ഹരിയാനയിലെ ജജ്ജാറിൽ നിന്ന് ഭിവാനിയിലേക്ക് എന്നും പുലർച്ചെ ഒരച്ഛനും 13-കാരിയായ മകളും രണ്ട് സഹോദരങ്ങളും ട്രെയ്ൻ കയറും. ഭിവാനിയിലെ ഷൂട്ടിങ് അക്കാദമി ലക്ഷ്യമാക്കിയാണ് ഈ യാത്ര. ആ സമയത്ത് അമ്മ പാടത്ത് പണിയെടുക്കാൻ പോയിട്ടുണ്ടാകും. ഹവിൽദാറായ അച്ഛൻ മകളുടെ സ്വപ്‌നത്തിന് പിന്നാലെ ഓടുമ്പോൾ അഞ്ചംഗ കുടുംബത്തിന്റെ ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിലാകും അമ്മ. അന്നത്തെ ആ പതിമൂന്നുകാരി ഏഴ് വർഷങ്ങൾക്കിപ്പുറം ജപ്പാനിലെ നഗോയയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ അവൾ സ്വർണത്തിൽ ലക്ഷ്യം കണ്ടപ്പോൾ ഇന്ദർ സിങ്ങ് എന്ന അച്ഛനും സുദേശ് എന്ന അമ്മയുമാകും ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുണ്ടാകുക.

To advertise here,

പേരിനോടൊപ്പം തന്നെ ഫൊഗാട്ട് എന്നുള്ള സുരുചി സിങ് ഫൊഗാട്ട് ഹരിയാണയിലെ ഗുസ്തി പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നാണ് എല്ലാവരും കരുതിയത്. ജജ്ജാർ ജില്ലയിലെ സസ്രോലി എന്ന ഗ്രാമത്തിൽ ജനിച്ച അവൾ 11-ാം വയസിൽ തന്നെ ഗുസ്തി പഠിക്കാൻ അഖാഡയിലെത്തിയിരുന്നു. അച്ഛന്റെ ബന്ധുവായ വീരേന്ദർ സിങ്ങായിരുന്നു അവളുടെ പ്രചോദനം. 2005 മെൽബണിൽ നടന്ന 'ബധിര ഒളിമ്പിക്‌സി'ൽ സ്വർണം നേടിയത് വീരേന്ദറായിരുന്നു. തൊട്ടടുത്ത വർഷം ഏപ്രിലിലാണ് സുരുചി ജനിക്കുന്നത്. ഇതോടെ അവളുടെ എല്ലാ വഴികളും അഖാഡയിലേക്കുള്ളത് തന്നെയായിരുന്നു.

എന്നാൽ തോളെല്ലിനേറ്റ പരിക്ക് അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഒരു വർഷത്തോളും അവൾക്ക് തോളിൽ ഫ്രാക്ച്ചറുമായി കിടക്കേണ്ടി വന്നു. ഇതോടെ മകളെ ഇനി അഖാഡയിലേക്ക് പറഞ്ഞയക്കില്ലെന്ന് അച്ഛൻ തീരുമാനിച്ചു. അതിന് പകരം അവൾ തോക്കെടുത്തു. പിന്നീടിങ്ങോട്ട് നടന്നതെല്ലാം ചരിത്രമാണ്.

ഇന്ത്യയ്ക്ക് ഒളിമ്പിക് സ്വർണം സമ്മാനിച്ച മനു ഭാക്കറിന്റെ നാടായ ഗോറിയയിൽ നിന്ന് അര മണിക്കൂർ യാത്ര ചെയ്താൽ സുരുചിയുടെ നാട്ടിലെത്തും. എന്നാൽ ഇരുവർക്കും പരസ്പരം അറിയുമായിരുന്നില്ല. ഒരേ ഇനത്തിൽ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറുമെന്ന് ഇരുവരും കരുതിയിരുന്നുമില്ല. അന്ന് ഭിവാനിയിൽ തന്നെ ആർക്കും അറിയില്ലായിരുന്നുവെന്ന് സുരുചി തന്നെ പറഞ്ഞിട്ടുണ്ട്. 'അന്ന് എനിക്ക് ഒരു ഇന്ത്യൻ ജെഴ്‌സി പോലും ഉണ്ടായിരുന്നില്ല. ആർക്കും എന്നെ അറിയില്ലായിരുന്നു. ഇപ്പോൾ ഈ ജെഴ്‌സി എനിക്ക് ഏറ്റവും വിലപ്പെട്ടതാണ്. കാരണം എന്റെ ഞാൻ കടന്നുവന്ന ജീവിതം തന്നെയാണ് ഈ ജെഴ്‌സി.'-സുരുചി ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.

ഭിവാനിയിലെ ഗുരു ദ്രോണാചാര്യ ഷൂട്ടിങ് അക്കാദമിയിൽ സുരേഷ് സിങ്ങിന് കീഴിലായിരുന്നു സുരുചി പരിശീലനം തുടങ്ങിയത്. ദിവസേനെ 100 കിലോമീറ്ററോളമുള്ള ട്രെയ്ൻ യാത്രയ്ക്ക് മകൾക്ക് കൂട്ടായി ഇന്ദർ സൈന്യത്തിൽ നിന്ന് വിരമിച്ചു. അമ്മ പാടത്ത് ജോലിക്ക് പോകാൻ തുടങ്ങിയതോടെ സഹോദരങ്ങളേയും അവർക്ക് ട്രെയ്ൻ യാത്രയിൽ കൂടെ കൂട്ടേണ്ടി വന്നു. പതുക്കെ സഹോദരങ്ങളും ഷൂട്ടിങ് പരിശീലനം തുടങ്ങി.

എന്നാൽ കോവിഡ് വന്നതോടെ എല്ലാം അടച്ചുപൂട്ടേണ്ടി വന്നു. ട്രെയിൻ യാത്രയും അക്കാദമിയിലെ പരിശീലനവുമെല്ലാം മുടങ്ങി. ഇതോടെ സുരുചിയുടെ പിസ്റ്റളിലെ ഗ്രിപ്പ് നഷ്ടപ്പെടാൻ തുടങ്ങി, ശ്വാസം നിയന്ത്രിക്കാൻ പറ്റാതെയായി, ഏകാഗ്രത പോയിത്തുടങ്ങി. എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയായിരുന്നു അത്. ആ സമയത്ത് വീടിന് തൊട്ടടുത്തുള്ള മുൻ സൈനികൻ അനിൽ ജാഗർ സുരുചിയുടെ രക്ഷകനായത്. അദ്ദേഹത്തിന്റെ അക്കാദമിയായിരുന്നു അവളുടെ രക്ഷ. ഇതിനിടയിൽ ലോക്ക്ഡൗൺ മാറിയതോടെ അവൾ വീണ്ടും ഭിവാനിയിലേക്കുള്ള യാത്ര തുടർന്നു.

എന്നാൽ പലപ്പോഴും അവൾ മത്സരങ്ങളിൽ പരാജയപ്പെട്ടു. മണിക്കൂറുകളോളം നീണ്ട പരിശീനം അവൾ 75 മിനിറ്റുള്ള ഒരു മത്സരത്തിലേക്ക് ഒതുക്കാൻ കഴിയുമായിരുന്നില്ല. ഇതോടെ അവളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാതെ തുടർച്ചയായി രണ്ട് മാസത്തോളം സുരേഷ് പരിശീലനം നൽകി. പതുക്കെ ആഴ്ച്ചയിൽ ഒരു മത്സരം എന്ന രീതിയിൽ അവൾ മാനേജ് ചെയ്യാൻ പഠിച്ചെടുത്തു.

ഒരിക്കൽ പരിശീലനത്തിനിടയിൽ സുരുചി ഗുരുവിനോട് ദേഷ്യപ്പെട്ട് സംസാരിക്കുക വരേയുണ്ടായി. തന്റെ സമയം വെറുതെ നഷ്ടപ്പെടുത്തുന്നു എന്നായിരുന്നു അവളുടെ പരാതി. എന്നാൽ സുരേഷിന്റെ പരിശീലനത്തിൽ അവളുടെ ഷോട്ടുകളുടെ വേഗത കൂടി. ഒരു ഘട്ടത്തിൽ 60 ഷോട്ടുകളുള്ള യോഗ്യതാ മത്സരം അവൾ 30 മിനിറ്റിനുള്ളിൽ അവസാനിപ്പിച്ചു. പലപ്പോഴും അവളുടെ വേഗത മറ്റ് ഷൂട്ടർമാരും ശ്രദ്ധിക്കാൻ തുടങ്ങി. ഭോപാലിൽ നടന്ന സെലക്ഷൻ ട്രയലിൽ 15 സെക്കന്റ് മുമ്പെ അവളുടെ ഷോട്ടുകൾ അവസാനിച്ചു. ഒരിക്കൽ മോശം പ്രകടനം തെറ്റിയ സുരുചിയോടെ വേഗത കുറയ്ക്കാൻപോലും ദേശീയ ടീം പരിശീലകൻ സമരേശ് ജംഗ് ആവശ്യപ്പെട്ടു. എന്നാൽ വേഗത കുറഞ്ഞാൽ തന്റെ പ്രകടനവും മോശമാകുമെന്ന് സുരുചിക്ക് നന്നായി അറിയാമായിരുന്നു.

'ആളുകൾ എല്ലാവരും കരുതുന്നത് ഷൂട്ടിങ് വളരെ എളുപ്പമാണ് എന്നാണ്. എന്നാൽ അതിനുള്ളിൽ നടക്കുന്നതിനെ കുറിച്ച് അവർക്ക് ധാരണയില്ല. നമ്മുടെ ചിന്തകളെ നിയന്ത്രിക്കണം, ശ്വാസം ക്രമീകരിക്കണം, ഏകാഗ്രത വേണം. അതെല്ലാം വലിയ വെല്ലുവിളികളാണ്.'-സുരുചി ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞു.

മത്സരങ്ങളും പരിശീലനങ്ങളുമില്ലാത്ത സമയത്ത് അമ്മയെ സഹായിക്കലാണ് സുരുചിയുടെ പ്രധാന ജോലി. വീട്ടിലുള്ള പശുവിനെ കറയ്ക്കും. ഗോതമ്പ് പാടങ്ങളിൽ അവളും ജോലിക്ക് പോകും. എന്നാൽ 2024-ൽ ഗോതമ്പിന് പകരം അവൾ വിളവെടുത്തത് സ്വർണമാണ്. ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലായിരുന്നു ആദ്യ നേട്ടം. പിന്നാലെ തൊട്ടടുത്ത വർഷം ദേശീയ ഗെയിംസിൽ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ പലക് ഗുലിയയെ തോൽപ്പിച്ച് അവൾ സ്വർണം സ്വന്തമാക്കി. ഫൈനലിൽ 16 ഷോട്ടുകൾക്ക് ശേഷം ഇരുവരും ഒപ്പത്തിനൊപ്പമായിപുന്നു. അവസാന ഷോട്ടുകളിൽ 10.7 ഉം 10.8ഉം പോയിന്റ് നേടി സുരുചി സ്വർണം നേടി. സമ്മർദ്ദങ്ങളിൽ താൻ കൂടുതൽ കൃത്യതയോടെ ഷൂട്ട് ചെയ്യുമെന്ന് അവൾ തെളിയിച്ചു. അതേ വർഷം ബ്യൂണസ് ഐറീസിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിൽ സ്വർണം നേടി. ദിവസങ്ങൾക്കുള്ളിൽ ലിമയിൽ നടന്ന മത്സരത്തിലും സ്വർണം കഴുത്തിലണിഞ്ഞു. ഇത്തവണ രണ്ട് തവണ ഒളിമ്പിക് മെഡലിസ്റ്റായ മനു ഭാക്കറാണ് സുരുചിക്ക് മുന്നിൽ വഴിമാറിയത്. പിന്നാലെ മ്യൂണിച്ച് ലോകകപ്പിലും അവളെ വെല്ലാൻ ആളുണ്ടായിരുന്നില്ല. ഇപ്പോഴിതാ അഞ്ച് ലോകകപ്പ് സ്വർണവും ഒരു ലോകകപ്പ് ഫൈനൽ ടൈറ്റിലും ജൂനിയർ ലോക റെക്കോർഡുമായി ഏഷ്യൻ ഗെയിംസിനെത്തിയ സുരുചിക്ക് അവിടേയും പിഴച്ചില്ല. സ്വർണത്തിലേക്ക് തന്നെ ലക്ഷ്യം കണ്ടു.