിനാധ്വാനവും തോൽക്കാൻ മനസ്സില്ലാത്ത വീര്യവുമാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ 'സൂ' ആഘോഷത്തിലേക്ക് നയിച്ചത്. പ്രതിഭയെന്നത് കഠിനാധ്വാനത്തിന്റെയും മനക്കരുത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും സൃഷ്ടിയാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത കിടയറ്റ കളിക്കാരനെ മാതൃകയാക്കുന്ന പ്രമുഖ ഫുട്ബോൾ താരങ്ങൾ നിരവധിയാണ്- എംബാപ്പെയും ഹാലണ്ടും വിനീഷ്യസ് ജൂനിയറും എൻഡ്രിക്കും റാഷ്ഫോർഡും ഹാരി കെയനും ജാവോ ഫെലിക്സും ഉൾപ്പെടെ.

മറ്റാരുടെയും കാര്യത്തിലെന്ന പോലെ റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറും അവസാനിച്ചേ തീരൂ. (മെസ്സി അവസാനിപ്പിച്ചത് ആഴ്ചകൾക്ക് മുമ്പാണ്.) അതിന് റൊണാൾഡോയും പോർച്ചുഗലും ഒരുങ്ങേണ്ടതും ആവശ്യമായിരുന്നു. അദ്ദേഹത്തിന് അർഹിച്ച  വിടവാങ്ങൽ നൽകാൻ പോര്ച്ചുഗലിനായോ എന്ന ചോദ്യം ദീർഘകാലം അന്തരീക്ഷത്തിൽ അലയടിക്കുമെന്നുറപ്പ്.

അന്താരാഷ്ട്ര ഫുട്ബോളിൽ ആ ഏഴാം നമ്പർ ജേഴ്സിക്ക് പുതിയ അവകാശികൾ വന്നേക്കാം. പക്ഷേ, സിആർ സെവന്റെ പ്രഭാവവും പ്രഭാവലയവും മറികടക്കാൻ മറ്റാർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല.