ചെപ്പോക്കിലെ ഗാലറികൾ മഞ്ഞക്കടലായി മാറുമ്പോൾ, ഡ്രസ്സിങ് റൂമിൽനിന്ന് ഒരു മനുഷ്യൻ പതുക്കെ പടികളിറങ്ങി വരുന്നത് കാണാൻ ഇനി കാത്തിരിക്കേണ്ടതില്ല. അയാൾ ക്രീസിലേക്ക് നടന്നടുക്കുമ്പോൾ പതിനായിരക്കണക്കിന് മനുഷ്യർ ഒരുമിച്ച് ആ പേര് മുഴക്കുമ്പോൾ ശബ്ദം 120 ഡെസിബലിന് മുകളിലേക്ക് പോകുന്നത് എത്ര തവണ നാം കണ്ടിരിക്കുന്നു. ആ ശബ്ദത്തിന് മുന്നിൽ സ്റ്റേഡിയത്തിലെ മറ്റെല്ലാ ശബ്ദങ്ങളും നിശ്ശബ്ദമാകുമായിരുന്നു. എതിരാളികളുടെ വിജയപ്രതീക്ഷകൾപോലും ചില നിമിഷങ്ങളിലേക്ക് മരവിച്ചുനിൽക്കുമായിരുന്നു. കാരണം, ക്രീസിലേക്ക് നടന്നുവരുന്നത് വെറുമൊരു ബാറ്ററായിരുന്നില്ല. അവസാന പന്തുവരെ തോൽവി സമ്മതിക്കാത്ത ഒരു മനുഷ്യനായിരുന്നു. കോടിക്കണക്കിന് ആരാധകരുടെ അവസാനത്തെ പ്രതീക്ഷയായിരുന്നു. പക്ഷേ ഇനി ആ മനുഷ്യൻ ചെന്നൈ സൂപ്പർ കിങ്‌സിനുവേണ്ടി കളിക്കാനിറങ്ങില്ല.

To advertise here,

ധോനിയെ ഇനി മൈതാനത്ത് ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ കാണാൻ സാധിക്കില്ലെന്ന വാർത്തയ്ക്കായി മനസിനെ ഒരുക്കുകയായിരുന്നു ഇത്രയും കാലം അയാളുടെ ഓരോ ആരാധകനും. ഓരോ ഐപിഎൽ സീസൺ അവസാനിക്കുമ്പോഴും നമ്മൾ ചോദിച്ചു, ഇതാണോ ധോനിയുടെ അവസാന സീസൺ? ഓരോ തവണയും ഒരിക്കൽക്കൂടി ആ മഞ്ഞക്കുപ്പായത്തിൽ അദ്ദേഹത്തെ കാണാനാകുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു.

അയാളിനി ആ പ്രിയപ്പെട്ട ജേഴ്‌സിയിൽ കളിക്കാനിറങ്ങില്ലെന്നത് വേദന തന്നെയാണ്. ആ വേദന മനസിലാകണമെങ്കിൽ ധോനിയുടെ കണക്കുകൾ മാത്രം അറിഞ്ഞാൽ പോരാ. ചെന്നൈയും ധോനിയും തമ്മിലുള്ള ബന്ധം അറിയണം. അവസാന ഓവറുകളിൽ അദ്ദേഹത്തിനായി ഹൃദയമിടിപ്പ് കൂട്ടിയിരുന്ന രാത്രികൾ ഓർക്കണം. തോൽക്കുമെന്ന് ഉറപ്പിച്ച മത്സരങ്ങളിൽ പോലും ടെലിവിഷൻ ഓഫ് ചെയ്യാതെ കാത്തിരുന്ന നമ്മുടെ തന്നെ ഭൂതകാലത്തിലേക്ക് ഒരിക്കൽക്കൂടി മടങ്ങിപ്പോകണം.

2008-ൽ ആദ്യ ഐപിഎൽ സീസൺ ആരംഭിക്കുമ്പോൾ അയാൾ ഇന്ത്യൻ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായിരുന്നു. 2007-ൽ ഇന്ത്യയെ പ്രഥമ ടി20 ലോകകിരീടത്തിലേക്ക് നയിച്ച യുവക്യാപ്റ്റൻ. നീളൻ മുടിയും അസാധാരണമായ ബാറ്റിങ് ശൈലിയും നിർഭയമായ തീരുമാനങ്ങളുമുള്ള റാഞ്ചിക്കാരൻ. അന്ന് ആറു കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സ് അയാളെ ടീമിലെടുക്കുമ്പോൾ ആദ്യ ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിക്കഴിഞ്ഞിരുന്നു അയാൾ. അന്ന് ചെന്നൈ ഒരു ക്യാപ്റ്റനെയാണ് ഇത്രയും വിലകൊടുത്ത് വാങ്ങിയതെന്ന് എല്ലാവരും കരുതി. പക്ഷേ, ആ ലേലത്തിൽ ചെന്നൈ സ്വന്തമാക്കിയത് അവരുടെ ഭാവിയെയായിരുന്നു. ഒരു നഗരത്തിന്റെ ക്രിക്കറ്റ് സംസ്‌കാരത്തെയും ഒരു ഫ്രാഞ്ചൈസിയുടെ വ്യക്തിത്വത്തെയും തലമുറകളുടെ ഓർമകളെയും മാറ്റിയെഴുതാൻ പോകുന്ന മനുഷ്യനെയായിരുന്നു.

ആദ്യ സീസണിൽത്തന്നെ അയാൾ ചെന്നൈയെ ഫൈനലിലെത്തിച്ചു. പക്ഷേ കിരീടപ്പോരാട്ടത്തിൽ ഷെയ്ൻ വോണിന്റെ രാജസ്ഥാൻ റോയൽസിനുമുന്നിൽ അവസാന പന്തിൽ തോൽവി. ധോനിയുടെ ചെന്നൈയെ പിന്നീട് ലോകം തിരിച്ചറിഞ്ഞത് തോൽവികൾ ഇല്ലാത്ത ടീമായിട്ടല്ല. തോറ്റാലും തിരിച്ചുവരാൻ അറിയുന്ന ടീമായിട്ടാണ്. ആ തിരിച്ചുവരവുകളുടെ പിന്നിൽ മിക്കപ്പോഴും ശാന്തമായി നിൽക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു.

2010-ലെ ഐപിഎല്ലിൽ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകൾ അപകടത്തിലായിരുന്ന സമയം ഓർമയില്ലേ? ധരംശാലയിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരേ ജയിച്ചേ മതിയാകൂ എന്നതായിരുന്നു സാഹചര്യം. അവസാന ഓവറുകളിൽ ചെന്നൈയുടെ പ്രതീക്ഷകൾ മങ്ങിക്കൊണ്ടിരുന്നു. പക്ഷേ, ധോനി അവിടെയുണ്ടായിരുന്നു. അന്ന് ഇർഫാൻ പഠാനെതിരേ അവസാന ഓവറിൽ ആഞ്ഞടിച്ച ധോനി രണ്ട് പന്തുകൾ ശേഷിക്കെ ചെന്നൈയെ വിജയത്തിലെത്തിച്ചു. 29 പന്തിൽ പുറത്താകാതെ 54 റൺസ്. അവസാന സിക്‌സറിനുശേഷം ധോനി സ്വന്തം ഹെൽമെറ്റിൽ മുഷ്ടികൊണ്ട് ഇടിച്ച ആ നിമിഷം ഇന്നും ഓർമയിലുണ്ട്.

സാധാരണ മൈതാനത്ത് അങ്ങനെ വികാരങ്ങൾക്ക് അടിമപ്പെടാത്തയാളാണ് ധോനി. മത്സരം ഇനി എത്ര തന്നെ കടുത്തതാണെങ്കിലും അതിന്റെ സമ്മർദമൊന്നും നാം ധോനിയിൽ കാണാറില്ല. പക്ഷേ അന്ന് കണ്ടത് മറ്റൊരു ധോനിയെയായിരുന്നു. ഇർഫാനെ നാലാം പന്തിൽ സിക്‌സറിന് തൂക്കിയ ശേഷം അയാൾ തന്റെ ഹെൽമറ്റിൽ ആഞ്ഞടിക്കുന്നത് കണ്ടു. എന്തുകൊണ്ടായിരിക്കും ധോനി അന്ന് അങ്ങനെ ചെയ്തത്. ഒരുപക്ഷേ, ആ വിജയത്തിന്റെ ഭാരം അദ്ദേഹത്തിനറിയാമായിരുന്നു. ചെന്നൈയുടെ പ്രതീക്ഷകൾ സ്വന്തം ചുമലിൽ ചുമന്നുനടന്ന ഒരാൾക്ക് മാത്രം അറിയാവുന്ന ഭാരം. ആ സീസണിൽ ചെന്നൈ ആദ്യമായി ഐപിഎൽ കിരീടമുയർത്തി. മുംബൈ ഇന്ത്യൻസിനെതിരായ ഫൈനലിൽ 22 റൺസിന്റെ വിജയവുമായി. ആ കിരീട വിജയത്തിനു പിന്നിൽ അയാളിലെ ക്യാപ്റ്റന്റെ അസാധാരണമായ ക്രിക്കറ്റ് ബുദ്ധിയുമുണ്ടായിരുന്നു. ഫൈനലിൽ ചെന്നൈക്കും വിജയത്തിനുമിടയിൽ ഭീഷണി ഉയർത്തിയ കിറോൺ പൊള്ളാർഡിനെ പുറത്താക്കാൻ അയാൾ മാത്യു ഹെയ്ഡനെ നിർത്തിയ ഫീൽഡ് പൊസിഷൻ ഓർമയില്ലേ.

2011-ൽ ചെന്നൈ വീണ്ടും ചാമ്പ്യന്മാരായി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 58 റൺസിന് പരാജയപ്പെടുത്തി കിരീടം നിലനിർത്തി. രണ്ട് കിരീടങ്ങൾ. തുടർച്ചയായ രണ്ട് വർഷങ്ങൾ. അപ്പോഴേക്കും ചെന്നൈയ്ക്ക് ധോനി ഒരു ക്യാപ്റ്റൻ മാത്രമായിരുന്നില്ല. അദ്ദേഹം ചെന്നൈയുടെ 'തല'യായി മാറിക്കഴിഞ്ഞിരുന്നു.

ധോനിയെ സ്‌നേഹിക്കാൻ നമ്മൾ പലർക്കും വലിയ കാരണമായിരുന്നത് അദ്ദേഹം നേടിയ കിരീടങ്ങൾ മാത്രമായിരുന്നില്ല. അദ്ദേഹം നമ്മളെ പഠിപ്പിച്ച ഒരു വിചിത്രമായ ശീലമായിരുന്നു. അവസാന പന്ത് നേരിടാൻ അയാൾ ഉള്ളിടത്തോളം കാലം തോൽവി സമ്മതിക്കരുത്. അവസാന മൂന്നോവറിൽ 45 റൺസ് വേണമെങ്കിലും, അവസാന ഓവറിൽ 20 റൺസ് വേണമെങ്കിലും, ധോനി ക്രീസിലുണ്ടെങ്കിൽ നമ്മൾ കണക്കുകൂട്ടുന്നത് നിർത്തും. മറ്റൊരു ബാറ്ററായിരുന്നെങ്കിൽ അസാധ്യമെന്ന് തോന്നുന്ന വിജയലക്ഷ്യം ധോനി ക്രീസിലുണ്ടെങ്കിൽ സാധ്യമാകുമെന്ന് വിശ്വസിക്കും.

ചിലപ്പോൾ അയാൾ ആദ്യ പന്തുകൾ പ്രതിരോധിക്കും. സിംഗിളുകളെടുക്കും. ചിലപ്പോൾ ഡോട്ട് ബോളുകൾ കളിച്ച് ആരാധകരുടെ ക്ഷമ പരീക്ഷിക്കും. ടെലിവിഷനുമുന്നിലിരിക്കുന്ന നമ്മൾ അസ്വസ്ഥരാകും. അടിക്ക് ധോനി, ഇപ്പോൾ അടിക്കാതെ പിന്നെ എപ്പോഴാണെന്ന് നമ്മൾ അലറും. പക്ഷേ, ധോനി കാത്തിരിക്കും. തനിക്കുവേണ്ടിയുള്ള ബൗളറെ. തനിക്കനുകൂലമായ പന്തിനെ. താൻ തീരുമാനിച്ച നിമിഷത്തെ. പിന്നെ ഒരു നിമിഷംകൊണ്ട് അയാൾ മത്സരത്തിന്റെ ഗതി മാറും. ഹെലികോപ്റ്റർ ഷോട്ടുകൾ ആകാശത്തേക്ക് ഉയരും. ലോങ് ഓണിനും ഡീപ് മിഡ്വിക്കറ്റിനും മുകളിലൂടെ പന്തുകൾ ഗാലറിയിലേക്ക് പറക്കും. എതിരാളികളുടെ മുഖത്ത് അമ്പരപ്പ് നിറയും. അപ്പോഴും ധോനിയുടെ മുഖത്ത് വലിയ മാറ്റമുണ്ടാകില്ല. മറ്റുള്ളവർ വിജയം ആഘോഷിക്കുമ്പോൾ ധോനി അടുത്ത പന്തുകളെ കുറിച്ചാകും ചിന്തിക്കുക.

ഇടയ്ക്ക് ചെന്നൈക്ക് രണ്ടു വർഷത്തെ വിലക്ക് ലഭിച്ചതോടെ അയാൾ റൈസിങ് പുണെ സൂപ്പർ ജയന്റ്‌സിനായി രണ്ടു സീസൺ കളിച്ചു. ചെപ്പോക്കിൽ പതിവ് ആരവങ്ങളില്ലാത്ത രണ്ട് സീസണുകൾ. എന്നാൽ വിലക്കിനു ശേഷം 2018-ൽ സൂപ്പർ കിങ്‌സ് തിരിച്ചെത്തി. പ്രിയപ്പെട്ട മഞ്ഞ ജേഴ്‌സിയിൽ ധോനിയും അന്ന് ആ ടീമിലെ താരങ്ങളിൽ പലരും മുപ്പത് വയസ് പിന്നിട്ടവരായിരുന്നു. പരിഹാസത്തിന് ഒരു പേരുമുണ്ടായി 'ഡാഡ്‌സ് ആർമി'. ടി20 ക്രിക്കറ്റിൽ പ്രായം ചെന്നവർക്ക് എന്ത് ചെയ്യാനാകുമെന്നായിരുന്നു വിമർശകരുടെ ചോദ്യം. എന്നാൽ ധോനിയും സംഘവും മറുപടി പറഞ്ഞത് ബാറ്റുകൊണ്ടും കിരീടംകൊണ്ടുമായിരുന്നു.

അന്ന് കിരീടം ഉയർത്തിയപ്പോൾ ധോനിയുടെ മുഖത്ത് പതിവുപോലെ ശാന്തമായ ചിരിയായിരുന്നു. പക്ഷേ, ആ ചിരിക്ക് പിന്നിൽ രണ്ട് വർഷത്തെ കാത്തിരിപ്പുണ്ടായിരുന്നു. പരിഹാസങ്ങളുണ്ടായിരുന്നു. സംശയങ്ങളുണ്ടായിരുന്നു. ഒരു ടീമിനെ വീണ്ടും വിശ്വസിക്കാൻ പഠിപ്പിച്ച മനുഷ്യന്റെ ആത്മവിശ്വാസമുണ്ടായിരുന്നു. 2018-ലെ കിരീടം ഒരു ഐപിഎൽ വിജയമായിരുന്നില്ല. അത് ചെന്നൈയുടെ തിരിച്ചുവരവിന്റെ പ്രഖ്യാപനമായിരുന്നു. പ്രായം വെറും അക്കമാണെന്ന് പറയുന്നത് എളുപ്പമാണ്. എന്നാൽ, ആ വാചകം മൈതാനത്ത് തെളിയിക്കുന്നത് അത്ര എളുപ്പമല്ല. ധോനി ചെയ്തത് അതായിരുന്നു.

ധോനിയുടെ ഏറ്റവും മികച്ച ഇന്നിങ്‌സുകൾ ഏതൊക്കെയെന്ന് ചോദിച്ചാൽ, ചെന്നൈ ആരാധകരിൽ പലരും ഓർക്കുന്നൊരു മത്സരമുണ്ട്. 2019 ഏപ്രിൽ 21. ചിന്നസ്വാമി സ്റ്റേഡിയം. എതിരാളികൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 162 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈയുടെ മുൻനിര തകർന്നു. നാലു വിക്കറ്റ് നഷ്ടപ്പെടുമ്പോൾ സ്‌കോർബോർഡിൽ ഉണ്ടായിരുന്നത് വെറും 28 റൺസ്. അവിടെയാണ് ധോനി എത്തുന്നത്. അന്ന് നമ്മൾ കണ്ടത് ഒരു സാധാരണ ഫിനിഷറെയല്ല. ഒറ്റയ്ക്ക് ഒരു മത്സരം ചുമലിലേറ്റി നടന്നുപോകുന്ന പോരാളിയെയായിരുന്നു. 48 പന്തിൽ പുറത്താകാതെ 84 റൺസ്. ഏഴ് സിക്‌സറുകൾ. അഞ്ച് ഫോറുകൾ. അവസാന ഓവറിൽ ഉമേഷ് യാദവിനെതിരെ 26 റൺസ് വേണ്ടിയിരുന്ന ചെന്നൈയ്ക്കായി ധോനി ആദ്യ അഞ്ച് പന്തുകളിൽനിന്ന് 24 റൺസ് നേടി. ഒരു ഫോർ, മൂന്ന് സിക്‌സറുകൾ, ഒരു ഡബിൾ. അവസാന പന്തിൽ ജയിക്കാൻ വെറും രണ്ട് റൺസ്. ലോകം മുഴുവൻ ധോനിയുടെ ബാറ്റിലേക്ക് നോക്കിനിന്നു. പക്ഷേ, അവസാന പന്ത് ധോനിയുടെ ബാറ്റിൽ തട്ടിയില്ല. റൺസിനായി ഓടിയ ഷാർദുൽ താക്കൂർ റണ്ണൗട്ടായി. ചെന്നൈ ഒരു റണ്ണിന് തോറ്റു. ആദ്യം അതാർക്കും വിശ്വസിക്കാനായിരുന്നില്ല. ചില ഇന്നിങ്‌സുകൾ വിജയത്തിനുവേണ്ടി മാത്രമല്ല കളിക്കപ്പെടുന്നത്. മനുഷ്യന്റെ പോരാട്ടവീര്യം എന്താണെന്ന് കാണിച്ചുതരാനാണ്. ധോനിയിടെ ആ പോരാട്ടവീര്യം കെട്ടിട്ടില്ലെന്ന് അന്ന് എല്ലാവരും തിരിച്ചറിഞ്ഞു.

പിന്നീട് അയാളുടെ ബാറ്റ് കാര്യമായി ശബ്ദിക്കാതിരിക്കുന്നതും അയാൾ എട്ടാമതും ഒമ്പതാമതുമെല്ലാം ബാറ്റിങ്ങിനിറങ്ങുന്നതും നമ്മൾ കണ്ടു. പ്രായം അയാളുടെ ബാറ്റിങ് കരുത്തിനെ ബാധിച്ചുതുടങ്ങിയിരുന്നു. പക്ഷേ മൈതാനത്തെ അയാളുടെ വ്യക്തിപ്രഭാവത്തിന് അത് യാതൊരു കോട്ടവും വരുത്തിയിരുന്നില്ല. 2021-ലും 2023-ലും അയാൾ ചെന്നൈയെ വീണ്ടും ഐപിഎൽ കിരീടമണിയിക്കുന്നത് നമ്മൾ കണ്ടു.

ധോനിയുടെ ചെന്നൈ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ ചെപ്പോക്കിനെ മറക്കാനാകില്ല. എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ധോനി ക്രീസിലേക്ക് വരുമ്പോൾ ഉയരുന്ന ശബ്ദം മറ്റൊരു കളിക്കാരനും അത്ര എളുപ്പം അനുഭവിക്കാൻ കഴിയാത്തതാണ്. ആ മനുഷ്യർ അലറിവിളിച്ചിരുന്നത് അയാളെ ഒരുനോക്ക് കാണാൻ വേണ്ടിയായിരുന്നു. 2023-ലെ ഐപിഎല്ലിൽ ധോനി ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ചെപ്പോക്കിൽ ഉയർന്ന ആരവം ക്രിക്കറ്റിന്റെ പതിവ് അതിരുകൾ കടന്നിരുന്നു. അദ്ദേഹം ബാറ്റ് ചെയ്യാൻ വരണമെങ്കിൽ ചെന്നൈയ്ക്ക് ഒരു വിക്കറ്റ് നഷ്ടപ്പെടണം. സാധാരണയായി സ്വന്തം ടീമിന്റെ വിക്കറ്റ് വീഴുമ്പോൾ ആരാധകർ നിരാശരാകുകയാണ് പതിവ്. പക്ഷേ, ചെന്നൈയിൽ ചില നിമിഷങ്ങളിൽ വിക്കറ്റ് വീഴുമ്പോഴും ആരവം ഉയർന്നു. കാരണം, അടുത്തതായി ഇറങ്ങാൻ പോകുന്നത് ധോനിയായിരുന്നു. ഇതിനെ എന്ത് പേരിട്ട് വിളിക്കണം? ആരാധനയെന്നോ? സ്‌നേഹമെന്നോ? ഭ്രാന്തെന്നോ? ഒരുപക്ഷേ, ഇവയെല്ലാം ചേർന്നതായിരുന്നു ധോനിയും ചെന്നൈയും തമ്മിലുള്ള ബന്ധം. ഒരു നഗരത്തിന്റെ ഹൃദയത്തിൽ ഇടംനേടാൻ അവിടെ ജനിക്കണമെന്നില്ലെന്ന് ധോനി തെളിയിച്ചു. അദ്ദേഹം തമിഴ്‌നാടിന്റെ സ്വന്തം 'തല'യായി.

സ്പിന്നർമാരെ ഉപയോഗിക്കുന്നതിൽ ധോനിക്കുണ്ടായിരുന്ന മികവ് അതുല്യമായിരുന്നു. രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും പോലുള്ള ബൗളർമാർക്ക് പിന്നിൽ നിന്നുകൊണ്ട് അദ്ദേഹം നൽകിയ നിർദേശങ്ങൾ എത്രയോ വിക്കറ്റുകൾക്ക് വഴിയൊരുക്കി.

ഇപ്പോൾ ഇനി ചെന്നൈ ജേഴ്‌സിയിലേക്കില്ലെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന് വലിയൊരു വിടവാങ്ങൽ ചടങ്ങിന്റെ നാടകീയതയുണ്ടായിരുന്നില്ല. തന്റെ ശരീരത്തിന് ഇനി ടീമിനുവേണ്ടി ഏറ്റവും മികച്ച പ്രകടനം നൽകാൻ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അത്. ധോനി എന്നും അങ്ങനെയായിരുന്നു. അദ്ദേഹം വലിയ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നില്ല. മൈതാനത്ത് തന്റെ ജോലി ചെയ്തു. സമയമായെന്ന് തോന്നിയപ്പോൾ മാറിനിന്നു. ഇവിടെയും അയാൾ ആ പതിവ് തെറ്റിച്ചില്ല...