നീണ്ട വർഷങ്ങളോളം കാലിൽ കെട്ടിയ ബൂട്ടും വിയർപ്പിൽ ശരീരത്തിൽ ഒട്ടിക്കിടന്ന ജെഴ്‌സിയും എന്നെന്നേക്കുമായി അഴിക്കുമ്പോൾ ഏതൊരു ഫുട്‌ബോൾ കളിക്കാരനും അർഹിച്ചൊരു യാത്രയയപ്പ് പ്രതീക്ഷിക്കും. ഒരിക്കൽകൂടി അവസാനമായി സഹതാരങ്ങൾക്കൊപ്പം ഗ്രൗണ്ടിലിറങ്ങി, ഗാലറികളിലെ ആർപ്പുവിളികൾക്ക് കാതോർത്ത് ഇനി ഇങ്ങോട്ടൊരു തിരിച്ചുവരവില്ലെന്ന് മനസിനെ പറഞ്ഞുമനസിലാക്കി പന്ത് തട്ടുന്ന നിമിഷങ്ങൾ. കേരളത്തിലെ ചെറിയ ലീഗുകളിൽ മുതൽ അന്താരാഷ്ട്ര ഫുട്‌ബോളിലെ രാജകീയ സ്‌റ്റേഡിയങ്ങളിൽ വരെ അതൊരു കീഴ്‌വഴക്കമാണ്. എന്നാൽ ഫുട്‌ബോൾ ചരിത്രത്തിലെ ഇതിഹാസങ്ങളിൽ ഒരാളായി 23 വർഷത്തോളം സ്വന്തം രാജ്യത്തിന്റെ ജെഴ്‌സിയിൽ വിലസിയിട്ടും ക്രിസ്റ്റിയാനോ റൊണാൾഡോയെന്ന താരം അങ്ങനെയൊരു യാത്രയയപ്പില്ലാതെ മടങ്ങുകയാണ്. സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും ലക്ഷക്കണക്കിന് ആരാധകരേയും സാക്ഷിയാക്കി പോർച്ചുഗൽ ജെഴ്‌സിയിൽ അവസാന മത്സരം കളിക്കാനുള്ള യോഗം സിആർ7-ന് ഇല്ലാതെ പോയിരിക്കുന്നു. അതിനെ വിധി എന്ന് മാത്രം എഴുതിത്തള്ളാനാകില്ല. പലപ്പോഴും ഒരു ടീമായി കളിക്കുമ്പോഴുള്ള അച്ചടക്കം റോണോയെന്ന വികൃതിപ്പയ്യന് നഷ്ടമായതിന്റെ ഫലം!. ക്ലാസിലെ മിടുക്കൻ കുട്ടിയായിട്ടും അവസാന ബെഞ്ചിലിരുന്ന് കുസൃതിയൊപ്പിക്കുന്ന ഒരു ഏഴ് വയസുകാരനെപ്പോലെയായി മാറിയതിന്റെ അനന്തരഫലം!

To advertise here,

ക്രിസ്റ്റിയാനോ റൊണാൾഡോയും ടീമും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. നാഷൻസ് ലീഗിൽ പരിശീലൻ യൊർഗെ ജെസ്യൂസുമായുള്ള തർക്കത്തെ തുടർന്ന് ടീം ക്യാമ്പ് വിട്ടത് പഴയതിന്റെ തുടർച്ച മാത്രമാണ്. ഒരിടത്തും പതറാത്ത പോരട്ടവീര്യം ക്രിസ്റ്റ്യാനോയ്ക്ക് ഒരുപോലെ ഗുണവും ദോഷവും ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ് ഈ സംഭവങ്ങളെല്ലാം. സ്‌പെയ്‌നാണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡാണെങ്കിലും പലപ്പോഴും ടീംഅച്ചടക്കത്തിന്റെ അതിർവരമ്പുകൾ ക്രിസ്റ്റിയാനോ ഭേദിക്കുന്നത് പല തവണ ആരാധകർ കണ്ടു.

2022-ലെ ഖത്തർ ലോകകപ്പിൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസുമായിട്ടായിരുന്നു സിആർ7-ന്റെ പിണക്കം. അന്ന് സ്വിറ്റ്‌സർലൻഡുമായുള്ള പ്രീ ക്വാർട്ടറിൽ സാന്റോസ് റൊണാൾഡോയെ ബെഞ്ചിലിരുത്തിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പകരം കളത്തിലിറങ്ങിയ ഗോൺസാലോ റാമോസിന്റെ ഹാട്രിക്കിൽ പോർച്ചുഗൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് വിജയിച്ചു. ടീം ക്യാമ്പ് വിടുമെന്ന് അന്ന് അദ്ദേഹം ഭീഷണി മുഴക്കി. പിന്നീട് ഫെഡറേഷന് ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

ക്ലബ്ബ് ഫുട്‌ബോളിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻഹാഗുമായും അസ്വാരസ്യങ്ങളുണ്ടായി. യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിലായിരുന്നു അത്. ടോട്ടനത്തിനെതിരായ മത്സരത്തിൽ 89-ാം മിനിറ്റിൽ ക്രിസ്റ്റിയാനോയോട് കളത്തിലിറങ്ങാൻ ടെൻഹാഗ് ആവശ്യപ്പെട്ടു. ആ സമയത്ത് യുണൈറ്റഡ് 2-0ത്തിന് വിജയിച്ചുനിൽക്കുകയായിരുന്നു. ഇത്ര വൈകി തന്നെ ഇറക്കുന്നത് ചോദ്യംചെയത് ക്രിസ്റ്റിയാനോ പകരക്കാരുടെ ബെഞ്ചിൽ നിന്നിറങ്ങി ടണലിലൂടെ പുറത്തേക്ക് പോയി. ഇതോടെ റൊണാൾഡോയെ അച്ചടക്കം പഠിപ്പിക്കാൻതന്നെ ടെൻഹാഗ് തീരുമാനിച്ചു. ചെൽസിക്കെതിരായ മത്സരത്തിൽ ടീമിലുൾപ്പെടുത്തിയില്ല. കൂടാതെ ടീമംഗങ്ങൾക്കൊപ്പമല്ലാതെ പരിശീലനത്തിനും ഇറക്കി. ഇതിന് പിന്നാലെയാണ് റൊണാൾഡോ പിയേഴ്‌സ് മോർഗന് അഭിമുഖം നൽകിയത്. ഇതിൽ യുണൈറ്റഡ് മുതലാളിമാർക്കെതിരേയും ടെൻഹാഗിനെതിരേയും താരം തുറന്നടിച്ചു. ഇതോടെ യുണൈറ്റഡുമായുള്ള കരാറും അവസാനിപ്പിച്ചു.

ഇതിന്റെ തുടർച്ചയാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് കോപ്പൻഹേഗനിലെ പരിശീലന ക്യാമ്പിൽ സംഭവിച്ചത്. നേഷൻസ് ലീഗിൽ നോർവേയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോ പകരക്കാരുടെ ബെഞ്ചിലായിരുന്നു. വാംഅപ്പ് ചെയ്യാൻ പരിശീലകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് സൈഡ്‌ലൈനിന് പുറത്ത് ഓടിയെങ്കിലും ഗ്രൗണ്ടിലിറക്കിയില്ല. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. പിന്നാല വാർത്താസമ്മേളനത്തിൽ ആരെ കളിപ്പിക്കണമെന്ന് താനാണ് തീരുമാനിക്കുന്നതെന്ന് പരിശീലകൻ വ്യക്തമാക്കി. ഡെന്മാർക്കിനെതിരായ അടുത്ത മത്സരത്തിൽ റൊണാൾഡോ ടീമിലുണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നൽകി. ഇത് റൊണാൾഡോയ്ക്കുണ്ടാക്കിയ അപമാനം ചെറുതല്ല. ടീം ക്യാമ്പ് വിടാൻ മറ്റ് കാരണങ്ങളൊന്നും വേണ്ടി വന്നില്ല. ഇരുവരും തമ്മിലുള്ള തർക്കത്തിൽ ഫെഡറേഷൻ ഇടപെട്ടെങ്കിലും തീരുമാനങ്ങളിൽ മാറ്റമൊന്നുമുണ്ടായില്ല.

കുറച്ച് ദിവസങ്ങൾക്കുശേഷം ഇൻസ്റ്റഗ്രാമിൽ റൊണാൾഡോയുടെ ഒരു നീണ്ട കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ആരാധകരോടും സഹതാരങ്ങളോടും മാപ്പ് പറഞ്ഞുള്ളതായിരുന്നു ആ കുറിപ്പ്. രണ്ടാഴ്ച്ചക്ക് ശേഷം റൊണാൾഡോയ്‌ക്കെതിരെ ഫെഡറേഷൻ നടപടി സ്വീകരിച്ചു. 285 യുഎസ് ഡോളർ പിഴയും 30 ദിവസം വിലക്കും. ഇതോടെ ഈ 30 ദിവസത്തിനുശേഷം ക്രിസ്റ്റിയാനോ ഗ്രൗണ്ടിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ അമ്പരപ്പിച്ചാണ് ഈ അപ്രതീക്ഷിത വിരമിക്കൽ വീഡിയോ പുറത്തുവന്നത്. ഇതോടെ സെപ്റ്റംബർ 24-ന് നാഷൻസ് ലീഗിൽ വെയ്ൽസിനെതിരെ കളത്തിലറങ്ങിയതായി ക്രിസ്റ്റ്യാനോയുടെ പോർച്ചുഗൽ ജെഴ്‌സിയിലെ അവസാന മത്സരം. അതല്ലെങ്കിൽ നോർവേയ്‌ക്കെതിരായ ആ വാംഅപ്പ്. ഓരോ ഗോൾനേട്ടവും ആദ്യത്തെ ഗോൾ പോലെയുള്ള ആ 'Siuuu' ആഘോഷം മാത്രം പശ്ചാത്തലത്തിൽ അവശേഷിക്കുന്നു.