
11 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ തങ്ങളുടെ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിച്ചത് 2024-ലെ ടി20 ലോകകപ്പ് ജയത്തോടെയായിരുന്നു. 2023-ല്‍ സ്വന്തം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ സ്വപ്നക്കുതിപ്പിനൊടുവില്‍ കലാശപ്പോരിലെ തോല്‍വി നല്‍കിയ നിരാശയ്ക്കു ശേഷമായിരുന്നു ആ കിരീട നേട്ടം. ഇപ്പോഴിതാ മറ്റൊരു ഐസിസി ടൂര്‍ണമെന്റിലും ടൂര്‍ണമെന്റ് ഫേവറിറ്റുകളായി എത്തുകയാണ് ഇന്ത്യന്‍ ടീം. ഈ കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കം. പാകിസ്താനിലും യു.എ.ഇയിലുമായി നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ സംഘം പോരാട്ടത്തിനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. ഒരു ഏകദിന വിജയം പോലുമില്ലാതെയാണ് ഇന്ത്യ 2024 അവസാനിപ്പിച്ചത്. എന്നാല്‍ ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കായി ഒരുങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയൊരു മാറ്റത്തിനുകൂടി ചാമ്പ്യന്‍സ് ട്രോഫിയോടെ തുടക്കമാകും. ഒരുപക്ഷേ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അവസാന ടൂര്‍ണമെന്റായേക്കും ഇത്. ചാമ്പ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത്തിന്റെ ഭാവി തീരുമാനിക്കപ്പെടുമെന്നാണ് ടീം മാനേജ്‌മെന്റ് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ കഴിഞ്ഞ ടി20 ലോകകപ്പ് പോലെ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച് ഏകദിന കരിയര്‍ അവസാനിപ്പിക്കാനാകും രോഹിത്തിന്റെ ശ്രമം.
വിരാട് കോലിക്കും ഇത് നിര്‍ണായക ടൂര്‍ണമെന്റാണ്. ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിയിലെ നിറംകെട്ട പ്രകടനമാണ് കോലിക്കും രോഹിത്തിനും തിരിച്ചടിയായത്. പരമ്പരയിലെ മോശം പ്രകടനത്തോടെ ഇരുവര്‍ക്കുമെതിരേ വിവിധ കോണുകളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇരുവരും ഫോമിലേക്ക് തിരിച്ചെത്തുന്നുവെന്നതിന്റെ സൂചനകള്‍ തന്നുകഴിഞ്ഞു. പരമ്പരയിലെ സമ്പൂര്‍ണ ജയവും പ്രധാന താരങ്ങളുടെ ഫോമും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നു.

ഇംഗ്ലണ്ട് പരമ്പര നല്‍കുന്ന പ്രതീക്ഷ
ഒരു പ്രധാന ഐസിസി ടൂര്‍ണമെന്റിനു തൊട്ടുമുമ്പ് നടന്ന പരമ്പരയില്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍ രാഹുല്‍ എന്നിവരുടെ തിളക്കമാര്‍ന്ന പ്രകടനം തന്നെയാണ് ടീം ഇന്ത്യയെ സംബന്ധിച്ച് പോസിറ്റീവ്.
ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും (87, 60, 112) നേടിയ ഗില്ലായിരുന്നു ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ താരം. ഇതിനൊപ്പം കിട്ടിയ അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച ശ്രേയസ് അയ്യരും അവസരത്തിനൊത്തുയര്‍ന്ന അക്ഷര്‍ പട്ടേലും ഇന്ത്യന്‍ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി. ഇവര്‍ക്കൊപ്പം രാഹുലും ഹാര്‍ദിക്കും ചേര്‍ന്നപ്പോള്‍ മധ്യ ഓവറുകളിലും ഇന്ത്യ റണ്‍സ് വാരിക്കൂട്ടി. അവസാന ഓവറുകളില്‍ റണ്‍സടിച്ചുകൂട്ടാനും ഇവരുണ്ടായിരുന്നു.
ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യം ഫലപ്രദമായി മറികടന്ന ശ്രേയസ് അയ്യര്‍ തന്നെയാണ് മധ്യനിരയിലെ ഇന്ത്യന്‍ കരുത്ത്. കഴിഞ്ഞ ലോകകപ്പിലടക്കം ഇന്ത്യന്‍ മധ്യനിരയെ നയിച്ചത് ശ്രേയസായിരുന്നു. എന്നാല്‍ അന്ന് ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കും ബൗണ്‍സറുകള്‍ക്കും മുന്നില്‍ പതറുന്ന താരത്തെയും നമ്മള്‍ കണ്ടു. എന്നാല്‍ കൃത്യമായ മുന്നൊരുക്കത്തോടെ ആ ദൗര്‍ബല്യം മറികടന്നാണ് ശ്രേയസ് ചാമ്പ്യന്‍സ് ട്രോഫിക്കെത്തുന്നത്.

കരിയറിന് മികച്ച തുടക്കമിട്ട ഗില്‍, ഓപ്പണിങ്ങിലെ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. രോഹിത്തിന്റെ മികച്ച ഓപ്പണിങ് പങ്കാളി തന്നെയാണ് ഗില്‍. ഇതുവരെ 50 ഏകദിനങ്ങള്‍ കളിച്ച ഗില്ലിന്റെ ശരാശരി 60.16 ആണ്. ഏഴ് സെഞ്ചുറികളും 15 അര്‍ധ സെഞ്ചുറികളും ഇതിനോടകം തന്നെ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്. ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഫോമിലാണെന്ന് താരം തെളിയിച്ചുകഴിഞ്ഞു.
ഇന്ത്യന്‍ മധ്യനിരയിലേക്കുള്ള സര്‍പ്രൈസ് എന്‍ട്രി എന്ന് പൂര്‍ണമായും പറയാനാകില്ലെങ്കിലും അക്ഷര്‍ പട്ടേലിന്റെ ബാറ്റിങ് മികവ് ഇന്ത്യയ്ക്ക് നല്‍കുന്ന പോസിറ്റിവിറ്റി ചെറുതൊന്നുമല്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ചാമതിറങ്ങി 47 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത അക്ഷര്‍, രണ്ടാം ഏകദിനത്തിലും ഇതേ സ്ഥാനത്തിറങ്ങി 43 പന്തില്‍ നിന്ന് 41 റണ്‍സെടുത്തു. മൂന്നാം മത്സരത്തില്‍ മാത്രമാണ് താരത്തിന് തിളങ്ങാനാകാതെ പോയത്. എന്നാല്‍ ആ മത്സരത്തില്‍ വെറും 22 റണ്‍സിന് രണ്ടു വിക്കറ്റുമായി ബൗളിങ്ങില്‍ തിളങ്ങാനായി.
ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റ്
ടൂര്‍ണമെന്റിനെത്തുന്ന എട്ടു ടീമുകളിലെ ഏറ്റവും മികച്ച ബാറ്റിങ് യൂണിറ്റ് ഏതെന്ന് ചോദിച്ചാല്‍ ഇന്ത്യ എന്നുതന്നെയാകും ഉത്തരം. സമീപകാലത്ത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയും സ്ട്രൈക്ക് റേറ്റും ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. വലിയ സ്‌കോറുകള്‍ നേടുന്നു എന്നതുമാത്രമല്ല, അത് അടിച്ചെടുക്കുന്ന ഭയാനകമായ നിരക്കാണ് ഇന്ത്യന്‍ ടീമിനെ അപകടകാരികളാക്കുന്നത്. 2023-ന് ശേഷം 11 തവണയാണ് ഇന്ത്യ എതിരാളികള്‍ക്കെതിരേ 350 റണ്‍സിലേറെ അടിച്ചെടുത്തത്. ഒരു തവണ 400 കടക്കുകയും ഒരു തവണ 399 വരെയെത്തുകയും ചെയ്തു.
2023-ല്‍ ശ്രീലങ്കയ്ക്കെതിരേ ഗുവാഹാത്തിയില്‍ 373, ശ്രീലങ്കയ്ക്കെതിരേ തിരുവനന്തപുരത്ത് 390, ന്യൂസീലന്‍ഡിനെതിരേ ഹൈദരാബാദില്‍ 349, ന്യൂസീലന്‍ഡിനെതിരേ ഇന്ദോറില്‍ 385, വെസ്റ്റിന്‍ഡീസിനെതിരേ ടറൗബയില്‍ 351, ഏഷ്യാകപ്പില്‍ കൊളംബോയില്‍ പാകിസ്താനെതിരേ 356, ഓസ്ട്രേലിയക്കെതിരേ ഇന്ദോറില്‍ 399, ഓസ്ട്രേലിയക്കെതിരേ രാജ്കോട്ടില്‍ 352, ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരേ വാങ്കെഡെയില്‍ 357, ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഈഡന്‍ ഗാര്‍ഡന്‍സില്‍ 326, ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരേ ബെംഗളൂരുവില്‍ 410, ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ സെമിയില്‍ വാങ്കഡെയില്‍ 397, 2025-ല്‍ ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദില്‍ 356 എന്നിവയാണ് സമീപകാലത്ത് ഏകദിനത്തിലെ ടീം ഇന്ത്യയുടെ വമ്പന്‍ സ്‌കോറുകള്‍. ഇക്കൂട്ടത്തില്‍ പത്തോളം മത്സരങ്ങള്‍ വിജയിച്ചത് 100 റണ്‍സിലേറെ വ്യത്യാസത്തിലാണ് എന്നതും ശ്രദ്ധേയം.

ബുംറയുടെ അഭാവം, സ്പിന്നര്‍മാരുടെ ആധിക്യം കളമറിഞ്ഞുള്ള കളിയോ?
രോഹിത്, ഗില്‍, കോലി, ശ്രേയസ്, കെ.എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവരടങ്ങിയ ബാറ്റിങ് നിരയില്‍ ഇന്ത്യയ്ക്ക് തലവേദന ഇല്ലെന്നു തന്നെ പറയാം. ഇവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുമുണ്ട്.
എന്നാല്‍ ബൗളിങ്ങില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ അഭാവം തന്നെയാണ് ടീം ഇന്ത്യയുടെ പ്രധാന തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം പുറത്തിരുന്ന മുഹമ്മദ് ഷമിയാണ് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. ഒപ്പം അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരും ചേരുന്നു. പാകിസ്താനില്‍ കളിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനാല്‍ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത് ദുബായ് രാജ്യാന്തര സ്റ്റേഡിയമാണ്. ഒരു സെമിഫൈനല്‍ വേദിയും ഇവിടെ തന്നെയാണ്. ഇന്ത്യയുടെ ഫൈനല്‍ ബര്‍ത്ത് അനുസരിച്ചാകും ടൂര്‍ണമെന്റിന്റെ ഫൈനല്‍ നടക്കുന്ന വേദി തീരുമാനിക്കപ്പെടുക.
ബുംറയുടെ അഭാവത്തില്‍ പേസ് വിഭാഗത്തില്‍ തന്നെയാണ് ഇന്ത്യയ്ക്ക് പ്രധാന തലവേദന. ഷമി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ക്കൊപ്പം ഹാര്‍ദിക്കും പേസ് കൈകാര്യം ചെയ്യാനുണ്ട്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ ഷമിക്കൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്തതും ഹാര്‍ദിക്കായിരുന്നു. പരിക്കേറ്റ് ദീര്‍ഘകാലം പുറത്തിരുന്ന ഷമി ഇതുവരെ ഫോം തെളിയിക്കാത്തതാണ് ടീമിന് തിരിച്ചടി. ബുംറയുടെ അഭാവത്തില്‍ നിര്‍ണായക സമയത്ത് വിക്കറ്റെടുക്കാന്‍ കൊണ്ടുവരേണ്ട ഒരു സ്ട്രൈക്ക് ബൗളറെയാണ് ഇന്ത്യയ്ക്ക് നഷ്ടം. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, എന്നീ മൂന്ന് ഓള്‍റൗണ്ടര്‍മാരുള്‍പ്പെടെ വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും അടങ്ങുന്നതാണ് ഇന്ത്യന്‍ സ്പിന്‍ വിഭാഗം. മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ ബൗളിങ് വിഭാഗം ശക്തമാണ്. എന്നാല്‍ ഇക്കഴിഞ്ഞ ഏകദിനങ്ങളില്‍ ഷമിയും ഹര്‍ഷിത് റാണയും കാര്യമായ മികവിലേക്ക് ഉയര്‍ന്നില്ല എന്നതാണ് പ്രശ്നം. ഷമിയും അര്‍ഷ്ദീപുമാകും അന്തിമ ഇലവനില്‍ ഇടംപിടിക്കുക. തുടക്ക ഓവറുകളില്‍ ഇരുവരും ക്ലിക്കായാല്‍ പിന്നെ ഇന്ത്യയ്ക്ക് പേടിക്കാനില്ല. പരിക്കുമാറി തിരിച്ചെത്തിയ ഷമിക്ക് അധികം മത്സരങ്ങള്‍ കളിക്കാന്‍ ലഭിച്ചില്ലെന്നതും ഒരു വസ്തുതയായി നിലനില്‍ക്കുന്നു. താരത്തിന്റെ ഫിറ്റ്നസിന്റെ കാര്യത്തിലും ആശങ്കയുണ്ട്. കരിയറില്‍ 103 ഏകദിനങ്ങളില്‍ നിന്നായി 229 വിക്കറ്റുകള്‍ നേടിയ താരമാണ് ഷമി. കണക്കുകള്‍ താരത്തിന്റെ മികവ് എടുത്തുകാണിക്കുന്നുണ്ടെങ്കിലും ഇംഗ്ലണ്ട് പരമ്പരയില്‍ നന്നായി തല്ലുവാങ്ങിയതും ആശങ്കയ്ക്കിടയാക്കുന്നതാണ്.

ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ടീം നടത്തിയ മുന്നേറ്റത്തിനു പിന്നിലെ പ്രധാന ശക്തി ബുംറ - ഷമി പേസ് സഖ്യമായിരുന്നു. ലോകകപ്പിനിടെ ഷമിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ നടന്ന ടി20 ലോകകപ്പില്‍ ബുംറയും അര്‍ഷ്ദീപും മുഹമ്മദ് സിറാജുമാണ് ബൗളിങ്ങില്‍ കരുത്തായത്. പരിക്കേറ്റ ഷമിക്ക് ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. ടി20-യില്‍ ഓപ്പണിങ് ബൗളറെന്ന നിലയിലും ഡെത്ത് ഓവറിലും മികച്ച പ്രടനമാണ് അര്‍ഷ്ദീപ് നടത്തിയത്. ടി20 ബൗളറായി അറിയപ്പെടുന്ന താരം കരിയറില്‍ ഇതുവരെ 63 ടി20 മത്സരങ്ങളില്‍ നിന്നായി 99 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ വെറും ഒമ്പത് ഏകദിനങ്ങള്‍ മാത്രമാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്. അതില്‍ 14 വിക്കറ്റുകളാണ് സമ്പാദ്യം.
ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജിനെ തിരിച്ചുവിളിക്കാതെ ഹര്‍ഷിതിന് അവസരം നല്‍കിയതും ശ്രദ്ധേയമാണ്. ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ നിറംമങ്ങിയ പ്രകടനമാകാം ഒരുപക്ഷേ സിറാജിന് തിരിച്ചടിയായത്. എന്നാല്‍ പേസ് നിരയില്‍ മൂന്നാമതുള്ള ഹര്‍ഷിത്, ഷമിയുടെയോ അര്‍ഷ്ദീപിന്റെയോ അഭാവത്തിലല്ലാതെ അന്തിമ ഇലവനിലെത്താന്‍ സാധ്യത കുറവാണ്. ഐപിഎല്ലിലടക്കം ഡീസന്റ് ബൗളറെന്ന ലേബലുള്ള താരത്തിന് പക്ഷേ രാജ്യാന്തര തലത്തില്‍ മത്സര പരിചയം കുറവാണ്. പേസര്‍മാരുടെ കാര്യം ഇങ്ങനെയാണെങ്കിലും സ്പിന്‍ വിഭാഗത്തില്‍ ടീമിന് ആശങ്കയില്ല. ഗ്രൂപ്പ് മത്സരങ്ങളും സെമിയും നടക്കുന്നത് ദുബായിലായതാണ് സ്പിന്നര്‍മാരുടെ ഒരു വലിയ സംഘത്തെ തന്നെ ഇന്ത്യ അണിനിരത്തിയതിനു പിന്നില്‍. ഇതിനോടകം തന്നെ ബാറ്റിങ്ങിലും മികവ് തെളിയിച്ചുകഴിഞ്ഞ അക്ഷര്‍, അന്തിമ ഇലവനില്‍ ഉറപ്പുള്ള താരമാണ്. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരാള്‍ക്കു മാത്രമാകും സാധ്യത. 199 ഏകദിനങ്ങളുടെ അനുഭവ സമ്പത്ത് ജഡ്ഡുവിന്റെ സാധ്യതയേറ്റുന്നു.

യു.എ.ഇയിലെ (ദുബായിലെ) പിച്ചുകളുടെ വേഗക്കുറവും ഇന്ത്യന്‍ സ്പിന്‍ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ കാരണമായി. പരിക്കേറ്റ യശസ്വി ജയ്സ്വാളിന് പകരം മിസ്റ്ററി സ്പിന്നറെന്ന ലേബലുള്ള വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തിയതും ഇത് മുന്നില്‍ കണ്ടിട്ടുതന്നെ. സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതാണ് ദുബായിലെ പിച്ചുകള്‍. സമീപകാലത്ത് അവിടെ നടന്ന മത്സരങ്ങളില്‍ അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാന്‍ പുറത്തെടുത്ത പ്രകടനങ്ങള്‍ തന്നെ യു.എ.ഇയിലെ പിച്ചുകളുടെ സ്വഭാവത്തിന്റെ തെളിവാണ്. അര്‍ഷ്ദീപിന്റെ ബൗളിങ് വേരിയേഷനുകള്‍ ദുബായില്‍ ഡെത്ത് ഓവറുകളിലടക്കം ഫലപ്രദമാകും.
ഇവിടെ അഞ്ചു സ്പിന്നര്‍മാരെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി ഇന്ത്യ ഇറങ്ങുന്നത് കാര്യങ്ങള്‍ കണക്കുകൂട്ടി തന്നെയാണ്. മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വരുണ്‍ എന്നിങ്ങനെയാകും ഇന്ത്യന്‍ ബൗളിങ് ലൈനപ്പ്. മൂന്ന് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരും ടീമിന് നല്‍കുന്ന ബാലന്‍സ് ചില്ലറയൊന്നുമല്ല. സമീപകാലത്ത് ഐപിഎല്ലിലും ഇന്ത്യയ്ക്കായി ടി20-യിലും പുറത്തെടുത്ത മികച്ച പ്രകടനങ്ങള്‍ വരുണ്‍ ചക്രവര്‍ത്തിയെ ആദ്യ ഇലവനിലെത്തിക്കും. ഇന്ത്യയ്ക്കായി 18 ടി20 മത്സരങ്ങളില്‍ നിന്നായി ഇതുവരെ 33 വിക്കറ്റുകള്‍ വരുണ്‍ വീഴ്ത്തിയിട്ടുണ്ട്. ഒരേയൊരു ഏകദിനത്തില്‍ മാത്രമാണ് താരം കളിച്ചത്. ടി20 പരമ്പരയില്‍ ഇംഗ്ലീഷ് താരങ്ങളെ കാര്യമായി ബുദ്ധിമുട്ടിക്കാന്‍ സാധിച്ചതും വരുണിന് നേട്ടമാകും. പേസ് വിഭാഗത്തിലെ ആശങ്കകള്‍ സ്പിന്നര്‍മാരുടെ തിരഞ്ഞെടുപ്പിലൂടെ മറികടക്കുകയാണ് ഇന്ത്യ ചെയ്തത്. മധ്യ ഓവറുകളിലെ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനും അത്യാവശ്യ സമയത്ത് കൂട്ടുകെട്ടുകള്‍ പൊളിക്കാനും ടീമിലെ സ്പിന്നര്‍മാര്‍ക്ക് സാധിക്കും. എന്നാല്‍ ഇക്കൂട്ടത്തില്‍ ഷമിയും വരുണും ഫീല്‍ഡില്‍ ചടുലമായി നീങ്ങുന്നവരല്ലെന്ന വസ്തുതയും കാണാതെ പോകരുത്. ഒരു റണ്ണിന് പോലും വലിയ വിലയുള്ള സമയത്ത് ഫീല്‍ഡിങ്ങിലെ ചടുലത അത്യാന്താപേക്ഷിതമാണ്. 2023-ന് ശേഷം ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് കുല്‍ദീപ് യാദവ്. 34 ഇന്നിങ്സുകളില്‍ നിന്നായി 21.76 ശരാശരിയിലും 4.51 എക്കണോമിയിലും 55 വിക്കറ്റുകളാണ് ഈ ചൈനാമാന്‍ സ്പിന്നര്‍ വീഴ്ത്തിയത്. അതിനാല്‍ വരുണിന് തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ പെട്ടെന്നു തന്നെ കുല്‍ദീപ് ടീമിലെത്തും.

നാട്ടില്‍ കളിക്കുന്നതിന്റെ ആവേശത്തില്‍ പാകിസ്താന്‍
ചാമ്പ്യന്‍സ് ട്രോഫി സ്വന്തം നാട്ടിലേക്കെത്തുന്നതിന്റെ ആവേശത്തിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം. ഇന്ത്യ കളിക്കില്ലെന്ന് തീരുമാനമെടുത്തതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും സ്റ്റേഡിയത്തിന്റെ നിര്‍മാണവും മറ്റും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതും പാക് ക്രിക്കറ്റ് ബോര്‍ഡിന് ക്ഷീണമായിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ പരിചിതമായ സാഹചര്യത്തില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കാന്‍ സാധിക്കുന്നത് പാക് ക്രിക്കറ്റ് ടീമിന് നേട്ടമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ പാകിസ്താന്റെ ഏറ്റവും സ്ഥിരതയുള്ള ബാറ്റിങ് യൂണിറ്റാണ് ഇപ്പോഴുള്ളത്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ അമിതമായി ആശ്രയിക്കുന്ന ഘട്ടത്തില്‍ നിന്ന് പാക് ടീം മുന്നോട്ടുപോയിട്ടുണ്ട്. അവസാനത്തെ 22 ഇന്നിങ്സുകളില്‍ നാലിലും സെഞ്ചുറി കണ്ടെത്തിയ ഫഖര്‍ സമാന്‍, ഇക്കഴിഞ്ഞ ത്രിരാഷ്ട്ര പരമ്പരയില്‍ പാകിസ്താനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സല്‍മാന്‍ ആഗ എന്നിവരുടെ ഫോം ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. എന്നിരുന്നാലും അവസാന നാലില്‍ ഇടംപിടിക്കാനുള്ള പാകിസ്താന്റെ സാധ്യതകള്‍ അവരുടെ ഫാസ്റ്റ്ബൗളര്‍മാരെ ആശ്രയിച്ചിരിക്കും. ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരടങ്ങിയ പേസ് ത്രയം തന്നെയാണ് അവരുടെ കരുത്ത്. 2023 മുതല്‍ ഏകദിനങ്ങളില്‍ പാകിസ്താനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഷഹീന്‍ അഫ്രീദിയാണ്. വെറും 30 കളികളില്‍ നിന്നായി 63 വിക്കറ്റുകളാണ് അഫ്രീദി എറിഞ്ഞിട്ടത്. അതേസമയം ഡെത്ത് ഓവറുകളില്‍ ഹാരിസ് റൗഫ് പുലര്‍ത്തുന്ന മികവും എടുത്തുപറയേണ്ടതാണ്. 2021 മുതല്‍ പാകിസ്താന്‍ സ്വന്തം നാട്ടില്‍ കളിച്ച 19 ഏകദിനങ്ങളില്‍ 13-ലും ജയം നേടിയിട്ടുണ്ട്. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ തന്നെ കറാച്ചിയില്‍ ന്യൂസീലന്‍ഡിനെതിരായ ആദ്യ മത്സരം ടീമിന് നിര്‍ണായകമാണ്.

പാക് മണ്ണില്‍ കരുത്ത് തെളിയിച്ച് കിവീസ്
ദക്ഷിണാഫ്രിക്കയും പാകിസ്താനും അണിനിരന്ന് പാകിസ്താനില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റ് വിജയിച്ചാണ് ന്യൂസീലന്‍ഡ് ടീം ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കം പൂര്‍ത്തിയാക്കിയത്. ചാമ്പ്യന്‍സ് ട്രോഫിയിലെ അവരുടെ സാധ്യതകള്‍ക്ക് വലിയ ഉത്തേജനമാണ് ഈ വിജയം. സീനിയര്‍ താരം കെയ്ന്‍ വില്യംസണ്‍ ഫോമിലേക്കെത്തിയതാണ് കിവീസിന്റെ വലിയ ആശ്വാസം. പരമ്പരയില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 225 റണ്‍സ് നേടിയ വില്യംസണ്‍ കൃത്യസമയത്ത് ഫോമിലേക്കുയര്‍ന്നു. സ്പിന്നര്‍മാരെ നന്നായി കളിക്കുന്ന ഗ്ലെന്‍ ഫിലിപ്സും ഡാരില്‍ മിച്ചലും ടൂര്‍ണമെന്റില്‍ കിവീസിന് കരുത്താകും. 2023 ശേഷം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന്റെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ മിച്ചലാണ്. കഴിഞ്ഞ 30 ഇന്നിങ്സുകളില്‍ നിന്നായി ഇതിനോടകം തന്നെ അഞ്ചു സെഞ്ചുറികള്‍ ആ ബാറ്റില്‍ നിന്നും പിറന്നിട്ടുണ്ട്. അമ്പതിനോടുത്ത ബാറ്റിങ് ശരാശരിയിലായിരുന്നു മിച്ചലിന്റെ സ്‌കോറിങ്. മാറ്റ് ഹെന്റിയാണ് കിവീസിന്റെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കിവീസിന്റെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് ഹെന്‍ റി. കഴിഞ്ഞ 24 കളികളില്‍ നിന്നായി 39 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട് താരം. മധ്യ ഓവറുകളില്‍ നിര്‍ണായകമാകുക ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറിന്റെ പന്തുകളാകും. 2023-ന് ശേഷം നടന്ന ഏകദിനങ്ങളില്‍ 4.76 എന്ന മികച്ച ഇക്കണോമിയില്‍ 30 വിക്കറ്റുകള്‍ സാന്റ്നര്‍ വീഴ്ത്തിയിട്ടുണ്ട്. പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍ പരിക്കുകാരണം പുറത്തായതാണ് ന്യൂസീലന്‍ഡിന്റെ പ്രധാന നഷ്ടം. ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ പന്തുകൊണ്ട് നെറ്റിയില്‍ പരിക്കേറ്റ രചിന്‍ രവീന്ദ്രയും കളിക്കില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ ടീം ഒന്നാകെ ഫോമിലേക്കെത്തുന്നതാണ് സാധാരണ കിവീസിന്റെ പതിവ്. കഴിഞ്ഞ മൂന്ന് ഏകദിന ലോകകപ്പുകളിലും കഴിഞ്ഞ മൂന്ന് ടി20 ലോകകപ്പുകളിലും സെമി ഫൈനല്‍ കളിച്ച ടീമാണ് അവര്‍.

പ്രധാന താരങ്ങളുടെ അഭാവത്തില്‍ വലഞ്ഞ് ഓസ്ട്രേലിയ
കടുത്ത പ്രതിസന്ധിക്ക് നടുവിലാണ് ചാമ്പ്യന്‍സ് ട്രോഫിക്കായി ഓസ്ട്രേലിയ എത്തുന്നത്. കുറച്ചുകാലമായി പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ഓസ്ട്രേലിയന്‍ ടീമിന്റെ ശക്തിയായിരുന്ന പേസ് സംഘം മുഴുവന്‍ ഈ ടൂര്‍ണമെന്റിനില്ല. പരിക്കു കാരണം ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും ജോഷ് ഹേസല്‍വുഡുമില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ മിച്ചല്‍ സ്റ്റാര്‍ക്കും പിന്മാറി. ടീമില്‍ ഉള്‍പ്പെട്ട ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ് ടൂര്‍ണമെന്റിനു മുമ്പ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത് ടീമിന് ഞെട്ടലായി. മറ്റൊരു ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനും പരിക്കേറ്റതോടെ കടുത്ത പ്രതിസന്ധികള്‍ക്ക് നടുവിലാണ് ഓസീസ്. ഇതോടെ ടീമിന്റെ പേസ് വിഭാഗം തീര്‍ത്തും ദുര്‍ബലമായി. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ കാരണം അന്വേഷിച്ച് മറ്റെവിടെയും പോകേണ്ടെന്നര്‍ഥം. പാകിസ്താനും ശ്രീലങ്കയ്ക്കുമെതിരായ അവസാന നാല് ഏകദിനങ്ങളില്‍ ഓസീസ് ബാറ്റിങ് നിര പൂര്‍ണമായും തകര്‍ന്നു. ഒരിക്കല്‍ പോലും 170 റണ്‍സ് തികയ്ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡിനെ അമിതമായി ആശ്രയിക്കുന്നതാണ് സമീപകാലത്ത് ഓസീസിന്റെ രീതി. 2023-ന് ശേഷം ഓസീസ് നിരയിലെ ഏറ്റവും മികച്ച ബാറ്ററും ഹെഡ് തന്നെ. കഴിഞ്ഞ 19 മത്സരങ്ങളില്‍ നിന്നായി 52.05 ശരാശരിയില്‍ 840 റണ്‍സാണ് ഈ ഇടംകൈയന്‍ അടിച്ചെടുത്തിരിക്കുന്നത്. പേസ് ത്രയത്തിന്റെ അഭാവത്തില്‍ ഓസീസ് ബൗളിങ്ങിനെ നയിക്കേണ്ട ഉത്തരവാദിത്തം ലെഗ് സ്പിന്നര്‍ ആദം സാംപയ്ക്കാണ്. ഏകദിനത്തില്‍ മികച്ച ഫോമിലാണ് സാംപ. കഴിഞ്ഞ 32 മത്സരങ്ങളില്‍ നിന്ന് 54 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. 2023 ലോകകപ്പില്‍ ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും സാംപയായിരുന്നു.

ഇംഗ്ലണ്ടിന് ഒന്നും ശുഭമല്ല
തൊട്ടതെല്ലാം പിഴയ്ക്കുകയാണ് ഇംഗ്ലണ്ടിന്. 2015-ലെ ലോകകപ്പില്‍ നിന്ന് തുടക്കത്തില്‍ തന്നെ പുറത്തായതു പോലുള്ള മോശം അവസ്ഥയിലാണ് ടീം ഇന്നും ഉള്ളത്. 2019-ല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ടിന് പക്ഷേ 2023 ലോകകപ്പ് നിരാശയുടേതായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഫോം തീര്‍ത്തും മോശമാണ്. കഴിഞ്ഞ 35 ഏകദിനങ്ങളില്‍ 20-ലും തോറ്റു. ജയിച്ചത് 14 എണ്ണത്തില്‍ മാത്രം. അവസാന പരമ്പരയില്‍ ഇന്ത്യയോട് സമ്പൂര്‍ണ തോല്‍വി (0-3) വഴങ്ങിയാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ട്രോഫിക്കെത്തുന്നത്. മികച്ച താരങ്ങളുണ്ടെങ്കിലും ആരും തന്നെ അവസരത്തിനൊത്ത് ഉയരാത്താണ് ഇംഗ്ലണ്ടിന്റെ പ്രശ്നം. ബെന്‍ ഡക്കറ്റ് ഒഴികെ ഹാരി ബ്രൂക്കും ജോ റൂട്ടും ജോസ് ബട്ട്ലറും ലിയാം ലിവിങ്സ്റ്റണുമെല്ലാം അടങ്ങിയ ഇംഗ്ലണ്ട് നിരയിലെ ഒരാള്‍ക്കു പോലും 2023-ന് ശേഷം 40-ന് മുകളില്‍ ബാറ്റിങ് ശരാശരിയില്ല. ബൗളിങ് നിരയില്‍ ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും ആദില്‍ റഷീദുമെല്ലാം ഉണ്ടെങ്കിലും മത്സരം ജയിപ്പിക്കാന്‍ പോന്ന തരത്തിലേക്കുയരാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നതു തന്നെയാണ് ഇംഗ്ലണ്ടിന്റെ പ്രശ്നം.

ടോപ് ഓര്‍ഡര്‍ പ്രശ്നങ്ങളുമായി ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയ്ക്കും കാര്യങ്ങള്‍ അത്ര സുഖകരമല്ല. പ്രത്യേകിച്ചും 2023 ലോകകപ്പിനു ശേഷം കളിച്ച 14 ഏകദിനങ്ങളില്‍ പത്തിലും അവര്‍ തോറ്റു. അഫ്ഗാനിസ്താനെതിരേ പരമ്പര തോല്‍വിയും. അടുത്തിടെ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ആതിഥേയരായ പാകിസ്താനോടും ന്യൂസീലന്‍ഡിനോടും തോറ്റു. പാകിസ്താനെതിരേ 352 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും പ്രതിരോധിക്കാനാകാതെ തോറ്റു. ന്യൂസീലന്‍ഡിനോട് 304 റണ്‍സെടുത്തിട്ടും പ്രതിരോധിക്കാനായില്ല. ബാറ്റിങ്ങില്‍ ടോപ്പ് ഓര്‍ഡറിന്റെയും മിഡില്‍ ഓര്‍ഡറിന്റെയും മോശം പ്രകടനമാണ് അവര്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്നത്. ത്രിരാഷ്ട്ര പരമ്പരയില്‍ ബാറ്റിങ് മെച്ചപ്പെട്ടെങ്കിലും ബൗളിങ്ങ് തീര്‍ത്തും നിറംമങ്ങി. അഫ്ഗാനെതിരേ നാണംകെട്ട തോല്‍വിയായിരുന്നു. ഏയ്ഡന്‍ മാര്‍ക്രം, റാസ്സി വാന്‍ഡെര്‍ ദസ്സന്‍, ഡേവിഡ് മില്ലര്‍, ഹെയ്ന്‍ റിച്ച് ക്ലാസന്‍, ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് എന്നിവരടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര കടലാസില്‍ കരുത്തരാണ്. പക്ഷേ കളിക്കളത്തില്‍ അത് പ്രകടമാക്കാന്‍ എന്തോ ഈ സമീപകാലത്ത് അവര്‍ക്ക് സാധിക്കുന്നില്ല. കാഗിസോ റബാദ, മാര്‍ക്കോയാന്‍സന്‍, ലുങ്കി എന്‍ഗിഡി എന്നിവരടങ്ങിയ പ്രോട്ടീസിന്റെ പേസ്‌നിര ആരെയും വിറപ്പിക്കാന്‍ പോന്നവരാണ്. ഇവര്‍ക്കൊപ്പം കേശവ് മഹാരാജും കൂടി ചേരുമ്പോള്‍ ബൗളിങ്ങും ശക്തം. പക്ഷേ ഈ ടീമിന് അനുസൃതമായ ഒരു മത്സരഫലം സമീപകാലത്ത് ഉണ്ടായിട്ടില്ല.
മറ്റു ടീമുകളെ വെച്ച് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി അനുകൂലമാണ്. പ്രധാന താരങ്ങളെല്ലാം ഫോമിലേക്ക് തിരികെയെത്തിയതു തന്നെയാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. രോഹിത്തും കോലിയും കൂടി പതിവു ഫോമിലേക്കെത്തിയാല്‍ പിന്നെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും. 2017-ലെ ചാമ്പ്യന്‍സ് ട്രോഫി തോല്‍വിക്ക് ടീം പകരം ചോദിക്കുമെന്നു തന്നെ നമ്മള്‍ക്ക് കരുതാം. എതിരാളികള്‍ പാകിസ്താനാകുമോ എന്ന് കണ്ടറിയണം.
Content Highlights: India aims for Champions Trophy glory in 2024, boasting a strong batting lineup.
Published: 18 Feb 2025, 05:15 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented