വിൻഡ്‌ഹോക്ക്: അരങ്ങേറ്റത്തിൽ റെക്കോഡ് സ്‌കോറുമായി ദക്ഷിണാഫ്രിക്കൻ താരം ജോർദാൻ ഹെർമാൻ. നമീബിയക്കെതിരായ ഒന്നാം ഏകദിനത്തിലാണ് ജോർദാൻ അടിച്ചുതകർത്തത്. 126 പന്തിൽ നിന്ന് 150 റൺസാണ് താരത്തിന്റെ സമ്പാദ്യം. മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 99 റൺസിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്.

To advertise here,

ഓപ്പണറായി ഇറങ്ങിയ ജോർദാൻ ഹെർമാൻ ശ്രദ്ധയോടെയാണ് നമീബിയൻ ബൗളർമാരെ നേരിട്ടത്. തുടക്കത്തിൽ കൂറ്റനടികൾക്ക് മുതിരാതെ പതിയെ ആണ് താരം ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. 22-ാം ഓവറിൽ താരത്തിന്റെ അർധസെഞ്ചുറിയെത്തി. എന്നാൽ അർധസെഞ്ചുറിക്ക് ശേഷം ജോർദാൻ ട്രാക്ക് മാറ്റി. സ്‌കോറിങ്ങിന് വേഗം കൂട്ടിയതോടെ പ്രോട്ടീസ് സ്‌കോറും കുതിച്ചു. രണ്ടാം വിക്കറ്റിൽ ടോണി ഡി സോർസിയെയും കൂട്ടുപിടിച്ച് മികച്ച കൂട്ടുകെട്ടും പടുത്തുയർത്തി. പിന്നാലെ 93 പന്തിൽ താരം മൂന്നക്കം തൊട്ടു. 38-ാം ഓവറിൽ 21 റൺസടക്കം വെടിക്കെട്ട് നടത്തിയതോടെ താരം 150 തികച്ചു. പിന്നാലെ പുറത്തായി.

126 പന്തിൽ 17 ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് താരം 150 റൺസെടുത്തത്. ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ലോക റെക്കോഡ് നേട്ടത്തിനൊപ്പം ജോർദാനെത്തി. ഏകദിന അരങ്ങേറ്റത്തിൽ 150 റൺസെടുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് 24-കാരനായ ദക്ഷിണാഫ്രിക്കൻ ഓപ്പണർ. മറ്റൊരു ദക്ഷിണാഫ്രിക്കൻ താരമായ മാത്യു ബ്രീറ്റ്‌സ്‌ക്കെയാണ് അരങ്ങേറ്റത്തിൽ 150 റൺസെടുത്ത ആദ്യ താരം. ഏറ്റവും വേഗത്തിൽ 150 റൺസെടുത്ത അരങ്ങേറ്റ താരം കൂടിയാണ് ഹെർമാൻ.

ഈ ഇന്നിങ്‌സിന്റെ ബലത്തിൽ നിശ്ചിത അമ്പത് ഓവറിൽ ദക്ഷിണാഫ്രിക്ക ആറുവിക്കറ്റ് നഷ്ടത്തിൽ 348 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ ബാറ്റിങ് തകർച്ച നേരിട്ടു. 31 ഓവറിൽ 162-8 എന്ന നിലയിൽ മത്സരം മഴ മുടക്കി. പിന്നീട് മത്സരം പുനരാരംഭിക്കാനാവാതെ വന്നതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയെ വിജയികളായി പ്രഖ്യാപിച്ചു.