നമുക്കുചുറ്റുമുള്ള ചിലരുണ്ട്, ജീവിതവുമായി പാമ്പും കോണിയും കളിക്കുന്നവർ. എത്രതവണ വീണാലും അവർ പോരാടിക്കൊണ്ടേയിരിക്കും. പക്ഷേ, ജീവിതത്തിന്റെ ഒരുഘട്ടത്തിൽ, പോരാടി മടുക്കുമ്പോൾ അവർ അറിഞ്ഞുകൊണ്ട് തോറ്റുകൊടുക്കും. അതൊരു പോരാളിയുടെ വാശിയുടെ ജയമാണ്. വീഴ്ത്താൻ ശ്രമിക്കുന്നവർക്കുമുന്നിൽ അവസാനനിമിഷവും വീറോടെ തലയുയർത്തിനിൽക്കുന്ന പോരാളിയുടെ ജയം.

To advertise here,

ഒതുക്കാൻ ശ്രമിച്ചവർക്കുമുന്നിൽ പന്തേറുകൊണ്ട് വാക്കേറുകൊടുത്തവൻ. അയാൾ വിരമിക്കാൻ തിരഞ്ഞെടുത്ത ദിവസത്തിനുമുണ്ട് പ്രത്യേകത. പതിമൂന്നു വർഷംമുന്നേ ഇതുപോലൊരു നവംബർ ആറിനായിരുന്നു ഷമിയുടെ അരങ്ങേറ്റം. ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ, കഴിഞ്ഞ മൂന്നുവർഷമായി അയാൾ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. പക്ഷേ, ഓരോതവണയും ടീമിന്റെ പടിവാതിലിൽ അയാളെ വീഴ്ത്താനും ആളുണ്ടായിരുന്നു. ഈ വർഷംമാത്രം അയാൾ രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലുമായി വീഴ്ത്തിയത് 24 വിക്കറ്റുകളാണ്.

സ്വിങ്ങും സീമും കൃത്യമായി ഇഴചേർത്ത് തുന്നിയെടുത്ത പേസറാണ് മുഹമ്മദ് ഷമി. പേസ് ബൗളിങ്ങിന്റെ ‘ക്ലാസിക്’ കാഴ്ചയാണയാൾ. പരമ്പരാഗത ആക്‌ഷൻ, അനായാസ റണ്ണപ്പ്, പുതിയകാല ബൗളർമാരെപ്പോലെ ക്രീസിലെത്തുമ്പോഴുള്ള ‘സഡൻ ബ്രേക്ക്’ ഇല്ലാതെ സ്മൂത്ത് ലാൻഡിങ്ങോടെ പന്തെറിയുന്നു. ഇന്ന് ലോകത്തുള്ള ഏതൊരു ബൗളറെക്കാളും മനോഹരമായ സീം പൊസിഷനിങ് ആണ് ഷമി പന്തെറിയുമ്പോൾ. പന്ത് പിച്ചുചെയ്യുന്നത് സീമിലായിരിക്കും. സ്വാഭാവികമായും ബൗൺസ് കൂടും അല്ലെങ്കിൽ പന്ത് തെന്നി, ബാറ്റർ കണക്കാക്കുന്നതിലും വേഗമാർജിക്കും. സീം ചെയ്യുന്ന പന്ത് ഒരേപോലെ പുറത്തേക്കും അകത്തേക്കും തിരിക്കാനുള്ള മികവും ഷമിക്കുണ്ട്. പിച്ച് ചെയ്തശേഷമേ പന്ത് ഏതുദിശയിൽ നീങ്ങും എന്ന് ബാറ്റർക്ക് മനസ്സിലാകൂ. മുഹമ്മദ് ഷമി ഇതുവരെ നേടിയ വിക്കറ്റുകളിൽ 45 ശതമാനവും ബൗൾഡോ എൽബി.ഡബ്ല്യുവോ ആണെന്നത് അയാളുടെ പന്തുകൾ വിക്കറ്റിന്റെ ലൈനിൽ എത്രമാത്രം കൃത്യതയോടെ പിച്ചുചെയ്യുന്നു എന്നതിന്റെ തെളിവാണ്.

പതിമൂന്ന് വർഷംനീണ്ട കരിയറിൽ വെറും 64 ടെസ്റ്റുകൾ മാത്രമാണ് ഷമി ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. നേടിയ വിക്കറ്റുകളുടെ എണ്ണം 229. ആറുതവണയാണ് അഞ്ചുവിക്കറ്റ് നേട്ടം. ഈഡൻ ഗാർഡൻസിലെ അരങ്ങേറ്റ ടെസ്റ്റിൽതന്നെ വെസ്റ്റ് ഇൻഡീസിന്റെ ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയുള്ള രാജകീയമായ വരവായിരുന്നു ഷമിയുടേത്. മറ്റൊന്നുകൂടിയുണ്ട്, അധികമൊന്നും ചർച്ചചെയ്യപ്പെടാത്തത്. ഇന്ത്യയിൽ 21 ടെസ്റ്റുകളാണ് ഷമി കളിച്ചത്. അയാൾ കളിച്ച ഒരു ടെസ്റ്റുപോലും ഇന്ത്യ തോറ്റിട്ടില്ല. സ്പിന്നർമാർ നിറഞ്ഞാടുന്ന ഇന്ത്യൻ പിച്ചുകളിൽ റിവേഴ്‌സ് സ്വിങ്ങുകൊണ്ട് മന്ത്രജാലം കാണിച്ച ബൗളറായിരുന്നു ഷമി.