വാഷിംഗ്‌ടൺ: നവംബറിൽ നടക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭരണം നിലനിർത്തിയാൽ ഓരോ മുതിർന്ന അമേരിക്കൻ പൗരനും 5,000 ഡോളർ (ഏകദേശം 4.75 ലക്ഷം രൂപ) വീതം നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ മിഡ്‌ടേം കൺവെൻഷനിൽ സംസാരിക്കവെയാണ് ട്രംപിൻ്റെ പ്രഖ്യാപനം.

To advertise here,

പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ ഒരു ട്രില്യൺ ഡോളറിലധികം തുക എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന്, രാജ്യം അതിനുള്ള പണം സമ്പാദിക്കുന്നുണ്ടെന്നാണ് ട്രംപ് നൽകിയ മറുപടി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ താൻതന്നെയാണ് സ്ഥാനാർഥിയെന്ന് കരുതി എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അണികളോട് അഭ്യർഥിച്ചു. 

യു.എസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അവർക്ക് പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള യുദ്ധംകാരണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിൽ വന്നശേഷം നടപ്പിലാക്കിയ നികുതി വെട്ടിക്കുറയ്ക്കൽ, അതിർത്തി സുരക്ഷ ശക്തമാക്കൽ, മരുന്നുകളുടെ വിലക്കുറവ് എന്നിവയാണ് ട്രംപ് പ്രധാന നേട്ടങ്ങളായി ഉയർത്തിക്കാട്ടിയത്. ഡെമോക്രാറ്റുകൾ ജയിച്ചാൽ യുഎസ് കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ട്രംപ് പറഞ്ഞു. സ്വന്തം പാർട്ടി നിലപാടുകളോട് വിയോജിപ്പുള്ള ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാന്റെ വീഡിയോ സന്ദേശവും പരിപാടിയിൽ പ്രദർശിപ്പിച്ചു.

അതേസമയം, അമേരിക്കയിൽ വിലക്കയറ്റം ഉയരുന്നതും ഇറാനുമായി തുടരുന്ന യുദ്ധവും വോട്ടർമാർക്കിടയിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ട്രംപിന്റെ ജനപ്രീതി നിരക്ക് 30 ശതമാനത്തിലേക്ക് താഴ്ന്നെന്നും ഫലങ്ങൾ പറയുന്നു. ഹൗസിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനഫലങ്ങൾ.