ലിസ്ബൺ: അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിടവാങ്ങൽ മത്സരം സംഘടിപ്പിച്ചേക്കും. പോർച്ചുഗീസ് ഫുട്‌ബോളിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് വിടവാങ്ങൽ മത്സരത്തിന് ഫെഡറേഷൻ ഒരുങ്ങുന്നതായാണ് ദ അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നത്. മുൻ ക്ലബ്ബിലെ താരങ്ങളെ ഉൾക്കൊള്ളിച്ച് മറ്റൊരു വിടവാങ്ങൽ മത്സരം നടത്താനും പദ്ധതിയുണ്ട്. പരിശീലകൻ യൊർഗെ ജെസ്യൂസുമായി ഉടക്കിയതിന് പിന്നാലെ താരം ദേശീയ ടീം ക്യാമ്പ് വിടുകയും സസ്‌പെൻഷൻ നേരിടുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തുന്നത്.
വിടവാങ്ങൽ മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ ഇരുഭാഗത്തുനിന്നും മത്സരം നടത്താനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. കരിയറിൽ 1000 ഗോൾ തികയ്ക്കുക എന്നതാണ് ക്രിസ്റ്റ്യാനോയുടെ പ്രധാന ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകമായി മറ്റൊരു വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാനും ക്രിസ്റ്റ്യാനോ ആലോചിക്കുന്നുണ്ട്. റയൽ മഡ്രിഡ് അടക്കമുള്ള മുൻ ക്ലബ്ബുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് മത്സരം സംഘടിപ്പിക്കാനാണ് നീക്കം. എന്നാൽ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേസമയം യോർഗെ ജെസ്യൂസുമായുള്ള ഭിന്നതയിൽ ഇതുവരെ പ്രശ്നപരിഹാരമായിട്ടില്ലെന്നാണ് വിവരം. ടീം ക്യാമ്പ് വിട്ടതിന് പിന്നാലെ പ്രശ്‌നപരിഹാരത്തിന് ഫെഡറേഷൻ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. സസ്‌പെൻഷൻ കാലാവധി അവസാനിച്ചതോടെ പുതിയ സ്‌ക്വാഡിൽ റോണോ ഉൾപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ സ്‌ക്വാഡ് പ്രഖ്യാപനത്തിന് തൊട്ട് മുൻപ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തുകയായിരുന്നു. നവംബറിലെ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപനത്തിന് മുൻപ് തന്നെ താരം കളമൊഴിഞ്ഞു.
പരിശീലകൻ യോർഗെ ജെസ്യൂസിനെ അറിയിക്കാതെയാണ് റോണോ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റായ പെഡ്രോ പ്രോൻസയോടാണ് റൊണാൾഡോ തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്. പരിശീലകനെ കാര്യം അറിയിച്ചില്ല. ഹോർഹെ ജീസസിനു കീഴിൽ ഇനി കളിക്കാൻ താത്പര്യമില്ലാത്തതിനാലാണ് റൊണാൾഡോ ഇത്തരമൊരു നിലപാടെടുത്തത്. വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാനായി, സ്‌ക്വാഡ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്.
Content Highlights: Portuguese Football Federation planning a farewell match for Cristiano Ronaldo
Published: 19 Nov 2026, 08:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented