കാത്തിരിപ്പ് കഴിഞ്ഞു, കണ്‍മുന്നില്‍വെച്ച് പലവട്ടം നഷ്ടപ്പെട്ടുപോയ ആ കിരീടം ഒടുവില്‍ ബംഗ്ലാദേശിന്റെ മണ്ണിലെത്തിയിരിക്കുന്നു. ഇത് ബംഗ്ലാദേശിന് ഒരു അണ്ടര്‍ 19 കിരീടമല്ല, മൂന്നു പതിറ്റാണ്ടിലേറെയായി ലോകക്രിക്കറ്റിലെ പല വേദികളില്‍ കപ്പോളമെത്തി കണ്ണീരോടെ മടങ്ങിയതിനുള്ള മറുപടിയാണ്.

1986-ല്‍ അന്താരാഷ്ട്ര ഏകദിനവും 2000-ത്തില്‍ ടെസ്റ്റും കളിച്ചുതുടങ്ങിയ ബംഗ്ലാദേശ്, തോല്‍വികളുടെയും നിരാശയുടെയും പേരിലാണ് പലപ്പോഴും ചരിത്രത്തില്‍ ഇടംനേടിയത്. 2001-04 കാലത്ത് തുടര്‍ച്ചയായി 23 ഏകദിനങ്ങളും 21 ടെസ്റ്റുകളും തോറ്റതിന്റെ നാണക്കേട് ഇന്നും മാറിയിട്ടില്ല.

എന്നാല്‍, കഴിഞ്ഞ ഒരു ദശകം ബംഗ്ലാദേശില്‍ ക്രിക്കറ്റ് വളര്‍ച്ചയുടെ കാലമായിരുന്നു. ഗ്രാമങ്ങളിലെ യുവാക്കള്‍ ഫുട്ബോള്‍ വിട്ട് ക്രിക്കറ്റിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെട്ടു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും പ്രൊഫഷണലായി.

ബംഗ്ലാ താരങ്ങള്‍ വൃത്തികെട്ട രീതിയില്‍ പെരുമാറി; ഫൈനലിനു ശേഷം പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

വിദേശ രാജ്യങ്ങളില്‍നിന്ന് പരിശീലകരെ കൊണ്ടുവന്നു. ദക്ഷിണാഫ്രിക്കക്കാരനായ റസ്സല്‍ ഡൊമിംഗോയാണ് ഇപ്പോള്‍ ദേശീയ ടീമന്റെ പരിശീലകന്‍. എങ്കിലും ടീം എന്നനിലയില്‍ അവര്‍ പലപ്പോഴും നിര്‍ണായകഘട്ടത്തില്‍ പതറിവീണു. 2018-ല്‍ മാത്രം ബംഗ്ലാദേശ് സീനിയര്‍ ടീം മൂന്ന് ഫൈനലുകള്‍ തോറ്റു. ആ പിഴവ് തിരുത്താനുള്ള തീരുമാനത്തില്‍നിന്നാണ് ഈ കിരീടത്തിലെത്തിയത്. അതിനുള്ള തയ്യാറെടുപ്പ് നേരത്തേ തുടങ്ങി. കൃത്യമായി പറഞ്ഞാല്‍, 2018 അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യയോട് തോറ്റ് ഒരാഴ്ച കഴിഞ്ഞപ്പോള്‍.

താരങ്ങളായി അക്ബറും ഇമോനും; ഇത് ബംഗ്ലാദേശ് കണക്കുകൂട്ടി നേടിയ വിജയം

ശ്രീലങ്കക്കാരനായ നവീദ് നവാസിനെ അണ്ടര്‍-19 കോച്ചായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തുടക്കം. ബംഗ്ലാദേശ് ദേശീയ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഖാലിദ് മഹമൂദാണ് മാറ്റത്തിന് വഴിയൊരുക്കിയത്. ടൂര്‍ണമെന്റുകളില്‍ തോല്‍ക്കുന്നത് വിദേശ പിച്ചുകളില്‍ വേണ്ടത്ര പരിചയമില്ലാത്തതുകൊണ്ടാണെന്ന് മനസ്സിലാക്കിയാണ് വിദേശകോച്ചിനെ കൊണ്ടുവന്നത്. വിദേശ പിച്ചുകളില്‍ അടക്കം കൂടുതല്‍ മത്സരങ്ങള്‍ കളിച്ചു. അന്നത്തെ അണ്ടര്‍-17 ടീമിനെ വലിയ മാറ്റങ്ങളില്ലാതെ നിലനിര്‍ത്തി.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സെലക്ഷന്‍ ട്രയല്‍സ് നടത്തി അണ്ടര്‍ 14, 16, 18 വിഭാഗങ്ങളില്‍ ടീമിനെ വളര്‍ത്തിക്കൊണ്ടുവരുന്നു. അതിലൂടെ വലിയൊരു ടാലന്റ് പൂള്‍ സൃഷ്ടിച്ചു. ഈ ലോകകപ്പിലെ സെമിയില്‍ ന്യൂസീലന്‍ഡിനെയും ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചത് അവരുടെ പക്വതയുടെ തെളിവായി. ടൂര്‍ണമെന്റുകള്‍ ജയിക്കേണ്ടതെങ്ങനെയെന്ന് ബംഗ്ലാദേശ് പഠിച്ചിരിക്കുന്നു, ഇനിഅവരെ ഈ വഴിയില്‍ വീണ്ടും കാണാം.

Content Highlights: Under-19 World Cup Yes, Bangladesh has learned how to win big tournaments