പൊച്ചഫ്ട്രൂം (ദക്ഷിണാഫ്രിക്ക): ഞായറാഴ്ച നടന്ന ഫൈനലില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് അണ്ടര്‍ 19 ലോകകപ്പ് കിരീടം ബംഗ്ലദേശ് സ്വന്തമാക്കിയിരുന്നു. മഴ നിയമപ്രകാരം 46 ഓവറില്‍ വിജയലക്ഷ്യം 170 റണ്‍സായി പുനര്‍നിശ്ചയിച്ച മത്സരത്തില്‍ 23 പന്തുകള്‍ ബാക്കി നില്‍ക്കെ ബംഗ്ലദേശ് വിജയലക്ഷ്യം മറികടന്നു. ആദ്യ ഫൈനലില്‍ തന്നെ കിരീടം നേടാനായത് ബംഗ്ലാദേശ് ടീമിന്റെ ശരിയായ തന്ത്രങ്ങളുടെയും കണക്കുകൂട്ടലുകളുടെയും തെളിവാണ്.

ഇന്ത്യയെ പോലെ തന്നെ ഇടയ്ക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ട സമയത്ത് ക്ഷമാപൂര്‍വം ബാറ്റുചെയ്യേണ്ടത് എങ്ങനെയെന്ന് ബംഗ്ലാദേശ് കാണിച്ചുതന്നു. പ്രതിസന്ധിഘട്ടത്തില്‍ അവര്‍ക്ക് തുണയായത് ക്യാപ്റ്റന്‍ അക്ബര്‍ അലിയുടെയും പരിക്കുവകവെക്കാതെ കളിച്ച ഓപ്പണര്‍ പര്‍വേസ് ഹൊസയ്ന്‍ ഇമോനിന്റെയും ഇന്നിങ്‌സുകളാണ്.

ആറാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ അക്ബര്‍ അലി പ്രതിസന്ധിഘട്ടത്തില്‍ ശരിക്കും ടീമിന്റെ നായകനാകുകയായിരുന്നു. ആറാം വിക്കറ്റ് നഷ്ടമായപ്പോള്‍ പരിക്ക് വകവെക്കാതെ ഇമോന്‍ വീണ്ടും ക്രീസിലെത്തി. അക്ബര്‍ അലിയും ഇമോനും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 41 റണ്‍സടിച്ച് ബംഗ്ലാദേശിനെ തിരിച്ചുകൊണ്ടുവന്നു. 79 പന്തില്‍ 47 റണ്‍സെടുത്ത ഇമോനെ ഒടുവില്‍ യശസ്വി ജയ്സ്വാള്‍ മടക്കിയെങ്കിലും അക്ബര്‍ പിടിച്ചുനിന്നു. ഈ സമയത്ത് സ്‌കോറിങ് വളരെ മെല്ലെയായിരുന്നു. 30-35 ഓവറില്‍ അടിച്ചത് എട്ടു റണ്‍സ് മാത്രം. ആ ക്ഷമയ്ക്ക് ഒടുവില്‍ ഫലമുണ്ടായി.

ബംഗ്ലാ താരങ്ങള്‍ വൃത്തികെട്ട രീതിയില്‍ പെരുമാറി; ഫൈനലിനു ശേഷം പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

പരിക്കിനോട് പൊരുതി ഓപ്പണര്‍ പര്‍വേസ് ഹൊസയ്ന്‍ ഇമോന്‍ നേടിയ 47 റണ്‍സും ബംഗ്ലാദേശ് ജയത്തില്‍ നിര്‍ണായകമായി. പേശിവലിവുമൂലം കളംവിട്ട ഇമോന്‍ പിന്നീട് തിരിച്ചെത്തി കാഴ്ചവെച്ച ഇന്നിങ്സാണ് തോല്‍വിയിലേക്ക് നീങ്ങിയ ടീമിനെ വിജയവഴിയില്‍ തിരിച്ചെത്തിച്ചത്. തിരിച്ചുവരവില്‍ ഏഴാം വിക്കറ്റില്‍ നായകന്‍ അക്ബര്‍ അലിക്കൊപ്പം നിര്‍ണായകമായ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നേരത്തേ ഓപ്പണിങ് വിക്കറ്റില്‍ തന്‍സിദ് ഹസനൊപ്പം 50 റണ്‍സിന്റെ കൂട്ടുകെട്ടിലും ഇടകൈയന്‍ ബാറ്റ്സ്മാന്‍ പങ്കാളിയായി. 13-ാം ഓവറിലാണ് പേശിവലിവുമൂലം കളംവിട്ടത്. 25 റണ്‍സാണ് അപ്പോള്‍ നേടിയിരുന്നത്. പിന്നീട് ഇമോന്‍ 24-ാം ഓവറില്‍ ആറാം വിക്കറ്റ് വീണപ്പോഴാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് 22 റണ്‍സ് കൂടി നേടി. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ പലപ്പോഴും മുടന്തുന്നതും കാണാമായിരുന്നു.

ഇന്ത്യന്‍ ഇന്നിങ്സിന് നേര്‍വിപരീതമായിരുന്നു ബംഗ്ലാദേശിന്റെ ചേസിങ്. പര്‍വേസ് ഹൊസൈന്‍ ഇമോനും തന്‍സീദ് ഹസ്സനും ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ട് തുടക്കത്തിലേ ആക്രമിച്ചു. കാര്‍ത്തിക് ത്യാഗി എറിഞ്ഞ ആദ്യ ഓവറില്‍ രണ്ടുബൗണ്ടറിയക്കം 13 റണ്‍സടിച്ചു. 8.5 ഓവറില്‍ 50 റണ്‍സടിച്ചാണ് ഓപ്പണര്‍മാര്‍ പിരിഞ്ഞത്. 

ജയിക്കാന്‍ 178 റണ്‍സ് മാത്രം വേണ്ടിയിരുന്ന ബംഗ്ലാദേശ് ഇതോടെ ജയം ഉറപ്പിക്കേണ്ടതായിരുന്നു. എന്നാല്‍, ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയ് കളിയെ നാടകീയമായി തിരിച്ചു. തന്റെ ആദ്യ ഓവറില്‍ തന്‍സീദിനെയും (17) തുടര്‍ന്ന് മഹമുദുള്‍ ഹസന്‍ (8), തൗഹീദ് ഹൃദോയ് (0), ഷഹദത്ത് ഹൊസൈന്‍ (1) എന്നിവരെയും മടക്കിയ രവി, ബംഗ്ലാദേശിനെ 17 ഓവറില്‍ നാലിന് 66 എന്നനിലയിലാക്കി. ഇതിനിടെ ഓപ്പണര്‍ ഇമോന്‍ പരിക്കേറ്റ് ഗ്രൗണ്ട് വിടുകയും ചെയ്തതോടെ ബംഗ്ലാദേശ് പ്രതിസന്ധിയിലായി. 

എന്നാല്‍ കൃത്യമായ ഗെയിംപ്ലാന്‍ നടപ്പാക്കിയ ബംഗ്ലാദേശ് താരങ്ങള്‍ പിടിച്ചു നിന്നാല്‍ റണ്‍സ് താനെ വന്നുകൊള്ളുമെന്ന പ്രാഥമിക പാഠം ഉള്‍ക്കൊണ്ട് കളിച്ചു.

Content Highlights: Bangladesh beat India to win their maiden Under-19 World Cup