അമ്പത് വർഷത്തിനിപ്പുറവും ആ പോസ്റ്റ് കാർഡിലെ വാചകങ്ങളോരോന്നും ഓർമ്മയിലുണ്ട്; കുത്തും കോമയും സഹിതം.

To advertise here,

"സുഹൃത്തേ, ലേഖനം കിട്ടി. അടുത്ത ലക്കത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. സഹകരണം പ്രതീക്ഷിക്കുന്നു..... വിധേയൻ.''

പിന്നെ ഇംഗ്ലീഷിലുള്ള കയ്യൊപ്പും. തിടുക്കത്തിലിട്ട ഒരൊപ്പ്.

ഒരു വൈകുന്നേരം സ്‌കൂൾ വിട്ടു വന്ന് ചായ കുടിക്കാനിരിക്കുമ്പോൾ അമ്മയാണ് അന്ന് പോസ്റ്റുമാൻ കൊണ്ടുതന്ന കാർഡിന്റെ കാര്യം പറഞ്ഞത്. "ആരാ ഈ വിധേയൻ? നെന്‍റെ ഫ്രണ്ടാ?'', അമ്മ ചോദിച്ചു. ഒന്നും പിടികിട്ടിയില്ല. വിധേയനോ? അതാരപ്പാ? "ഏതോ ലേഖനത്തിന്റെ കാര്യൊക്കെ എഴുതിക്കണ്ടു. എനിക്കൊന്നും മനസ്സിലായില്യ..'' എന്ന് അമ്മ.

കാർഡ് വായിച്ചപ്പോൾ അത്ഭുതം. കണ്ണൂരിലെ "ഫുട്ബോൾ ഫ്രണ്ട്'' മാസികയിൽ നിന്നുള്ള കത്താണ്. ഒരാഴ്ച മുൻപ് രഹസ്യമായി അവർക്കൊരു ലേഖനം എഴുതി അയച്ചുകൊടുത്തിരുന്നു; കെൻ നോർട്ടനെ തോൽപ്പിച്ച് ലോക ഹെവി വെയ്റ്റ് ബോക്സിംഗ് കിരീടം നിലനിർത്തിയ മുഹമ്മദ് അലിയെ കുറിച്ച്. വലിയൊരു സാഹസമായിരുന്നു അന്നത്തെ പതിനാലുകാരന് ആ എഴുത്തുപരീക്ഷണം. ആദ്യം അച്ഛന്റെ മേശയിൽ നിന്ന് ഒരു "ലക്കോട്ട്'' മോഷ്ടിച്ചു. അന്ന് 25 പൈസയാണെന്നു തോന്നുന്നു പോസ്റ്റ് കവറിന്റെ മൂല്യം. പിന്നെ, അരപ്പായ കടലാസ്സിൽ ലേഖനമെഴുതി കവറിലിട്ട് ഭദ്രമായി ഒട്ടിച്ച് പോസ്‌റ്റോഫീസിലെ തപാൽപ്പെട്ടിയിൽ നിക്ഷേപിച്ചു.

വെറുതെ ഒരു രസം. പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയൊന്നുമില്ല. മറുപടി കിട്ടുമെന്നും. ഒമ്പതാം ക്ലാസുകാരന്റെ രചന ആര് ഗൗരവത്തിലെടുക്കാൻ?

പക്ഷേ ആ ധാരണ തെറ്റായിരുന്നു. കഷ്ടിച്ച് ഏഴു ദിവസമേ വേണ്ടിവന്നുള്ളൂ മറുപടി വരാൻ, "വിധേയ''ന്റെ കയ്യൊപ്പോടെ. ഞെട്ടാതിരിക്കുന്നതെങ്ങനെ? അടുത്ത ഒരാഴ്ച്ചക്കിടെ അഞ്ഞൂറ് വട്ടമെങ്കിലും വായിച്ചിരിക്കും ആ എഴുത്ത്. കത്തിനടിയിലെ ഒപ്പ് എൻ ടി കരുണൻ എന്ന പത്രാധിപരുടേതാണ് എന്നറിയാൻ അധികസമയം വേണ്ടിവന്നില്ല. കണ്ണൂർ സൃഷ്ടിച്ച ഒന്നാം തരം ഫുട്ബാളർമാരിൽ ഒരാൾ. സ്പിരിറ്റഡ് യൂത്ത്സിന്റെയും കൊൽക്കത്ത മുഹമ്മദൻസിന്റെയും പഴയ മിഡ്‌ഫീൽഡർ. മലബാർ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആദ്യ ഭാരവാഹികളിൽ ഒരാൾ. 1960 കളുടെ ഒടുവിൽ പ്രസിദ്ധീകരണം തുടങ്ങിയ മലയാളത്തിലെ ഒരേയൊരു സ്പോർട്സ് മാസികയായ ഫുട്ബാൾ ഫ്രൻഡിന്റെ പത്രാധിപർ.

അടുത്ത ലക്കം മാസികയിൽ കവർ സ്റ്റോറിയായി വന്ന എന്റെ ആദ്യ സ്പോർട്ട്സ് ലേഖനത്തിന്റെ തലക്കെട്ട് ഓർമ്മയുണ്ട്: "അലി - റിംഗിലെ അത്ഭുത പ്രതിഭാസം.'' പേരിനൊപ്പം പാവം നാടിനെയും കൂട്ടിക്കെട്ടുന്ന ഏർപ്പാട് അന്നൊരു കുളൂസായതിലാവണം, "രവീന്ദ്രനാഥ് ചുണ്ടേൽ'' എന്നായിരുന്നു ബൈലൈൻ. എഴുതാനുള്ള കോപ്പ് എവിടെ നിന്ന് സംഘടിപ്പിച്ചു എന്നോർമ്മയില്ല. വീട്ടിൽ വരുത്തിയിരുന്ന മാതൃഭൂമി പത്രത്തിലും ഇന്ത്യൻ എക്സ്പ്രസ്സിന്റെ സൺഡേ സ്റ്റാൻഡേർഡിലും അലിയെ പറ്റി വന്ന ലേഖനങ്ങൾ വായിച്ച് ആവേശം മൂത്ത് എഴുതിയതാവണം. എന്തായാലും ലേഖനം അച്ചടിച്ചു വന്നതിന്റെ ത്രിൽ ഒന്നു വേറെയായിരുന്നു. മുഷ്‌താഖ്‌, വിംസി, അബു, കെ കോയ, ബാബു മേത്തർ, എ എൻ മോഹൻദാസ് തുടങ്ങി കളിയെഴുത്തിലെ അന്നത്തെ വീരാഗ്ര കേസരികൾ എഴുതുന്ന ഒരു പ്രസിദ്ധീകരണത്തിൽ നമ്മുടെ ലേഖനവും അടിച്ചുവരിക. വയനാട്ടുകാരനായ സ്‌കൂൾ വിദ്യാർത്ഥിയെ സംബന്ധിച്ച് ചില്ലറക്കാര്യമല്ലല്ലോ അത്!

ഓർക്കുമ്പോൾ അത്ഭുതം. 1976 ലായിരുന്നു അത്. കളിയെഴുത്തു ജീവിതം കിക്കോഫ് ചെയ്യപ്പെട്ടിട്ട് വർഷം അൻപതായി എന്നർത്ഥം. ഇടക്കെപ്പോഴോ പാട്ടിന്റേയും പാട്ടുകാരുടെയും പിന്നാലെ പോയെങ്കിലും സ്പോർട്സ് ലേഖകന്റെ ജേഴ്‌സി പൂർണ്ണമായും അഴിച്ചു മാറ്റി എന്ന് പറഞ്ഞുകൂടാ. ഇടക്കൊക്കെ കളിയെഴുത്തുമുണ്ട്. ഓർമ്മകളുടെ മൈതാനത്താണ് കളി എന്നുമാത്രം.

"ഫുട്ബാൾ ഫ്രൻഡി''ൽ പിന്നെയും വന്നു ലേഖനങ്ങൾ. ഡെന്നിസ് ലിലി, ജെഫ് തോംസൺ, ബിഷൻ സിംഗ് ബേദി, ഇന്ദർ സിംഗ്, ദിനോ സോഫ്, പൗലോ റോസി, യോഹാൻ ക്രൈഫ്... അങ്ങനെ പലരെക്കുറിച്ചും. ഒരു ലേഖനവും ചവറ്റുകുട്ടയിൽ തള്ളിയില്ല കരുണേട്ടൻ എന്ന പത്രാധിപർ. ആദ്യമായി സ്വന്തം പടത്തോടൊപ്പം ഒരു ലേഖനം അടിച്ചുവന്നതും ഫുട്ബാൾ ഫ്രണ്ടിലാണ് -- വാർഷികപ്പതിപ്പിൽ. ഇരുത്തം വന്ന താടിമീശക്കാർക്കിടയിൽ അനാഗതശ്‌മശ്രുവായ പയ്യൻ അന്തംവിട്ടു കണ്ണുമിഴിച്ചിരിക്കുന്ന ചിത്രം കൂട്ടുകാർക്കൊരു കോമഡിയായിരുന്നു. പ്രസിദ്ധീകരിച്ചുവന്ന ലേഖനങ്ങൾ ക്ലാസിലെ മറ്റു വിദ്യാർത്ഥികൾക്ക് വേണ്ടി പതിവായി എന്നെക്കൊണ്ട് ഉറക്കെ വായിപ്പിച്ചിരുന്ന ക്ലാസ് ടീച്ചർ സിസ്റ്റർ കൊളംബോ മാത്രം ഒരിക്കൽ പറഞ്ഞു: "വ്യാകരണശുദ്ധിയോടെ മലയാളം എഴുതുന്ന ഇയാൾക്ക് എന്തേ മലയാളത്തിൽ മാത്രം മാർക്ക് കുറവ്?'', എത്ര ചിന്തിച്ചിട്ടും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.

വിധേയന്റെ ഒപ്പോടു കൂടിയ കാർഡുകൾ പിന്നെയും പത്തുവർഷം കൂടി എന്നെ തേടിവന്നു. ജേർണലിസം പാസായി കേരള കൗമുദിയിൽ പത്രപ്രവർത്തകനായി ചേർന്നതോടെ ലേഖനം അയക്കുന്നത് മുടങ്ങി. വാർഷികപ്പതിപ്പിൽ മാത്രമായി എന്റെ സാന്നിധ്യം. പരിഭവമൊന്നും കൂടാതെ ലേഖനം ആവശ്യപ്പെട്ട് കത്തയച്ചുകൊണ്ടിരുന്നു എൻ ടി കരുണൻ. മാസികയുടെ ഉടമയും മാനേജരുമൊക്കെയായ കെ കുഞ്ഞിരാമന്റെ ഉത്സാഹത്തിൽ 1978 മുതൽ സമാന്തരമായി നടത്തിവന്നിരുന്ന ഫുട്ബാൾ ഫ്രൻഡ് സൗജന്യ കോച്ചിംഗ് ക്യാമ്പ് അതിനകം അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ വരെ ശ്രദ്ധയാകർഷിച്ചു തുടങ്ങിയിരുന്നു. സ്പോർട്സ് സ്റ്റാർ, സ്പോർട്സ് വീക്ക്, സ്പോർട്സ് വേൾഡ് തുടങ്ങിയ മുന്തിയ ഇംഗ്ലീഷ് കായികവാരികകൾക്കിടക്ക് ഒരു കൊച്ചു മലയാളം മാസികയ്ക്ക് പിടിച്ചുനിൽകുക ദുഷ്കരമായതോടെ ഫുട്ബാൾ ഫ്രൻഡിന്റെ പ്രസിദ്ധീകരണം വലിയൊരു വെല്ലുവിളിയായി മാറി കരുണൻ - കുഞ്ഞിരാമൻ സഖ്യത്തിന്. മാതൃഭൂമിയുടെ സ്പോർട്സ് മാസിക കൂടി രംഗത്തെത്തിയതോടെ ആ പതനം പൂർണ്ണമാകുകയും ചെയ്തു.

ആൾക്കൂട്ടത്തിൽ നിന്ന് എന്നും ഒളിച്ചുമാറിനിന്നിരുന്ന അന്തർമുഖനായ സ്‌കൂൾ കുട്ടിയെ കളിയെഴുത്തുകാരനാക്കിയ പത്രാധിപരെ ജീവിതത്തിലാദ്യമായി നേരിൽ കണ്ടത് 1980 കളുടെ അവസാനമാണ്. കണ്ണൂരിൽ ഏതോ ഫുട്ബോൾ ടൂർണമെന്റ് കൗമുദിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ. മുനിസിപ്പൽ സ്റ്റേഡിയം പരിസരത്തെ സൗജന്യ കോച്ചിംഗ് ക്യാമ്പ് ആസ്ഥാനത്തുവെച്ചുള്ള (ഒരു ഒറ്റമുറിക്കെട്ടിടം മാത്രമായിരുന്നു അത്) കൂടിക്കാഴ്ച വികാരനിർഭരമായിരുന്നു. "പന്ത്രണ്ട് കൊല്ലം കടന്നുപോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.''- കരുണേട്ടൻ പറഞ്ഞു. "ആദ്യം നിങ്ങളയച്ച ലേഖനത്തിലെ കയ്യക്ഷരം പോലും ഇപ്പഴും ഓർമ്മയുണ്ട്. കുട്ടികൾ കോപ്പി എഴുതും മട്ടിൽ വരയുള്ള കടലാസിൽ എഴുതിയ ലേഖനം. സ്‌കൂൾ അഡ്രസ്സിൽ നിന്നാണ് സ്റ്റുഡന്റ് ആണെന്നറിഞ്ഞത്. ഞാനും കുഞ്ഞിരാമനും ഒന്ന് സംശയിച്ചു. സ്വയം എഴുതിയതു തന്നെ ആകുമോ ഈ പയ്യൻ? അതോ വല്ലവരുടെയും രചന മോഷ്ടിച്ചതോ? ഒടുവിൽ ഞങ്ങളങ്ങു തീരുമാനിച്ചു. ഒരു റിസ്കെടുത്തുകളയാം എന്ന്. അങ്ങനെയാണ് നിങ്ങളുടെ ലേഖനം അച്ചടിക്കാൻ കൊടുത്തത്..''

ആ "ജീവന്മരണ'' റിസ്‌ക്കിന് നന്ദി പറയുകയല്ലാതെ മറ്റെന്തു ചെയ്യാൻ? കരുണ-കുഞ്ഞിരാമന്മാർ കണ്ണുമടച്ച്‌ അന്നാ റിസ്ക് എടുത്തിരുന്നില്ലെങ്കിൽ, ഞാനെന്ന കളിയെഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ തന്നെ ഉണ്ടാകുമായിരുന്നോ? ദൈവത്തിനറിയാം. എൻ ടി കരുണനും കുഞ്ഞിരാമനും ഫുട്ബാൾ ഫ്രൻഡ് മാസികയും ഇന്നില്ല. എഴുതാനിരിക്കുമ്പോൾ ഇന്നും ആദ്യം ഓർമ്മവരാറുള്ള പേരുകളിലൊന്ന് കരുണേട്ടന്റെതാണ്. അവസാനനാളുകളിൽ, ചുറ്റും ചിതറിവീണ ഓർമ്മത്തുണ്ടുകൾ പെറുക്കിയെടുത്തു കൂട്ടിവെക്കാൻ വിഫലമായി ശ്രമിക്കുന്നതിനിടെ അമ്മ ചോദിച്ച ചോദ്യം ഓർമ്മയുണ്ട്: "നിനക്ക് ഇപ്പോഴും ആ വിധേയൻ കത്തയക്കാറുണ്ടോ?''

ചിരിയും കരച്ചിലും ഒരുമിച്ചു വന്നു അപ്പോൾ...