ലണ്ടൻ: ഇന്ത്യ അണ്ടർ 19 ടീമിനായും ചരിത്രം കുറിക്കുകയാണ് വൈഭവ് സൂര്യവംശി എന്ന പതിന്നാലുകാരൻ. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ പരമ്പരയിൽ അതിവേഗ സെഞ്ചുറി കുറിച്ച വൈഭവ് റെക്കോഡുകൾ തിരുത്തിയെഴുതിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യൻ കൗമാരപ്പട സ്വന്തമാക്കുകയും ചെയ്തു. തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ടിലും തരംഗമാവുകയാണ് വൈഭവ്. വൈഭവിനെ കാണാനായി ഒട്ടേറെ ആരാധകരാണ് സ്റ്റേഡിയത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് ആരാധികമാർ വൈഭവിനെ കാണാനായി ഇംഗ്ലണ്ടിലെ സ്റ്റേഡിയത്തിലെത്തി. മണിക്കൂറുകളോളം യാത്രചെയ്താണ് ഇവർ താരത്തെ കാണാനായെത്തിയത്.
ആന്യ, റിവാ എന്നീ പെൺകുട്ടികളാണ് വൈഭവിനെ കാണാനായി സ്റ്റേഡിയത്തിലെത്തിയത്. ആറുമണിക്കൂർ യാത്രചെയ്താണ് ഇരുവരും സ്റ്റേഡിയത്തിലെത്തിയത്. അതും ഇന്ത്യൻ അണ്ടർ 19 താരത്തെ കാണാനായി മാത്രം. രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയണിഞ്ഞ ഇരുവരും വൈഭവിനൊപ്പം ചിത്രമെടുക്കുകയും ചെയ്തു. രാജസ്ഥാൻ റോയൽസ് ഈ ചിത്രം അവരുടെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്.
ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലാണ് വൈഭവ് സെഞ്ചുറിയുമായി തകർപ്പൻ പ്രകടനം പുറത്തെടുത്തത്. 78 പന്തിൽ നിന്ന് 143 റൺസെടുത്താണ് താരം പുറത്തായത്. 13 ഫോറുകളും 10 സിക്സറുകളുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്. സെഞ്ചുറി പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരൻ പുതുചരിത്രമെഴുതി. യൂത്ത് ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കി. 52 പന്തിൽ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാൻ ഖുലാമിന്റെ റെക്കോഡാണ് മറികടന്നത്. 2013-ൽ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരേയാണ് അന്ന് പാക് കൗമാരതാരം സെഞ്ചുറി തികച്ചത്.
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തിൽ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അർധസെഞ്ചുറി തികച്ചിരുന്നു. 20 പന്തിൽ നിന്ന് താരം അർധസെഞ്ചുറിയും നേടിയതോടെ അണ്ടർ 19 ഏകദിനത്തിൽ ഇന്ത്യക്കായി അതിവേഗ അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായും മാറി. ഋഷഭ് പന്താണ് അണ്ടർ 19 ഏകദിനത്തിൽ ഏറ്റവും വേഗം അർധസെഞ്ചുറി തികച്ച ഇന്ത്യൻ താരം. 2016-ൽ നേപ്പാളിനെതിരേ 18 പന്തിൽ നിന്ന് താരം അർധസഞ്ചുറി നേടിയിരുന്നു.
Content Highlights: two Fan Girls Drive 6 Hours Just To Meet Vaibhav Suryavanshi
Published: 10 Jul 2025, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented