പൊച്ചഫ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു ശേഷം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും താരങ്ങള്‍ മൈതാനത്ത് ഏറ്റുമുട്ടിയത് മത്സരത്തിന്റെയും ബംഗ്ലാദേശിന്റെ വിജയത്തിന്റെയും നിറംകെടുത്തി.

റാക്കിബുള്‍ ഹസന്‍ വിജയറണ്‍ നേടിയ ശേഷം ബംഗ്ലാദേശ് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും മൈതാനത്തേക്ക് ഓടിയെത്തിയതിനു പിന്നാലെയായിരുന്നു സംഭവം. ഇതിനിടെ ഒരു ബംഗ്ലാ താരം ഇന്ത്യന്‍ താരത്തോട് മോശം വാക്കുകള്‍ പ്രയോഗിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നാണ് റിപ്പോര്‍ട്ട്. മത്സരത്തിനു ശേഷം മാധ്യമങ്ങളെ കാണവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് ബംഗ്ലാദേശ് താരങ്ങള്‍ക്കെതിരേ രംഗത്തെത്തുകയും ചെയ്തു. 

വളരെ വൃത്തികെട്ട രീതിയിലാണ് ബംഗ്ലാദേശ് താരങ്ങള്‍ മൈതാനത്ത് പെരുമാറിയതെന്ന് ഗാര്‍ഗ് പറഞ്ഞു. 

''ചില കളികള്‍ നിങ്ങള്‍ ജയിക്കും ചിലത് തോല്‍ക്കും. ഇതെല്ലാം ഈ കളിയുടെ ഭാഗമാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ അവരുടെ (ബംഗ്ലാദേശ് താരങ്ങളുടെ) പ്രതികരണം വൃത്തികെട്ടതായിരുന്നു. അത്തരത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു'', ഗാര്‍ഗ് വ്യക്തമാക്കി.

അതേസമയം എതിരാളികളോട് ആദരവ് കാണിക്കണമെന്ന് സംഭവത്തെ കുറിച്ച് പ്രതികരിച്ച ബംഗ്ലാദേശ് ക്യാപ്റ്റന്‍ അക്ബര്‍ അലി പറഞ്ഞു. ''ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. നിങ്ങള്‍ ഏത് സ്ഥാനത്തായാലും ഏത് രീതിയിലായാലും എതിരാളികളെ ബഹുമാനിക്കണം. കളിയോടും ആ ബഹുമാനമുണ്ടായിരിക്കണം'', അക്ബര്‍ അലി പറഞ്ഞു.

ഞായറാഴ്ച നടന്ന ഫൈനലില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗാദേശ് ഇന്ത്യയെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി കിരീടത്തില്‍ മുത്തമിട്ടിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ ലോകകിരീടമാണിത്. 47.2 ഓവറില്‍ ഇന്ത്യ 177 റണ്‍സിന് പുറത്തായിരുന്നു. ബംഗ്ലാദേശിന്റെ മറുപടി ബാറ്റിങ്ങിനിടെ മഴപെയ്തതിനാല്‍ വിജയലക്ഷ്യം 46 ഓവറില്‍ 170 ആയി പുനര്‍നിശ്ചയിച്ചു. 42.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യം കണ്ടു.

ഇതിനു പിന്നാലെയായിരുന്നു മൈതാനത്തെ കയ്യാംകളി. പരസ്പരം പോരടിച്ച താരങ്ങളെ അമ്പയര്‍മാരും സ്റ്റാഫും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

Content Highlights: Indian captain Priyam Garg on altercation against Bangladesh