
ന്യൂഡൽഹി: വീണ്ടും വിജയംകണ്ട് സിജെപി പ്രതിഷേധം. ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർഥിയുടെ അച്ഛനെ ആക്രമിച്ചെന്ന് വെളിപ്പെടുത്തിയ ആളെ ഉടൻ അറസ്റ്റ് ചെയ്യും. ഇയാൾക്കെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പുനൽകിയതായി ആക്രമിക്കപ്പെട്ടയാളുടെ മകളുടെ അഭിഭാഷകൻ പറഞ്ഞു.
സിജെപി പ്രവർത്തകയായ നിഷുവിന്റെ അച്ഛൻ സഞ്ജയ് കുമാറിന്റെ തല പ്രതിഷേധത്തിനിടെ അടിച്ചുപൊട്ടിച്ചത് താനാണെന്നും വധശ്രമക്കേസ് ചുമത്തേണ്ട കുറ്റമായിട്ടും താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്നും ഹിന്ദുത്വ 'ഇൻഫ്‌ലുവൻസർ' എന്ന് അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജ് എന്നൊരാൾ വീഡിയോയിലൂടെ അവകാശമുന്നയിച്ചിരുന്നു. പിന്നീട് ഇയാൾ ഈ വാദത്തിൽനിന്ന് മലക്കംമറിയുകയും സ്വയംരക്ഷാർഥമുള്ള നടപടി ആയിരുന്നെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
നിഷുവിനെതിരായ ഓൺലൈൻ ആക്രമണത്തിൽ പ്രത്യേകം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര ഭരദ്വാജിനെ ഇന്ന് അല്ലെങ്കിൽ 72 മണിക്കൂറികം അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി പോലീസ് ഉറപ്പുനൽകി. നിഷുവിനെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ പോസ്റ്റ് ചെയ്ത സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്, അഭിഭാഷാകൻ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
കുറ്റവാളി കുറ്റം പരസ്യമായി സമ്മതിക്കുന്ന സാഹചര്യത്തിലും ബിജെപിയുടെ നിർദ്ദേശപ്രകാരം ഡൽഹി പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇന്ന് സിജെപി പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിൽ ഉപരോധം നടത്തിയത്. സിജെപി നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ദളിത് വിഭാഗത്തിൽനിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് നിഷു. കുട്ടിയുടെ പിതാവിനെ മർദിച്ച സംഭവത്തിൽ എസ്‌സി-എസ്എടി ആക്ട് ഉൾപ്പെടുത്തണം, വധശ്രമം ചുമത്തണം, കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്‌സോ കേസും ചുമത്തണമെന്നും സിജെപി ആവശ്യമുന്നയിച്ചിരുന്നു. ഇതിനോട് അനുകൂല നിലപാട് ഡൽഹി പോലീസ് സ്വീകരിക്കുകയായിരുന്നു.
Published: 04 Sept 2026, 03:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented