താൻ എറിഞ്ഞുകൊടുക്കുന്ന പന്തുകൾ പ്ലാസ്റ്റിക്ക് ബാറ്റുകൊണ്ട് കൃത്യമായ ടൈമിങ്ങോടെ അടിച്ചകറ്റുന്ന നാലു വയസുകാരന്റെ മികവ് ആദ്യം ശ്രദ്ധിക്കുന്നത് അച്ഛൻ ഈശോ വർഗീസാണ്. ക്രിക്കറ്റിനെ പാഷനായി കൊണ്ടുനടന്നിരുന്ന ആ അച്ഛന്റെ മനസ് നിറയാൻ ആ നാലു വയസുകാരൻ അന്ന് ആ പ്ലാസ്റ്റിക്ക് ബാറ്റിൽ കളിച്ച ഷോട്ടുകൾ മതിയായിരുന്നു. 15 വർഷങ്ങൾക്കിപ്പുറം സിംബാബ്‌വെയിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പുയർത്തിയപ്പോൾ ആ ടീമിൽ ഈശോ വർഗീസിന്റെ മകനുണ്ടായിരുന്നു. അഫ്ഗാനിസ്താനെതിരായ സെമിയിൽ 311 റൺസെന്ന റെക്കോഡ് ലക്ഷ്യം കീഴടക്കി ഇന്ത്യ ഫൈനൽ ടിക്കറ്റെടുക്കുമ്പോൾ 104 പന്തിൽ 115 റൺസുമായി കളിയിലെ താരമായതും ഈശോ വർഗീസ് അന്ന് പന്തെറിഞ്ഞുകൊടുത്ത തന്റെ മകനായിരുന്നു. സഞ്ജു സാംസണ് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്നുകേൾക്കുന്ന മറ്റൊരു മലയാളി ക്രിക്കറ്റർ, ആരോൺ ജോർജ് വർഗീസ്.

To advertise here,

മാവേലിക്കര തറയിൽ ഈശോ വർഗീസിന്റെയും കോട്ടയം കീഴുക്കുന്ന് പ്രീതി സൂസൻ വർഗീസിന്റെയും മകൻ ആരോൺ ജോർജ് ജനിച്ചത് കോട്ടയത്താണെങ്കിലും പഠിച്ചതും വളർന്നതും ക്രിക്കറ്റ് പരിശീലിച്ചതുമെല്ലാം ഹൈദരാബാദിലാണ്. അണ്ടർ 19 ലോകകപ്പ് വിജയത്തെക്കുറിച്ചും ഭാവി സ്വപ്നങ്ങളെക്കുറിച്ചും മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയാണ് ആരോൺ.

എന്നിലെ ക്രിക്കറ്ററെ കണ്ടെത്തിയത് അപ്പ

ചെറുപ്പത്തിൽ അപ്പയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുമായിരുന്നു. ഒരു നാലുവയസുള്ളപ്പോൾ എന്റെ കളികണ്ട് അപ്പയാണ് ക്രിക്കറ്റിൽ ടാലന്റുണ്ടെന്ന് തിരിച്ചറിയുന്നത്. നാലാം വയസുമുതൽ തന്നെ അപ്പയ്‌ക്കൊപ്പം പരിശീലനമാരംഭിച്ചിരുന്നു. അപ്പ ലീഗ് ഒക്കെ കളിച്ചിരുന്ന പ്ലെയറായിരുന്നു. എനിക്ക് ക്രിക്കറ്റിൽ ഭാവിയുണ്ടെന്ന് തിരിച്ചറിഞ്ഞതുതൊട്ട് അപ്പ എന്റെ കൂടെ എല്ലാത്തിലുമുണ്ട്. എനിക്ക് നാലു വയസുള്ളപ്പോൾ തന്നെ വീടിന് മുന്നിൽ അക്കാലത്തു തന്നെ ഒരു വിക്കറ്റുണ്ടാക്കി പരിശീലിപ്പിച്ചിരുന്നു. ഷാമിർപേട്ടിലായിരുന്നു അന്ന് വീട്. ഇപ്പോൾ മല്ലാപുരിലാണ് താമസം. അപ്പ ഹൈദരാബാദ് പോലീസിൽ എസ്‌ഐ ആയിരുന്നു. എനിക്കൊപ്പം ക്രിക്കറ്റ് പരിശീലനത്തിൽ കൂടുതൽ സമയം ചെലവഴിക്കാനായി അപ്പ പോലീസ് ജോലി ഉപേക്ഷിച്ച് ഒരു കോർപ്പറേറ്റ് ജോലിക്ക് കയറുകയായിരുന്നു. വർക്കം ഫ്രം ഹോം ആണ് അപ്പയുടെ ജോലി. എന്റെ പരിശീലനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു ആ തീരുമാനം.

അണ്ടർ 19 ലോകകപ്പ്

അണ്ടർ 19 ലോകകപ്പ് ഒരു സൂപ്പർ എക്‌സ്പീരിയൻസ് തന്നെയായിരുന്നു. 6-7 മാസങ്ങൾക്കു മുമ്പേ തന്നെ ടൂർണമെന്റിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ആ അധ്വാനവും പ്രയത്‌നങ്ങളുമെല്ലാം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് എല്ലാവരും. പലതും പഠിക്കാനുള്ള ഒരു വേദികൂടിയായിരുന്നു ലോകകപ്പ്. എല്ലാ മത്സരങ്ങളിലും പരീക്ഷണങ്ങളുണ്ടായിരുന്നു. ടീമിന് അതിനെയെല്ലാം തരണം ചെയ്യാൻ കഴിഞ്ഞു. എല്ലാ പ്രതിസന്ധികളും മറികടന്ന് ടൂർണമെന്റ് ജയിക്കാനായതിൽ അഭിമാനമുണ്ട്.

സിംബാബ്‌വെയിലെ സാഹചര്യം

സിംബാബ്‌വെയിൽ പൊതുവെ വരണ്ട കാലാവസ്ഥയായിരുന്നു. ലീഗ് സ്റ്റേജ് കളിച്ച ബുലവായോയിലെയും നോക്കൗട്ട് മത്സരങ്ങൾ കളിച്ച ഹരാരെയിലെയും വിക്കറ്റുകൾ വ്യത്യസ്തമായിരുന്നു. ബുലവായോയിലേത് അൺഈവൻ ബൗൺസുള്ള വിക്കറ്റായിരുന്നു. എന്നാൽ അതെല്ലാം നേരിടാനുള്ള പരിശീലനം നേടിയിരുന്നു. ഓരോ മത്സരങ്ങൾക്കും വിക്കറ്റുകൾക്കും അനുസരിച്ച് തന്ത്രങ്ങൾ മാറ്റിയിരുന്നു.

ലക്ഷ്മൺ സർ (വി.വി.എസ് ലക്ഷ്മൺ) വന്നത് ഗുണമായി

ലക്ഷ്മൺ സർ ടീമിന്റെ മെന്ററായി വന്നത് വളരെ പ്രധാനമായിരുന്നു. സർ വന്നത് ടീമിന് ഒന്നടങ്കം പ്രചോദനമായി. സാറിന്റെ വാക്കുകളും അനുഭവസമ്പത്തിലൂടെ പങ്കുവെച്ച അറിവുകളുമെല്ലാം ഏറെ സഹായകമായി. സാറിനെ അയച്ചതിൽ ബിസിസിഐയോട് ഒത്തിരി നന്ദിയുണ്ട്.

അഫ്ഗാൻ വെല്ലുവിളിയായിരുന്നു

അഫ്ഗാൻ ബൗളർമാർ നല്ല വെല്ലുവിളി ഉയർത്തിയിരുന്നു. മിക്കയാളുകളും ശരീരികമായി കരുത്തരായിരുന്നു. അതിനാൽ തന്നെ നല്ല പേസുണ്ടായിരുന്നു. ബാറ്റിങ്ങായി താരതമ്യം ചെയ്യുമ്പോൾ ബൗളിങ്ങാണ് അഫ്ഗാന്റെ കരുത്ത്. അവർ നമ്മളെ നന്നായി പരീക്ഷിച്ചു. നല്ലൊരു മത്സരമായിരുന്നു അത്.

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി

കഴിഞ്ഞ വർഷം പാകിസ്താനെതിരായ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ തോൽവി ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നായിരുന്നു. അത് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ താരങ്ങളുടെയും ടീമിന്റെയും തന്നെ മനോഭാവത്തിൽ പോസ്റ്റീവായ മാറ്റങ്ങൾ കൊണ്ടുവരാൻ ആ തോൽവിക്കായി. ആ തോൽവിക്കു പിന്നാലെ സ്വന്തം കളി മെച്ചപ്പെടുത്താൻ എല്ലാവരും ഒന്നുകൂടി നന്നായി അധ്വാനിച്ചു. അതാണ് പിന്നീട് ലോകകപ്പിൽ ഫലം കണ്ടത്.

കൃത്യമായി സ്‌കൂളിൽപോയത് ആറാം ക്ലാസുവരെ മാത്രം

ഞാൻ ആറാം ക്ലാസ് വരെയാണ് കൃത്യമായി സ്‌കൂളിൽ പോയിട്ടുള്ളത്. അതിനു ശേഷം റെഗുലറായി സ്‌കൂളിൽ പോയിട്ടില്ല. ക്രിക്കറ്റ് പരിശീലനത്തിലായിരുന്നു ശ്രദ്ധ. വീട്ടിലിരുത്തി അമ്മയാണ് പഠിപ്പിക്കാറ്. പത്താം ക്ലാസ് വരെ അമ്മയാണ് പഠിപ്പിച്ചിരുന്നത്. ഏഴാം ക്ലാസ് വരെ ഖാജാഖുഡയിലെ ഡൽഹി പബ്ലിക്ക് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് ഗൗതം ബോയ്‌സ് സ്‌കൂളിലേക്ക് മാറി. ഇപ്പോൾ ഹൈദരാബാദിലെ ഭവൻസ് കോളേജിൽ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്. ഇപ്പോൾ എന്റെ അപ്പാർട്ട്‌മെന്റിലെ ഒരു അധ്യാപികയാണ് കൊമേഴ്‌സ് പഠിപ്പിക്കുന്നത്.

വൈഭവ് ബ്രില്ല്യന്റ് ബാറ്റ്‌സ്മാൻ

വൈഭവ് ഒരു ബ്രില്ല്യന്റ് ബാറ്റ്‌സ്മാനാണ്. അവൻ അവന്റെ നാച്ചുറൽ ഇൻസ്റ്റിങ്റ്റ് ഫോളോ ചെയ്ത് കളിക്കുന്നയാളാണ്. ഫൈനലിൽ കണ്ടതുപോലെ അത് ടീമിന് ഗുണമാകാറുണ്ട്. ടീമിൽ എല്ലാവരും പരസ്പരം പിന്തുണയ്ക്കുന്നവരാണ്.

ഓൾ ഫോർമാറ്റ് പ്ലെയറാകണമെന്നതാണ് ആഗ്രഹം

പേഴ്‌സണലി ഒരു ത്രീ ഫോർമാറ്റ് പ്ലെയറാകണമെന്നതാണ് ആഗ്രഹം. ഒരു ഫോർമാറ്റിനോടു മാത്രമായി പ്രത്യേക ഇഷ്ടമില്ല. സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാനാണ് ശ്രമിക്കാറ്. സ്റ്റേറ്റിനായി അണ്ടർ 23 കളിക്കണമെന്നതാണ് അടുത്ത ലക്ഷ്യം. സീനിയർ ക്രിക്കറ്റ് കളിക്കണം. അതാണ് അടുത്ത പ്ലാൻ. ഘട്ടംഘട്ടമായി മുന്നേറുക എന്നതിലാണ് ശ്രദ്ധ. ഐപിഎൽ ഫ്രാഞ്ചൈസികളൊന്നും ഇതുവരെ സമീപിച്ചിട്ടില്ല. ഐപിഎൽ കളിക്കണമെന്ന് ആഗ്രഹമുണ്ട്. പ്രത്യേകിച്ച് ഒരു ടീമിൽ കളിക്കണമെന്ന ആഗ്രഹമൊന്നും ഇല്ല. ഏത് ടീമായാലും എന്നാൽ കഴിയുന്നത് ടീമിനായി ചെയ്യുക എന്നതിലാണ് ശ്രദ്ധ.

ദിനചര്യ

ഞാൻ രാവിലെ 6.30-ന് എണീക്കും. എട്ടു മണിക്ക് കോച്ചിങ് ബിയോണ്ട് ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം ആരംഭിക്കും. മുൻ ഇന്ത്യൻ ഫീൽഡിങ് പരിശീലകനായിരുന്ന ആർ. ശ്രീധറിന്റെ ക്രിക്കറ്റ് അക്കാദമിയാണത്. 12 മണിവരെ പരിശീലനമുണ്ടാകും. തിരിച്ചെത്തി കുളികഴിഞ്ഞ് ചെറുതായി ഒന്ന് മയങ്ങും. വൈകീട്ട് 4-5 മണിയോടുകൂടി ജിമ്മിൽ പോകും. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം കൊടുക്കുന്നതിനാൽ ജിമ്മിൽ കൂടുതൽ സമയം ചെലവഴിക്കാറുണ്ട്. 6.30-ഓടുകൂടി വീട്ടിലെത്തിയ ശേഷമാണ് പഠനം.

നാട്ടിൽ വരാൻ ഇഷ്ടമുള്ള ആരോണിന് ഇപ്പോൾ വിവിധ ടൂർണമെന്റുകളും പരിശീലനവും കാരണം അതിന് സാധിക്കാറില്ല. മലയാളം വായിക്കാനറിയില്ലെങ്കിലും നന്നായി മലയാളം സംസാരിക്കും. അമ്മയുണ്ടാക്കുന്ന കേരള പൊറോട്ടയാണ് ഇഷ്ട വിഭവം. ചിക്കൻ സ്റ്റ്യൂ കൂടെയുണ്ടെങ്കിൽ കുശാലാണെന്ന് ആരോൺ. ചേച്ചി അനന്യ എലീസ. വക്കീലാണ്. ഇപ്പോൾ ബെംഗളൂരുവിൽ ജോലി ചെയ്യുന്നു.