കൊച്ചി: ഏഷ്യൻ ഗെയിംസിനിടെ പരിക്കേറ്റ മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയയുടെ പൂർണ ചെലവും ഉത്തരവാദിത്തവും ഏറ്റെടുത്ത് കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീശങ്കർ എത്രയും വേഗം കളിക്കളത്തിലേക്ക് തിരിച്ചെത്തട്ടെയെന്നും ഒളിമ്പിക്‌സ് സ്വപ്നങ്ങളിലേക്ക് പൂർണ പിന്തുണയുമായി കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും ഒപ്പമുണ്ടെന്നും സുരേഷ് ഗോപി കുറിച്ചു.

To advertise here,

'ഇന്ത്യയുടെ അഭിമാനമായ എം. ശ്രീശങ്കർ അടിയന്തര ശസ്ത്രക്രിയക്കായി ലണ്ടനിലേക്ക് തിരിക്കുകയാണ്. പരിക്കുകൾ നമ്മുടെ പ്രതിഭകൾക്ക് മുന്നിൽ ഒരിക്കലും ഒരു തടസ്സമാകരുത്. പ്രത്യേകിച്ചും ഒളിമ്പിക്‌സ് വേദികളിൽ രാജ്യത്തിന്റെ അഭിമാനമുയർത്താൻ താരങ്ങളെ പൂർണ സജ്ജരാക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. ശ്രീശങ്കറിന്റെ ഒളിമ്പിക്‌സ് തയ്യാറെടുപ്പുകൾക്ക് കരുത്തുപകരാൻ, ഏറ്റവും മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കിക്കൊണ്ട് സർജറിയുടെ പൂർണ ചെലവും ഉത്തരവാദിത്തവും കേന്ദ്രം ഏറ്റെടുത്തിരിക്കുകയാണ്.' - സുരേഷ് ഗോപി കുറിച്ചു.

ലണ്ടനിലെ പ്രശസ്തമായ ഫോർഷ്യസ് ക്ലിനിക്കിൽ ഒക്ടോബർ 13 ചൊവ്വാഴ്ചയാണ് താരത്തിന്റെ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ലോകപ്രശസ്ത സ്‌പോർട്‌സ് ഓർത്തോപീഡിക് സർജനായ ഡോ. പീറ്റർ ഡിഹൂഗിന്റെ നേതൃത്വത്തിലാണ് ലിഗമെന്റ് റീകൺസ്ട്രക്ഷൻ അടക്കമുള്ള വിദഗ്ധ ശസ്ത്രക്രിയ നടക്കുന്നത്.

കായിക താരങ്ങൾക്ക് എപ്പോഴും തുണയായി നിൽക്കുകയും അവർക്ക് ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അടിയന്തര ഘട്ടത്തിൽ ആവശ്യമായ എല്ലാവിധ ഫണ്ടിങ്ങും ഇടപെടലുകളും ഉറപ്പാക്കി കൂടെനിന്ന കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കും നന്ദി അറിയിക്കുന്നതായും സുരേഷ് ഗോപി വ്യക്തമാക്കി. ശ്രീശങ്കറിന് വേഗത്തിലുള്ള രോഗമുക്തിയും വിജയകരമായ തിരിച്ചുവരവും നേരുന്നുവെന്നും അദ്ദേഹം ആശംസിച്ചു.