അണ്ടർ19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ തകർപ്പൻ വിജയം നേടിയതിൽ സന്തോഷവും അഭിമാനവും പങ്കുവെച്ച് അമിതാഭ് ബച്ചൻ. തിളക്കമേറിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ലോക വേദികളിലെ ഇന്ത്യയുടെ സ്ഥാനം എങ്ങനെ മാറിയെന്ന് വ്യക്തമാക്കുന്ന കുറിപ്പും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു. ഒരു ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനായി വിദേശത്തേക്ക് യാത്രചെയ്ത അവസരത്തിൽ നേരിടേണ്ടിവന്ന കൈപ്പേറിയ അനുഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

To advertise here,

മോശമായ അനുഭവം നേരിടേണ്ടിവന്ന വിദേശരാജ്യം ഏതാണെന്ന് അമിതാഭ് ബച്ചൻ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആ സംഭവം തന്നിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് താരം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

'വിമാന യാത്രയ്ക്കിടെ എന്റെ സിനിമകളിലൊന്നിലെ ചിത്രമുള്ള ഒരു പത്രം ശ്രദ്ധയിൽപ്പെട്ടു. ഭാഷ അറിയാത്തതിനാൽ, പത്രത്തിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് എയർ ഹോസ്റ്റസിനോട് ചോദിച്ചു. അതൊരു ഇന്ത്യൻ സിനിമയുടെ പോസ്റ്ററാണെന്നും ആ സിനിമയിൽ അഭിനയിച്ച നടൻ ഈ രാജ്യത്തേക്ക് വരുന്നതിനെക്കുറിച്ചാണ് പത്രവാർത്തയെന്നും അവർ പറഞ്ഞു.

തീർത്തും അപ്രതീക്ഷിതമായ സംഭവങ്ങളാണ് വിമാനം ഇറങ്ങിയപ്പോൾ നടന്നത്. വിമാനത്തിൽനിന്ന് ഇറങ്ങിയ ഉടൻ ജനക്കൂട്ടം വളഞ്ഞു. ഇതോടെ ഇമിഗ്രേഷൻ കൗണ്ടറിലേക്ക് എത്താൻ പോലും കഴിഞ്ഞില്ല. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ അധികാരികൾക്ക് ഇടപെടേണ്ടിവന്നു. വൻ ജനക്കൂട്ടം എന്നെ ചുറ്റിപ്പറ്റി നിന്നു. നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇതോടെ പോലീസ് ഇടപെട്ട് ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ഹോട്ടലിലേക്ക് കൊണ്ടുപോകുകയും ചെയ്തു.'

'ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പിന്നീട് ഹോട്ടലിൽ വെച്ചാണ് പൂർത്തിയായത്. വൻ ജനക്കൂട്ടത്തിനിടയിൽപ്പെട്ട് തനിക്ക് ശ്വാസംമുട്ടേണ്ടിവന്നു. അതോടെ ആ രാജ്യത്ത് തുടർന്ന ദിവസങ്ങളിലെല്ലാം ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമ്പോഴും പുറത്ത് ഇറങ്ങുമ്പോൾ പോലും പോലീസിന്റെയും പട്രോളിംഗ് വാഹനങ്ങളുടെയും അകമ്പടി ഉണ്ടായിരുന്നു. അതിനിടെ ആ രാജ്യത്തെ ഒരു മാധ്യമത്തിൽവന്ന ലേഖനം തന്നെ ഞെട്ടിച്ചു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: 'എന്തുകൊണ്ടാണ് ഒരു മൂന്നാംകിട രാജ്യത്തുനിന്നുള്ള ഈ മൂന്നാംകിട നടന് ഇത്രയധികം ശ്രദ്ധ നൽകുന്നത്?' തന്നെക്കുറിച്ചുള്ള വ്യക്തിപരമായ വിമർശനം അംഗീകരിക്കാൻ കഴിയുമെങ്കിലും, ഇന്ത്യയെക്കുറിച്ചുള്ള പരാമർശം വളരെ വേദനിപ്പിച്ചുവെന്ന് ബച്ചൻ പറഞ്ഞു. 'മൂന്നാംകിട നടൻ' എന്ന പരാമർശം എനിക്ക് സ്വീകാര്യമായിരുന്നു. 'പക്ഷേ ഇന്ത്യയെ മൂന്നാം ലോക രാജ്യമെന്ന് വിളിച്ചത് വേദനിപ്പിച്ചു.' - അദ്ദേഹം ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.

എന്നാൽ പിന്നീട് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മുന്നിലുള്ള രാജ്യത്തിന്റെ പ്രതിച്ഛായ നാടകീയമായി മാറ്റിയെന്ന് ബച്ചൻ ചൂണ്ടിക്കാട്ടി. 'U19 ക്രിക്കറ്റിൽ ഇന്ത്യ, ലോക ചാമ്പ്യന്മാർ. കാഴ്ചയില്ലാത്തവരുടെയും, വനിതാ, പുരുഷ ക്രിക്കറ്റിലും എല്ലാം ലോക ചാമ്പ്യന്മാർ. ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ലോകത്തിൽ ഒന്നാമത്. ഞങ്ങൾ ഇനി മൂന്നാം ലോക രാജ്യമില്ല. ഞങ്ങൾ ഒരു ഒന്നാം ലോക രാജ്യമാണ്.' 'ഭാരത് മാതാ കി ജയ്!' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.