ധാക്ക: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാകപ്പ് ബ്ലൈൻഡ് ക്രിക്കറ്റ് ഫൈനലിൽ നാടകീയരംഗങ്ങൾ. ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് പിന്നാലെ പാകിസ്താനെ വിജയികളായി പ്രഖ്യാപിച്ചതോടെ ഇന്ത്യ പ്രതിഷേധവുമായി രംഗത്തെത്തി. ടീമുകളെ സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുന്നതിന് പകരം പാകിസ്താനെ ജേതാക്കളാക്കിയതാണ് തർക്കത്തിന് ഇടയാക്കിയത്. പിന്നാലെ സമ്മാനദാനച്ചടങ്ങ് ഇന്ത്യൻ ടീം ബഹിഷ്കരിച്ചു.
ഫൈനൽ ഉപേക്ഷിച്ചതിനാൽ ടീമുകളെ സംയുക്ത ജേതാക്കളാക്കുമെന്നാണ് ഇന്ത്യൻ ടീം കരുതിയത്. വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ (ഡബ്ല്യു.ബി.സി.സി) ടെക്നിക്കൽ കമ്മിറ്റിയുടെ ആദ്യ തീരുമാനവും ഇത്തരത്തിൽ തന്നെയായിരുന്നു. എന്നാൽ പിന്നീട് ഡബ്ല്യു.ബി.സി.സിയുടെ തീരുമാനം മാറി. മികച്ച നെറ്റ് റൺറേറ്റ് പരിഗണിച്ച് പാകിസ്താനെ ജേതാക്കളായി പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പെത്തി. അതോടെ ഇന്ത്യൻ ടീം പ്രതിഷേധമുയർത്തി.
ഫൈനൽ കളിക്കാതെ തന്നെ പാകിസ്താന് ട്രോഫി സമ്മാനിച്ചു. ഇന്ത്യയും പാകിസ്താനും സംയുക്ത ജേതാക്കളാകുമെന്ന് പ്രഖ്യാപിച്ച ഡബ്ല്യു.ബി.സി.സി ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനം ഡബ്ല്യു.ബി.സി.സി പ്രസിഡന്റും പാകിസ്താൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ സുൽത്താൻ ഷാ അസാധുവാക്കി. പാകിസ്താനെ മാത്രം ജേതാക്കളായി പ്രഖ്യാപിക്കാൻ മാച്ച് റഫറിയെ നിർബന്ധിച്ചു. - പ്രസ്താവനയിൽ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ ഇന്ത്യ (സി.എ.ബി.ഐ) അറിയിച്ചു.
തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച സി.എ.ബി.ഐ ഇന്ത്യയെയും പാകിസ്താനെയും സംയുക്ത ജേതാക്കളായി അംഗീകരിക്കണമെന്നും അറിയിച്ചു. ഡബ്ല്യു.ബി.സി.സി ടെക്നിക്കൽ കമ്മിറ്റി ആദ്യമെടുത്ത തീരുമാനം എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഇന്ത്യൻ ടീം ചോദിച്ചു. പാകിസ്താന് അനുകൂലമായ തീരുമാനം എടുക്കാൻ ടെക്നിക്കൽ കമ്മിറ്റി ഡയറക്ടറും പാകിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും ചേർന്ന് മാച്ച് റഫറിയെയും അമ്പയർമാരെയും സ്വാധീനിച്ചതായി സി.എ.ബി.ഐ ആരോപിച്ചു.
ഇതിന് മുൻപ് ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ടി ദുർഗ്ഗാ റാവു പറഞ്ഞു. ഫൈനലിൽ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ പാകിസ്താനെ വിജയികളായും ഞങ്ങളെ റണ്ണേഴ്സ് അപ്പ് ആയും പ്രഖ്യാപിക്കുകയാണെന്ന് റഫറി ഞങ്ങളെ വിളിച്ച് അറിയിച്ചു. മുമ്പ് ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലാത്തതിനാൽ ഞങ്ങൾ ഇതിനെ എതിർത്തു. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴെല്ലാം ടീമുകളെ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയാണ് പതിവ്. ഇത് തികച്ചും നിയമങ്ങൾക്ക് വിരുദ്ധമാണ്. അതാണ് ഞങ്ങൾ എതിർക്കുന്നത്. - ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
Content Highlights: ndia and Pakistan Asia Cup Blind Cricket final was abandoned due to rain., Pakistan was controversially declared winners based on net run rate, overturning the initial joint-winners decision., Indian team and CABI strongly protested and boycotted the presentation ceremony.
Published: 20 Nov 2026, 06:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented