
വിവാഹത്തിനുശേഷം പല തവണ അത്‌ലറ്റിക്‌സ് വിടാൻ തീരുമാനിച്ചതാണ് പൂവമ്മ. അതിനിടയിൽ 2021-ൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് രണ്ട് വർഷത്തെ വിലക്ക് കൂടി ലഭിച്ചതോടെ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് പൂവമ്മ ഉറപ്പിച്ചു. എന്നാൽ ഭർത്താവും അത്‌ലറ്റുമായ ജിതിൻ പോളും മാതാപിതാക്കളും കൂടെ നിന്ന് കരുത്ത് പകർന്നു. പൂവമ്മയുടെ പരിശീലനത്തിനായി മംഗളൂരുവിലേക്ക് വീട് മാറിയ അച്ഛൻ എംജി രാജുവിന്റേയും എല്ലാ മത്സരങ്ങളിലും കൂടെപ്പോരുന്ന അമ്മ ജാനകി ജജിയുടേയും വാക്കുകളെ ധിക്കരിക്കാൻ അവൾക്കാകുമായിരുന്നില്ല. വിലക്കിനുശേഷം ട്രാക്കിലേക്ക് തിരിച്ചെത്തിയ പൂവമ്മ ഇന്റർ സ്‌റ്റേറ്റ് അത്‌ലറ്റിക് മീറ്റിൽ 400 മീറ്റർ 53.35 സെക്കന്റിൽ ഓടിയെത്തി ഏഷ്യൻ ഗെയിംസിനുള്ള ടിക്കറ്റെടുത്തു. അങ്ങനെ തന്റെ 36-ാം വയസിൽ നഗോയയിൽ ഒരു സ്വർണവും വെള്ളിയും നേടി പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ചു.
കർണാടകയിലെ കുടക് ജില്ലയിലെ ഗോണിക്കൊപ്പലിലാണ് പൂവമ്മയുടെ ജനനം. ആറാം ക്ലാസ് മുതൽ ട്രാക്കിലേക്കിറങ്ങിയ പൂവമ്മയുടെ പരിശീലനത്തിനുള്ള സൗകര്യം കണക്കിലെടുത്ത് കുടുംബം മംഗലാപുരത്തേക്ക് താമസം മാറി. അവിടെ എയർപോർട്ടിൽ ലേബർ ആന്റ് സെക്യൂരിറ്റി കോൺട്രാക്ടറായി അച്ഛൻ ജോലിക്ക് കയറി. അമ്മ എപ്പോഴും അവളുടെ കൂടെ മത്സരങ്ങൾക്ക് പോയി.
2002-ൽ കരിയർ തുടങ്ങിയ പൂവമ്മയുടെ ആദ്യ അന്താരാഷ്ട്ര മത്സരം 2005-ൽ മൊറോക്കോയിൽ നടന്ന യൂത്ത് ചാമ്പ്യൻഷിപ്പായിരുന്നു. 2008-ൽ കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ സ്വർണവും 400 മീറ്ററിൽ വെള്ളിയും നേടി. 2013-ൽ മോസ്‌കോയിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4x400 മീറ്റർ റിലേയിൽ മത്സരിച്ചു.
2014-ൽ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് റിലേയിൽ ആദ്യ സ്വർണം നേടുന്നത്. അന്ന് ടിന്റു ലൂക്ക, മൻദീപ് കൗർ, പ്രിയങ്ക പവാർ എന്നിവരായിരുന്നു പൂവമ്മയ്‌ക്കൊപ്പം മറ്റ് ടീമംഗങ്ങൾ. ഇഞ്ചിയോണിൽ 400 മീറ്ററിൽ പൂവമ്മ വെങ്കലവും നേടി. 2016 റിയോ ഒളിമ്പ്ക്‌സിൽ ഏഴാം സ്ഥാനത്തെത്തിയ വനിതാ റിലേ ടീമിലും പൂവമ്മ സ്ഥാനം നേടി. അന്ന് നിർമ ഷെറോൺ, ടിന്റു ലൂക്ക, അനിൽഡ തോമസ്, ജിസ്‌ന മാത്യും എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. പിന്നീട് 2018-ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ അവിടേയും പൂവമ്മയുണ്ടായിരുന്നു. എന്നാൽ ടീമംഗങ്ങൾ മാറി. ഹിമാ ദാസും സരിത ഗെയ്ക് വാദും വി.കെ വിസ്മയുമായിരുന്നു അന്ന് റിലേയിൽ മത്സരിച്ചത്. മിക്‌സഡ് റിലേയിൽ മുഹമ്മദ് അനസ്, ഹിമാ ദാസ്, ആരോഗ്യ രാജീവ് എന്നിവർക്കൊപ്പവും പൂവമ്മ സ്വർണം കഴുത്തിലണിഞ്ഞു.
അതിനുശേഷമാണ് പൂവമ്മ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെടുന്നത്. 2021 ഫെബ്രുവരിയിൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ്പ്രീ മത്സരത്തിനിടെ നടത്തിയ പരിശോധനയിൽ സാമ്പിളിൽ മീഥൈൽഹെക്‌സാനമീന്റെ സാന്നിധ്യം കണ്ടെത്തി. ആദ്യം നാഡ മൂന്ന് മാസത്തെ വിലക്കാണ് നൽകിയിരുന്നതെങ്കിലും ആന്റി ഡോപ്പിങ് അപ്പീൽ പാനൽ അത് രണ്ട് വർഷത്തെ വിലക്കായി ഉയർത്തി. താൻ കഴിച്ച ആയുർവേദ സപ്ലിമെന്റിലൂടെ ആ മരുന്ന് അബദ്ധത്തിൽ ശരീരത്തിൽ എത്തിയതാകാം എന്നായിരുന്നു പൂവമ്മ നൽകിയ വിശദീകരണം. എന്നാൽ അതൊന്നും നാഡ മുഖവിലയ്‌ക്കെടുത്തില്ല. ഇതോടെ 2021 ഫെബ്രുവരി 18-ന് ശേഷമുള്ള അവരുടെ മെഡലുകളും നേട്ടങ്ങളും അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. അന്ന് ആകെ തകർന്നിരുന്ന പൂവമ്മയ്ക്ക് കൂട്ടായി കൂടെയുണ്ടായിരുന്നത് ജിതിൻ പോളായിരുന്നു. 400 മീറ്റർ ഹർഡിൽസിൽ ഏഷ്യൻ ഗെയിംസിൽ മത്സരിച്ചിട്ടുള്ള മലയാളിയായ ജിതിന്റെ ഉപദേശം പൂവമ്മയ്ക്ക് വിലപ്പെട്ടതായിരുന്നു. 2021 ഡിസംബറിൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു. മംഗലാപുരത്ത് കുടക് ആചാരപ്രകാരമായിരുന്നു വിവാഹം. വിലക്കുള്ളതിനാൽ 2023-ൽ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിലും പൂവമ്മയ്ക്ക് മത്സരിക്കാൻ സാധിച്ചില്ല. ഇതോടെ പൂവമ്മയ്ക്ക് കൂടുതൽ നിരാശയായി. പരിശീലനം മുടയ്ക്കരുതെന്ന് ജിതിൻ പൂവമ്മയെ ഉപദേശിച്ചു. ജോലി കഴിഞ്ഞുവന്ന് വീട്ടിലെ കാര്യങ്ങൾ നോക്കിയും പൂവമ്മയ്ക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തും കൂടെത്തന്നെ നിന്നു.
2023 നവംബറിൽ ദേശീയ ഗെയിംസിൽ കർണാടകയ്ക്കുവേണ്ടി മത്സരിച്ചാണ് വിലക്കിനുശേഷം പൂവമ്മ തിരിച്ചെത്തിയത്. 2024-ൽ പാരിസ് ഒിമ്പിക്‌സ് വനിതാ റിലേയിലും യോഗ്യത നേടി. ബഹമാസിൽ നടന്ന ലോക അത്‌ലറ്റിക് റിലേ സെക്കന്റ് റൗണ്ട് ഹീറ്റ്‌സിൽ ജമൈയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനം നേടിയാണ് പൂവമ്മ ഉൾപ്പെടുന്ന ടീം പാരിസിലേക്ക് ടിക്കറ്റെടുത്തത്. വിത്യാ രാംരാജ്, ജ്യോതിക ശ്രീ ദണ്ഡി, ശുഭ വെങ്കിടേഷൻ, എംആർ പൂവമ്മ എന്നിവരടങ്ങിയ ടീം അന്ന് നിരാശപ്പെടുത്തി. ഹീറ്റ്‌സിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
രണ്ട് വർഷങ്ങൾക്കിപ്പുറം നഗോയയിൽ വീണ്ടും തിരിച്ചുവന്നിരിക്കുകയാണ് പൂവമ്മ. അവിടേയും ടീം അംഗങ്ങൾ മാറിയെങ്കിലും പൂവമ്മ മാത്രം അവരുടെ സ്ഥാനം നിലനിർത്തി. വനിതാ റിലേയിൽ സ്വർണവും മികസ്ഡ് റിലേയിൽ വെള്ളിയും നേടി. തന്നെ എഴുതി തള്ളിയവർക്കുള്ള മറുപടിയാണ് ഈ രണ്ട് മെഡലുകളെന്നുമായിരുന്നു പൂവമ്മയുടെ പ്രതികരണം.
'ഇത്രയും വയസായ പൂവമ്മയെ ടീമിലെടുക്കണമോ എന്ന് പലരും നെറ്റി ചുളിച്ചിരുന്നു. എനിക്ക് പകരം യുവ അത്‌ലറ്റിനെ ഉൾപ്പെടുത്താനും സമ്മർദ്ദമുണ്ടായി. ഇപ്പോഴും ഞാൻ മികച്ച പ്രകടനമാണ് നടത്തുന്നത്. 400 മീറ്റർ 53 സെക്കന്റിൽ ഈ വർഷവും ഓടിയെത്തി. പിന്നെ പ്രായം പരിഗണിക്കുന്നത് എന്തിനാണ്. നമ്മുടെ പ്രകടനമല്ലേ നോക്കേണ്ടത്. ഒരു തിരിച്ചുവരവ് ഞാൻ വളരേയധികം ആഗ്രഹിച്ചിരുന്നു. ഇപ്പോഴിതാ ഏഷ്യൻ ഗെയിംസിൽ ആറാം മെഡലിലേക്ക് എത്തിയിരിക്കുന്നു. ഇത് ഒരു മധുരപ്രതികാരം തന്നെയായാണ് കാണുന്നത്.' -പൂവമ്മ പറയുന്നു.
Content Highlights: Overcame a two-year doping ban and personal doubts to make a triumphant return at age 36., Supported heavily by her husband and fellow athlete Jithin Paul, along with her parents., Won gold and silver medals in relay events, proving age is no barrier to excellence., Overcame past setbacks, including missing major events, to secure her sixth Asian Games success.
Published: 30 Sept 2026, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented