ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങള്‍ക്ക് പിന്നിലെല്ലാം അമ്മ മരിയയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. അടുക്കളപ്പണിയെടുത്തും ശുചീകരണ തൊഴിലെടുത്തുമാണ് അമ്മ ക്രിസ്റ്റ്യാനോയെ വളര്‍ത്തിയത്

ശരീരസംരക്ഷണത്തിൽ ഗോളാന്തര 'മമ്മൂട്ടി'യാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ശരീരം വിട്ടുവീഴ്ചചെയ്യേണ്ട ഒരു കളിക്കും അയാൾ തയ്യാറല്ല. എല്ലാവരും പത്തുമണിക്കാണ് പരിശീലനത്തിനെത്തുന്നതെങ്കിൽ റോണോ ഒരുമണിക്കൂർ നേരത്തേ വ്യായാമം തുടങ്ങും. നിലപാടുകളുടെ കാര്യത്തിലും അങ്ങനെയാണ്. ടാറ്റുവോ മറ്റ് അലങ്കാരങ്ങളോ ശരീരത്തിലണിയില്ല. പതിവായി രക്തം ദാനംചെയ്യുന്നു. കോളയോ കാർബണേറ്റഡ് ദ്രാവകങ്ങളോ കുടിക്കില്ല. മധുരം വേണ്ട, മദ്യപാനമില്ല. എല്ലാവരും കളിച്ചുരസിച്ചുനടക്കുന്ന പ്രായത്തിൽ പന്തുമാത്രമായിരുന്നു അയാളുടെ ആശയും അഭയവും. അയാളതിനെ മുറുകെപ്പുണർന്നു. ഇക്കാലത്തിന്റെ എല്ലാ പ്രലോഭനങ്ങൾക്കുമിടയിലും റോണോ ജീവിതത്തെ പാഠപുസ്തകമാക്കി. ആർക്കും അനുകരിക്കാനാകാത്ത, വായിച്ചുതീരാത്ത പുസ്തകം. അതുകൊണ്ട്, കളിയിൽ തോൽക്കുമ്പോഴും കാണികൾ അയാളെ ആരാധനയോടെ നോക്കി. ലോകഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള റെക്കോഡുകൾ ആ കാലടികളിലൊതുക്കിയതും വെറുതേയല്ല.
മുറിവേറ്റ ബാല്യം
ദാരിദ്ര്യംകാരണം അമ്മ ഗർഭപാത്രത്തിൽവെച്ചുതന്നെ ഇല്ലാതാക്കാൻ ശ്രമിച്ച കുട്ടിയാണിതെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും. 1985 ഫെബ്രുവരി അഞ്ചിന് പോർച്ചുഗലിലെ മെദീര ദ്വീപിലെ സാവോ പെദ്രോയിലെ ഫുഞ്ചൽ പ്രദേശത്ത് ദാരിദ്ര്യം പുരനിറഞ്ഞുനിന്ന വീട്ടിലായിരുന്നു റോണോയുടെ ജനനം. അമ്മ മരിയ ഡൊളോറസ് അടുക്കളപ്പണിയെടുത്തും ശുചീകരണത്തൊഴിലെടുത്തുമാണ് കുട്ടികളെ വളർത്തിയത്. അച്ഛൻ ഡോസ് ഡിനിസ് അവേറോ. സൈനികനായിരുന്ന അവേറോയെ വിഷാദം കടുത്ത മദ്യപാനിയാക്കി. ഒരു ചേട്ടനും രണ്ടു ചേച്ചിമാരുമുണ്ട്. കുഞ്ഞുവീട്. കുടുംബം വളർത്താൻ പെടാപ്പാട് പെടുന്നതിനിടെയാണ് വീണ്ടും ഗർഭിണിയാണെന്ന് മരിയ തിരിച്ചറിഞ്ഞത്. കുട്ടിയെ വേണ്ടെന്ന് തീരുമാനിച്ച് ഡോക്ടറെ കാണാനെത്തി. ഡോക്ടർ അന്നത് സമ്മതിച്ചിരുന്നെങ്കിൽ ലോകഫുട്‌ബോളിലെ റോണോയുഗം ഉണ്ടാകുമായിരുന്നില്ല.
അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെ ആരാധകനായിരുന്നു അച്ഛൻ. റൊണാൾഡോ എന്ന പേര് അദ്ദേഹം സംഭാവനചെയ്തു. ഫുട്ബോൾസ്‌നേഹം വളർത്തിയതും അച്ഛനാണ്. അൻഡോറീന്യയിലെ ഒരു അമെച്ചർ ഫുട്ബോൾ ക്ലബ്ബുമായി അച്ഛന് ബന്ധമുണ്ടായിരുന്നു. ഏഴാം വയസ്സിൽ റോണോ ആ ക്ലബ്ബിലെത്തി. 12-ാം വയസ്സിൽ, പോർച്ചുഗലിലെ പ്രശസ്ത ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബണിലെ പരിശീലനക്യാമ്പിലെത്തി. ക്ലബ് അന്നുതന്നെ അവനുമായി കരാറിലെത്തി.
അങ്ങനെ മെദീരയെന്ന നാടിനോട് വിടപറഞ്ഞു. സ്‌കൂളിൽ പോകാൻ ചെറുപ്പത്തിലേ വലിയ താത്പര്യമില്ലായിരുന്നു. അധ്യാപികയ്ക്കുനേരേ കസേരയെടുത്ത് എറിഞ്ഞെന്ന പരാതിയിൽ സ്‌കൂളിൽനിന്ന് പുറത്താക്കി. അത് റോണോയ്ക്കും ആശ്വാസമായി.
'മുറിവേറ്റ' ഹൃദയം
പ്രൊഫഷണൽ കളിക്കാരനാകാൻ ഒരുങ്ങുന്നതിനിടെ മറ്റൊരു ദുരന്തമുണ്ടായി. റോണോ ഹൃദ്രോഗബാധിതനാണെന്ന് ഡോക്ടർ കണ്ടെത്തി. ഫുട്‌ബോളിൽനിന്ന് വിട്ടുനിൽക്കേണ്ടവിധം കഠിനമായിരുന്നു അവസ്ഥ. 15-ാം വയസ്സിൽ ഹൃദയശസ്ത്രക്രിയക്ക് വിധേയമായി. 'മുറിവേറ്റ' ഹൃദയവുമായാണ് പിന്നീട് മുപ്പതുവർഷത്തോളം അയാൾ പുൽമൈതാനങ്ങളെ പുളകമണിയിച്ചത്. ഇംഗ്ലീഷ് നടി ജെമ്മ അറ്റ്കിൻസൺ, റഷ്യൻ നടി ഐറിന ഷയ്ക് തുടങ്ങിയവരുമായി പ്രണയത്തിലാണെന്ന വാർത്തയുണ്ടായെങ്കിലും അധികകാലം തുടർന്നില്ല. അർജന്റീന-സ്പാനിഷ് മോഡൽ ജോർജിന റോഡ്രിഗസിനൊപ്പമായിരുന്നു പിന്നീടുള്ള ജീവിതം. ഇരുവരും ഈവർഷം വിവാഹിതരായി. 2010-ൽ യു.എസിൽ ജനിച്ച ആദ്യമകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ ഇപ്പോൾ പ്രൊഫഷണൽ ഫുട്‌ബോളറാണ്. ഈ കുട്ടിയുടെ മാതാവാരെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2017-ൽ വാടകഗർഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളുെട (ഈവ മറിയ, മാത്തിയോ) അച്ഛനായി. അതേവർഷം ജോർജിന റോഡ്രിഗസും ഒരു കുട്ടിക്ക് (അലാന മാർട്ടിന) ജന്മംനൽകി. 2022-ൽ ജോർജിന ഇരട്ടക്കുട്ടികളെ പ്രസവിച്ചു. അതിലോരാളേ (ബെല്ല എസ്മറാൾഡ) അതിജീവിച്ചുള്ളൂ.
Content Highlights: Ronaldo's mother initially considered aborting him due to extreme poverty., Overcame a childhood of financial struggle and a heart condition at age 15., Rose from an amateur club in Madeira to become a global football icon., Maintains strict physical discipline, avoiding alcohol and tattoos while regularly donating blood.
Published: 06 Nov 2026, 08:01 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented