
അനന്തകാലത്തേക്ക് ആകാശങ്ങളെ താങ്ങിനിർത്താൻ വിധിക്കപ്പെട്ട ഗ്രീക്ക് പുരാണകഥാപാത്രം അറ്റ്ലസിനെ പോലെ രണ്ടു ദശാബ്ദത്തോളം പോർച്ചുഗലിനെ ഏതാണ്ട് ഒറ്റയ്ക്ക് അന്താരാഷ്ട്ര ഫുട്ബോൾ ഭൂപടത്തിൽ നിലനിർത്തിയ അതികായനായ ഗോൾവേട്ടക്കാരൻ ദേശീയടീമിന്റെ പരിശീലനക്യാമ്പിൽ നിന്നും നിശ്ശബ്ദനായി ഇറങ്ങിപ്പോയിരിക്കുന്നു. സെപ്തംബർ 27-ന് ഓസ്ലോയിൽ നോർവേയ്ക്കെതിരായി നടന്ന യുവേഫ നേഷൻസ് മത്സരത്തിൽ (പോർച്ചുഗൽ 2-1-ന് ജയിച്ചു) മുഴുനേരം ബെഞ്ചിലിരുത്തപ്പെട്ട സൂപ്പർതാരത്തെ ഒക്ടോബർ ഒന്നിന് നടക്കുന്ന ഡെൻമാർക്കിനെതിരായ കളിയിലും ഇറക്കില്ലെന്ന് പരിശീലകൻ ഷൊർജ് ഷിസൂസ് (Jorge Jesus) പറഞ്ഞു, മണിക്കൂറുകൾക്കകം റൊണാൾഡോ ക്യാമ്പ് വിട്ടു. ടീം വിടാനുള്ള യഥാർത്ഥ കാരണം 'ഉചിതമായ സമയത്ത്' വെളിപ്പെടുത്തുമെന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ച അദ്ദേഹം ആരെയും മാറ്റിനിർത്താതെ, എല്ലാ സഹതാരങ്ങൾക്കും ആശംസകൾ നേർന്നു.
കോപ്പൻഹേഗനിലെ പരിശീലന ക്യാമ്പിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്, എന്താണ് റൊണാൾഡോയുടെ പൊട്ടിത്തെറിക്ക് വഴിവെച്ചത്? നോർവേയ്ക്കെതിരായ മത്സരത്തിൽ റൊണാൾഡോ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിലായിരുന്നു. വാംഅപ്പ് ചെയ്യാൻ പരിശീലകൻ ആവശ്യപ്പെട്ടതനുസരിച്ച് സൈഡ്ലൈനിനു പുറത്ത് ഏറെനേരം അദ്ദേഹം ഓടിയെങ്കിലും കളിയിൽ ഇറക്കിയില്ല. ഈ മത്സരത്തിൽ കളിപ്പിക്കാമെന്ന് കോച്ച് വാഗ്ദാനം നൽകിയിരുന്നതായി റിപ്പോർട്ടുണ്ട്. വാംഅപ്പ് ചെയ്യിച്ചിട്ടും ഇറക്കാതിരുന്നത് തന്റെ പിഴവാണെന്നു പറഞ്ഞ കോച്ച് ആരെ കളിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന് ആവർത്തിച്ചു.
റൊണാൾഡോയുടെ സുഹൃത്തായ സ്പാനിഷ് മാധ്യമപ്രവർത്തകൻ എഡു അഗീറെയുടെ വെളിപ്പെടുത്തൽ പ്രകാരം, നോർവേ മത്സരത്തിനുശേഷം ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയുടെ സാന്നിധ്യത്തിലുള്ള കൂടിക്കാഴ്ചയിൽ ഷിസൂസ് താരത്തോട് ക്ഷമ ചോദിക്കുകയും പരസ്യമായി തെറ്റ് സമ്മതിക്കാമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ പത്രസമ്മേളനത്തിൽ കേട്ടത് ആ ഒരു പിഴവിന്റെ സമ്മതം മാത്രമാണ്. അതിനൊപ്പം 'ഞാനാണ് തീരുമാനിക്കുന്നത്' എന്ന ധ്വനിയും. ഡെൻമാർക്കിനെതിരെ ഗോൺസാലോ റാമോസ് ആദ്യ ഇലവനിൽ കളിക്കുമെന്ന് തുറന്നടിച്ച ശൈലി കടുത്ത വിമർശനത്തിന് വഴിവെച്ചു. 'കളിക്കളത്തിൽ ആവശ്യമെന്നു തോന്നിയാൽമാത്രം റൊണാൾഡോയെ ഇറക്കും, അതല്ലെങ്കിൽ ഇറക്കില്ല' എന്ന ഷിസൂസിന്റെ വാക്കുകൾ പരസ്യമായ അപമാനമായി റൊണാൾഡോയ്ക്കും ആരാധകർക്കും തോന്നിയത് അസ്വാഭാവികമല്ല.
234 മത്സരങ്ങളിൽനിന്ന് 146 ഗോളുകൾ നേടിയ, അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനെ, സ്വന്തം ടീമിന്റെ ക്യാപ്റ്റനെ, പരസ്യമായി ഇടിച്ചുതാഴ്ത്തുന്ന വാക്കുകൾ ഉൾക്കൊള്ളാൻ റൊണാൾഡോയ്ക്കായില്ല. 23 വർഷക്കാലം പോർച്ചുഗീസ് ഫുട്ബോളിനെ ചുമലിലേറ്റിയ, രാജ്യം ഇതുവരെ നേടിയ എല്ലാ അന്താരാഷ്ട്ര കിരീടങ്ങളിലും വലിയ പങ്കുവഹിച്ച നായകന് ലഭിക്കേണ്ട ബഹുമാനമില്ലാത്ത വാക്കും പെരുമാറ്റവുമായിരുന്നു ഷിസൂസിന്റേതെന്ന് അദ്ദേഹത്തിനും ലോകമെമ്പാടുമുള്ള ആരാധകകോടികൾക്കും തോന്നിയത് സ്വാഭാവികം.
'അതൊരു തന്ത്രപരമായ തീരുമാനമായിരുന്നു, റോണോയെ പൂർണ്ണമായി ഒഴിവാക്കിയതല്ല' എന്നും കളിക്കളത്തിലെ തത്സമയ സാഹചര്യങ്ങൾക്കനുസരിച്ചാണ് ടീമിൽ മാറ്റങ്ങൾ വരുത്തുന്നതെന്നുമായിരുന്നു കോച്ച് പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചത്. സൗദി ലീഗിലെ അൽ നസർ ക്ലബിൽ ഒരു വർഷം റൊണാൾഡോയ്ക്കൊപ്പമായിരുന്നു, തങ്ങളൊരുമിച്ച് സൗദി പ്രോ ലീഗ് കിരീടമുയർത്തുകയും ചെയ്തു, തങ്ങൾക്കിടയിൽ ഒരു പ്രശ്നങ്ങളുമില്ല- ഷിസൂസ് പറഞ്ഞു. ജൂലൈയിൽ ദേശീയടീം പരിശീലകനായി ചുമതലയേറ്റപ്പോൾ റൊണാൾഡോയ്ക്കൊപ്പം പ്രവർത്തിക്കുന്നത് 'വളരെ എളുപ്പ'മാണെന്നും ക്ലബ്ബിൽ 16 തവണ അദ്ദേഹത്തെ പിൻവലിച്ചിട്ടും ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും ഷിസൂസ് പറഞ്ഞിരുന്നു. ടീമിനുവേണ്ടി കോച്ചെടുക്കുന്ന ഏതു തീരുമാനത്തെയും പിന്തുണയ്ക്കുമെന്ന് മുമ്പ് റൊണാൾഡോയും പറഞ്ഞതാണ്. എന്നിട്ടും!
ടീമിന്റെ താത്പര്യം വ്യക്തിതാത്പര്യത്തേക്കാൾ വലുതാണെന്ന് ചർച്ചയിൽ അറിയിച്ചതിനെ തുടർന്നാണ് റൊണാൾഡോ പോയതെന്ന് ദ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ അതല്ല കാരണമെന്നും അദ്ദേഹം സംസാരിക്കുമ്പോൾ വ്യക്തമാകുമെന്നും റൊണാൾഡോയുടെ അടുത്ത സുഹൃത്തും ബ്രോഡ്കാസ്റ്ററുമായ പിയേഴ്സ് മോർഗൻ പ്രതികരിച്ചു.
ഒക്ടോബർ രണ്ടിന് കോച്ചും ഫെഡറേഷൻ പ്രസിഡന്റുമായി ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കൃത്യമായ കാരണം കാണിക്കാതെ ക്യാമ്പ് വിട്ടാൽ കളിക്കാർക്ക് ഒന്നു മുതൽ ആറുമാസംവരെ വിലക്ക് ഏർപ്പെടുത്താൻ ഫെഡറേഷൻ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. റൊണാൾഡോയ്ക്ക് വിലക്ക് ഏർപ്പെടുത്തുമോ, സമസ്താപരാധം പറഞ്ഞ് ടീമിൽ തിരിച്ചെത്തിക്കുമോ, അദ്ദേഹം തിരിച്ചുവരാൻ സമ്മതിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. 2003 ആഗസ്ത് 20-ന് കസഖ്സ്താനെതിരെ ഈ മഡീറക്കാരൻ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമ്പോൾ വയസ്സ് 18 മാത്രം. രണ്ടാംപകുതിയിൽ ഇതിഹാസതാരം റൂയി കോസ്റ്റയുടെ പകരക്കാരനായി കളത്തിലിറങ്ങി. സെപ്തംബർ 24-ന് നടന്ന വെയിൽസിനെതിരായ മത്സരമായിരുന്നോ പോർച്ചുഗീസ് ജേഴ്സിയിൽ റൊണാൾഡോയുടെ അവസാന അന്താരാഷ്ട്ര മത്സരം?
ചരിത്രത്തിന്റെ തനിയാവർത്തനം
റൊണാൾഡോയുടെ കരിയറിൽ ഇതാദ്യമല്ല ഇത്തരം നാടകീയമായ വിടപറയൽ. ഒരുപക്ഷേ, 2022-ലെ ഖത്തർ ലോകകപ്പിന്റെ തനിയാവർത്തനമാണിത്. അന്ന് സ്വിറ്റ്സർലൻഡിനെതിരെയുള്ള പ്രീക്വാർട്ടറിൽ അന്നത്തെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് റൊണാൾഡോയെ ബെഞ്ചിലിരുത്തി. പകരം ഇറങ്ങിയ ഗോൺസാലോ റാമോസ് ഹാട്രിക് നേടി, പോർച്ചുഗൽ 6-1 ന് ജയിച്ചു. റൊണാൾഡോ ടീം വിടുമെന്ന് ഭീഷണി മുഴക്കിയെന്ന റിപ്പോർട്ട് ഫെഡറേഷൻ ശക്തമായി നിഷേധിച്ചു. ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റതോടെ സാന്റോസിന്റെ കസേരയും തെറിച്ചു. 2022-ൽ നിഷേധമായിരുന്നെങ്കിൽ ഇത്തവണ അദ്ദേഹം ശരിക്കും ക്യാമ്പ് വിട്ടു. അതാണ് വ്യത്യാസം.
2026-ലെ ലോകകപ്പിൽ പോർച്ചുഗലിന്റെ അഞ്ച് മത്സരങ്ങളിലും ആദ്യ ഇലവനിൽ കളിച്ച റൊണാൾഡോ മൂന്ന് ഗോളുകളും നേടി. പ്രീക്വാർട്ടറിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായി. കോച്ച് മാർട്ടിനെസിന്റെ കസേര പോയി! റൊണാൾഡോയ്ക്ക് പന്തെത്തിച്ചു നൽകാതെ പെനാൽറ്റി ബോക്സിനു പുറത്ത് ബ്രൂണോയും കൂട്ടരും തുഴഞ്ഞു നടക്കാതിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാവുമായിരുന്നു എന്ന് മാഞ്ചെസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയുടെ പങ്കാളിയും പിന്നീട് വിമർശകനുമായ വെയ്ൻ റൂണി ബിബിസിയിൽ സൂചിപ്പിച്ചു. അർജന്റീന താരങ്ങൾ മെസ്സിക്കുവേണ്ടി കളിക്കുന്നത് പോലെ, പോർച്ചുഗൽ താരങ്ങൾ റൊണാൾഡോയ്ക്കൊപ്പം കളിക്കുന്നത് ആസ്വദിക്കുന്നില്ല എന്ന് റൂണി നിരീക്ഷിച്ചു.
മാഞ്ചെസ്റ്റർ യുണൈറ്റഡിലും കഥ ആവർത്തിച്ചു. പരിശീലകൻ എറിക് ടെൻ ഹാഗും റൊണാൾഡോയും തമ്മിൽ തെറ്റി. ടോട്ടനത്തിനെതിരായ മത്സരത്തിൽ കളി തീരാൻ മൂന്ന് മിനിറ്റുമാത്രം ബാക്കിയുള്ളപ്പോൾ കളത്തിലിറങ്ങാൻ റൊണാൾഡോയോട് ടെൻ ഹാഗ് ആവശ്യപ്പെട്ടു. റൊണാൾഡോ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിൽനിന്ന് ഇറങ്ങി തുരങ്കത്തിലൂടെ പുറത്തേക്ക് നടന്നു. പിയേഴ്സ് മോർഗനുമായുള്ള വിവാദ അഭിമുഖത്തിനുശേഷം അദ്ദേഹവും ക്ലബ്ബുമായുള്ള കരാറും അവസാനിച്ചു. പിന്നീട് ടീമിനും ടെൻ ഹാഗിനും എന്താണ് പറ്റിയതെന്ന് ഫുട്ബോൾ ലോകത്തിനറിയാം.
റൊണാൾഡോയ്ക്കെന്താ കൊമ്പുണ്ടോ?
റൊണാൾഡോയുടെ ആരാധകരോട് ചോദിച്ചാൽ അവർ പറയും, ഉണ്ട്, ഇത്തിരി വലിയൊരു കൊമ്പെന്ന്. മഡീറയെന്ന ചെറിയ ദ്വീപിലെ ദാരിദ്ര്യത്തിൽനിന്ന് ഫുട്ബോളിനായി സ്വയം അർപ്പിച്ച, ആരോടും തോൽക്കാൻ സമ്മതിക്കാത്ത, വിജയത്തിനായി എന്തു ത്യാഗവും ചെയ്യാൻ തയ്യാറായ ആ കുട്ടിയെപ്പോലെ ലോകത്ത് വേറെ ആരുമില്ലെന്ന്. പത്തു പന്ത്രണ്ട് വയസ്സുള്ളപ്പോൾ ലിസ്ബണിലെ ഫുട്ബോൾ അക്കാദമിയിൽ പഠിക്കുന്ന കാലത്ത് രാത്രിയിൽ ഒരു മക്ഡൊണാൾഡ്സ് കടയിലെ കാരുണ്യവതിയായ ഒരു ജീവനക്കാരി ബാക്കി വന്ന ബർഗറുകൾ കൊടുക്കുമായിരുന്നുവെന്നും അതുതിന്ന് വിശപ്പടക്കിയിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞിട്ടുണ്ട്. വന്ന വഴി മറക്കാത്തയാളാണെങ്കിലും അഹങ്കാരിയെന്ന ലേബൽ അദ്ദേഹത്തിനുണ്ട്. അത് ഫിഫ അടക്കം പലരുടെയും ശത്രുതയ്ക്ക് കാരണമായി. (ചില ബാലൻഡോർ തീരുമാനങ്ങളെ അതു സ്വാധീനിച്ചുവെന്ന് ആരോപണമുണ്ട്.)
പക്ഷേ, ഒരിടത്തും പതറാത്ത ഈ പോരാട്ടവീര്യം അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ പ്രിയതാരമാക്കുന്നു. കഠിനാധ്വാനം ചെയ്താൽ തങ്ങൾക്കും ഒരുപക്ഷേ, അദ്ദേഹത്തെപ്പോലെ ആകാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഓരോ 'സൂ' ആഘോഷവും ആരാധകർക്ക് നൽകുന്നത്. പുതുതലമുറയിലെ കളിക്കാരിൽ എംബാപ്പെ അടക്കമുള്ള വലിയൊരു വിഭാഗം അദ്ദേഹത്തെ ആരാധിക്കുന്നതും അതുകൊണ്ടാവണം.
അദ്ദേഹമെത്തുന്നതോടെ ക്ലബുകളുടെ ജനപ്രീതിയിലും വരുമാനത്തിലുമൊക്കെ പല മടങ്ങ് വർധനവുണ്ടാവുന്നത് നമ്മൾ കണ്ടു, ഇറ്റലിയിലും സൗദി അറേബ്യയിലുമൊക്കെ. ഈ നാൽപ്പത്തിയൊന്നാം വയസ്സിലും ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് റൊണാൾഡോ. ഇൻസ്റ്റഗ്രാമിലെ 68 കോടിയുൾപ്പെടെ സാമൂഹികമാധ്യമങ്ങളിൽ അദ്ദേഹത്തെ പിന്തുടരുന്നവർ നൂറുകോടിയിലധികമാണ്.
നേടാൻ ഒന്നും ബാക്കിയില്ലെങ്കിലും ഇപ്പോഴും ഓരോ ഗോൾ നേട്ടവും ആദ്യത്തേതു പോലെ ആഘോഷിക്കുന്ന അഭിനിവേശമാണ് അയാൾക്ക് കളിയോടുള്ളത്. പോയ മത്സരക്കളങ്ങളിലെല്ലാം വിജയക്കൊടി നാട്ടിയ അദ്ദേഹം ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, സൗദി അറേബ്യ എന്നിവിടങ്ങളിൽ ലീഗ് കിരീടങ്ങൾ നേടി. തന്നേക്കാൾ പ്രായം കുറഞ്ഞ കളിക്കാരെ മറികടന്ന് നാല് വ്യത്യസ്ത ലീഗുകളിലും ടോപ്പ് സ്‌കോററായി. അഞ്ച് ചാമ്പ്യൻസ് ലീഗ്, 2016-ൽ പോർച്ചുഗലിനൊപ്പം ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, രണ്ട് നേഷൻസ് ലീഗ്. ലോകകപ്പിൽ സ്പെയിനിനോട് തോറ്റശേഷം റൊണാൾഡോ തന്നെ പറഞ്ഞതുപോലെ അദ്ദേഹത്തിന് മുൻപ് പോർച്ചുഗൽ ഒരു അന്താരാഷ്ട്ര കിരീടവും നേടിയിരുന്നില്ല. ആയിരം കരിയർ ഗോൾ എന്ന നാഴികക്കല്ലാണ് ഇനി അദ്ദേഹത്തിന്റെ ലക്ഷ്യം (ഇപ്പോൾ ഏകദേശം 979).
41 വയസ്സുള്ള ആളല്ലേ, ചെറുപ്പക്കാർക്കൊപ്പം ഓടാൻ പറ്റുമോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. കഴിഞ്ഞ വർഷം പോർച്ചുഗൽ നേഷൻസ് ലീഗ് കപ്പെടുക്കുമ്പോൾ നാൽപ്പതു വയസ്സായിരുന്നു റൊണാൾഡോക്ക്. ഒൻപതു കളികളിൽ എട്ടു ഗോൾ. അതിൽ ഓരോന്ന് സെമിഫൈനലിലും ഫൈനലിലും! ടീമിൽ ആരെ കളിപ്പിക്കണം, എപ്പോൾ കളിപ്പിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് പരിശീലകന്റെ അവകാശമല്ലേ എന്നു ചോദിക്കുന്നവരുണ്ട്. തീർച്ചയായും, അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടത്. പക്ഷേ, റൊണാൾഡോയെ പോലുള്ള ഒരു ഇതിഹാസതാരത്തെ കൈകാര്യം ചെയ്യുമ്പോൾ വേണ്ട സൂക്ഷ്മതയും മര്യാദയും ഷിസൂസ് കാട്ടിയില്ല എന്ന്് കളിനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കളിപ്പിക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ റൊണാൾഡോയെ പോലുള്ള ഒരു താരത്തെ ബെഞ്ചിലിരുത്താനായി ടീമിൽ ഉൾപ്പെടുത്തണോ എന്ന ചോദ്യത്തിന് അധികൃതർ ഉത്തരം പറയണം.
മറ്റാരുടെയും കാര്യത്തിലെന്ന പോലെ റൊണാൾഡോയുടെ കരിയറും അവസാനിച്ചേ തീരൂ. അതിന് റൊണാൾഡോയും പോർച്ചുഗലും ഒരുങ്ങുകയും വേണം. ആ അവസാനം എങ്ങനെയായിരിക്കണം എന്നതാണ് തീരുമാനിക്കേണ്ടത്. വിലക്കോ, ഒത്തുതീർപ്പോ, അദ്ദേഹത്തിന്റെ സ്വന്തം നിബന്ധനകളിൻ മേലുള്ള വിടപറച്ചിലോ എന്നത് ഒക്ടോബർ രണ്ടിലെ കൂടിക്കാഴ്ചയും അദ്ദേഹത്തിന്റെ വാക്കുകളും തീരുമാനിക്കും. 23 വർഷം പോർച്ചുഗലിനെ ചുമലിലേറ്റിയ ഇതിഹാസതാരം അർഹിക്കുന്ന യാത്രയയപ്പ് നൽകാൻ പോർച്ചുഗീസ് ഫെഡറേഷനും സർക്കാരിനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്!
Content Highlights: Cristiano Ronaldo left the Portugal training camp following a dispute with head coach Jorge Jesus., Ronaldo was left on the bench against Norway and told he would not start against Denmark., The incident mirrors past controversies with Manchester United and Fernando Santos during the 2022 World Cup., A crucial meeting is scheduled to determine if Ronaldo faces a ban or will return to the squad.
Published: 01 Oct 2026, 07:08 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented