വെല്ലിംഗ്ടൺ: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിൽ വിവാദം പുകയുന്നു. മികച്ച പ്രകടനം നടത്തിയിട്ടും സിറാജിനെ ടീമിൽ ഉൾപ്പെടുത്താത്തതിന് പിന്നിൽ വിവേചനമാണെന്നും, അദ്ദേഹത്തിന്റെ പേര് 'സിറാജ്' എന്നായതുകൊണ്ടാണ് തഴയപ്പെട്ടതെന്നും കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് ആരോപിച്ചതാണ് വിവാദത്തിനിടയാക്കിയത്. ഇതിന് പിന്നാലെ കോൺഗ്രസും ബി.ജെ.പിയും വാക്പോര് തുടരുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീറിന്റെ കുട്ടിക്കാലത്തെ പരിശീലകൻ സഞ്ജയ് ഭരദ്വാജ്. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗൗതം ഗംഭീർ എല്ലായിപ്പോഴും മുഹമ്മദ് സിറാജിനെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

‘ഇത് അടിസ്ഥാനരഹിതമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഹിന്ദു-മുസ്ലിം എന്നിങ്ങനെയൊന്നുമില്ല. എല്ലാവരും ഇന്ത്യക്കാരാണ്, രാജ്യത്തെ പ്രതിനിധീകരിക്കുന്നു. ഗൗതം ഗംഭീർ എല്ലായിപ്പോഴും മുഹമ്മദ് സിറാജിനെ പിന്തുണച്ചിട്ടുണ്ട്. പ്ലേയിങ് ഇലവനിൽ സിറാജ് ഇല്ലെങ്കിൽ അത് പൂർണ്ണമായും ടീമിന്റെ ആവശ്യകതയുമായി ഉൾച്ചേർന്നിരിക്കും. ടീം തിരഞ്ഞെടുപ്പ്, കോമ്പിനേഷൻ, കളിക്കാരുടെ സ്ഥാനങ്ങൾ, അവരുടെ പ്രകടനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.’- സഞ്ജയ് ഭരദ്വാജ് പറഞ്ഞു.

‘ഗംഭീറിന് ആരോടും വ്യക്തിപരമായ വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരിയായ കോമ്പിനേഷനോടുകൂടിയ ശക്തമായ ഒരു ടീമിനെ കെട്ടിപ്പടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ മുൻഗണന. ബിസിസിഐയും ഇത്തരം വിഭജനങ്ങളിൽ വിശ്വസിക്കുന്നില്ല അല്ലെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.’- ഭരദ്വാജ് ഐഎൻഎസിനോട് പറഞ്ഞു.

വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് ഇമ്രാൻ മസൂദ് വിവാദ പരാമർശം നടത്തിയത്. മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹത്തിന് ടീമിൽ ഇടം നൽകിയില്ല. അദ്ദേഹത്തിന്റെ പേര് സിറാജ് എന്നാണ്, അതുകൊണ്ടാണ് ഇടം ലഭിക്കാത്തത്. മികച്ച പ്രകടനമുണ്ടായിട്ടും ഒരാളെ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ അവിടെ വിവേചനം വ്യക്തമാണ്-ഇമ്രാൻ മസൂദ് ആരോപിച്ചു.

എം.പിയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്. കോൺഗ്രസിന്റെ നിലപാട് ലജ്ജാകരമാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചു. 'കോൺഗ്രസിന് നാണമില്ലേ! ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് ഇപ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. മുസ്ലിം ആയതുകൊണ്ടാണ് സിറാജിനെ ഒഴിവാക്കിയതെന്നാണ് കോൺഗ്രസ് പറയുന്നത്. രവീന്ദ്ര ജഡേജയെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്! ഓരോ ക്രിക്കറ്റ് താരവും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ജേഴ്‌സിയാണ് അണിയുന്നത്. വോട്ട് ബാങ്കിനും വർഗീയ രാഷ്ട്രീയത്തിനും വേണ്ടി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഭിന്നിപ്പിക്കുന്നത് നിർത്തുക,' പ്രദീപ് ഭണ്ഡാരി കുറിച്ചു.

രാഷ്ട്രീയ വിവാദങ്ങൾക്ക് പുറമെ, ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനിൽ ഗാവസ്‌കറും രവി ശാസ്ത്രിയും സിറാജിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. സിറാജിന്റെ അനുഭവസമ്പത്തും കഠിനാധ്വാനവും ടീം മാനേജ്മെന്റ് പരിഗണിക്കണമായിരുന്നുവെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിൽ പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കാംബോജ് എന്നിവർക്കാണ് സിറാജിന് പകരം അവസരം നൽകിയത്.