ചണ്ഡീഗഢ്: അർധസെഞ്ചുറി നേടാനായില്ലെങ്കിലും പവർപ്ലേയിൽ പഞ്ചാബ് ബൗളർമാരെ അടിച്ചുതകർത്താണ് വൈഭവ് സൂര്യവംശി മൈതാനം വിട്ടത്. 16 പന്തിൽ നിന്ന് താരം 43 റൺസെടുത്തു. രാജസ്ഥാൻ ഇന്നിങ്‌സിൽ നിർണായകമായിരുന്നു വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്. ഈ ഇന്നിങ്‌സോടെ റൺവേട്ടക്കാരിൽ ഒന്നാമതെത്താനും കൗമാരതാരത്തിനായി. അതേസമയം മത്സരത്തിലെ വൈഭവിന്റെ സിക്‌സറുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
മൂന്ന് ഫോറുകളും അഞ്ച് സിക്‌സറുകളുമാണ് വൈഭവ് പഞ്ചാബിനെതിരേ നേടിയത്. ഇതിൽ മൂന്ന് സിക്‌സർ ഹെലികോപ്റ്റർ ഷോട്ടുകളിലൂടെയാണ് താരം നേടിയത്. ഇതാണ് ആരാധകർക്കിടയിൽ ചർച്ചയ്ക്ക് വഴിമരുന്നിട്ടത്. ഹെലികോപ്റ്റർ ഷോട്ടുകൾക്ക് പേരുകേട്ട മഹേന്ദ്ര സിങ് ധോനിയുമായി ഇത് താരതമ്യം ചെയ്യപ്പെട്ടു. സാമൂഹികമാധ്യമങ്ങളിൽ പലരും ഈ വീഡിയോകൾ തമ്മിൽ താരതമ്യം ചെയ്തുകൊണ്ടാണ് പോസ്റ്റിട്ടത്. അർഷ്ദീപ് സിങ്ങിനെ ഒരു തവണയും ലോക്കി ഫെർഗൂസണെ രണ്ടുവട്ടവും ഇത്തരത്തിൽ അതിർത്തികടത്തി.
223 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് വൈഭവ് സൂര്യവംശി നൽകിയത് വെടിക്കെട്ട് തുടക്കമായിരുന്നു. തുടക്കത്തിൽ യശസ്വി ജയസ്വാളിനെ കാഴ്ചക്കാരനായി നിർത്തി വൈഭവ് കളംവാണു. ആദ്യ ഓവറിൽ അർഷ്ദീപ് സിങ്ങിനെതിരേ ഒരു സിക്‌സും രണ്ടു ഫോറും. അടുത്ത ഓവറിൽ ലോക്കി ഫെർഗൂസനെതിരേ രണ്ടു സിക്‌സും ഒരു ഫോറും. അടുത്ത ഓവറിൽ മാർക്കോ യാൻസനെതിരേയും സിക്‌സ്. നാലാം ഓവറിൽ അർഷ് ദീപിന്റെ പന്തിൽ ശ്രേയസ് അയ്യർ ക്യാച്ചെടുത്ത് പുറത്താകുമ്പോൾ വൈഭവ് 16 പന്തിൽ 43 റൺസിലെത്തിയിരുന്നു.
ഈ ഇന്നിങ്‌സോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കാനും താരത്തിനായി. ഒൻപത് മത്സരങ്ങളിൽ നിന്നായി 400 റൺസാണ് താരത്തിന്റെ സമ്പാദ്യം. ടൂർണമെന്റിൽ 400 റൺസ് നേടിയ മറ്റൊരു താരവുമില്ല. പഞ്ചാബിന് മുൻപ് ഹൈദരാബാദിനെതിരായ മത്സരത്തിൽ താരം 36 പന്തിൽ സെഞ്ചുറി നേടിയിരുന്നു. പിന്നാലെ ഒട്ടേറെ ഐപിഎൽ റെക്കോഡുകൾ സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ മൂന്നാമത്തെ അതിവേഗ സെഞ്ചുറിയാണിത്. 30 പന്തിൽ സെഞ്ചുറി തികച്ച മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് അതിവേഗ സെഞ്ചുറിയുടെ റെക്കോഡ്. പട്ടികയിൽ രണ്ടാമതും വൈഭവ് തന്നെയാണ്. 2025 ൽ 35 പന്തിലാണ് വൈഭവ് സെഞ്ചുറി നേടിയത്.
Content Highlights: Vaibhav Suryavanshi scored 43 off 16 balls against Punjab., Currently holds the Orange Cap in IPL 2026 with 400 runs in 9 matches., Viral performance featured three helicopter shots reminiscent of MS Dhoni., Maintained a high strike rate, dominating bowlers like Arshdeep Singh and Lockie Ferguson., Continues to break youth records following his 2025 century performance.
Published: 29 Apr 2026, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented