ബോളിവുഡ് നടൻ ഇർഫാൻ ഖാനും സംവിധായകൻ തിഗ്മാൻഷു ധൂലിയയും തമ്മിലുള്ള സൗഹൃദം കേവലം സിനിമകൾക്ക് അപ്പുറമായിരുന്നു. തന്റെ ജീവൻ മൂന്ന് തവണ ഇർഫാൻ എങ്ങനെയാണ് രക്ഷിച്ചതെന്ന് ഓർക്കുകയാണ് തിഗ്മാൻഷു.
തിഗ്മാൻഷു ധൂലിയ- ഇർഫാൻ ഖാൻ കൂട്ടുകെട്ട് സൃഷ്ടിച്ച വിപ്ലവം ചെറുതല്ല. 'ഹാസിൽ' , 'പാൻ സിങ് തോമർ', 'സാഹബ് ബീവി ഔർ ഗാങ്സ്റ്റർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ചരിത്രം തന്നെ മാറ്റിമറിക്കാൻ അവർക്കായി. എന്നാൽ ഇരുവരും തമ്മിലുണ്ടായിരുന്നത് സിനിമാസെറ്റുകളിലെ മാത്രം ബന്ധമായിരുന്നില്ല. 2020 ഏപ്രിൽ 29-ന് ഇർഫാൻ വിടപറഞ്ഞെങ്കിലും, അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ തിഗ്മാൻഷുവിന്റെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. ഒരു അഭിമുഖത്തിൽ, ഇർഫാൻ മൂന്ന് അപൂർവ്വ സന്ദർഭങ്ങളിൽ തന്റെ ജീവൻ രക്ഷിച്ച കഥ തിഗ്മാൻഷു തുറന്നുപറഞ്ഞു.
തനിക്ക് നീന്താൻ അറിയില്ലെന്ന യാഥാർത്ഥ്യം വെളിപ്പെടുത്തിക്കൊണ്ടാണ് തിഗ്മാൻഷു ആ കഥ പറഞ്ഞുതുടങ്ങിയത്. 'എനിക്ക് നീന്തൽ വശമില്ല, എന്നാൽ വെള്ളത്തോട് എനിക്കെന്തോ വലിയ ആകർഷണമുണ്ട്. വെള്ളം എന്നെ എപ്പോഴും അതിലേക്ക് വലിച്ചടുപ്പിക്കും,' തിഗ്മാൻഷു പറഞ്ഞു. ഈ വിചിത്രമായ ആകർഷണം പലപ്പോഴും അദ്ദേഹത്തെ വലിയ അപകടങ്ങളിൽ കൊണ്ടെത്തിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ഒരു കാവൽ മാലാഖയെപ്പോലെ ഇർഫാൻ അവിടെയെത്തുമായിരുന്നു.
2001-ലായിരുന്നു ആ സംഭവം. തിഗ്മാൻഷു ആദ്യമായി സംവിധാനം ചെയ്യുന്ന 'ഹാസിൽ' എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുംബൈയിലെ ഒരു ഹോട്ടലിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ നടന്നു. ഇർഫാൻ ഖാൻ പ്രധാന വേഷത്തിലെത്തുന്ന ആ ചിത്രത്തിന്റെ സന്തോഷത്തിൽ ഇരുവരും ചേർന്ന് ആഘോഷിച്ചു. മദ്യലഹരിയിലായിരുന്ന രണ്ടുപേരും രാത്രി വൈകി വെർസോവ ബീച്ചിലേക്ക് നടക്കാനിറങ്ങി.
ആദ്യ ചിത്രം യാഥാർത്ഥ്യമാകുന്നതിന്റെ വലിയ ആവേശത്തിലായിരുന്ന തിഗ്മാൻഷു, അബോധാവസ്ഥയിൽ കടലിലേക്ക് നടന്നുകയറി. ആഴത്തിലേക്ക് പോകുംതോറും അപകടം മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ മദ്യപിച്ചിട്ടുണ്ടായിരുന്നെങ്കിലും നല്ലൊരു നീന്തൽക്കാരൻ കൂടിയായ ഇർഫാൻ ഖാൻ അപകടം തിരിച്ചറിഞ്ഞു. തിഗ്മാൻഷു ആഴക്കടലിലേക്ക് വീണ നിമിഷം തന്നെ ഇർഫാൻ കടലിലേക്ക് ചാടുകയും സുഹൃത്തിനെ സാഹസികമായി കരയിലേക്ക് വലിച്ചുകയറ്റുകയും ചെയ്തു.
കരയിലെത്തിച്ച ഉടൻ ദേഷ്യവും ആശ്വാസവും കലർന്ന വികാരത്തോടെ ഇർഫാൻ തിഗ്മാൻഷുവിന്റെ കവിളത്ത് രണ്ട് അടി കൊടുത്തു. 'നീ എന്താണ് ചെയ്യുന്നത്? നീ മരിച്ചുപോകും! ആദ്യം പോയി ആ സിനിമ പൂർത്തിയാക്ക്, എന്നിട്ടാകാം ബാക്കിയെല്ലാം!' എന്ന് ഉച്ചത്തിൽ അലറിക്കൊണ്ടാണ് ഇർഫാൻ തന്റെ പ്രിയ സുഹൃത്തിനെ ആ രാത്രി മരണമുഖത്തുനിന്ന് തിരിച്ചുകൊണ്ടുവന്നത്.
വെർസോവ ബീച്ചിലെ സംഭവം ഒരു തുടക്കം മാത്രമായിരുന്നു. വർഷങ്ങൾക്ക് ശേഷം 'സാഹബ് ബീവി ഔർ ഗാങ്സ്റ്റർ പാർട്ട് 2' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലും സമാനമായ ഒരു അപകടം നടന്നു. ലൊക്കേഷന് സമീപമുള്ള ഒരു തടാകത്തിലേക്ക് ഇറങ്ങിയ തിഗ്മാൻഷു അടിയൊഴുക്കിലും വെള്ളത്തിനടിയിലെ കാട്ടുചെടികളിലും കുടുങ്ങിപ്പോയി. 'സാറ് പോയി, സാറ് മുങ്ങിപ്പോയി' എന്ന് തന്റെ ഡ്രൈവർ നിലവിളിക്കുന്നത് വെള്ളത്തിനടിയിൽ കിടന്ന് താൻ കേൾക്കുന്നുണ്ടായിരുന്നുവെന്ന് തിഗ്മാൻഷു ഓർത്തെടുക്കുന്നു. അന്നും ഒട്ടും മടിക്കാതെ വെള്ളത്തിലേക്ക് ചാടിയിറങ്ങി ഇർഫാൻ തന്നെ അന്നും രക്ഷപ്പെടുത്തി.
മറ്റൊരു അവസരത്തിൽ, ഇരുവരും ഒന്നിച്ചുള്ള ഒരു റിവർ റാഫ്റ്റിംഗ് യാത്രയ്ക്കിടയിലും തിഗ്മാൻഷു റാഫ്റ്റിൽ നിന്ന് നദിയിലേക്ക് ചാടുകയുണ്ടായി. അന്നും കൃത്യസമയത്ത് ഇടപെട്ട് ഇർഫാൻ അദ്ദേഹത്തെ വെള്ളത്തിൽ നിന്ന് പിടിച്ച് കയറ്റി. അങ്ങനെ മൂന്ന് വ്യത്യസ്ത സന്ദർഭങ്ങളിൽ മരണത്തിൽ നിന്ന് ഇർഫാൻ തനിക്ക് കാവലായി നിലകൊണ്ടുവെന്ന് തിഗ്മാൻഷു പറഞ്ഞു.
നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ തളിർത്ത സൗഹൃദം
1986-ൽ ഡൽഹിയിലെ പ്രശസ്തമായ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേരുമ്പോഴാണ് തിഗ്മാൻഷു ഇർഫാനെ ആദ്യമായി കാണുന്നത്. അന്ന് ഇർഫാൻ അവിടെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ആ ക്യാമ്പസ് ദിനങ്ങളിൽ തുടങ്ങിയ സൗഹൃദം പിന്നീട് ഇരുവരുടെയും വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും വലിയ തണലായി മാറി.1995-ൽ 'നയാ ദൗർ' എന്ന ടെലിവിഷൻ പരമ്പരയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് പ്രവർത്തിക്കുന്നത്. പിന്നീട് തിഗ്മാൻഷുവിന്റെ ആദ്യ ചിത്രമായ 'ഹാസിൽ', ദേശീയ പുരസ്‌കാരം നേടിയ 'പാൻ സിങ് തോമർ', 'സാഹബ് ബീവി ഔർ ഗാങ്സ്റ്റർ റിട്ടേൺസ്' തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. സിനിമയ്ക്ക് അപ്പുറം ഇവരുടെ കുടുംബങ്ങളും തമ്മിൽ വലിയ അടുത്ത ബന്ധമാണുണ്ടായിരുന്നത്.
Published: 11 Sept 2026, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented