വിദ്യാഭ്യാസ ലോൺ അടയ്ക്കാൻ മോഡലിങ് തിരഞ്ഞെടുത്ത പെൺകുട്ടി. കോളേജിൽ ടീഷർട്ടും ജീൻസും ധരിച്ചെത്തുന്ന ആ പെൺകുട്ടിയ്ക്ക് ഹൈഹീൽസിൽ നടക്കാൻ അറിയില്ലായിരുന്നു. എന്നാൽ, ഹൈദരാബാദുകാരി പെൺകുട്ടിയിന്ന് ഇന്റർനാഷണൽ മോഡലാണ്. ഭവിത മണ്ഡവ എന്ന സൂപ്പർ മോഡലിന്ന് ഇന്ത്യക്കാരുടെ അഭിമാനമാണ്. ആകസ്മികമായി മോഡലിങ്ങിലേയ്‌ക്കെത്തിയ ഭവിതയുടെ കഥയിങ്ങനെ.

To advertise here,

ഹൈദരാബാദിൽ ജനിച്ച ഭവിതയ്ക്ക് ഫാഷനിലോ മോഡലിങ്ങിലോ മുൻപരിചയമോ അത്തരം സ്വപ്‌നമോ ഉണ്ടായിരുന്നില്ല. പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബത്തിൽ വളർന്ന ഭവിത ഹൈദരാബാദിലെ ജെ.എൻ.ടി.യുവിനിന്ന് ആർക്കിടെക്ചറിൽ ബിരുദം പൂർത്തിയാക്കി. തുടർന്ന് ഉന്നതവിദ്യാഭ്യാസത്തിനായി ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഇന്റഗ്രേറ്റഡ് ഡിസൈൻ ആൻഡ് മീഡിയ കോഴ്‌സിന് ചേർന്നു. ഒരു ടെക്‌നിക്കൽ അല്ലെങ്കിൽ ആർക്കിടെക്ചറൽ കരിയർ മാത്രമായിരുന്നു അന്നുവരെ ഭവിതയുടെ സ്വപ്നം.

സബ്‌വെ പ്ലാറ്റ്ഫോമിലെ അപ്രതീക്ഷിത കണ്ടുമുട്ടൽ

ന്യൂയോർക്കിലെ പഠനകാലത്താണ് ഭവിതയുടെ ജീവിതം അപ്രതീക്ഷിതമായി മാറിമറിയുന്നത്. 2024-ൽ ന്യൂയോർക്കിലെ സബ്‌വെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുമ്പോൾ 28Models എന്ന ഏജൻസിയുടെ ഫാഷൻ സ്‌കൗട്ട് ഭവിതയോട് മോഡലിങ്ങിലേക്ക് വരാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. ഭവിത ആദ്യഘട്ടത്തിൽ ഈ ഓഫർ രണ്ടുതവണ നിരസിക്കുകയാണുണ്ടായത്. മോഡലിങ്‌ ഓഫർ നിരസിച്ച ഭവിതയോട്, മോഡലിങ്ങിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് 'വിദ്യാഭ്യാസ വായ്പയും മറ്റ് സാമ്പത്തിക ബാധ്യതകളും എളുപ്പത്തിൽ അടച്ചുതീർക്കാം' എന്ന് ഫാഷൻ സ്‌കൗട്ട് വ്യക്തമാക്കിയതോടെയാണ് തീരുമാനം തിരുത്തുന്നത്. തന്റെ ഉപരിപഠന വായ്പ തിരിച്ചടയ്ക്കാനുള്ള ഒരു വഴിയായി മാത്രമാണ് ഭവിത അന്ന് മോഡലിങ്ങിന് തുടക്കത്തിൽ പച്ചക്കൊടി കാണിച്ചത്. NYU യൂണിവേഴ്‌സിറ്റിയിലെ പഠനവും ക്യാമ്പസിലെ ജോലിയും ഉപേക്ഷിക്കാതെ, വാരാന്ത്യങ്ങളിൽ ഫാഷൻ ഷോകൾക്കായി യൂറോപ്പിലേക്ക് വിമാനത്തിൽ പറന്നാണ് ഭവിത സ്റ്റുഡന്റ് ലൈഫും മോഡലിങ്ങും ഒരുപോലെ മുന്നോട്ടുകൊണ്ടുപോയത്.

ആഗോള റൺവേകളിൽ കുറിച്ച ചരിത്രം

വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്റർനാഷണൽ ബ്രാൻഡായ ബോട്ടെഗ വെനെറ്റയുടെ പ്രൊജക്റ്റിൽ ഭവിത ഇടംനേടി. തുടർന്ന് ക്രിസ്റ്റ്യൻ ഡിയോർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ബ്രാൻഡുകൾക്കായി റൺവേയിൽ ചുവടുവെച്ചു.

2025 ഡിസംബറിൽ ന്യൂയോർക്കിലെ സബ്‌വെ പ്ലാറ്റ്ഫോമിൽ നടന്ന ഷാനേലിന്റെ 'Métiers d'Art 2026' ഫാഷൻ ഷോയുടെ തുടക്കം കുറിക്കുന്ന 'ഓപ്പണിങ്‌ വാക്ക്' ചെയ്തുകൊണ്ട് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ മോഡലായി ഭവിത മാറി. അതേ സബ്‌വെ പ്ലാറ്റ്ഫോമിൽ ഷാനലിന്റെ പ്രധാന മോഡലായി ഉയർന്നുവന്നത് ഒരു അപൂർവ്വ ഭാഗ്യമായി. 2026 മാർച്ച് ലക്കത്തിൽ ബ്രിട്ടീഷ് വോഗിന്റെ കവർ ഗേളായി ഭവിത ഇടംപിടിച്ചു. പ്രിയങ്ക ചോപ്രയ്ക്ക് ശേഷം ബ്രിട്ടീഷ് വോഗ് കവറിൽ സോളോ ആയി എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി മാറാൻ ഭവിതയ്ക്ക് സാധിച്ചു. 2025 മേയിൽ വിജയകരമായി ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഭവിത, വിദ്യാഭാസ വായ്പ വീട്ടാനായി കടന്നുവന്ന രംഗത്ത് ഇന്ന് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന മുഖമായി മാറിയിരിക്കുന്നു. നിറത്തിന്റെ പേരിലുള്ള അസമത്വങ്ങൾക്കും പരമ്പരാഗത മോഡലിങ്‌ സങ്കൽപ്പങ്ങൾക്കും എതിരെയുള്ള ശക്തമായൊരു മറുപടി കൂടിയാണ് സൗത്ത് ഏഷ്യൻ പശ്ചാത്തലമുള്ള ഭവിതയുടെ ഈ മുന്നേറ്റം.

 

ഷാനലിന്റെ മെർമെയ്ഡ് ഗൗണിൽ തിളങ്ങി ഭവിത

വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽനടത്തിയ റെഡ് കാർപെറ്റ് അരങ്ങേറ്റത്തോടെ ഭവിത വീണ്ടും ആഗോള മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. മത്സ്യകന്യകാ സങ്കൽപ്പത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് തയ്യാറാക്കിയ ഷാനേലിന്റെ വിഖ്യാതമായ ഗൗണിൽ എത്തിയ ഭവിതയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് ഇന്റർനെറ്റിൽ തരംഗമായത്. റെഡ് കാർപെറ്റിൽ ഷാനലിന്റെ Haute Couture ശേഖരത്തിൽനിന്നുള്ള ആകർഷകമായ അക്വാ-ബ്ലൂ ഗൗണിലാണ് ഭവിത എത്തിയത്. ജലാശയത്തിന്റെ നീലിമയും തിളക്കവും ആവാഹിച്ചെടുത്ത ഈ ഡ്രസ്സ്, അക്വാറ്റിക് തീമിലുള്ള അതിസൂക്ഷ്മമായ എംബ്രോയ്ഡറികളും തിളങ്ങുന്ന സീക്വിൻസുകളും കൊണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ലളിതമായ മേക്കപ്പും വസ്ത്രത്തിന്റെ തനിമ നിലനിർത്തുന്ന മിനിമൽ ജുവലറിയുമായിരുന്നു ഭവിത തിരഞ്ഞെടുത്തത്. ആഗോള സിനിമാ-ഫാഷൻ ഭീമന്മാർ അണിനിരന്ന റെഡ് കാർപെറ്റിൽ ആത്മവിശ്വാസം തുളുമ്പുന്ന സാന്നിധ്യം കൊണ്ട് കാണികളുടെയും ഫോട്ടോഗ്രാഫർമാരുടെയും പ്രശംസ പിടിച്ചുപറ്റാൻ ഈ ഇന്ത്യൻ മോഡലിന് സാധിച്ചു.