
18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപ്പ മുഹമ്മദ് ഗഫൂറിനൊപ്പം അടുക്കള പാത്രങ്ങള്‍ വില്‍ക്കാന്‍ ഡല്‍ഹിയിലേയും സമീപ പ്രദേശങ്ങളിലേയും ചന്തകളിലേക്ക് പോകുന്ന ഒരു പെണ്‍കുട്ടിയായിരുന്നു നസ്‌റീന്‍ ഷെയ്ഖ്. അന്ന് സ്‌കൂള്‍ വിട്ടു വരുന്ന വൈകുന്നേരങ്ങളിലായിരുന്നു അവള്‍ ഉപ്പയെ സഹായിക്കാന്‍ കൂടെ പോയിരുന്നത്. ചിലപ്പോള്‍ സഹോദരന്‍മാരും കൂടെക്കാണും.
എന്നാല്‍ പാത്രങ്ങള്‍ പിടിച്ച കൈകള്‍കൊണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ലോകകപ്പ് വാനിലേക്കുയര്‍ത്തുമെന്ന് അവള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഖൊ-ഖൊ ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ ആ ടീമില്‍ നസ്‌റീനുമുണ്ടായിരുന്നു. കായിക താരമായതിന്റെ പേരില്‍ അഞ്ച് വര്‍ഷത്തോളം മിണ്ടാതിരുന്ന സഹോദരനുള്ള, പരിഹസിച്ച് പുറത്താക്കിയവര്‍ക്കുള്ള മറുപടിയായിരുന്നു ആ കിരീടനേട്ടം.
16 മണിക്കൂര്‍ നീണ്ട ജോലി
കഷ്ടപ്പാടുകള്‍ മാത്രം നിറഞ്ഞ കുട്ടിക്കാലമായിരുന്നു നസ്‌റീനുണ്ടായിരുന്നത്. ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടം വാങ്ങാനോ, പ്രിയപ്പെട്ട മിഠായി വാങ്ങാനോ ഉള്ള പണം അവളുടെ ഉപ്പയുടെ കൈയിലുണ്ടായിരുന്നില്ല. 11 മക്കളുള്ള കുടുംബത്തെ പോറ്റാന്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി 12 വരെ ഗഫൂര്‍ ജോലി ചെയ്തു. ഡല്‍ഹിയിലെ സമീപപ്രദേശങ്ങളിലെ ചന്തകളിലെല്ലാം പാത്രങ്ങളുമായി ഗഫൂര്‍ യാത്ര ചെയ്തു. അതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിലായിരുന്നു 13 അംഗ കുടുംബം ഭക്ഷണം കഴിച്ചിരുന്നത്.
ബിഹാറിലെ അറാറിയ പ്രദേശത്ത് നിന്നുള്ളവരാണ് ഗഫൂറിന്റെ കുടുംബം. 1980-ലാണ് ഡല്‍ഹിയിലേക്ക് താമസം മാറിയത്. തുടക്കത്തില്‍ പാത്രങ്ങള്‍ തേച്ചുമിനിക്കുന്ന ജോലിയായിരുന്നു ഗഫൂര്‍ ചെയ്തത്. എന്നാല്‍ ആ വരുമാനത്തില്‍ കുടുംബത്തെ പോറ്റാന്‍ കഴിയാതെ വന്നതോടെ ഓരോ ചന്തകളിലും കൊണ്ടുപോയി പാത്രങ്ങള്‍ വില്‍ക്കാന്‍ തുടങ്ങുകയായിരുന്നു.
എട്ടാം വയസ് മുതലാണ് നസ്‌റീന്‍ ഖൊ ഖൊയില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. അവളെ സംബന്ധിച്ചിടത്തോളം പണച്ചെലവില്ലാത്ത കായിക ഇനമായിരുന്നു ഖൊ-ഖൊ. ക്രിക്കറ്റിനെ പോലെ ബാറ്റോ ഫുട്‌ബോളിനെ പോലെ പന്തോ ഖൊ ഖൊയ്ക്ക് ആവശ്യമുണ്ടായിരുന്നില്ല. വേഗത്തില്‍ ഓടാനുള്ള കഴിവും എതിരാളികളെ വെട്ടിയൊഴിയാനുള്ള തന്ത്രവും നസ്‌റീനുണ്ടായിരുന്നു. അതു തന്നെയാണ് ഖൊ-ഖൊയിലേക്ക് അടുപ്പിച്ചതും. ഡയറ്റിന് അനുസരിച്ചുള്ള ഭക്ഷണം കഴിക്കണം എന്നത് മാത്രമായിരുന്നു അല്‍പം ബുദ്ധിമുട്ട്. പിന്നീടുള്ളത് കഠിനധ്വാനമാണ്. ഉപ്പയുടെ രാപ്പകലില്ലാത്ത അധ്വാനം കണ്ടുവളര്‍ന്ന നസ്‌റീന് അതില്‍ ഒരിക്കലും പ്രയാസം തോന്നിയിരുന്നില്ല.
'മണ്ണ് നിറഞ്ഞ ഗ്രൗണ്ടുകളിലാണ് ആദ്യകാലങ്ങളില്‍ പരിശീലനം നടത്തിയിരുന്നത്. അന്ന് ഇന്‍ഡോര്‍ ഗ്രൗണ്ടുകളെ കുറിച്ച് ചിന്തിക്കാന്‍പോലും പറ്റുമായിരുന്നില്ല. ഒരു പിടി മണ്ണ് കൈയില്‍ മുറുകെപ്പിടിച്ച്, മണ്ണില്‍ കാലൂന്നിയാണ് അന്ന് കളിച്ചിരുന്നത്. എപ്പോഴും മണ്ണുമായി ഒരു ആത്മബന്ധം വേണമെന്നാണ് പരിശീലകന്‍ പഠിപ്പിച്ചുതന്നിരുന്നത്. അതു തന്നെയാണ് ജീവിതത്തില്‍ പിന്തുടര്‍ന്നതും.'-നസ്‌റീന്‍ പറയുന്നു.

അഞ്ച് വര്‍ഷം മിണ്ടാതിരുന്ന സഹോദരന്‍
ഏഴ് സഹോദരിമാരും നാല് സഹോദരന്‍മാരുമുള്ള സാധാരണ മുസ്ലിം കുടുംബത്തില്‍ ജനിച്ച നസ്‌റീന് വിജയവഴിയിലെത്താന്‍ യാഥാസ്ഥിതികത്വത്തിന്റെ വേലിക്കെട്ടുകൾ പൊളിക്കേണ്ടി വന്നിട്ടുണ്ട്. ആദ്യകാലങ്ങളില്‍ പരിശീലന സമയത്ത് നസ്‌റീന്‍ ഹിജാബ് ധരിക്കാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് ഉപേക്ഷിക്കുകയും ജഴ്‌സിയും ഷോര്‍ട്‌സും ധരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ വീട്ടില്‍ നിന്നും നാട്ടില്‍നിന്നും എതിര്‍പ്പ് തുടങ്ങി. ഇത്രയും ചെറിയ വസ്ത്രം ധരിച്ച് മകളെ ഗ്രൗണ്ടിലേക്ക് പറഞ്ഞയക്കുന്നത് എന്തിനാണെന്ന് ഗഫൂറിനോട് നാട്ടുകാര്‍ ചോദിച്ചു. ടൂര്‍ണമെന്റുകള്‍ക്കായി നസ്‌റീന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും പരിചയമില്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നതും പലര്‍ക്കും ദഹിച്ചില്ല.
എന്നാല്‍ ഗഫൂറും ഭാര്യ അന്‍വാരിയും അതൊന്നും കാര്യമാക്കിയില്ല. അദ്ദേഹം മകളുടെ സ്വപ്‌നത്തിനൊപ്പം നിന്നു. എന്നാല്‍ നസ്‌റീന്റെ സഹോദരന്‍ എതിര്‍പ്പുമായെത്തി. വീട്ടില്‍ വഴക്ക് പതിവായി. ഒടുവില്‍ നസ്‌റീനുമായുള്ള എല്ലാ ബന്ധവും സഹോദരന്‍ അവസാനിപ്പിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും മിണ്ടിത്തുടങ്ങിയത്. ഇതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ നസ്‌റീന്‍ പറയുന്നുണ്ട്.
'ഞാന്‍ വീടിന്റെ ഉമ്മറപ്പടി കടക്കുന്നതുപോലും സഹോദരന്‍ വെറുത്തിരുന്നു. ഷോര്‍ട്‌സ് ധരിക്കുന്നതും ഖൊ-ഖൊ കളിക്കുന്നതുമെല്ലാം സഹോദരന്റെ സദാചാര ബോധത്തിന് എതിരായിരുന്നു. പല മുസ്ലിം സ്ത്രീകള്‍ക്കും ഇടയ്‌ക്കെപ്പോഴെങ്കിലും പുറത്തിറങ്ങാന്‍ കഴിയുന്നതുതന്നെ അവരെ സംബന്ധിച്ച് സ്വാതന്ത്ര്യമാണ്. ഞാന്‍ വളര്‍ന്നപ്പോള്‍ ഇതിനെതിരേ സംസാരിക്കാന്‍ തുടങ്ങി. സഹോദരനുമായി നിരന്തരം തര്‍ക്കിച്ചു. പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം എന്റെ അവകാശമാണ് ഞാന്‍ വാദിച്ചുകൊണ്ടേയിരുന്നു. ഖൊ-ഖൊ കളിക്കാന്‍ എനിക്ക് അത് അത്യാവശ്യമായിരുന്നു. അതിന് ഞാന്‍ നല്‍കിയ വില വലുതായിരുന്നു. അഞ്ച് വര്‍ഷത്തോളം ഞാനുമായുള്ള എല്ലാ ബന്ധവും സഹോദരന്‍ അവസാനിപ്പിച്ചു.
കായികരംഗത്ത് തുടരണമെങ്കില്‍, വിശ്വാസത്തിന്റെ പേരില്‍ എന്നില്‍ അടിച്ചേല്‍പ്പിക്കുന്ന കാര്യങ്ങളെ ധിക്കരിക്കുകയോ നവീകരിക്കുകയോ ചെയ്യണമെന്ന് തുടക്കത്തില്‍തന്നെ ഞാന്‍ മനസിലാക്കിയിരുന്നു. എന്റെ കൗമാരകാലത്ത് വീട്ടില്‍നിന്ന് അരമണിക്കൂര്‍ പരിശീലനത്തിനായി ഞാന്‍ ഹിജാബ് ധരിക്കുമായിരുന്നു. പക്ഷേ അവിടെയെത്തുമ്പോള്‍ ഞാന്‍ ഷോര്‍ട്ട്‌സിലേക്കും ടീഷര്‍ട്ടിലേക്കും മാറും. സഹോദരന് ഒരു സൂചനപോലും കിട്ടാത്ത തരത്തിലായിരുന്നു ഇതെല്ലാം ചെയ്തിരുന്നത്.-'അഭിമുഖത്തില്‍ നസ്‌റീന്‍ പറയുന്നു.
ദുരിതം നിറഞ്ഞ കോവിഡ് കാലം
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തിലായിരുന്നു നസ്‌റീന്‍ സമ്മാനങ്ങള്‍ വാങ്ങിയിരുന്നത്. പിന്നീട് ഖൊ-ഖൊയുടെ ഭാഗമായി മാറി. ഓട്ടത്തിലെ വേഗത ഖൊ-ഖൊയില്‍ ഉപകാരപ്പെട്ടു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദേശീയതലത്തിലുള്ള ഖൊ-ഖൊ ടൂര്‍ണമെന്റില്‍ നസ്‌റീന്‍ പങ്കെടുത്തു. ഡല്‍ഹിയിലെ ദൗലത് റാം കോളേജിലെ ബിരുദ പഠനത്തിനിടയിലും ഖൊ-ഖൊയെ കൈവിട്ടില്ല. പിന്നീട് പഠനവും കായികവുമായി ബന്ധപ്പെട്ടതായി. പഞ്ചാബിലെ ലൗവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

2019-ലാണ് നസ്‌റീന്റെ കരിയറിലെ വഴിത്തിരിവുണ്ടാകുന്നത്. സൗത്ത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി നസ്‌റീനെ തിരഞ്ഞെടുത്തു. ഇന്ത്യ സ്വര്‍ണവും നേടി. പിന്നാലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും നസ്‌റീന്‍ നയിച്ച ടീം സ്വര്‍ണം കഴുത്തിലണിഞ്ഞു.
എന്നാല്‍ ഈ ആഹ്ളാദത്തിന് അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളൂ. 2020-ല്‍ കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നസ്‌റീന്റേയും കുടുംബത്തിന്റേയും ജീവിതം വഴിമുട്ടി. ചന്തകളെല്ലാം അടച്ചുപൂട്ടിയതോടെ ഗഫൂറിന്റെ പാത്രവില്‍പനയും അവസാനിച്ചു. കുടുംബം മൂന്ന് നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടി.
'മറ്റ് കായിക ഇനങ്ങളിലെ താരങ്ങള്‍ക്കെല്ലാം ആ സമയത്ത് പല സഹായങ്ങളും ലഭിച്ചു. ഇന്ത്യക്ക് സ്വര്‍ണ മെഡല്‍ നേടിക്കൊടുത്ത ക്യാപ്റ്റനായിട്ടും എന്നെ അന്വേഷിച്ച് ആരും വന്നില്ല. ഖൊ-ഖൊ ഇന്ത്യയില്‍ അത്ര സുപരിചിതമല്ല എന്നതായിരുന്നു കാരണം. അതിന് കിട്ടുന്ന പരിഗണനയും വളരെ കുറവായിരുന്നു. ലോക്ക്ഡൗണ്‍ കാലം ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളായിരുന്നു.'- അന്നത്തെ അനുഭവം നസ്‌റീന്‍ വിവരിക്കുന്നു.
പക്ഷേ വിട്ടുകൊടുക്കാന്‍ നസ്റീൻ തയ്യാറായിരുന്നില്ല. 2018-ല്‍ 26,000 രൂപയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നസ്‌റീന്‍ ജോലിക്ക് കയറിയിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ആ ശമ്പളംകൊണ്ട് 13 അംഗ കുടുംബത്തെ നസ്‌റീന്‍ സംരക്ഷിച്ചു. തുടര്‍ന്ന് ഇത് വാര്‍ത്തയായതോടെ ഖൊ-ഖൊ ഫെഡറേഷന്‍ ഒരു ലക്ഷം രൂപ നല്‍കി. ഇത് അവര്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു.
കോവിഡിനുശേഷം ടൂര്‍ണമെന്റുകള്‍ നടക്കുമെന്നതിനാല്‍ നസ്‌റീന്‍ പരിശീലനം മുടക്കിയിരുന്നില്ല. വീടിന്റെ ടെറസിലും തൊട്ടടുത്ത പാര്‍ക്കിലും നസ്‌റീന്‍ പരിശീലനത്തിനുപോയി. അടുത്ത വീട്ടിലെ കുട്ടികളേയും അയല്‍വാസികളേയും വിളിച്ച് ടീമുണ്ടാക്കി നസ്‌റീന്‍ ഖൊ ഖൊ കളിച്ചു. കോവിഡിനുശേഷം സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാണ് നേരെ പോയത്. 2023 ഏഷ്യന്‍ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പിലും നസ്‌റീന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്വര്‍ണം നേടി. പിന്നാലെ അര്‍ജുന പുരസ്‌കാരവും നസ്‌റീനെ തേടിയെത്തി.
കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ഖൊ-ഖൊയില്‍ അര്‍ജുന പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന ചരിത്രവും നസ്‌റീന്‍ ഷെയ്ഖ് എന്ന 25-കാരിയുടെ പേരിനൊപ്പം ചേര്‍ന്നു. മകള്‍ അര്‍ജുന പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിക്കുന്നത് കാണാന്‍ നസ്‌റീന്റെ മാതാപിതാക്കളും രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റ് മകള്‍ ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ നെറ്റി ചുളിച്ചവരുടെ മുന്നില്‍ അര്‍ജുന പുരസ്‌കാരവുമായി ഉപ്പ നിന്നതായിരുന്നു നസ്‌റീന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം.

ലോകകപ്പ് കിരീടം
ആറ് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളും അമ്പതില്‍ അധികം ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലും കളിച്ച നസ്‌റീന്റെ മുന്നിലെ അടുത്ത ലക്ഷ്യം ഖൊ ഖൊ ലോകകിരീടമായിരുന്നു. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റിനായി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പരിചയസമ്പന്നയായ നസ്‌റീന്റെ സെലക്ടര്‍മാര്‍ തഴഞ്ഞില്ല. എന്നാല്‍ ക്യാപ്റ്റന്‍ നസ്‌റീന്‍ ആയിരുന്നില്ല. യുവതാരം പ്രിയങ്കയാണ് ഇന്ത്യയെ ആദ്യ കിരീടത്തിലേക്ക് നയിച്ചത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണ കൊറിയയേയും ഇറാനേയും മലേഷ്യയേയും കീഴ്‌പ്പെടുത്തിയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശും സെമിയില്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയുടെ മുന്നില്‍ വഴിമാറി. ഒടുവില്‍ ഫൈനലില്‍ നേപ്പാളിനെതിരെ 78-40ന്റെ ആധികാരിക വിജയവും.
Content Highlights: lifestory of nasreen shaikh indias women kho kho team member
Published: 24 Jan 2025, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented