ർഷം 2000, പോർച്ചുഗലിന്റെ ലൂയിസ് ഫിഗോ അന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ എല്ലാമെല്ലാമായിരുന്നു. അവരുടെ ക്യാപ്റ്റൻ, അവരുടെ ആത്മാവ്, അവരുടെ രാജാവ്. ബാഴ്‌സലോണയെ കുറിച്ച് പറയുമ്പോൾ ഫിഗോയെ ഒഴിവാക്കാനാകില്ല. ഫിഗോയെ കുറിച്ച് പറയുമ്പോൾ ബാഴ്‌സലോണയേയും. എന്നാൽ ഒരു രാത്രി കൊണ്ട് എല്ലാം മാറിമറിഞ്ഞു. ഒറ്റ രാത്രികൊണ്ട്, ഒരേയൊരു ഒപ്പുകൊണ്ട് ക്യാമ്പ് നൗവിന്റെ ഹൃദയമിടിപ്പിൽ നിന്ന് അയാൾ കാറ്റലോണിയക്കാർക്ക് വെറുക്കപ്പെട്ടവനായി. കാറ്റലോണിയയിലെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ ഒറ്റരാത്രികൊണ്ട് ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയായി മാറി. 30 വെള്ളിക്കാശിനു വേണ്ടി കർത്താവിനെ ഒറ്റിയ യൂദാസിനേക്കാൾ വെറുക്കപ്പെട്ടവൻ. ബ്ലൗഗ്രാന ജേഴ്‌സിയിൽ അയാളെക്കണ്ട് ആവേശംകൊണ്ടിരുന്ന ഫുട്‌ബോൾ ലോകത്തിനു മുന്നിൽ അയാൾ ബാഴ്‌സയുടെ ബദ്ധവൈരികളായ റയൽ മാഡ്രിഡിന്റെ ജേഴ്‌സി ഉയർത്തിപ്പിടിക്കുന്നത് കണ്ട് എല്ലാവരും ഞെട്ടി. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ 'വഞ്ചന' എന്നാണ് പലരും ഈ ട്രാൻസ്ഫറിനെ വിശേഷിപ്പിച്ചത്.

To advertise here,

2000 ജൂലായ് 24. സ്പാനിഷ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ ആ തീയതി വെറുമൊരു ട്രാൻസ്ഫറിന്റെ തീയതി മാത്രമല്ല. കാറ്റലോണിയക്കാർ പിന്നീട് ഒരുകാലത്തും മറക്കാത്ത ഒരു ചതിയുടെ കഥകൂടി ആ ദിവസത്തിന് പറയാനുണ്ടായിരുന്നു. ബാഴ്‌സയുടെ മുഖമായിരുന്ന ലൂയിസ് ഫിഗോ അന്ന് റെക്കോഡ് ട്രാൻസ്ഫർ തുകയ്ക്ക് ബദ്ധവൈരികളായ റയൽ മാഡ്രിഡിൽ ചേർന്നു. ഫുട്‌ബോൾ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഇന്ന് 100 മില്യൺ യൂറോയും 200 മില്യൺ യൂറോയുമെല്ലാം കേൾക്കുമ്പോൾ നമ്മൾ അദ്ഭുതപ്പെടാറില്ല. എന്നാൽ 2000-ൽ 62 മില്യൺ യൂറോ എന്നത് ഫുട്‌ബോൾ ചരിത്രം അന്നേവരെ കണ്ടിട്ടുള്ളതിൽവെച്ച് ആരും ഞെട്ടിപ്പോകുന്ന ട്രാൻസ്ഫർ തുകയായിരുന്നു.

ഇന്നും ബാഴ്‌സ ആരോധകരോട് ഫിഗോ എന്ന പേര് പറയുമ്പോൾ പലർക്കും ആദ്യം ഓർമ വരുന്നത് അദ്ദേഹത്തിന്റെ ഡ്രിബ്ലിങ്ങോ അയാൾ ജയിപ്പിച്ച മത്സരങ്ങളോ അയാൾ അവർക്ക് നേടിക്കൊടുത്ത കിരീടങ്ങളോ അല്ല, മറിച്ച് ക്യാമ്പ് നൗവിൽ അയാൾ മുന്നിലേക്ക് എടുത്തെറിയപ്പെട്ട ഒരു പന്നിത്തലയാണ്.

ബാഴ്‌സലോണയുടെ പോർച്ചുഗീസ് രാജകുമാരൻ

1995-ൽ പോർച്ചുഗലിലെ സ്‌പോർട്ടിങ് ലിസ്ബണിൽ നിന്ന് ബാഴ്‌സലോണയിലെത്തുമ്പോൾ ഫിഗോയ്ക്ക് പ്രായം വെറും 22. അന്ന് അയാൾ യൂറോപ്പിലെ ഉയർന്നുവരുന്ന യുവതാരമെന്ന നിലയിൽ ശ്രദ്ധേയനായിരുന്നെങ്കിലും സൂപ്പർ സ്റ്റാർ പദവിയിലേക്കൊന്നും എത്തിയിരുന്നില്ല. ബാഴ്‌സയിലാകട്ടെ അക്കാലത്ത് യൊഹാൻ ക്രൈഫിന്റെ 'ഡ്രീം ടീം' യുഗം അവസാനിക്കുകയായിരുന്നു. ക്ലബ്ബ് പുതിയൊരു മുഖത്തെ തേടുകയായിരുന്നു. അവിടേയ്ക്കാണ് ഫിഗോ എത്തുന്നത്. ഏകദേശം രണ്ടര മില്യൺ പൗണ്ടിനായിരുന്നു കരാർ.

എന്നാൽ സ്‌പെയിനിലെത്തും മുമ്പേ ഫിഗോയുടെ കരിയറിൽ ഒരു വലിയ വിവാദം ഉണ്ടായിരുന്നു. ഇറ്റലിയിലെ വമ്പൻ ക്ലബ്ബുകളായ യുവന്റസുമായും പാർമയുമായും ഫിഗോ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതോടെ ഒരേസമയം രണ്ട് ക്ലബ്ബുകളുമായി കരാർ ഒപ്പുവെച്ചതിന്റെ പേരിൽ ഇറ്റലിയിൽ കളിക്കുന്നതിൽ വിലക്കും നേരിട്ടു. അന്ന് പലരും അതിനെ ഒരു യുവതാരത്തിന്റെ അബദ്ധമായി മാത്രം കണ്ടു. പക്ഷേ, പിന്നീട് നോക്കുമ്പോൾ അത് അദ്ദേഹത്തിന്റെ കരിയറിനെ തന്നെ പിടിച്ചുകുലുക്കിയ ഒന്നിന്റെ തുടക്കമായിരുന്നു.

 

ആദ്യ സീസണിൽ തന്നെ ഫിഗോയുടെ കളി ബാഴ്‌സ ആരാധകരെ വിസ്മയിപ്പിച്ചു. വലതു വിങ്ങിലൂടെയുള്ള അതിവേഗ കുതിപ്പ്. അസാധാരണ ബോൾ കൺട്രോൾ. മുന്നേറ്റങ്ങളെ നയിക്കാനുള്ള കഴിവ്. ക്രോസുകളുടെ കൃത്യത. അങ്ങനെ കാറ്റലോണിയക്കാർക്ക് പ്രിയപ്പെട്ടവനായി മാറാൻ ഫിഗോയ്ക്ക് അധിക സമയം വേണ്ടിവന്നിരുന്നില്ല. ആ കാലഘട്ടത്തിൽ റൊണാൾഡോ നസാരിയോ, റിവാൾഡോ, ലൂയിസ് എൻ​റിക്കെ, പെപ്പ് ഗ്വാർഡിയോള, ഫിലിപ്പ് കൊകു തുടങ്ങിയവരോടൊപ്പം കളിച്ച ഫിഗോ വളരെ വേഗം ടീമിന്റെ പ്രധാന താരമായി മാറി. കാറ്റലോണിയയിലെ തെരുവുകൾ പോലും ഫിഗോയുടെ പേരിൽ ആവേശം കൊണ്ടു. ബാഴ്‌സലോണ ആരാധകർക്ക് അയാൾ വെറുമൊരു ഫുട്‌ബോൾ താരമല്ലായിരുന്നു. അയാൾ അവരുടെ അഭിമാനമായിരുന്നു. അവരുടെ പ്രതീക്ഷയായിരുന്നു.

 

ബാഴ്‌സലോണയിൽ കളിക്കുക എന്നത് ഒരു സാധാരണ ക്ലബ്ബിനു വേണ്ടി കളിക്കുന്ന പോലെയല്ല. പലപ്പോഴും അത് ഒരു രാഷ്ട്രീയ-സാംസ്‌കാരിക പ്രതീകമാണ്. കാറ്റലോണിയയുടെ സ്വത്വം. 'മോർ ദാൻ എ ക്ലബ്ബ്' എന്നതാണ് അവരുടെ ആപ്തവാക്യം. അതേ, ബാഴ്‌സ എന്നത് വെറുമൊരു ക്ലബ്ബ് മാത്രമായിരുന്നില്ല. ഈ ആശയം മനസിലാക്കിയ താരങ്ങളിൽ ഒരാളായിരുന്നു ഫിഗോ. അയാൾ ഗോളുകൾ നേടുക മാത്രമല്ല ചെയ്തത്. ആരാധകരുമായി അടുത്തു, അവരെ തന്നിലേക്ക് അടുപ്പിക്കുകയും ചെയ്തു. സ്പാനിഷ് മാധ്യമങ്ങൾ അയാളെ 'ക്ലബ്ബിന്റെ പുതിയ നേതാവ്' എന്ന് വിശേഷിപ്പിച്ചു തുടങ്ങി. 1997-98, 1998-99 സീസണുകളിൽ ബാഴ്‌സലോണ തുടർച്ചയായി ലാ ലിഗ കിരീടം നേടുമ്പോൾ നിർണായക പങ്കുവഹിച്ചത് ഫിഗോയായിരുന്നു. റിവാൾഡോ ഗോളുകൾ നേടിയപ്പോൾ ബാഴ്‌സ ആക്രമണങ്ങളുടെ എൻജിൻ ഫിഗോയായിരുന്നു.

 

1999-ഓടെ സ്ഥിതി മാറി. റൊണാൾഡോ പോയി. പല സീനിയർ താരങ്ങളും ബാഴ്‌സ വിട്ടു. പുതിയ തലമുറയെ നയിക്കാനുള്ള ചുമതല ഫിഗോയ്ക്ക് ലഭിച്ചു. അയാൾ ക്ലബ്ബിന്റെ ക്യാപ്റ്റനായി. അതൊരു സാധാരണ പദവിയായിരുന്നില്ല. ബാഴ്‌സലോണയിൽ ക്യാപ്റ്റൻ എന്നത് ആരാധകരുടെ പ്രതിനിധിയാണ്. ആ സ്ഥാനത്ത് ഇരുന്ന താരമാണ് ഒരു വർഷം കഴിഞ്ഞ് റയൽ മാഡ്രിഡിന്റെ വെള്ള ജേഴ്‌സി അണിയാൻ പോകുന്നത് എന്ന് അന്നാരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

 

മാഡ്രിഡിൽ അക്കാലത്ത് കാര്യങ്ങൾ ശുഭകരമായിരുന്നില്ല. 1998-ൽ ചാമ്പ്യൻസ് ലീഗ് നേടിയെങ്കിലും റയലിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായിരുന്നു. ലാ ലിഗയിൽ ബാഴ്‌സലോണയുടെ ആധിപത്യം. സാമ്പത്തിക പ്രതിസന്ധി. ഭരണപരമായ പ്രശ്‌നങ്ങൾ. ആരാധകരുടെ അസംതൃപ്തി. അന്നത്തെ റയൽ പ്രസിഡന്റ് ലോറെൻസോ സാൻസ് ക്ലബ്ബിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ സമ്മർദത്തിലായിരുന്നു. ഇതിനിടെയാണ് ഒരു പുതിയ മുഖം രംഗത്തെത്തുന്നത്. ഫ്‌ളോറന്റിനോ പെരെസ്. ഫുട്‌ബോളുമായി അക്കാലത്ത് യാതൊരു ബന്ധവും ഇല്ലാതിരുന്ന ഒരാൾ. ഫുട്‌ബോളിൽ നിന്നല്ല അദ്ദേഹം വന്നത്. നിർമാണ മേഖലയിലെ ഒരു വമ്പൻ വ്യവസായി. എസിഎസ് എന്ന കമ്പനിയിലൂടെ സ്‌പെയിനിലെ ഏറ്റവും ശക്തരായ ബിസിനസുകാരിൽ ഒരാൾ.

അയാൾ റയൽ മാഡ്രിഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പക്ഷേ ഒരു പ്രശ്‌നമുണ്ടായിരുന്നു. ജനപ്രീതി കുറവായിരുന്നു. ജയിക്കാൻ അസാധാരണമായ എന്തെങ്കിലും ചെയ്യാതെ പറ്റില്ലെന്ന് പെരെസിന് ഉറപ്പായിരുന്നു. അവിടെയാണ് ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ രാഷ്ട്രീയ നീക്കം ആരംഭിക്കുന്നത്. ''ഞാൻ വിജയിച്ചാൽ ലൂയിസ് ഫിഗോ റയൽ മാഡ്രിഡിൽ കളിക്കും.'' തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരസ് പറഞ്ഞ വാക്കുകൾ പലരും തമാശയായി കണ്ടു. ഇതുകേട്ട് സ്പാനിഷ് മാധ്യമങ്ങൾ പോലും ചിരിച്ചു.

എങ്ങനെ കൊണ്ടുവരാൻ? ബാഴ്‌സയുടെ ക്യാപ്റ്റൻ. ആരാധകരുടെ പ്രിയതാരം. റയലിന്റെ ശത്രു. അത് അസാധ്യമെന്നു തന്നെ എല്ലാവരും കരുതി. പക്ഷേ, പെരെസ് അത് വെറുതെ പറഞ്ഞതായിരുന്നില്ല. അയാൾ അണിയറിൽ കാര്യങ്ങൾ നീക്കിത്തുടങ്ങിയിരുന്നു. രഹസ്യ ചർച്ചകൾ ആരംഭിച്ചിരുന്നു.

അക്കാലത്ത് ബാഴ്‌സലോണ സാമ്പത്തികമായി അത്ര ശക്തമായിരുന്നില്ല. താരങ്ങളുടെ കരാർ പുതുക്കുന്നതിൽ പലപ്പോഴും കാലതാമസം നേരിട്ടിരുന്നു. വേതനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അഭിപ്രായവ്യത്യാസങ്ങൾ പതിവായിരുന്നു. മാനേജ്‌മെന്റും താരങ്ങളും തമ്മിലുള്ള അസംതൃപ്തിയും രൂക്ഷമായിരുന്നു. ഫിഗോയും പുതിയ കരാർ ആഗ്രഹിച്ചിരുന്നു. ക്ലബ്ബ് അദ്ദേഹത്തെ പ്രധാന താരമായി തന്നെയാണ് കണക്കാക്കിയിരുന്നതെങ്കിലും ഫിഗോ ആവശ്യപ്പെട്ട എല്ലാ നിബന്ധനകളും അംഗീകരിക്കാൻ ക്ലബ്ബ് തയ്യാറായിരുന്നില്ല. അതോടെ ക്ലബ്ബ് മാനേജ്‌മെന്റിനും ഫിഗോയ്ക്കുമിടയിൽ രൂപപ്പെട്ട ചെറിയ വിള്ളലാണ് വലിയ പിളർപ്പിലേക്കെത്തിയത്. ഈ സാഹചര്യം പെരെസ് നന്നായി ഉപയോഗിക്കുകയും ചെയ്തു. ഫുട്‌ബോളിലെ ഏറ്റവും സമർഥനായ തന്ത്രജ്ഞന്മാരിൽ ഒരാളുടെ മാസ്റ്റർപ്ലാനിൽ ഫിഗോ പതിയെ കുടുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

ഈ കഥയിലെ നിർണായക കഥാപാത്രമായിരുന്നു ജോസ് വെയ്ഗ. ഒരു ട്രാൻസ്ഫർ ഒരിക്കലും രണ്ട് ക്ലബ്ബുകളും ഒരു താരവും മാത്രം ചേർന്ന് നടക്കില്ല. അവിടെയാണ് ഫിഗോയുടെ ഏജന്റായിരുന്ന ജോസ് വെയ്ഗയുടെ റോൾ. കരാർ ചർച്ചകളിൽ വളരെ കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന ആളായിരുന്നു വെയ്ഗ. ബാഴ്‌സയുമായുള്ള ചർച്ചകൾ നീണ്ടുപോയപ്പോൾ അദ്ദേഹം മറ്റു സാധ്യതകൾ പരിശോധിക്കാൻ തുടങ്ങിയിരുന്നു. അതിൽ ഏറ്റവും അപകടകരമായ വാതിൽ തന്നെ അയാൾക്കു മുന്നിൽ തുറന്നു, റയൽ മാഡ്രിഡ്.

62 മില്യൺ യൂറോ എന്ന റിലീസ് ക്ലോസ്. തനിക്ക് ലഭിക്കാൻ പോകുന്ന കോടികളുടെ ഏജന്റ് ഫീസ്. ഫിഗോയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭീമൻ ശമ്പളം. ദീർഘകാല കരാർ. ലോകത്തിലെ ഏറ്റവും വലിയ താരമെന്ന ബ്രാൻഡിങ്. ഇന്ന് ഫുട്‌ബോളിൽ നമുക്ക് സാധാരണയായി തോന്നുന്ന കാര്യങ്ങൾ അന്ന് വിപ്ലവകരമായിരുന്നു.

പെരെസിന് ലക്ഷ്യങ്ങൾ പലതായിരുന്നു. ആദ്യ ലക്ഷ്യം ഫിഗോയെ കാണിച്ച് റയൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജയിക്കുക എന്നതായിരുന്നു. ഫിഗോയെ മാത്രം സ്വന്തമാക്കുക എന്നതായിരുന്നില്ല അയാളുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബ് എന്ന ബ്രാൻഡ് വീണ്ടും സൃഷ്ടിക്കുക. ഓരോ വർഷവും ലോകത്തിലെ മികച്ച താരത്തെ വാങ്ങുക. വാണിജ്യ വരുമാനം വർധിപ്പിക്കുക. ജേഴ്‌സി വിൽപ്പന ഉയർത്തുക. ടെലിവിഷൻ അവകാശങ്ങളിലൂടെ ലഭിക്കുന്ന തുക. ലോകമെമ്പാടുമുള്ള ക്ലബ്ബിന്റെ ആരാധകവൃന്ദം വർധിപ്പിക്കുക. ഫിഗോ ഈ പദ്ധതിയുടെ ആദ്യ കല്ലായിരുന്നു. ഗലാറ്റിക്കോസ് എന്ന് അത് അറിയപ്പെട്ടു. പിന്നീട് അതേ പാതയിലൂടെ സിനദിൻ സിദാൻ, റൊണാൾഡോ നസാരിയോ, ഡേവിഡ് ബെക്കം, മൈക്കൽ ഓവൻ എന്നിവരെല്ലാം റയലിലെത്തി. ആ സാമ്രാജ്യത്തിന്റെ അടിത്തറ പാകിയത് ഫിഗോയുടെ ട്രാൻസ്ഫറിലൂടെയാണ്.

ഫിഗോയ്ക്ക് ശരിക്കും ബാഴ്‌സ വിട്ട് റയലിലേക്ക് പോകാൻ താത്പര്യമുണ്ടായിരുന്നോ? ഇന്നും ചർച്ച ചെയ്യപ്പെടുന്ന ചോദ്യമാണിത്. പിൽക്കാലത്ത് പല അഭിമുഖങ്ങളിലും പലരും അദ്ദേഹത്തോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഒരു മറുപടി നൽകാൻ ഫിഗോ തയ്യാറായിരുന്നില്ല. മികച്ച പ്രതിഫല വാഗ്ദാനം, ബാഴ്‌സയുടെ ഭരണസമിതിയുമായി ഉണ്ടായ നിരാശ, ഏജന്റിന്റെ സമ്മർദം എന്നിവയെല്ലാമാണ് ഫിഗോ ക്ലബ്ബ് വിടാൻ കാരണമെന്നാണ് ഒരുകൂട്ടർ വിശ്വസിക്കുന്നത്.

എന്നാൽ അത് അങ്ങനെയായിരുന്നില്ലെന്നതാണ് ഈ കഥയെ കൂടുതൽ സങ്കീർണമാക്കുന്നത്. പിന്നീട് പുറത്തുവന്ന രേഖകളും പുസ്തകങ്ങളും അഭിമുഖങ്ങളും ഈ ട്രാൻസ്ഫർ ഒരു കളിക്കാരന്റെ തീരുമാനം മാത്രമായിരുന്നില്ലെന്ന് സൂചിപ്പിക്കുന്നു.

2000-ലെ വേനൽക്കാലത്താണ് സ്പാനിഷ് മാധ്യമങ്ങൾ ആ വാർത്ത പ്രസിദ്ധീകരിക്കുന്നത്. 'ഫിഗോ റയലിലേക്ക്?' ആരും അതത്ര കാര്യമായെടുത്തില്ല. കാരണം റയൽ മാഡ്രിഡിൽ നിന്ന് ബാഴ്സലോണയിലേക്കോ, ബാഴ്സലോണയിൽ നിന്ന് റയലിലേക്കോ നേരിട്ട് പോകുന്നത് അന്നും ഇന്നും ഏറ്റവും വലിയ 'വിലക്കപ്പെട്ട' കാര്യങ്ങളിലൊന്നാണ്. ക്ലബ്ബുകൾ തമ്മിലുള്ള വൈരം ഫുട്‌ബോളിനെക്കാൾ വലുതായിരുന്നു. ഈ സാഹചര്യത്തിൽ ബാഴ്സയുടെ ക്യാപ്റ്റൻ റയലിലേക്ക് പോകുമെന്ന് വിശ്വസിക്കാൻ ആരും തയ്യാറായിരുന്നില്ല.

പെരസിന്റെ മാസ്റ്റർപ്ലാൻ

'അസാധ്യം' എന്ന വാക്ക് ഫ്‌ളോറന്റീനോ പെരസിന്റെ നിഘണ്ടുവിലുണ്ടായിരുന്നില്ല. അദ്ദേഹം നേരിട്ട് ഫിഗോയെ സമീപിച്ചില്ല. പകരം, പോർച്ചുഗൽ ഫുട്‌ബോളിലെ ഇതിഹാസമായ പൗളോ ഫ്യൂട്രെയെ സമീപിച്ചു. ഫിഗോ ഏറെ ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു ഫ്യൂട്രെ. പെരെസ് അദ്ദേഹത്തിന് ഒരു ദൗത്യം നൽകി. എന്ത് വിലകൊടുത്തും ഫിഗോയെ റിയൽ മാഡ്രിഡിലെത്തിക്കണം. ഫ്യൂട്രെ ഉടൻ പണിയാരംഭിച്ചു. ആദ്യ ലക്ഷ്യം ഫിഗോയുടെ ഏജന്റ് ജോസ് വെയ്ഗയായിരുന്നു. പെരെസ് ഒരു വലിയ ഓഫർ മുന്നോട്ടുവച്ചു. കരാർ വിജയിച്ചാൽ ഏജന്റിന് ആറ് മില്യൺ യൂറോ കമ്മീഷൻ. അന്നത്തെ കാലത്ത് അതൊരു വമ്പൻ തുകയായിരുന്നു. വെയ്ഗയ്ക്ക് നിരസിക്കാൻ പറ്റാത്തത്ര വലിയ ഓഫറായിരുന്നു അത്. വെയ്ഗ ഉടൻ  നെതർലൻഡ്‌സിലേക്ക് യാത്ര തിരിച്ചു. 2000-ലെ യൂറോ കപ്പ് നടക്കുകയായിരുന്നു അപ്പോൾ. പോർച്ചുഗൽ ടീമിനൊപ്പം ഫിഗോ അവിടെയുണ്ടായിരുന്നു. ടൂർണമെന്റിന്റെ തിരക്കിനിടെയാണ് ഫിഗോയ്ക്ക് ഏജന്റിന്റെ ഫോൺ എത്തുന്നത്. 'മാഡ്രിഡിൽ പ്രസിഡന്റാകാൻ മത്സരിക്കുന്ന ഒരാൾ നിങ്ങളുടെ റിലീസ് ക്ലോസ് അടച്ച് നിങ്ങളെ റയലിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു.' ഫിഗോ ആദ്യം അത് കേട്ട് ചിരിച്ചു. ഫിഗോയ്‌ക്കെന്നല്ല ആർക്കും അത് വിശ്വസിക്കാനാകുമായിരുന്നില്ല. ഫിഗോയുടെ മറുപടി വളരെ ലളിതമായിരുന്നു. 'ശരി... അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കൂ. അത്ര മാത്രം.' ഫിഗോയുടെ ശ്രദ്ധ മുഴുവൻ അപ്പോൾ യൂറോ കപ്പിലായിരുന്നു. ട്രാൻസ്ഫറിനെക്കുറിച്ച് ആലോചിക്കാനുള്ള മനസ്സൊന്നും അദ്ദേഹത്തിനില്ലായിരുന്നു.

എന്നാൽ, ചർച്ചകൾ അവസാനിച്ചില്ല. ഫിഗോയുടെ ഹോട്ടൽ മുറിയിൽ തന്നെ ഏജന്റും ഇടനിലക്കാരും എത്തിത്തുടങ്ങി. ഓഫർ ചെയ്തതോ വമ്പൻ പ്രതിഫലം. റയലിലെത്തിയാൽ ശമ്പളം ഇപ്പോൾ ബാഴ്‌സയിൽ കിട്ടുന്നതിലും പലമടങ്ങ് ഉയരും. എന്നാൽ ഫിഗോയുടെ പ്രതികരണം വ്യക്തമായിരുന്നു. 'നിങ്ങൾക്ക് ഭ്രാന്താണോ? ഞാൻ ബാഴ്‌സലോണയുടെ താരമാണ്. റയലിലേക്ക് പോകുമെന്നു പോലും ചിന്തിച്ചിട്ടില്ല.'

ഫിഗോയുടെ ഏജന്റായ ജോസ് വെയ്ഗയും പെരസിന്റെ സംഘവും മാസങ്ങളോളം ഇക്കാര്യത്തിൽ രഹസ്യമായി ചർച്ച നടത്തിയിരുന്നു. ഹോട്ടൽ മുറികളിൽ. സ്വകാര്യ ഓഫീസുകളിൽ. സ്‌പെയിനിന് പുറത്തു പോലും കൂടിക്കാഴ്ച നടന്നു. ഒരൊറ്റ മാധ്യമത്തിനും ഇത് മണത്തറിയാൻ പോലും സാധിച്ചില്ല. ചരിത്രത്തിലെ ഏറ്റവും വിവാദമായ പ്രീ-കോൺട്രാക്ട് ഉണ്ടാകുന്നതും അങ്ങനെയാണ്. ഈ ട്രാൻസ്ഫറിന്റെ ഏറ്റവും നിർണായകമായ ഭാഗം ഇതായിരുന്നു. പെരസും ഫിഗോയുടെ പ്രതിനിധികളുമാണ് ഈ പ്രീ-കോൺട്രാക്ട് ഒപ്പുവെയ്ക്കുന്നത്. ആ കരാറിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെയായിരുന്നു;

1. പെരസ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഫിഗോ റയൽ മാഡ്രിഡിൽ ചേരണം.

2. ഫിഗോ പിന്മാറുകയാണെങ്കിൽ വൻ തുക പിഴയായി നൽകണം.

3. പെരസ് പരാജയപ്പെട്ടാൽ കരാർ പ്രാബല്യത്തിൽ വരില്ല.

ഈ പിഴയെക്കുറിച്ചാണ് പിന്നീട് ഏറ്റവും വലിയ വിവാദം ഉണ്ടായത്. ഇത് ഏകദേശം 30 മില്യൺ യൂറോ ആയിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതറിഞ്ഞുകൊണ്ട് ഫിഗോ എന്തിന് ഈ കരാറിൽ ഒപ്പിട്ടു? ഇതാണ് ചരിത്രത്തിലെ ഏറ്റവും വലിയ ചോദ്യങ്ങളിലൊന്ന്. 'തിരഞ്ഞെടുപ്പ് ജയിക്കാൻ ഉപയോഗിക്കുന്ന ഒരു രേഖ മാത്രമാണെന്ന് ഞാൻ കരുതി.' എന്നാണ് ഇതിന് ഫിഗോ നൽകിയ മറുപടി. റയലിൽ നിന്ന് തനിക്ക് ഇത്തരമൊരു ഓഫറുണ്ടെന്ന് കാണിച്ച് ബാഴ്‌സയിൽ നിന്ന് കുറച്ചുകൂടി മെച്ചപ്പെട്ട കരാർ നേടാമെന്ന് ഏജന്റായ ജോസ് വെയ്ഗ, ഫിഗോയെ ധരിപ്പിച്ചു. ഇതും ഫിഗോ കരാറിന് സമ്മതം മൂളാൻ കാരണമായെന്ന് പറയപ്പെടുന്നു. കാരണം പെരെസ് വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. അതോടെ കരാറിന് പ്രസക്തിയില്ലാതാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാം അവസാനിക്കും. ഇതുവെച്ച് മെച്ചപ്പെട്ട ഒരു കരാറിന് ശ്രമിച്ചുനോക്കുകയും ചെയ്യാം. ഫിഗോയ്ക്ക് അത് വലിയ റിസ്‌കുള്ള കാര്യമായി തോന്നിയില്ല. അങ്ങനെ കരാർ ഒപ്പുവെയ്ക്കപ്പെട്ടു. പക്ഷേ, അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായ കണക്കുകൂട്ടലായി മാറുകയായിരുന്നു. ദിവസങ്ങൾ കടന്നുപോകുന്തോറും സ്ഥിതി മാറിത്തുടങ്ങി. തിരഞ്ഞെടുപ്പ് അടുത്തെത്തി. പെരെസ് വിജയിക്കാനുള്ള സാധ്യത ഉയരുകയാണ്. അപ്പോഴാണ് ഫിഗോയ്ക്ക് ആദ്യമായി ഭയം തോന്നിയത്. താൻ വലിയൊരു കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായി. അയാൾ ഉടൻ  ഏജന്റായ ജോസ് വെയ്ഗയെ വിളിച്ചു. 'ഞാൻ റയൽ മാഡ്രിഡിലേക്ക് പോകുന്നില്ല. ഒരിക്കലും പോകില്ല.' പക്ഷേ... അപ്പോഴേക്കും വളരെ വൈകിയിരുന്നു. ഏജന്റ് ഫിഗോയുടെ പേരിൽ അപ്പോഴേക്കും ആ കരാറിൽ ഒപ്പുവെച്ചിരുന്നു.

എന്നാൽ പെരസിന്റെ കണക്കുകൂട്ടൽ വേറെയായിരുന്നു. അയാൾ ഈ വാഗ്ദാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രമാക്കി. ഫിഗോയുമായി ഒപ്പിട്ട രഹസ്യ കരാറിന്റെ വിവരം മാധ്യമങ്ങൾക്ക് ചോർന്നുകിട്ടി. അതിനു പിന്നിൽ പെരെസിന്റെ കുബുദ്ധിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. വാർത്ത പുറത്തുവന്നതോടെ ഫിഗോയ്ക്കു മുന്നിൽ കരാറിൽ നിന്ന് പിൻമാറാനുള്ള എല്ലാ വഴികളും അടഞ്ഞു.

ഈ ചർച്ചകൾ നടക്കുമ്പോൾ ബാഴ്സലോണ ഭരണസമിതിക്ക് അതിനെക്കുറിച്ച് വ്യക്തമായ വിവരം ഉണ്ടായിരുന്നില്ല. അവർ ഫിഗോയെ ക്ലബ്ബിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് കണ്ടിരുന്നത്. കരാർ പുതുക്കാനുള്ള ചർച്ചകളും ഇടയ്ക്കിടെ നടന്നിരുന്നു. ഫിഗോയാകട്ടെ പൊതുവേദികളിൽ ഒരിക്കലും റയലിലേക്ക് പോകുമെന്ന് സൂചന നൽകിയിരുന്നില്ല. 'ഞാൻ ബാഴ്സലോണയിൽ സന്തോഷവാനാണ്.' എന്നായിരുന്നു പല വേദികളിലും ഫിഗോ പറഞ്ഞിരുന്നത്.

മറ്റ് സ്ഥാനാർഥികൾ സ്റ്റേഡിയം വികസനം, സാമ്പത്തിക പരിഷ്‌കാരം, യുവതാരങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ പെരസിന്റെ ഓരോ പ്രസംഗത്തിലും ഒരേയൊരു പേര് മുഴങ്ങി, 'ലൂയിസ് ഫിഗോ.' മാധ്യമങ്ങൾ അത് ആവർത്തിച്ചു. ടെലിവിഷൻ ചർച്ചകൾ അതിനെ ചുറ്റിപ്പറ്റിയായി. ഫിഗോയ്ക്കുമേൽ സമ്മർദങ്ങൾ കൂടിക്കൂടി വന്നു. 'നിങ്ങൾ റയലിലേക്ക് പോകുമോ?' പത്രപ്രവർത്തകർ ഫിഗോയോട് ചോദിച്ചു. 'ഞാൻ ബാഴ്സയുടെ താരമാണ്. ഞാൻ എവിടെയും പോകുന്നില്ല. ഇതെല്ലാം മാധ്യമങ്ങളുടെ കഥയാണ്.' ഫിഗോ മറുപടി ആവർത്തിച്ചുകൊണ്ടിരുന്നു.

മാഡ്രിഡിൽ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രമേ അപ്പോൾ ശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. ആ നിമിഷമാണ് ലൂയിസ് ഫിഗോയ്ക്ക് കാര്യങ്ങളുടെ യഥാർഥ ഗൗരവം മനസിലായത്. ഇതുവരെ താൻ ഒരു ചെറിയ റിസ്‌ക് മാത്രമാണ് എടുത്തതെന്ന് കരുതിയിരുന്ന താരം ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലായിരുന്നു. ഭീഷണികൾ കൂടിക്കൊണ്ടിരുന്നു. കുടുംബത്തെ ലക്ഷ്യമിട്ടും ഭീഷണി സന്ദേശങ്ങൾ എത്തിത്തുടങ്ങി. 'ഈ കരാറിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം.' അതുകൊണ്ട് ഫിഗോ ഒരു അവസാന ശ്രമം നടത്തി. അദ്ദേഹം ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റായ ജൊവാൻ ഗാസ്പാർട്ടിനെ വിളിച്ചു. ആ ഫോൺകോൾ പിന്നീട് ഫുട്‌ബോൾ ചരിത്രത്തിൽ ഇടംപിടിച്ചു. ഫിഗോ പറഞ്ഞ വാക്കുകൾ ഏകദേശം ഇങ്ങനെയായിരുന്നു. ''എന്റെ കൈയിൽ രണ്ട് വിമാന ടിക്കറ്റുകളുണ്ട്. ഒന്ന് ലിസ്ബണിൽ നിന്ന് ബാഴ്‌സലോണയിലേക്ക്. മറ്റൊന്ന് ലിസ്ബണിൽ നിന്ന് മാഡ്രിഡിലേക്ക്. ഞാൻ ഏത് വിമാനത്തിൽ കയറണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.'' തുടർന്ന് അദ്ദേഹം ഒരു ആവശ്യവും മുന്നോട്ടുവച്ചു. ഏജന്റുമായി ഉണ്ടായ കരാർ ലംഘിച്ചാൽ നൽകേണ്ടിവരുന്ന വൻ നഷ്ടപരിഹാരത്തിന് ബാഴ്‌സലോണ ഗ്യാരണ്ടി നൽകണം. അല്ലെങ്കിൽ തനിക്ക് റയൽ മാഡ്രിഡിലേക്ക് പോകാതെ മറ്റൊരു വഴിയില്ല.

എന്നാൽ ഗാസ്പാർട്ടിന്റെ മറുപടി വളരെ വ്യക്തമായിരുന്നു. ''എനിക്ക് അത് ചെയ്യാൻ കഴിയില്ല. കാരണം, അങ്ങനെ ചെയ്താൽ ബാഴ്‌സലോണയുടെ സ്വന്തം താരത്തെ നിലനിർത്താൻ റയൽ മാഡ്രിഡിന് കോടിക്കണക്കിന് യൂറോ നൽകേണ്ടിവരും. അത് ഒരു പ്രസിഡന്റും അംഗീകരിക്കില്ല.'' ഗാസ്പാർട്ട് പിന്നീട് പറഞ്ഞത് വളരെ ലളിതമായിരുന്നു. ''ഞാൻ റയൽ മാഡ്രിഡിന് ആ പണം നൽകില്ല. അതിനാൽ നിങ്ങൾ മാഡ്രിഡിലേക്ക് പോവുക.'' ആ ഉറച്ച മറുപടിയോടെ ഫിഗോയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു.

അതേസമയം മാഡ്രിഡിൽ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. പെരെസിന്റെ മുഴുവൻ പ്രചാരണവും ഒരു വാഗ്ദാനത്തെ ചുറ്റിപ്പറ്റിയായിരുന്നു. ''ഞാൻ ജയിച്ചാൽ ലൂയിസ് ഫിഗോ റയൽ മാഡ്രിഡ് താരമാകും.'' പലരും അത് വിശ്വസിച്ചിരുന്നില്ല. 2000 ജൂലായ് 16. റയൽ മാഡ്രിഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ഫുട്‌ബോൾ ചരിത്രത്തിന്റെ ദിശ മാറി. പെരെസ് വിജയിച്ചു. 16,469 വോട്ടുകൾ. എതിരാളിയായ ലൊറൻസോ സാൻസിന് ലഭിച്ചത് 13,302 വോട്ടുകൾ മാത്രം. ഫലം പുറത്തുവന്നതോടെ ഫിഗോ തകർന്നുപോയി. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഫിഗോ മാഡ്രിഡിലേക്ക് പോയില്ല. പകരം ഇറ്റലിയിലെ സാർഡീനിയ ദ്വീപിലേക്ക് മാറിനിന്നു. സ്വയം ഒളിച്ചിരിക്കുകയായിരുന്നു അയാൾ. മാഡ്രിഡിലെത്താൻ ഫിഗോ വിസമ്മതിച്ചു. പെരെസിന്റെ സംഘം രംഗത്തിറങ്ങി. അയാൾ സാർഡീനിയയിലേക്ക് സ്വകാര്യ വിമാനത്തിൽ ആളുകളെ അയച്ചു. ഫിഗോയെ നേരിൽ കണ്ട് അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ. പക്ഷേ അവിടെ കണ്ട കാഴ്ച ദയനായമായിരുന്നു. ഫിഗോയും ഭാര്യയും പൂർണമായും തകർന്ന നിലയിലായിരുന്നു. സ്വന്തം തീരുമാനത്തിന്റെ അനന്തരഫലങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയും കാണാത്ത അവസ്ഥ.

ഒരു സുഹൃത്ത് പിന്നീട് ഫിഗോയോട് ചോദിച്ചു. ''എന്റെ മകൻ ബാഴ്‌സലോണ ആരാധകനാണ്. നീ റയൽ മാഡ്രിഡിലേക്ക് പോകുന്നുവെന്ന് ഞാൻ അവനോട് എങ്ങനെ പറയും?'' ''എന്റെ ഏജന്റ് ജയിലിൽ പോകാതിരിക്കാനാണ് ഞാൻ മാഡ്രിഡിലേക്ക് പോകുന്നതെന്ന് അവനോട് പറയൂ.'' ഫിഗോയുടെ മറുപടി വളരെ വേദന നിറഞ്ഞതായിരുന്നു.

പെരസ് വിജയിച്ചതോടെ ഫിഗോയുടെ ജീവിതം മാറി. അയാൾക്കു മുന്നിൽ മൂന്ന് വഴികളേ ഉണ്ടായിരുന്നുള്ളൂ. 1. റയൽ മാഡ്രിഡിൽ ചേരുക. 2. വൻ പിഴ നൽകുക. 3. നിയമപോരാട്ടത്തിലേക്ക് പോകുക. ഏത് തീരുമാനവും അദ്ദേഹത്തിന്റെ കരിയറിനെ ബാധിക്കുമായിരുന്നു.

അന്ന് സ്പാനിഷ് ഫുട്‌ബോളിൽ എല്ലാ താരങ്ങൾക്കും റിലീസ് ക്ലോസ് നിർബന്ധമായിരുന്നു. 62 മില്യൺ യൂറോ എന്ന വമ്പൻ തുകയായിരുന്നു ഫിഗോയുടെ കരാറിലുണ്ടായിരുന്ന റിലീസ് ക്ലോസ്. ഇത് ലോക റെക്കോർഡായിരുന്നു. പക്ഷേ, പെരെസ് ഒരു നിമിഷം പോലും മടിച്ചില്ല. റയൽ മാഡ്രിഡ് ആ തുക നൽകി. നിയമപരമായി ബാഴ്സലോണയ്ക്ക് ട്രാൻസ്ഫർ തടയാൻ വഴിയില്ലായിരുന്നു.

2000 ജൂലൈ 24. ലൂയിസ് ഫിഗോ ഇനി റയൽ മാഡ്രിഡ് താരമാണ്. റയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകം ഞെട്ടി. സ്‌പെയിനിൽ വാർത്താ ചാനലുകൾ പതിവ് പരിപാടികൾ നിർത്തിവച്ചു. കായിക മാധ്യമങ്ങൾ പ്രത്യേക പതിപ്പുകൾ പുറത്തിറക്കി. അന്ന് നടന്നത് വെറുമൊരു ട്രാൻസ്ഫറായിരുന്നില്ല. ഒരു രാഷ്ട്രീയ വിപ്ലവമായിരുന്നു.

വാർത്ത പുറത്തുവന്നതോടെ ബാഴ്‌സലോണയിൽ പ്രതിഷേധം ആരംഭിച്ചു. ക്യാമ്പ് നൗവിന് ചുറ്റും ആരാധകർ സംഘടിച്ചു. അവർ ഫിഗോയുടെ ജേഴ്‌സികൾ കത്തിച്ചു. പോസ്റ്ററുകൾ കീറി. വഞ്ചകൻ എന്ന വാക്ക് ബാഴ്‌സയുടെ തെരുവുകളിലുടനീളം നിറഞ്ഞു. അവരുടെ രോഷം അത്രയും ശക്തമായിരുന്നു. ഫിഗോയ്ക്കും കുടുംബത്തിനും നേരെ വരെ ഭീഷണികൾ ഉയർന്നു.

റയലിൽ അതൊരു പുതിയ യുഗത്തിന്റെ ആരംഭമായി. ഫിഗോയുടെ അവതരണച്ചടങ്ങ് ഒരു ട്രാൻസ്ഫർ ചടങ്ങ് മാത്രമായിരുന്നില്ല. പെരെസിന്റെ ഒരു പ്രഖ്യാപനമായിരുന്നു അത്. 'ലോകത്തിലെ ഏറ്റവും വലിയ താരങ്ങൾ ഇനി റയലിലേക്ക് വരും.' അയാൾ പ്രഖ്യാപിച്ചു. പിന്നീട് 'ഗലാക്റ്റിക്കോസ്' എന്ന ആശയമായി വളർന്ന ഒന്നിന്റെ തുടക്കം അവിടെ നിന്നായിരുന്നു. 2001-ൽ സിനദിൻ സിദാൻ. 2002-ൽ റൊണാൾഡോ. 2003-ൽ ഡേവിഡ് ബെക്കാം. ഓരോ വർഷവും ഒരു സൂപ്പർതാരം. ആ ശൃംഖലയുടെ ആദ്യ കണ്ണി ലൂയിസ് ഫിഗോയായിരുന്നു.

ഫിഗോ വീണ്ടും ക്യാമ്പ് നൗവിലേക്ക്

ഫിഗോ റയലിലെത്തിയപ്പോൾ ലോകം ഞെട്ടി. എന്നാൽ യഥാർഥ വെല്ലുവിളി ഇനിയും വരാനിരിക്കുകയായിരുന്നു. കാരണം ട്രാൻസ്ഫർ വാർത്തകളെക്കാൾ വലിയ ചോദ്യം മറ്റൊന്നായിരുന്നു. 'ഫിഗോ വീണ്ടും ക്യാമ്പ് നൗവിൽ കാലുകുത്തുമ്പോൾ എന്ത് സംഭവിക്കും?' പിന്നീടുള്ള ബാഴ്‌സ-റയൽ പോരാട്ടം വെറുമൊരു എൽ ക്ലാസിക്കോ ആയിരുന്നില്ല. 2000 ഒക്ടോബർ 21-നാണ് ഫിഗോ റയൽ ജേഴ്‌സിയണിഞ്ഞ് ആദ്യമായി ക്യാമ്പ് നൗവിൽ കാലുകുത്തുന്നത്. സ്‌റ്റേഡിയത്തിൽ റയൽ ടീം ലിസ്റ്റ് അനൗൺസ് ചെയ്യാൻ തുടങ്ങി. ഫിഗോയുടെ പേര് വായിച്ചതിനു പിന്നാലെ ക്യാമ്പ് നൗവിലെ ഗാലറി പൊട്ടിത്തെറിച്ചു. വഞ്ചകൻ... വഞ്ചകൻ എന്ന മുദ്രാവാക്യങ്ങൾ ഉയർന്നു തുടങ്ങി. ഫിഗോ വഞ്ചകൻ എന്നെഴുതിയ ബാനറുകൾ ഗാലറിയിൽ ഉയർന്നു.

വാം അപ്പിനായി ഡ്രസ്സിങ് റൂമിൽ നിന്ന് മൈതാനത്തേക്കെത്തിയ ഫിഗോയും റയൽ താരങ്ങളും ഗാലറിയിലെ ശബ്ദം സഹിക്കാനാകാതെ ചെവി പൊത്തി. മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ തന്നെ പതിനായിരക്കണക്കിന് വരുന്ന ബാഴ്‌സ ആരാധകർ സ്റ്റേഡിയത്തിലെത്തിയിരുന്നു. അവർക്കെല്ലാം ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ വെറുപ്പിന്റെ ആഴം ഫിഗോയെ അറിയിക്കുക. മത്സരത്തിനിടെ ഫിഗോയുടെ കാലിൽ പന്ത് കിട്ടുമ്പോഴെല്ലാം ഗാലറിയിൽ നിന്ന് കൂവലുകളും തെറിവിളികളും നടുവിരലുകളും ഉയർന്നു. റയലിനായി സ്ഥിരം കോർണറുകൾ എടുക്കാറുള്ളത് ഫിഗോയായിരുന്നു. ക്യാമ്പ് നൗവിൽ ഓരോ തവണ ഫിഗോ കോർണർ എടുക്കാൻ പോകുമ്പോഴും പോലീസിന്റെ അകമ്പടി വേണ്ടിവന്നു. ഗാലറിയിൽ നിന്ന് ആളുകൾ കൈയിൽ കിട്ടിയതെല്ലാം അയാൾക്കു നേരേ എറിഞ്ഞു. സിഗരറ്റ് ലൈറ്ററുകൾ, പ്ലാസ്റ്റിക് കുപ്പികൾ, നാണയങ്ങൾ അങ്ങനെ മറ്റ് പലതും. മത്സരം 2-0ന് ബാഴ്‌സ ജയിച്ചു. പക്ഷേ അതായിരുന്നില്ല അന്നത്തെ വാർത്ത. ഫിഗോയോട് ക്യാമ്പ് നൗ ഒരിക്കലും ക്ഷമിക്കില്ല. അന്താരാഷ്ട്ര മാധ്യമങ്ങൾ എഴുതി.

രണ്ടു വർഷത്തിനുശേഷമാണ് ഫിഗോ വീണ്ടും ക്യാമ്പ് നൗവിലെത്തുന്നത്. 2002 നവംബർ 23-ന്. ഇക്കാലയളവ് ബാഴ്‌സ ആരാധകർക്ക് തന്നോടുള്ള വെറുപ്പ് കുറച്ചിരിക്കാമെന്ന് ഫിഗോ കരുതി. ഫുട്‌ബോൾ ലോകവും. പക്ഷേ ബാഴ്‌സ ആരാധകർ അന്ന് എത്തിയത് വലിയ തയ്യാറെടുപ്പുകളോടുകൂടിയായിരുന്നു. ഫുട്‌ബോളിലെ ഏറ്റവും വിവാദമായ രാത്രികളിലൊന്നായി അത് മാറുകയായിരുന്നു. ഇത്തവണയും സ്ഥിതി നിയന്ത്രണാതീതമായി. ഫിഗോ കോർണർ എടുക്കാൻ എത്തിയപ്പോൾ മൈതാനത്തേക്ക് കുപ്പികളും ബിയർ കാനുകളും പ്ലാസ്റ്റിക് സാധനങ്ങളും എന്തിന് മൊബൈൽ ഫോൺ വരെയും വലിച്ചെറിയപ്പെട്ടു. അവസാനം ആ വസ്തുവും. ഫിഗോ കോർണർ എടുക്കാൻ തയ്യാറെടുക്കുകയായിരുന്നു. പെട്ടെന്ന് സ്റ്റാൻഡിൽ നിന്ന് ഒരു വസ്തു അദ്ദേഹത്തിന്റെ സമീപത്തേക്ക് വീണു. ഒരു പന്നിയുടെ തല. ടെലിവിഷൻ ക്യാമറകൾ ആ ദൃശ്യം പകർത്തി. റഫറി മത്സരം നിർത്തിവച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ മൈതാനത്തിറങ്ങി. പന്നിയുടെ തല നീക്കം ചെയ്തു. മത്സരം പുനരാരംഭിക്കാൻ ഒരുപാട് സമയമെടുത്തു. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ചിത്രങ്ങളിലൊന്നായി അത് മാറി.

എന്തുകൊണ്ടാണ് പന്നിയുടെ തല? സ്‌പെയിനിൽ ഒരാളെ 'പന്നി' എന്ന് വിളിക്കുന്നത് വെറും അധിക്ഷേപമല്ല. അത് വഞ്ചന, അപമാനം എന്നിവയുടെ ശക്തമായ പ്രതീകമാണത്. ബാഴ്‌സ ആരാധകർക്ക് ഫിഗോ വെറുമൊരു എതിരാളിയോ ശത്രുവോ ആയിരുന്നില്ല. അതിലും വലിയ വെറുപ്പാണ് അവർക്ക് അയാളോടുണ്ടായിരുന്നത്. സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച ആളായാണ് അവർ അയാളെ കണ്ടത്. 2000-ലെ ബാലൺദ്യോർ പുരസ്‌കാരം ഫിഗോയ്ക്കായിരുന്നു. റയൽ മാഡ്രിഡ് താരമായാണ് ഫിഗോ പുരസ്‌കാരം വാങ്ങിയത്. എന്നാൽ ഫിഗോയ്ക്ക് ബാൺദ്യോർ ലഭിക്കാൻ കാരണമായത് ബാഴ്‌സയ്ക്കായി പുറത്തെടുത്ത പ്രകടനമായിരുന്നു. അതും ബാഴ്‌സ ആരാധകരെ ചൊടിപ്പിച്ചു.

Photo: Getty Images[Missing Credit]

റയലിൽ പിൽക്കാലത്ത് ഫിഗോ പ്രധാന താരമായി വളർന്നു. 2000-01ൽ റയൽ ലാ ലിഗ ചാമ്പ്യൻമാരായി. 2001-ൽ അദ്ദേഹം ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം നേടി. ഫിഗോയുടെ കരിയറിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായിരുന്നു അത്. 2001-02 സീസണിൽ റയൽ ചാമ്പ്യൻസ് ലീഗ് കിരീടവും നേടി.

ഫിഗോ പോയതിന് ശേഷം ബാഴ്സലോണ വലിയ പ്രതിസന്ധിയിലായി. ഭരണപരമായ അസ്ഥിരത. മോശം ട്രാൻസ്ഫറുകൾ. ടീമിന്റെ മോശം പ്രകടനം. എന്നാൽ, ആ പ്രതിസന്ധി ഒരു തരത്തിൽ ക്ലബ്ബിന് അനുഗ്രഹമായി മാറുകയായിരുന്നു. ആ പ്രതിസന്ധിയാണ് പിന്നീട് ക്ലബ്ബിനെ പുനർനിർമ്മിക്കാൻ പ്രേരിപ്പിച്ചത്. 2003-ൽ പുതിയ പ്രസിഡന്റ് ജോവാൻ ലപോർട്ട എത്തി. അതേവർഷം ഒരു ബ്രസീലിയൻ സൂപ്പർതാരം ക്യാമ്പ് നൗവിലെത്തി. റൊണാൾഡീന്യോ. അവിടെ നിന്നാണ് ബാഴ്സലോണയുടെ പുതിയ യുഗം ആരംഭിച്ചത്. ഫ്രാങ്ക് റൈക്കാർഡ് പിന്നാലെ പെപ് ഗ്വാർഡിയോള എന്നിവർ പരിശീലകരായും സാമുവൽ എറ്റൂ, ലയണൽ മെസ്സി, തിയറി ഒൻ​റി, സാവി, ഇനിയെസ്റ്റ തുടങ്ങിയ താരങ്ങളും ബാഴ്‌സയിലെത്തുന്നത് എത്തുന്നതും അവിടെ ലോക ഫുട്‌ബോളിലെ ഏറ്റവും മനോഹരമായ തലമുറകളിലൊന്ന് രൂപപ്പെടുന്നതും അങ്ങനെയാണ്. ഒരുപക്ഷേ ഫിഗോ പോയില്ലായിരുന്നെങ്കിൽ ഇത്ര വലിയൊരു മാറ്റത്തിന് ബാഴ്‌സ തയ്യാറാകുമായിരുന്നില്ല. എന്നാൽ രണ്ടരപ്പതിറ്റാണ്ടിനു ശേഷവും കാറ്റലോണിയക്കാർ ഫിഗോയോട് ക്ഷമിച്ചിട്ടില്ല.

പെരെസിനെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ പ്രസിഡന്റാക്കി മാറ്റിയ നിമിഷമായിരുന്നു ആ ട്രാൻസ്ഫർ. അതുകൊണ്ടുതന്നെ ഇന്നും ലൂയിസ് ഫിഗോയുടെ ട്രാൻസ്ഫർ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദപരവും ഏറ്റവും സ്വാധീനമുള്ളതുമായ ട്രാൻസ്ഫറുകളിൽ ഒന്നായി ഓർമിക്കപ്പെടുന്നു.