
കാഠ്മണ്ഡു: തുരങ്കത്തിന്റെ ആഴങ്ങളിൽനിന്ന് ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ്. ഇരുണ്ട ടണലിൽ മരണവുമായി മല്ലിട്ട് 10 രാപ്പകലുകൾക്ക് ശേഷം അദ്ഭുതകരമായ രക്ഷപ്പെടൽ. മിന്നൽപ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽനിന്നാണ് ഈ ആശ്വാസ വാർത്ത. നേപ്പാളിലെ ത്രിശൂലി വൈദ്യുതനിലയത്തിന്റെ തുരങ്കത്തിൽ കുടുങ്ങിക്കിടന്ന മെക്കാനിക്കൽ എൻജിനിയർ സഞ്ജയ് സാഹയാണ് ടണലിന്റെ ആഴങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
നിങ്ങൾക്ക് ലഭിച്ചത് രണ്ടാം ജന്മമാണ് എന്നാണ് രക്ഷപ്പെടുത്തിയ ഉടൻ സൈന്യം സഞ്ജയ് സാഹയോട് പറഞ്ഞത്. ഭോട്ടെ കോശി നദിയിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് തകർന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ സഞ്ജയ് സാഹയെയും കബീർ മഹാജനെയും 10 ദിവസത്തെ കഠിനശ്രമത്തിനൊടുവിലാണ് ജീവനോടെ പുറത്തെത്തിച്ചത്. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിലായിരുന്നു ലോകത്തെത്തന്നെ അദ്ഭുതപ്പെടുത്തിയ ഈ രക്ഷാപ്രവർത്തനം.
ദുരന്തമുണ്ടാകുമ്പോൾ വൈദ്യുതനിലയത്തിന്റെ കൺട്രോൾ റൂമിന്റെ ചുമതല സഞ്ജയ് സാഹയ്ക്കായിരുന്നു. കൺട്രോൾ റൂമിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ മറ്റ് തൊഴിലാളികളെ രക്ഷിക്കാനാണ് ആദ്യം ശ്രമിച്ചത്. 40-നും 45-നും ഇടയിൽ തൊഴിലാളികൾ ഈ സമയത്ത് അവിടെയുണ്ടായിരുന്നു. പ്രളയജലവും അവശിഷ്ടങ്ങളും തുരങ്കത്തിലേക്ക് കുതിച്ചെത്തിയപ്പോൾ സഹപ്രവർത്തകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടയിലാണ് സഞ്ജയ് അകത്തുപെട്ടുപോയത്.
തുരങ്കത്തിന്റെ കവാടത്തിൽനിന്ന് ഏകദേശം 170 മീറ്റർ ഉള്ളിലാണ് അദ്ദേഹം കുടുങ്ങിപ്പോയത്. അദ്ദേഹത്തിന് സമീപം മൂന്നോ നാലോ ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. വെളിച്ചമോ വൈദ്യുതിയോ ഇല്ലാത്ത പൂർണ്ണമായ ഇരുട്ടിലാണ് ഇവർ കഴിഞ്ഞത്. അതിജീവനത്തിനുള്ള സാധ്യതകൾ തീരെ കുറവായിരുന്നിട്ടും സഞ്ജയ് സാഹ പ്രത്യാശ കൈവിട്ടില്ല. രക്ഷാപ്രവർത്തകർ എത്തുവരെയുള്ള നീണ്ട കാത്തിരിപ്പിനിടയിൽ 'ഹരേ കൃഷ്ണ മഹാമന്ത്രം' ജപിച്ചാണ് പ്രതീക്ഷ കൈവിടാതെ പിടിച്ചുനിന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കുതിച്ചെത്തിയ പ്രളയജലത്തിൽനിന്ന് രക്ഷപ്പെടാൻ തൊഴിലാളികൾ മലമുകളിലെ തുരങ്കങ്ങളിലേക്ക് ഓടിക്കയറി. കവാടം അടഞ്ഞുപോയത് ഇവരെ ഭയാനകമായ സാഹചര്യത്തിലാക്കിയെങ്കിലും വെള്ളത്തിൽ മുങ്ങിമരിക്കാതെ രക്ഷിച്ചു. കാറുകളുടെ വലുപ്പമുള്ള പാറകൾ സ്ഫോടനത്തിലൂടെയാണ് സൈന്യം തകർത്തത്. വായു എത്തിക്കാൻ പൈപ്പുകൾ ഉപയോഗിച്ചിരുന്നു.
കനത്ത ഇരുട്ടിൽ വെളിച്ചമോ വൈദ്യുതിയോ ഇല്ലാതെ 10 ദിവസമാണ് ഇവർ കഴിഞ്ഞത്. തുരങ്കത്തിനുള്ളിൽ കണ്ടെത്തിയ ഭക്ഷണവും വെള്ളവുമാണ് ഇവർക്ക് തുണയായത്. പത്തുദിവസത്തിനുശേഷം നേപ്പാൾ സൈന്യം ഇവരെ ജീവനോടെ പുറത്തെത്തിക്കുമ്പോൾ ഇവർ ചെളിയിലും മണ്ണിലും മൂടിയ അവസ്ഥയിലായിരുന്നു. മരണമുഖത്തുനിന്നുള്ള തിരിച്ചുവരവിൽ സാഹയുടെ മുഖത്ത് വലിയ ആശ്വാസം കാണാമായിരുന്നു. തുരങ്കത്തിൽനിന്ന് പുറത്തെത്തിച്ച സാഹയോട് നിങ്ങൾക്ക് ലഭിച്ചത് രണ്ടാം ജന്മമാണ് എന്നാണ് സൈന്യം പറഞ്ഞത്. ഇത് തന്റെ രണ്ടാമത്തെ ജീവിതമാണെന്ന് സാഹയും സാക്ഷ്യപ്പെടുത്തുന്നു.
10 ദിവസത്തിന് ശേഷം രണ്ട് പേരെ ജീവനോടെ പുറത്തെത്തിച്ചത് കൂടുതൽ ആളുകളെ കണ്ടെത്താമെന്ന പ്രതീക്ഷ രക്ഷാപ്രവർത്തകർക്ക് നൽകുന്നു. തുരങ്കത്തിൽ ഇനിയും 35 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. നദീതാഴ്വരയിലെ വിവിധ പദ്ധതികളിലായി ആകെ 150 തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
Published: 04 Sept 2026, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented