കന്നഡ സിനിമയിലൂടെ തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് രുഗ്മിണി വസന്ത്. 'സപ്ത സാഗരദാചെ എല്ലാ' എന്ന ചിത്രത്തിലെ പ്രിയയായി എത്തി പ്രേക്ഷകരുടെ മനസ്സു കവർന്ന ഈ നടി, 'കാന്താര: ചാപ്റ്റർ 1' നൽകിയ വൻ വിജയത്തിന് ശേഷം ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രൊജക്റ്റുകളിലൊന്നായ 'ടോക്‌സിക്കിലും നായികനിരയിലേക്ക് എത്തിയിരിക്കുകയാണ്. യഷ് നായകനാകുന്ന ചിത്രത്തിൽ 'മെല്ലിസ' എന്ന തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് രുഗ്മിണി അവതരിപ്പിച്ചിരിക്കുന്നത്.

To advertise here,

സൈനിക പശ്ചാത്തലമുള്ള ഒരു കുടുംബത്തിൽ നിന്നാണ് രുഗ്മിണി സിനിമയിലേയ്ക്ക് എത്തുന്നത്. മറാത്ത ലൈറ്റ് ഇൻഫൻട്രിയുടെ കമാൻഡിംഗ് ഓഫീസറായിരുന്ന കേണൽ വസന്ത് വേണുഗോപാലിന്റെ മകളാണ് രുഗ്മിണി. 2007-ൽ ജമ്മു കശ്മീരിലെ ഉറി അതിർത്തിയിൽ വച്ച് പത്തോളം വരുന്ന സായുധരായ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചു. നുഴഞ്ഞുകയറ്റം തടയാൻ കേണൽ വസന്ത് നേരിട്ട് ടീമിനെ നയിക്കുകയായിരുന്നു. കടുത്ത ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ചെങ്കിലും, മുന്നിൽ നിന്ന് പോരാടിയ കേണൽ വസന്തിന് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് അദ്ദേഹം വീരമൃത്യു വരിക്കുകയും ചെയ്തു. അന്ന് 39 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

രാജ്യത്തിന് നൽകിയ സമാനതകളില്ലാത്ത സേവനത്തിന് മരണാനന്തര ബഹുമതിയായി രാജ്യം അദ്ദേഹത്തിന് 'അശോകചക്ര' നൽകി ആദരിക്കുകയുണ്ടായി. രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണിത്. കർണാടകയിൽ നിന്ന് ആദ്യമായി അശോകചക്ര ലഭിച്ച ധീരദേശാഭിമാനി കൂടിയാണ് കേണൽ വസന്ത് വേണുഗോപാൽ.

കുട്ടിക്കാലത്തെ വേദനിപ്പിക്കുന്ന ഓർമ

തന്റെ പത്താം വയസ്സിലാണ് രുഗ്മിണിയ്ക്ക് പിതാവിനെ നഷ്ടപ്പെടുന്നത്. കുടുംബത്തിൽ വലിയൊരു ആഘാതമാണ് ആ വേർപാട് ഉണ്ടാക്കിയത്. എന്നാൽ അച്ഛന്റെ വിയോഗത്തോടെ തകർന്നുപോകാതെ, സ്വന്തം വേദനയെ മറ്റുള്ളവരെ സഹായിക്കാനുള്ള ഊർജ്ജമാക്കി മാറ്റിയ അമ്മയെയാണ് രുഗ്മിണി പിന്നീട് കണ്ടത്. പ്രശസ്ത ഭരതനാട്യം നർത്തകിയായ അമ്മ സുഭാഷിണി വസന്ത്, യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെയും വിധവകളെയും പിന്തുണയ്ക്കുന്നതിനായി 'വീർ രത്‌ന ഫൗണ്ടേഷൻ' രൂപീകരിച്ചു. അമ്മയുടെ ഈ സാമൂഹിക പ്രതിബദ്ധതയും നന്മയും തന്നിലും സഹോദരി യശോധയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും, വേദനയെ അതിജീവിച്ച് അതിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ മാറ്റാൻ അത് പഠിപ്പിച്ചുവെന്നും രുഗ്മിണി വെളിപ്പെടുത്തി.

ഒരു ആർമി കുടുംബത്തിൽ വളർന്നുവെങ്കിലും രുഗ്മിണിയുടെ ഉള്ളിലെ സിനിമാഭ്രമത്തിന് വ്യക്തമായ ദിശാബോധമുണ്ടായിരുന്നു. ബെംഗളൂരുവിലെ ആർമി സ്‌കൂളിലും എയർഫോഴ്‌സ് സ്‌കൂളിലും സെന്റർ ഫോർ ലേണിംഗിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം, പിന്നീട് നാടക രംഗത്തും അഭിനയത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ലോകോത്തര നടന്മാർ പരിശീലനം നേടിയ ലണ്ടനിലെ വിഖ്യാതമായ 'റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സ്'എന്ന സ്ഥാപനത്തിൽ നിന്നാണ് രുഗ്മിണി അഭിനയത്തിൽ ബിരുദം നേടിയത്. പഠനം കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും സിനിമാ ലോകത്തേക്ക് എത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. നാല് മണിക്കൂർ നീണ്ടുനിന്ന കഠിനമായ ഓഡിഷനൊടുവിലാണ് താരത്തിന് ആദ്യ സിനിമാ അവസരം ലഭിക്കുന്നത്. 2019-ൽ പുറത്തിറങ്ങിയ 'ബിർബൽ ട്രിലജി കേസ് 1: ഫൈൻഡിംഗ് വജ്രമുനി' എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.

പ്രിയ'യിൽ നിന്ന് കനകാവതി'യിലേക്ക്

രുഗ്മിണിയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായത് ഹേമന്ത് റാവു സംവിധാനം ചെയ്ത് രക്ഷിത് ഷെട്ടി നായകനായ 'സപ്ത സാഗരദാചെ എല്ലാ' എന്ന ചിത്രമാണ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ഈ ചിത്രത്തിലെ 'പ്രിയ' എന്ന കഥാപാത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും മനസ്സ് കീഴടക്കി. ഫിലിംഫെയർ ക്രിട്ടിക്‌സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിലെ അഭിനയത്തിന് താരത്തെ തേടിയെത്തിയത്. തുടർന്ന് 'ബാണദാരിയല്ലി', 'ബഗീര', 'ഭൈരതി രണഗൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ കന്നഡ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

പിന്നീട് തെലുങ്കിലും തമിഴിലും സജീവമായ താരം 'അപ്പുഡോ ഇപ്പുഡോ എപ്പുഡോ', 'ഏസ്', 'മധുരാസി' തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. എന്നാൽ രുഗ്മിണിയെ ഒരു പാൻ-ഇന്ത്യൻ താരമായി മാറ്റിയത് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കാന്താര: ചാപ്റ്റർ 1' ആയിരുന്നു. ചിത്രത്തിൽ 'കനകാവതി' എന്ന രാജകുമാരിയായി താരം തകർത്തഭിനയിച്ചപ്പോൾ വലിയ ജനശ്രദ്ധയാണ് ലഭിച്ചത്. തന്നെപ്പോലെ ഒരു വ്യക്തിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരുന്നു കനകാവതി എന്നും, ഋഷഭ് ഷെട്ടിയോടൊപ്പം പ്രവർത്തിച്ചത് തികച്ചും പുതിയൊരു അനുഭവമായിരുന്നുവെന്നും രുഗ്മിണി പറഞ്ഞു.

'ടോക്‌സിക്' സിനിമയിലെ 'മെല്ലിസ'

സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന 'ടോക്‌സിക്: എ ഫെയറി ടേൽ ഫോർ ഗ്രോൺ-അപ്‌സ്' എന്ന ചിത്രമാണ് രുഗ്മിണിയുടെ ഏറ്റവും പുതിയ പ്രൊജക്റ്റ്. യഷ് നായകനാകുന്ന ഈ മാസ് ആക്ഷൻ ത്രില്ലറിൽ 'മെല്ലിസ' എന്ന സ്‌റ്റൈലിഷ് കഥാപാത്രമായാണ് രുഗ്മിണി എത്തുന്നത്. ഡാർക്ക് ഗ്രീൻ ഗൗണിൽ തികച്ചും ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു.

രുഗ്മിണിയുടെ അഭിനയരീതിയെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും സംവിധായിക ഗീതു മോഹൻദാസ് വളരെ പ്രതീക്ഷയോടെയാണ് സംസാരിച്ചത്. രുഗ്മിണി വെറുമൊരു പ്രകടനം കാഴ്ചവെക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ആ കഥാപാത്രത്തെ ആഴത്തിൽ വിശകലനം ചെയ്യുകയും സ്വയം ഒരു ആന്തരികലോകം സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നുണ്ടെന്ന് ഗീതു പറഞ്ഞത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.