അണ്ടർ 10 ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പിൽ വൈകാരികമായ ഓർമ്മ പങ്കുവെച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. തന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പണ്ടൊരിക്കൽ താൻ നേരിട്ട അനുഭവം ബിഗ് ബി പങ്കുവെച്ചത്. ഇന്ത്യൻ ടീമിന്റെ തുടർച്ചയായ വിജയങ്ങളിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ ബച്ചൻ, നമ്മൾ മൂന്നാം ലോക രാജ്യമല്ല, ലോകത്തെ നമ്പർ വൺ രാജ്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് പഴയ ഓർമ്മ പൊടിതട്ടിയെടുത്തത്.

To advertise here,

'ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി എനിക്ക് ഒരു രാജ്യത്തേക്ക് ക്ഷണം ലഭിച്ചു (രാജ്യത്തിന്റെ പേര് പറയില്ല). ക്ഷണം സ്വീകരിച്ച് ഞാനങ്ങോട്ട് പോയി. വിമാനത്തിൽ കണ്ട പത്രത്തിൽ എന്റെ ഒരു സിനിമയിൽ നിന്നുള്ള ചിത്രമുണ്ടായിരുന്നു. എന്നാൽ ഭാഷ എനിക്ക് മനസിലായില്ല. എന്താണ് എഴുതിയതെന്ന് ഞാൻ എയർ ഹോസ്റ്റസിനോട് ചോദിച്ചു. അതൊരു ഇന്ത്യൻ സിനിമയുടെ പോസ്റ്ററാണെന്നും അതിലെ നടൻ രാജ്യത്തേക്ക് വരുന്നുണ്ടെന്നാണ് പത്രത്തിലുള്ളതെന്നും അവർ പറഞ്ഞു.' -അമിതാഭ് ബച്ചൻ പറഞ്ഞു.

'ഈ വിദേശരാജ്യം എന്തുകൊണ്ടാണ്, എങ്ങനെയാണ് നമ്മുടെ സിനിമകളാൽ ആകർഷിക്കപ്പെടുന്നത് എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. വിമാനം ഇറങ്ങിയപ്പോൾ അതിന്റെ കാരണം എനിക്ക് മനസിലായി. ആളുകൾ തടിച്ചുകൂടി. വിമാനത്തിൽനിന്ന് ഇമിഗ്രേഷനൻ ഡെസ്‌കിലെത്താൻ വളരെ ബുദ്ധിമുട്ടി. എനിക്ക് നടന്നുപോകാൻ പോലും കഴിയാത്തവിധത്തിൽ ആളുകൾ തടിച്ചുകൂടി നിന്നു.' -അമിതാഭ് തുടർന്നു.

'സാഹചര്യം വഷളായതോടെ പോലീസെത്തി എന്നെ ആൾക്കൂട്ടത്തിൽ നിന്ന് വിമാനത്താവളത്തിന് പുറത്തെത്തിച്ച് കാറിൽ കയറ്റുകയും എനിക്കൊപ്പം ഹോട്ടലിലേക്ക് വരികയും ചെയ്തു. ജീവിതത്തിൽ ആദ്യമായി എന്റെ ഇമിഗ്രേഷൻ പ്രക്രിയ ഒരു ഹോട്ടലിൽ വെച്ച് നടന്നു. പിന്നീട് ഓരോ തവണ ഞാൻ പുറത്തിറങ്ങുമ്പോഴും വലിയ ജനക്കൂട്ടം എനിക്ക് ചുറ്റും കൂടുന്നത് പതിവായി. എനിക്കൊപ്പം പോലീസ് എസ്‌കോർട്ട് വരുന്നതും പതിവായി.'

'എന്നാൽ ഇതൊന്നും ആ രാജ്യത്തെ ഒരു മുതിർന്ന മാധ്യമപ്രവർത്തകന് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. പിറ്റേന്ന് അദ്ദേഹം പത്രത്തിൽ വാർത്തയെഴുതി. 'മൂന്നാംലോക രാജ്യത്തുനിന്നുള്ള മൂന്നാംകിട നടന് ഇത്രയധികം പരിഗണന നൽകുന്നത് എന്തിനാണ്?' എന്നായിരുന്നു അതിന്റെ തലക്കെട്ട്.' -അമിതാഭ് ബച്ചൻ കുറിച്ചു.

'മൂന്നാംകിട നടൻ എന്ന് പറഞ്ഞതിൽ അൽപ്പം ശരിയുണ്ട്. അത് ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഇന്ത്യയെ മൂന്നാംലോക രാജ്യം എന്ന് വിളിച്ചത് എന്നെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഞാൻ ഇത്രയും കുറിച്ചത്. വീണ്ടും പറയട്ടെ, അണ്ടർ 19 ക്രിക്കറ്റിൽ ഇന്ത്യ ലോകചാമ്പ്യന്മാരായിരിക്കുന്നു. ശത്രുവിനെ നമ്മൾ കീഴടക്കി. കാഴ്ചപരിമിതിയുള്ളവരുടെ ലോകകപ്പ്, വനിതാ ലോകകപ്പ്, പുരുഷ ലോകകപ്പ്... എല്ലാത്തിലും നമ്മളാണ് നമ്പർ വൺ. ഏറ്റവും മുകളിൽ. ലോകത്ത് ഒന്നാമത്.' -അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചു.