ന്യൂഡൽഹി: യൂത്ത് ക്രിക്കറ്റിൽ വിസ്മയിപ്പിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ്. അണ്ടർ-19 ഏഷ്യാകപ്പിൽ ഇന്ത്യക്കായി മിന്നും ഫോമിലാണ് താരം. യുഎഇയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ 160 റൺസോടെ ഉജ്ജ്വല ബാറ്റിങ്ങാണ് താരം കാഴ്ചവെച്ചത്. ക്രിക്കറ്റ് ലോകത്തെ ചർച്ചകളിൽ ആര്യവീറിന്റെ പേരും കടന്നുവന്നുകഴിഞ്ഞു. ഇപ്പോഴിതാ ആര്യവീറിന്റെ ഒരു പഴയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ്. സൂപ്പർ താരം വിരാട് കോലിയ്‌ക്കൊപ്പമുള്ള അഭിമുഖമാണ് ചർച്ചയാവുന്നത്.
2017 ൽ പുറത്തുവന്ന അഭിമുഖമാണിത്. കുട്ടിയായിരുന്ന ആര്യവീറും വിരാട് കോലിയും തമ്മിൽ ദീർഘനേരം സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആര്യവീറാണ് കോലിയെ അഭിമുഖം ചെയ്യുന്നത്. പിതാവായ വിരേന്ദർ സെവാഗിനെ ആദ്യമായി കണ്ടതിനെ കുറിച്ച് ആര്യവീർ കോലിയോട് ചോദിക്കുന്നുണ്ട്. ഡൽഹിയിൽ വെച്ചാണ് ആദ്യമായി കാണുന്നതെന്നും തങ്ങളെ രണ്ടുപേരെയും അറിയുന്ന ഒരു പരിശീലകൻ മുഖേനയാണ് പരിചയപ്പെടുന്നതെന്നും കോലി മറുപടി നൽകുന്നുണ്ട്.
15 വയസ്സുള്ളപ്പോൾ അന്നത്തെ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയിൽ നിന്ന് ഒരു സമ്മാനം വാങ്ങിയ കാര്യം കോലിയെ ആര്യവീർ ഓർമിപ്പിക്കുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം കോലിയുടെ കീഴിൽ അതേ നെഹ്‌റ കളിക്കുന്നതിനെ കുറിച്ചും ആര്യവീർ ചോദിക്കുന്നു. ഏത് കാര്യമായാലും അത് ചെയ്യാൻ പറ്റുമെന്നാണ് എല്ലായിപ്പോഴും ചിന്തിക്കാറുള്ളതെന്നും കോലി കൗമാരതാരത്തോട് പറയുന്നുണ്ട്.
അതേസമയം പിതാവിന്റെ ബാറ്റിങ് ശൈലിയല്ല കോലിയുടെ ശൈലിയാണ് താൻ മാതൃകയാക്കുന്നതെന്ന് നേരത്തേ തന്നെ ആര്യവീർ തുറന്നുപറഞ്ഞിരുന്നു. ഒരുമിച്ച് കളിക്കാനുള്ള ആഗ്രഹവും ആര്യവീർ അന്ന് വെളിപ്പെടുത്തിയിരുന്നു.
നേരത്തേ യുഎഇയ്‌ക്കെതിരായ അണ്ടർ 19 ഏഷ്യാ കപ്പ് മത്സരത്തിൽ സെഞ്ചുറി നേടി കളിയിലെ താരമായതും ആര്യവീർ സെവാഗായിരുന്നു. 168 പന്തിൽ നിന്ന് 160 റൺസ് അടിച്ചുകൂട്ടിയ ആര്യവീറിന്റെ കരുത്തിൽ യുഎഇയെ തകർത്ത് ഇന്ത്യ അണ്ടർ-19 ഏഷ്യ കപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ഇന്നിങ്‌സിൽ ആകെ 17 ഫോറുകളും ഏഴ് സിക്‌സറുകളുമാണ് ആര്യവീർ അടിച്ചുകൂട്ടിയത്. ആദ്യമത്സരത്തിൽ നേപ്പാളിനെതിരേ താരം ഫിഫ്റ്റിയും നേടി. 52 പന്തിൽ ഏഴ് ഫോറും നാല് സിക്‌സും സഹിതം 70 റൺസാണ് ആര്യവീർ അടിച്ചെടുത്തത്.
Content Highlights: A childhood interview video of Aaryavir interviewing Virat Kohli has gone viral on social media
Published: 12 Nov 2026, 12:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented