ലിസ്ബൺ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലിന് പിന്നാലെ പുതിയ ടീം പ്രഖ്യാപനവുമായി പോർച്ചുഗൽ. പുതിയ സ്‌ക്വാഡിനെയും പുതിയ നായകനെയും പോർച്ചുഗൽ പ്രഖ്യാപിച്ചു. റൊണാൾഡോയ്ക്ക് പകരം മുതിർന്ന താരം ബെർണാഡോ സിൽവ പോർച്ചുഗലിനെ നയിക്കും. നവംബറിൽ നടക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ടീം തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ക്രിസ്റ്റ്യാനോ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
ടീമിലെ മുതിർന്ന താരം എന്നത് പരിഗണിച്ചാണ് റയൽ മഡ്രിഡ് താരമായ ബെർണാഡോ സിൽവയെ പുതിയ പോർച്ചുഗൽ ക്യാപ്റ്റനാക്കിയത്. 115 മത്സരങ്ങളിൽ സിൽവ ദേശീയ ടീമിനായി കളത്തിലിറങ്ങിയിട്ടുണ്ട്. 14 ഗോളുകളും നേടി. നേഷൻസ് ലീഗിൽ വരാനിരിക്കുന്ന മത്സരങ്ങളിൽ സിൽവയുടെ നേതൃത്വത്തിലായിരിക്കും പോർച്ചുഗൽ ടീം കളിക്കാനിറങ്ങുക. പുതിയ ടീമിനെയും കഴിഞ്ഞദിവസം പരിശീലകൻ യോർഗെ ജെസ്യൂസ് പ്രഖ്യാപിച്ചിരുന്നു.
ഏഴ് പുതുമുഖങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ സ്‌ക്വാഡാണ് ജെസ്യൂസ് തിരഞ്ഞെടുത്തത്. അണ്ടർ-21 തലത്തിൽ കളിച്ചിരുന്ന അഞ്ച് താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. മുന്നേറ്റനിരയിൽ റാഫേൽ ലിയാവോ, ജാവോ ഫെലിക്‌സ്, ഗോൺസാലോ റാമോസ് തുടങ്ങിയവരുണ്ട്. ബ്രൂണോ ഫെർണാണ്ടസ്, റൂബൻ നെവസ്, വിറ്റിന്യ, ജാവോ നെവസ് എന്നിവർ മധ്യനിരയിലും റൂബൻ ഡയസ്, ഡിയാഗോ ഡാലോട്ട്, ജാവോ കാൻസലോ എന്നിവർ പ്രതിരോധനിരയിലും നിലയുറപ്പിക്കും.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാനൊരുങ്ങി പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ. പോർച്ചുഗീസ് ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ റൊണാൾഡോയ്ക്ക് ദേശീയ കുപ്പായത്തിൽ ഒരു മത്സരം കൂടി കളിക്കാനുള്ള അവസരം ഫെഡറേഷൻ ഒരുക്കിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നിലവിലെ പരിശീലകൻ യൊർഗെ ജെസ്യൂസിന് കീഴിലായിരിക്കില്ല റൊണാൾഡോയും സംഘവും കളത്തിലിറങ്ങുകയെന്നാണ് വിവരം. ഈ മത്സരത്തിൽ പോർച്ചുഗലിനെ മറ്റൊരു കോച്ച് പരിശീലിപ്പിച്ചേക്കുമെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. യോർഗെ ജെസ്യൂസുമായി കടുത്ത ഭിന്നതയിൽ തന്നെയാണ് പോർച്ചുഗീസ് സൂപ്പർതാരമുള്ളത്.
Content Highlights: Cristiano Ronaldo announces his international retirement prior to the Nations League., Bernardo Silva is named the new captain of the Portugal national team
Published: 07 Nov 2026, 06:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented