പാലക്കാട്: 2019-2020-ൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രഖ്യാപിച്ച കാഷ് അവാർഡ് തുച്ഛമെന്ന് വിമർശനം. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് കാഷ് അവാർഡ് നൽകാനാണ് സ്‌പോർട്‌സ് കൗൺസിൽ ഉത്തരവിറക്കിയത്. 864 കായികതാരങ്ങൾക്കാണ് തുക നൽകുന്നത്.

To advertise here,

ഏഴായിരം രൂപ മുതൽ മുകളിലേക്കുള്ള തുകയാണ് വിവിധ വിജയികൾക്കായി നൽകുന്നത്. എന്നാൽ, ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിച്ച താരങ്ങൾക്ക് 2017-ൽ നൽകിയ തുകയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പ്രഖ്യാപിച്ച തുക ഏറെ കുറഞ്ഞുപോയെന്നാണ് ആക്ഷേപം. 2017-ൽ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് സ്വർണം, വെള്ളി, വെങ്കലം ജേതാക്കൾക്ക് യഥാക്രമം 10, ഏഴ്, അഞ്ച് ലക്ഷം രൂപവീതം നൽകിയിരുന്നു. ഇത്തവണ സ്വർണജേതാക്കൾക്ക് രണ്ടുലക്ഷമായി കുറഞ്ഞെന്ന് താരങ്ങൾ പറയുന്നു.

റിലേ മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് നൽകുന്ന തുക നാലുപേർക്ക് വീതിച്ചു നൽകുന്ന അവസ്ഥയുമുണ്ട്. 2.25 ലക്ഷം രൂപ നാലുപേർക്കായി വീതിക്കുമ്പോൾ തുച്ഛമായ തുകയാണ് തങ്ങൾക്കു ലഭിക്കുകയെന്ന് താരങ്ങൾ പറയുന്നു. ദക്ഷിണേഷ്യൻ ഗെയിംസ്(സാഗ്) സ്വർണം നേടിയ താരത്തിന് 1.75 ലക്ഷം രൂപയാണ് നൽകുന്നത്. എന്നാൽ, സാഗ് ഖൊ-ഖൊ ടീമിന് 12 പേരുള്ള ടീമിന് ഏഴുലക്ഷമേ നൽകുന്നുള്ളൂ. ഏഷ്യൻ ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ചെസ് താരം നിഹാൽ സരിന് മുപ്പതിനായിരം രൂപ മാത്രമാണ് നൽകുന്നത്.

2007-ലെ ഉത്തരവുപ്രകാരമാണ് തുക നൽകുന്നതെന്നും 2017-ൽ അന്നത്തെ സർക്കാർ നൽകിയ തുക സ്പെഷ്യൽ അവാർഡായി പ്രഖ്യാപിച്ചതാണെന്നുമാണ് സ്‌പോർട്‌സ് കൗൺസിലിൽനിന്നുള്ള അനൗദ്യോഗിക വിശദീകരണം.