ടെലിവിഷൻ സ്‌ക്രീനിലും സോഷ്യൽ മീഡിയയിലും ഒരേപോലെ തരംഗം സൃഷ്ടിച്ച ജോഡികളാണ് നടിയും മോഡലുമായ ജാസ്മിൻ ഭാസിനും നടൻ അലി ഗോണിയും. പ്രണയം ആറു വർഷങ്ങൾ പിന്നിടുമ്പോഴും, പരസ്പര സ്‌നേഹത്തിന്റെയും സന്തോഷത്തിന്റേയും രഹസ്യമെന്താണെന്നാണ് പലരുടെയും ചോദ്യം. എന്നാൽ, തങ്ങളുടെ സന്തോഷകരമായ ജീവിതത്തിന് പിന്നിലെ പ്രധാന രഹസ്യം പരസ്പരബഹുമാനവും പേഴ്‌സണൽ സ്‌പേസുമാണെന്ന് തുറന്നുപറയുകയാണ് ജാസ്മിൻ ഭാസിൻ.

To advertise here,

ഒരേ വീട്ടിൽ ഒരുമിച്ച് താമസിക്കുമ്പോഴും ഇരുവർക്കും സ്വന്തമായി ഓരോ കിടപ്പുമുറികൾ ഉണ്ടെന്നാണ് ജാസ്മിൻ പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പ്രണയജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്. ഒരേ വീട്ടിൽ താമസിക്കുമ്പോഴും രണ്ടു കിടപ്പുമുറികൾ ഉപയോഗിക്കാനുള്ള തീരുമാനം തികച്ചും ചിന്തിച്ചുറപ്പിച്ച് എടുത്തതാണെന്ന് ജാസ്മിൻ വ്യക്തമാക്കുന്നു. അഭിനേതാക്കളായ രണ്ടു വ്യക്തികൾ എന്ന നിലയിൽ ഇരുവർക്കും പലപ്പോഴും വ്യത്യസ്ത ഷൂട്ടിംഗ് സമയങ്ങളാണുള്ളത്. ചില ദിവസങ്ങളിൽ പാതിരാത്രിയിലാകും ഒരാൾ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തുന്നത്, അല്ലെങ്കിൽ അതിരാവിലെ ജോലിക്ക് പോകേണ്ടിവരും.

'ഒരാളുടെ ജോലിഭാരവും ക്ഷീണവും മറ്റേയാളുടെ ഉറക്കത്തെയോ സമാധാനത്തെയോ ബാധിക്കരുത് എന്ന നിർബന്ധം ഞങ്ങൾക്കുണ്ട്. രണ്ടുപേർക്കും അവരുടേതായ സ്വകാര്യ ഇടം ആവശ്യമായി വരുന്ന സന്ദർഭങ്ങളുണ്ട്. അത്തരം നിമിഷങ്ങളിൽ പങ്കാളിക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ ഈ രീതി ഏറെ സഹായിക്കുന്നു.' ജാസ്മിൻ പറയുന്നു. പരസ്പരം മനസ്സിലാക്കി എടുത്ത ഈ തീരുമാനം തങ്ങളുടെ ബന്ധത്തിൽ കൂടുതൽ സന്തോഷവും ആരോഗ്യകരമായ അന്തരീക്ഷവും നൽകിയെന്നാണ് താരത്തിന്റെ പക്ഷം.

2018-ലാണ് ജാസ്മിനും അലി ഗോണിയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടക്കത്തിൽ അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്ന ഇരുവരുടെയും ബന്ധം 2020-ടെയാണ് പ്രണയത്തിലേക്ക് വഴിമാറുന്നത്. സുഹൃത്തുക്കളിൽ നിന്ന് പങ്കാളികളിലേക്കുള്ള ഈ വളർച്ച പരസ്പരം ആഴത്തിൽ അറിയാൻ രണ്ടുപേർക്കും അവസരമൊരുക്കി.

ബന്ധങ്ങളിൽ പ്രതിസന്ധികൾ സ്വാഭാവികമാണെന്നും എന്നാൽ അതിനെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യമിരിക്കുന്നതെന്നും ജാസ്മിൻ ഓർമ്മിപ്പിക്കുന്നു. 'ചില ഘട്ടങ്ങളിൽ നാം ചിന്തിച്ചേക്കാം, 'അയ്യോ, ഇത് തെറ്റായ തീരുമാനമായിരുന്നോ, എന്തിനാണ് ഞാൻ ഈ ബന്ധത്തിൽ തുടരുന്നത്?' എന്നൊക്കെ. എന്നാൽ അത്തരം നെഗറ്റീവ് ചിന്തകൾ വരുമ്പോൾ, നാം ഒന്നിച്ചുണ്ടായിരുന്ന നല്ല നിമിഷങ്ങളെക്കുറിച്ച് ഓർക്കണം. എന്തുകൊണ്ടാണ് ആ വ്യക്തിയെ നമ്മുടെ പങ്കാളിയായി തിരഞ്ഞെടുത്തത് എന്ന ആദ്യ ചിന്തയിലേക്ക് തിരികെ പോകണം,' ജാസ്മിൻ കൂട്ടിച്ചേർക്കുന്നു.

ജീവിതത്തിൽ പലതരം സാഹചര്യങ്ങളിലൂടെയും മാനസികാവസ്ഥകളിലൂടെയും ആ വ്യക്തി കടന്നുപോകാം. പങ്കാളി കഠിനമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവർക്ക് മാനസികമായി തനിയെ നിൽക്കാനുള്ള സമയം നൽകണമെന്നാണ് ജാസ്മിന്റെ അഭിപ്രായത്തിൽ ഒരു നല്ല ബന്ധത്തിന്റെ ലക്ഷണം.

തന്റെ ചുറ്റുമുള്ള സുഹൃത്തുക്കളിലും ദമ്പതികളിലും പലരും പ്രയാസകരമായ സമയങ്ങളിൽ അകലുന്നത് കണ്ടിട്ടുണ്ടെന്ന് ജാസ്മിൻ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പങ്കാളി പ്രതിസന്ധിയിലായിരിക്കുമ്പോൾ വ്യക്തമായി ചിന്തിക്കാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല. ആ സമയത്ത് അവരെ കുറ്റപ്പെടുത്താതെ, ഒപ്പം നിൽക്കുകയാണ് വേണ്ടത്. പ്രശ്‌നങ്ങളെല്ലാം ശാന്തമായ ശേഷം മാത്രം സംസാരിച്ച് കാര്യങ്ങൾ പരിഹരിക്കുക. ശരിയായ സമയം വരുമ്പോൾ എല്ലാം നല്ല രീതിയിൽ കലാശിക്കും. അതിനായി ക്ഷമയും പങ്കാളിയിൽ പൂർണ്ണമായ വിശ്വാസവും ഉണ്ടായിരിക്കണം.

പ്രണയത്തെ ഒരിക്കലും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും താരം വ്യക്തമാക്കുന്നു. സൗഹൃദവും സ്‌നേഹവും സ്വാഭാവികമായി ഒഴുകിയെത്തേണ്ടതാണ്. പോകാൻ ആഗ്രഹിക്കുന്നവർ ഏതുവിധേനയും പോകുമെന്നും, കൂടെനിൽക്കാൻ ആഗ്രഹിക്കുന്നവർ എപ്പോഴും ഒപ്പമുണ്ടാകുമെന്നും ജാസ്മിൻ പറയുന്നു.

അലി ഗോണിയുമായുള്ള ആറു വർഷത്തെ ബന്ധത്തിൽ തങ്ങൾ ഇതുവരെ പരസ്പരം ഫോണുകൾ പരിശോധിച്ചിട്ടില്ലെന്ന് ജാസ്മിൻ വെളിപ്പെടുത്തി. അലിയുടെ ഫോണിന്റെ പാസ്വേഡ് അറിയാൻ താൻ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും, അത്തരമൊരു ആവശ്യം തങ്ങൾക്കിടയിൽ ഉദിച്ചിട്ടേയില്ലെന്നും ജാസ്മിൻ പറഞ്ഞു.